Image

20 മണ്ഡലങ്ങളിലൂടെ; തൃശൂരും തിരുവനന്തപുരവും ശ്രദ്ധാകേന്ദ്രം (എ.എസ് ശ്രീകുമാര്‍)

Published on 25 April, 2024
20 മണ്ഡലങ്ങളിലൂടെ; തൃശൂരും തിരുവനന്തപുരവും  ശ്രദ്ധാകേന്ദ്രം (എ.എസ് ശ്രീകുമാര്‍)
ഏതാണ്ട് 40 ദിവസമായി ആരോപണ പ്രത്യാരോപണങ്ങളും അവകാശവാദങ്ങളും ഗീര്‍വാണങ്ങളും അതിലേറെ വാഗ്ദാനങ്ങളും കത്തിക്കയറിയ പരസ്യപ്പോരും ആത്യാവേശത്തിന്റെ കൊട്ടിക്കലാശവും പിന്നെ, നിശബ്ദ പ്രചാരണവുമൊക്കെക്കഴിഞ്ഞ് രാഷ്ട്രീയ കേരളം നാളെ പോളിങ് ബൂത്തിലെത്തി നിര്‍ണായക വിധിയെഴുതും. 18-ാം ലോക്‌സഭയിലേയ്ക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കേരളമടക്കം 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 88 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26-ാം തീയതി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങനെ അടുത്ത അഞ്ച്‌വര്‍ഷം ഇന്ത്യ ആര്, എങ്ങനെ ഭരിക്കണമെന്ന് നിശ്ചയിക്കാനുള്ള മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ മലയാളനാടും അണിചേരുകയാണ്.

അവസാനനിമിഷവും വോട്ടുറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 വനിതകള്‍ ഉണ്ട്. പുരുഷന്‍മാര്‍ 169 പേര്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ കോട്ടയത്താണ്-14 പേര്‍. കുറവ് ആലത്തൂരിലും-5 പേര്‍. ആകെ 2,77,49,159 വോട്ടര്‍മാരുണ്ട്. 1,43,33,499 സ്ത്രീകളും 1,34,15,293 പുരുഷന്‍മാരും 367 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 5,34,394 കന്നിവോട്ടര്‍മാരുമാണ് വിധി നിര്‍ണയിക്കുക.  2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 74.06 ശതമാനവും. പോളിങ് ശതമാനം 80 ശതമാനത്തില്‍ കുറയാതിരിക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തില്‍ കഴിഞ്ഞ തവണ കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ് ആഞ്ഞടിച്ചത്. ഇടതുമുന്നണിയെ കേവലം ഒരു സീറ്റിലേക്ക് ഒതുക്കിയായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം. ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി.പി.എമ്മിന്റെ എ.എം ആരീഫാണ് 17-ാം ലോക്‌സഭയില്‍ ഇടതുമുന്നണിയുടെ ഏക പ്രതിനിധി. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളത്തിലെ 20 മണ്ഡലങ്ങളിലൂടെ ഒരു ചെറിയ ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് വോട്ടര്‍മാരെ പൊതുവെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം.

*തിരുവനന്തപുരം
സിറ്റിങ് എം.പി: ശശി തരൂര്‍ (കോണ്‍ഗ്രസ്)
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ശശി തരൂര്‍ (കോണ്‍ഗ്രസ്), പന്യന്‍ രവീന്ദ്രന്‍ (സി.പി.ഐ), രാജീവ് ചന്ദ്രശേഖര്‍ (ബി.ജെ.പി).

ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം. വിശ്വപൗരന്‍ എന്ന പേര് ശശി തരൂര്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും എം.പി. എന്ന ലേബലിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ തരൂര്‍ വിരുദ്ധ വികാരം മണ്ഡലത്തില്‍ പ്രകടമാകുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, ഐ.ടി.വികസനം, പൗരത്വനിയമ ഭേദഗതി, മണിപ്പൂര്‍ കലാപം തുടങ്ങിയ വിഷയങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുകയും കേന്ദ്രത്തില്‍ നരേന്ദ്രമോദി മൂന്നാം വട്ടം അധികാരമേല്‍ക്കുകയും ചെയ്താല്‍ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയാകുമെന്നാണ് പറയപ്പെടുന്നത്. ബി.ജെ.പി.ക്ക് ഇത്തവണ വോട്ട് വര്‍ധിക്കുമെങ്കിലും തരൂരിനാണ് മുന്‍തൂക്കം.  ഫലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്ന കറ തീര്‍ന്ന സി.പി.ഐ. നേതാവ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു പോകുമെന്നാണ് കേള്‍ക്കുന്നത്. കാരണം ഇടതു മുന്നണിയിലെ വോട്ടു ചോര്‍ച്ച ആയിരിക്കും.

നാടാര്‍ സമുദായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഹിന്ദു വോട്ടുകള്‍ എത്രത്തോളം ബി.ജെ.പി.ക്ക് അനുകൂലമാകുമെന്നതും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍ മുസ്ലീം വോട്ടുകള്‍ എത്രത്തോളം ഇടതു മുന്നണിക്ക് നേടാനാവുമെന്നതും നിര്‍ണായക ഘടകമാണ്.

* ആറ്റിങ്ങല്‍
സിറ്റിങ് എം.പി: അടൂര്‍ പ്രകാശ് (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: അടൂര്‍ പ്രകാശ് (കോണ്‍ഗ്രസ്), വി. ജോയി (സി.പി.എം), വി. മുരളീധരന്‍ (ബി.ജെ.പി).

മണ്ഡലത്തില്‍ ഉള്ള വ്യക്തമായ സ്വാധീനവും പിണറായി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ അടൂര്‍ പ്രകാശായിരിക്കും വീണ്ടും ആറ്റിങ്ങലിന്റെ പ്രതിനിധി. ജാതി, മത വോട്ടുകളില്‍ ബി.ജെ.പി ഉണ്ടാക്കുന്ന സ്വാധീനം മൂലം അവരുടെ വോട്ട് ഷെയര്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിന് വലിയ സ്വാധീനമാണുള്ളത്. എന്നാല്‍ മണ്ഡലത്തിലെ പ്രബല വിഭാഗങ്ങളില്‍ പെട്ടവരാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ  സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ബി.ജെ.പി. സ്ഥാനാര്‍ത്ഥി വി. മുരളീധരന്റെ ബലം കേന്ദ്രമന്ത്രി എന്ന ലേബലാണ്. എസ്.എന്‍.ഡി.പി.യുടെ പിന്തുണയും അദ്ദേഹത്തിന് ലഭിക്കും. മണ്ഡലത്തില്‍ ഈഴവ സമുദായത്തിന് നല്ല വേരോട്ടമുണ്ട്. അതേസമയം, നായര്‍, നാടാര്‍, മുസ്ലീം, ലത്തീന്‍ വിഭാഗങ്ങളുടെ നിലപാടും ആറ്റിങ്ങലില്‍ നിര്‍ണായകമാണ്.

*കൊല്ലം
സിറ്റിങ് എം.പി: എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), എം. മുകേഷ് (സി.പി.എം.), കൃഷ്ണകുമാര്‍ (ബി.ജെ.പി).

മികച്ച പാര്‍ലമെന്റേറിയനും ജനകീയനുമായ എന്‍.കെ. പ്രേമചന്ദ്രനെ നേരിടാന്‍ കൊല്ലം എം.എല്‍.എയും ചലച്ചിത്രനടനുമായ എം. മുകേഷിനെ സി.പി.എം.ഉം മറ്റൊരു നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പിയും രംഗത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ പ്രേമചന്ദ്രനും മുകേഷും തമ്മിലാണ് കൊല്ലത്തെ മത്സരം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമെങ്കിലും ലോക്‌സഭാ ഇലക്ഷനില്‍ യു.ഡി.എഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതാണ് മണ്ഡലത്തിന്റെ പൊതു സ്വഭാവം. തെക്കന്‍ കേരളത്തില്‍ മുസ്ലീം വോട്ട് നിര്‍ണായകമായ മണ്ഡലമെന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. കൊല്ലത്ത് തുടര്‍ച്ചയായി ജയിക്കുന്ന വ്യക്തിയാണ് എന്‍. കെ. പ്രേമചന്ദ്രന്‍. പ്രചാരണ സമയത്ത് പ്രധാനമന്ത്രിക്കൊപ്പം ചായകുടിച്ചുവെന്നത് ഒരായുധമായി എതിരാളികള്‍ കൊണ്ടു വന്നെങ്കിലും അതൊന്നും ഏശിയില്ല എന്നതാണ് വാസ്തവം.

കൊല്ലം എം.എല്‍.എ. എന്ന നിലയില്‍ മുകേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സ്വീകാര്യത കിട്ടിയില്ല എന്നത് അദ്ദേഹത്തിന്റെ വിജയ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. അതേസമയം, പ്രേമചന്ദ്രന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിക്കേള്‍ക്കണമെന്ന പൊതു വികാരവും ഉണ്ടായിട്ടുണ്ട്. ഇടതു തരംഗത്തില്‍ ജയിച്ച വ്യക്തിയാണ് മുകേഷ്. എന്നാല്‍ പാര്‍ലമെന്റില്‍ കൊടി പാറിക്കാന്‍ പോകുന്നത് പ്രേചന്ദ്രന്‍ തന്നെയായിരിക്കും.

*മാവേലിക്കര
സിറ്റിങ് എം.പി: കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്), അഡ്വ. സി.എ അരുണ്‍കുമാര്‍ (സി.പി.ഐ), ബൈജു കലാശാല (ബി.ഡി.ജെ.എസ്).

മണ്ഡലത്തില്‍ നിന്ന് സ്ഥിരമായി ജയിച്ചു കയറുന്ന വ്യക്തി എന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷ് ഇക്കുറി ജനവിരുദ്ധ വികാരം നേരിടുന്നുണ്ട്. അതേസമയം, ഭരണവിരുദ്ധ വികാരത്തിന്റെ തടവറയിലാണ് ഇടതു സ്ഥാനാര്‍ത്ഥി. എന്നാല്‍ കൊടിക്കുന്നിലിന് തന്നെയാണ് മുന്‍തൂക്കം. കേന്ദ്രത്തില്‍ ബി.ജെ.പിയെ നിഷ്‌ക്കാസിതരാക്കുവാനുള്ള പൊതുചിന്ത കൊടിക്കുന്നിലിനെ തുണയ്ക്കുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കൊടിക്കുന്നിലിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഭംഗിയായി കൈകാര്യം ചെയ്യാനുള്ള കശുവണ്ടി ഫാക്ടറികളുടെ ശോച്യാവസ്ഥ, റബ്ബറിന്റെ താങ്ങുവില, കെ. റെയില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. നായര്‍, ഈഴവ, ദളിത്, ക്രിസ്ത്യന്‍ വിഭാഗങ്ഹള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ മണ്ഡലത്തില്‍ ഉണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും നല്ല വേരോട്ടമുണ്ട്. യുവ സ്ഥാനാര്‍ത്ഥിയായ സി.എ. അരുണ്‍കുമാര്‍ പ്രചാരണ ഘട്ടങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

*പത്തനംതിട്ട
സിറ്റിങ് എം.പി: ആന്റോ ആന്റണി (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ആന്റോ ആന്റണി (കോണ്‍ഗ്രസ്), ഡോ, തോമസ് ഐസക്ക് (സി.പി.എം), അനില്‍ ആന്റണി (ബി.ജെ.പി).

മണ്ഡലത്തിന്റെ രൂപീകരണം മുതല്‍ സ്ഥിരമായി വിജയിച്ചു കയറുന്ന ആന്റോ ആന്റണിയെ നിഷ്പ്രഭമാക്കാന്‍ ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിനെയാണെങ്കില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി സാക്ഷാല്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാണ്.

അറുപത് ശതമാനത്തിലധികം ഹിന്ദു വോട്ടുകള്‍ ഉള്ള മണ്ഡലമാണിത്. ക്രൈസ്തവ വിഭാഗത്തിനും സ്വാധീനമുണ്ട്. മുസ്ലീം സമുദായവും നിര്‍ണായക ശക്തിയാണ്. എസ്.ഡി.പി.ഐയുടെ പിന്തുണ യു.ഡി.എഫിന് ഗുണകരമായേക്കും. എന്നാല്‍ പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കു തന്നെയാണ് ഇക്കുറി വിജയം കല്പ്പിക്കപ്പെട്ടിരിക്കുന്നത്. റബ്ബര്‍ വിലയിടിവ്, വനമേഖലകളിലെ വന്യമൃഗശല്യം, വികസന മുരടിപ്പ്, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവ ചര്‍ച്ചയാകുമ്പോള്‍ മണ്ഡലത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിയേ അല്ല തോമസ് ഐസക്ക് എന്നും പ്രചാരണമുണ്ട്.  കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായാണ് അനില്‍ ആന്റണിയെ ചില ബി.ജെ.പിക്കാര്‍ വിശേഷിപ്പിക്കുന്നത്.

*ആലപ്പുഴ
സിറ്റിങ് എം.പി: എ.എം ആരീഫ്  (സി.പി.എം).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: എ.എം ആരീഫ്  (സി.പി.എം), കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി).

കഴിഞ്ഞ തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച ആലപ്പുഴയില്‍ ഇക്കുറി കെ.സി. വേണുഗോപാലിന് ഈസി വാക്കോവര്‍ ലഭിക്കുമെന്നാണ് യു.ഡി.എഫ് തറപ്പിച്ചു പറയുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ മുഖമുള്ള പ്രമുഖ നേതാവാണ് കെ.സി. വേണുഗോപാല്‍. കോണ്‍ഗ്രസിന് അനുകൂലമാണ് ആലപ്പുഴയുടെ സാമൂഹിക അടിത്തറ. സി.പി.എമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട്. മാത്രമല്ല, 2019-ല്‍ എ.എം. ആരിഫ് നേടിയ നേരിയ ഭൂരിപക്ഷം മറികടക്കാന്‍ കെ.സി വേണുഗോപാലിന് അത്ര ബുദ്ധിമുട്ടുമില്ല.

ഈഴവ വിഭാഗത്തിന് വലിയ മുന്‍തൂക്കമുള്ള മണ്ഡലമാണ് ആലപ്പുഴ. ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ ഈഴവ വോട്ടുകള്‍ ഏറെ പിടിച്ചാല്‍ അത് ആരിഫിന് വലിയ നഷ്ടമുണ്ടാക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് കെ.സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ആലപ്പുഴ മണ്ഡലവുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. കെ.സി. ഇക്കുറി മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

*ഇടുക്കി
സിറ്റിങ് എം.പി: ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ഡീന്‍ കുര്യാക്കോസ് (കോണ്‍ഗ്രസ്), ജോയ്‌സ് ജോര്‍ജ് (സി.പി.എം), സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്).

പട്ടയ പ്രശ്‌നം, ഭൂനിയമ ഭേദഗതി ബില്‍, ക്ഷേമ പെന്‍ഷന്‍, നാണ്യ വിളകളുടെ വിലയിടിവ്, റബ്ബറിന്റെ താങ്ങുവില, വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇടുക്കിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നു.  എന്നാല്‍ മണ്ഡലത്തിലെ പൊതു വികാരം ഇടതുമുന്നണിക്ക് എതിരാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പത്തു വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി മുന്നണി ആയതിനാലും എട്ടു വര്‍ഷമായി കേരളത്തില്‍ അധികാരം കൈയാളുന്നത് സി.പി.എം ആയതിനാലും ഡീന്‍ കുര്യാക്കോസിന് ഒരു പഴിയും കേള്‍ക്കേണ്ടി വരുന്നില്ല എന്നതാണ് ഒരു കാര്യം.

മറ്റ് രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഒന്നുമില്ലാത്ത ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനാണ് മുന്‍തൂക്കം. ഭരണ വിരുദ്ധ വികാരം ഇടുക്കിയുടെ മുന്‍ എം.പി. ജോയ്‌സ് ജോര്‍ജിനെ പിന്നോട്ടടിക്കുന്നുണ്ടെങ്കിലും ഹൈറേഞ്ച് മേഖലയിലെ എം.എം. മണി - റോഷി അഗസ്റ്റിന്‍ കൂട്ടുകെട്ടിന്റെ സ്വാധീനം അദ്ദേഹത്തിന് ഗുണകരം ആകുമെന്നാണ് ഇടതുപക്ഷ ക്യാമ്പുകളുടെ ഉറച്ച പ്രതീക്ഷ. ജോയ്‌സ് ഇക്കുറി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നത് മറ്റൊരു അനുകൂല ഘടകമാണ്.

*കോട്ടയം
സിറ്റിങ് എം.പി: തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ്-എം).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: തോമസ് ചാഴികാടന്‍ (കേരള കോണ്‍ഗ്രസ്-എം), കെ. ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ്- ജോസഫ്), തുഷാര്‍ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്).

കോട്ടയം മണ്ഡലത്തിലെ ജനവിധിയുടെ കരുത്ത് ക്രിസ്ത്യന്‍, ഈഴവ വോട്ടുകളാണ്. ഇടത് വലത് ചായ്‌വുകള്‍ മാറിയും മറിഞ്ഞും പ്രകടിപ്പിക്കുന്ന മണ്ഡലമാണ് കോട്ടയം. പൊതുവേ ഇടതു വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണ് ക്രൈസ്തവ വിഭാഗങ്ങള്‍. ഫ്രാന്‍സിസന് ജോര്‍ജ് അഴിമതി രഹിതനും കറ കളഞ്ഞ വ്യക്തിത്വത്തിന് ഉടമയുമാണ്. എന്‍.എസ്.എസിന്റെ വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടാനാണ് സാധ്യത. സഭയുടെ നിലപാട് മറ്റൊരു ഘടകമാണ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ പെട്ടിയില്‍ വീഴുന്ന ഈഴവ വോട്ടുകള്‍ ദുര്‍ബലമാക്കുന്നത് ഇടതുമുന്നണിയെ തന്നെയായിരിക്കും.

അതേസമയം, കെ.എം. മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പകരക്കാരനാവാന്‍ ജോസ്. കെ മാണിക്ക് സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ തോമസ് ചാഴികാടന്റെ വ്യക്തിപ്രഭാവത്തെ മറികടക്കാന്‍ ജോസഫ് വിഭാഗത്തോടൊപ്പം നില്‍ക്കുന്ന പുതിയ തലമുറയ്ക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്. അതിനാല്‍ തോമസ് ചാഴിക്കാടന് വിജയം പ്രതീക്ഷിക്കാം.

*എറണാകുളം
സിറ്റിങ് എം.പി: ഹൈബി ഈഡന്‍ (കേരള കോണ്‍ഗ്രസ്-എം).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ഹൈബി ഈഡന്‍ (കേരള കോണ്‍ഗ്രസ്-എം), കെ.ജെ. ഷൈന്‍ (സി.പി.എം), ഡോ. കെ.എസ് രാധാകൃഷ്ണന്‍ (ബി.ജെ.പി).

മെട്രോ നഗരമായ കൊച്ചിയുടെ വികസനം, മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം, ജനങ്ങളെ ശ്വാസം മുട്ടിച്ച ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തം, തീരദേശത്തെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് എറണാകുളത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ വിഷയങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണം, പൗരത്വ നിയമം തുടങ്ങിയവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, യു.ഡി.എഫ് ഉറപ്പായും ജയിക്കുന്ന മണ്ഡലം കൂടിയാണ് എറണാകുളം.

ഹൈബി ഈഡന്‍ ഇരുത്തം വന്ന യുവ നേതാവാണെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.ജെ. ഷൈന്‍ സര്‍വീസ് സംഘനാ രംഗത്ത് അനുഭവ പാരമ്പര്യമുള്ള വനിതയാണ്. എന്നാല്‍ ധീവര സമുദായത്തിന്റെ വോട്ടുകള്‍ കെ.എസ്. രാധാകൃഷ്ണന്റെ പെട്ടിയില്‍ വീണാല്‍ അത് ഇടതു സ്ഥാനാര്‍ത്ഥിയുടെ മോഹങ്ങള്‍ മരവിപ്പിക്കും. സോഷ്യല്‍ മീഡിയയിലൂടെ യുവജനങ്ങളുടെ ഹരമായ ഹൈബിക്ക് ഇത്തവണ ഭൂരിപക്ഷം കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്നാണ് വിലയിരുത്തല്‍. ലത്തീന്‍ സമുദായത്തിന്റെ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്.  

*ചാലക്കുടി
സിറ്റിങ് എം.പി: ബെന്നി ബെഹനാന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ബെന്നി ബെഹനാന്‍ (കോണ്‍ഗ്രസ്), സി. രവീന്ദ്രനാഥ് (സി.പി.എം), കെ.എം ഉണ്ണിക്കൃഷ്ണന്‍ (ബി.ഡി.ജെ.എസ്).

യു.ഡി.എഫ് മണ്ഡലമാണ് കത്തോലിക്കാ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചാലക്കുടി. സിറ്റിങ് എം.പി. ബെന്നി ബെഹനാന്‍ ഒരു തരത്തിലുമുള്ള ജനവിരുദ്ധ വികാരം നേരിടുന്നില്ല എന്നതാണ് അവരുടെ ആശ്വാസം. എന്നാല്‍ മണ്ഡലം പിടിക്കാന്‍ ജനകീയ മുഖമായ പ്രൊഫസര്‍ സി. രവീന്ദ്രനാഥിനെ ഇടതു മുന്നണി ഗോദയിലിറക്കിയിരിക്കുന്നത് തികഞ്ഞ വിജയപ്രതീക്ഷയോടെയാണ്.

അതേസമയം, വികസന പ്രശ്‌നങ്ങളും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും ശബരിപാതയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും ഇവിടെ ചര്‍ച്ചാവിഷയമാണ്. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ നല്ല വ്യക്തിബന്ധമുള്ള ബെന്നി ബെഹനാന്റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു. ഇടതു സ്ഥാനാര്‍ത്ഥിയായി മണ്‍മറഞ്ഞ നടന്‍ ഇന്നസെന്റ് വിജയിച്ച മണ്ഡലമാണിത്. ഏതു വലിയ ഇടതു തരംഗത്തിലും ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നില്‍ക്കുന്ന പഴയ മുകുന്ദപുരം നിയമസഭാ മണ്ഡലം ചാലക്കുടിയുടെ ഭാഗമാണ്. മണ്ഡലത്തിലെ ട്വന്റി-ട്വന്റി വോട്ടുകള്‍ നിര്‍ണ്ണായക സ്വാധീനം പുലര്‍ത്തുമെന്നാണ് കരുതുന്നത്.

*തൃശ്ശൂര്‍
സിറ്റിങ് എം.പി: ടി.എന്‍ പ്രതാപന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: കെ. മുരളീധരന്‍ (കോണ്‍ഗ്രസ്), വി.എസ്. സുനില്‍കുമാര്‍ (സി.പി.ഐ), സുരേഷ് ഗോപി (ബി.ജെ.പി).

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ സീറ്റുകളിലും സി.പി.എമ്മിനായിരുന്നു മുന്‍തൂക്കം. ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശ്ശൂര്‍ സാക്ഷ്യം വഹിക്കുന്നത്. സിറ്റിങ് എം.പി. പ്രതാപിന് സീറ്റ് ലഭിക്കാതെ പോയതും അപ്രതീക്ഷിത നീക്കത്തിലൂടെ കെ. മുരളീധരന്റെ വരവും കോണ്‍ഗ്രസിന്റെ നീക്കങ്ങളുടെ പാളിച്ചകളെയാണ് സൂചിപ്പിക്കുന്നത്.

വാസ്തവത്തില്‍ കടുത്ത പ്രതിരോധത്തിലാണ് കെ. മുരളീധരന്‍. ജനകീയനായ മുന്‍ മന്ത്രി വി.കെ. സുനില്‍കുമാറിനെ തളയ്ക്കുക പ്രയാസകരമാണ്. എന്നാല്‍ നെഗറ്റീവ് ഘടകങ്ങള്‍ കാര്യമായി ഇല്ലാത്തതിനാല്‍ സുരേഷ് ഗോപിക്ക് അല്പം മുന്‍തൂക്കമുണ്ട്. ക്രൈസ്തവ വോട്ടുകളില്‍ നല്ലൊരു ശതമാനം സുരേഷ് ഗോപിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. മുപ്പിത്തിയഞ്ച് ശതമാനം വോട്ടു പിടിക്കാനായാല്‍ സുരേഷ് ഗോപി വിജയിക്കുമെന്നാണ് കരുതുന്നത്.

സുനില്‍കുമാര്‍ തൃശൂരുകാരനായതിനാല്‍ വ്യക്തിപരമായ വോട്ടുകള്‍ ലഭിക്കുമെങ്കിലും ഭരണവിരുദ്ധ വികാരം അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നു. മുരളിയോ സുനിലോ ജയിക്കുമെന്നാണ് അവസാനവട്ട പ്രചാരണത്തിലെ സൂചനകള്‍. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, തൃശൂര്‍പൂരം പോലീസ് അലങ്കോലപ്പെടുത്തിയത്, നരേന്ദ്രമോദിയുടെ മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യം, ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീട വിവാദം തുടങ്ങിയ വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

*ആലത്തൂര്‍ (സംവരണ മണ്ഡലം)
സിറ്റിങ് എം.പി: രമ്യ ഹരിദാസ് (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: രമ്യ ഹരിദാസ് (കോണ്‍ഗ്രസ്), കെ. രാധാകൃഷ്ണന്‍ (സി.പി.എം), പ്രൊഫ. ടി.എന്‍ സരസു (ബി.ജെ.പി).

കഴിഞ്ഞ പ്രാവശ്യം സി.പി.എമ്മിന്റെ പി.കെ. ബിജുവിന് നെഗറ്റീവ് വോട്ടുകള്‍ വീണ മണ്ഡലമാണ് ആലത്തൂര്‍. എന്നാല്‍ സിറ്റിങ് എം.പി എന്ന നിലയില്‍ രമ്യ ഹരിദാസിന്റെ ഇമേജ് അത്ര നല്ലതല്ല. എന്നാല്‍ ഏറ്റവും മികച്ച ഇടതു സ്ഥാനാര്‍ത്ഥിയാണ് മന്ത്രി ജെ. രാധാകൃഷ്ണന്‍. ബി.ജെ.പിയ്ക്ക് വോട്ടു കൂടുമെന്നാണ് വിലയിരുത്തല്‍.

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കി ജനങ്ങള്‍ വോട്ടു ചെയ്താല്‍ രമ്യ ഹരിദാസിനാണ് വിജയം കാണുന്നത്.  കാര്‍ഷിക പ്രശ്‌നങ്ങള്‍ വോട്ടിങ്ങില്‍ സ്വാധീനം ചെലുത്താനും ഇടയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ താത്പര്യമുള്ള രമ്യയ്ക്ക് മത്സരിക്കാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. യു.ഡി.എഫ് സംവിധാനവുമായി സമരസപ്പെട്ടു പോകുവാനും രമ്യയ്ക്ക് പ്രയാസമുണ്ട്. ഇവിടെയാണ് അനുഭവ പാരമ്പര്യമുള്ള കെ. രാധാകൃഷ്ണന്റെ വിജയ സാധ്യതകള്‍.

*പാലക്കാട്
സിറ്റിങ് എം.പി: വി.കെ ശ്രീകണ്ഠന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: വി.കെ ശ്രീകണ്ഠന്‍ (കോണ്‍ഗ്രസ്), എ. വിജയരാഘവന്‍ (സി.പി.എം), സി കൃഷ്ണകുമാര്‍ (ബി.ജെ.പി).

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1996 മുതല്‍ ഇടതു മുന്നണിക്ക് കുത്തക വിജയം സമ്മാനിക്കുന്ന മണ്ഡലമാണ് പാലക്കാട്.  കഴിഞ്ഞ തവണ വി.കെ ശ്രീകണ്ഠനിലൂടെ പാലക്കാട് യു.ഡി.എഫ് സ്വന്തമാക്കി. ബി.ജെ.പി മുന്നണിയുടെ 'എ' ക്ലാസ് മണ്ഡലമാണിത്. പാലക്കാട് മുനിസിപ്പാലിറ്റിയാണ് ബി.ജെ.പിയുടെ ശക്തികേന്ദ്രം. എന്നാല്‍ അതൊന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരെ തുണയ്ക്കുകയില്ല.

യു.ഡി.എഫിനാണിപ്പോള്‍ മുന്‍തൂക്കം. ബി.ജെ.പിയുടെ വോട്ട് വര്‍ധിക്കുമെന്നാണ് കരുതുന്നത്. വിജയരാഘവന്റെ ഇമേജും കൂടി കണക്കിലെടുക്കുമ്പോള്‍ ത്രികോണ മല്‍സരമായിരിക്കും നടക്കുക. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങള്‍ ശ്രീകണഠന് വോട്ടായി മാറുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങള്‍, കുടിവെള്ളക്ഷാമം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ശ്രീകണ്ഠന്റെ വിജയത്തില്‍ കലാശിക്കുമെന്ന് കരുതുന്നവരുമുണ്ട്.

*വടകര
സിറ്റിങ് എം.പി: കെ മുരളീധരന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: കെ.കെ. ശൈലജ (സി.പി.എം), ഷാഫി പറമ്പില്‍ (കോണ്‍ഗ്രസ്), പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി).

എം.എല്‍.എമാരായ കെ.കെ. ശൈലജയും ഷാഫി പറമ്പിലും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്ന വടകരയില്‍ പ്രവചനം അസാധ്യം. ഇരുവര്‍ക്കും വ്യക്തമായ മുന്‍തൂക്കം സര്‍വേ ഫലങ്ങളില്‍ സൂചിപ്പിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെയും വിജയിപ്പിക്കുന്ന മണ്ഡലമാണ് വടകര. അതേസമയം നാല്പത് ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ തന്നെയായിരിക്കും ഇത്തവണയും വിധി നിര്‍ണ്ണയിക്കുക.

ആരോഗ്യ മന്ത്രി എന്ന നിലയില്‍ ലോകമെമ്പാടും അറിയപ്പെട്ട വ്യക്തിത്വമാണ് കെ.കെ. ശൈലജയുടേത്. എന്നാല്‍ ഇവിടെ ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഹൈക്കോടതി വിധി വടകരയിലെ വിജയത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്. സി.പി.എം വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്. മുപ്പത്തിയഞ്ച് ശതമാനം മുസ്ലീം വോട്ടുകള്‍ ഷാഫി പറമ്പിലിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടാല്‍ ഷാഫി പറമ്പില്‍ ഈസിയായി ജയിച്ചു കയറും. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഘടിച്ചാല്‍ അത് ഇടതു മുന്നണിക്ക് അനുകൂലമാവുകയും ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും മുതല്‍ കേരളത്തിലെ സജീവ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് വടകര.

*കോഴിക്കോട്
സിറ്റിങ് എം.പി: എം.കെ രാഘവന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: എം.കെ രാഘവന്‍ (കോണ്‍ഗ്രസ്), എളമരം കരീം (സി.പി.എം), എം. ടി രമേശ് (ബി.ജെ.പി).

കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടെത്തി മല്‍സരിച്ച എം.കെ രാഘവന്റെ ജനസമ്മതിക്ക് ഇടിവ് തട്ടാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എം.കെ രാഘവന്‍ വിജയിക്കണമെന്ന് നല്ലൊരു ശതമാനം വോട്ടര്‍മാരും ആഗ്രഹിക്കുന്നുണ്ട്. സി.പി.എമ്മിലെ എളമരം കരീമും മോശക്കാരല്ല. മികച്ച പാര്‍ലമെന്റേറിയനും ട്രേഡ് യൂണിയന്‍ നേതാവുമാണ് മുന്‍ മന്ത്രി കൂടിയായ എളമരം കരീം.

എന്നാല്‍ മുസ്ലീം സംഘടനകളെല്ലാം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എം.കെ രാഘവന്റെ വിജയം സുനിശ്ചിതമാണ്. ഒരു കാരണവശാലും മുസ്ലീം വോട്ടുകള്‍ ഇടതു ചേരിക്ക് ലഭിക്കില്ല. എം.ടി. രമേശിലൂടെ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ കൂടിയാലും അത് മറ്റ് രണ്ട് മത്സരാര്‍ത്ഥികളുടെ ജയാപജയങ്ങളെ ബാധിക്കില്ല.

*വയനാട്
സിറ്റിങ് എം.പി: രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ്),  ആനി രാജ (സി.പി.ഐ), കെ. സുരേന്ദ്രന്‍ (ബി.ജെ.പി).

വയനാട്ടില്‍ വിജയം ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കഴിഞ്ഞ തവണ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വെന്നിക്കൊടി പാറിച്ച രാഹുല്‍ ഗാന്ധിയുടെ വിജയം നൂറുശതമാനം ഉറപ്പാണെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ അല്പം സംശയമുള്ളു. നിലവിലെ സാഹചര്യം അനുസരിച്ച് രാഹുലിന്റെ ഭൂരിപക്ഷം 2019-നേക്കാള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്.

പക്ഷേ, വയനാടിന്റെ എം.പിയാണെങ്കിലും മണ്ഡലത്തെ കാര്യമായി ശ്രദ്ധിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ല. പിന്നെന്തിന് അദ്ദേഹം അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ മത്സരിക്കുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. 2019-ലെ അനുകൂല ഘടകങ്ങള്‍ ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ദേശീയ മുഖമുള്ള നേതാവാണ് അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളി ആനി രാജ എങ്കിലും വിജയിക്കാനുള്ള പ്രാപ്തി അവര്‍ക്കില്ല.

*മലപ്പുറം
സിറ്റിങ് എം.പി: ഡോ. എം.പി അബ്ദുസമദ് സമദാനി (മുസ്ലീം ലീഗ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്), വി. വസീഫ് (സി.പി.എം), ഡോ. എം. അബ്ദുള്‍ സലാം (ബി.ജെ.പി).

പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി. മുഹമ്മദ് ബഷീര്‍ (പൊന്നാനി) എന്നിവരാണ് മുസ്ലീം ലിന്റെ പ്രതിനിധികളായി 2019-ല്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ 2021-ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ ഡോ. എം.പി അബ്ദുസമദ് സമദാനി വിജയിച്ചു. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെ എന്ന് ഉറപ്പിക്കാം. ഭൂരിപക്ഷം എത്രത്തോളം ഉയരും എന്നാണ് അറിയേണ്ടത്. കേരള രാഷ്ട്രീയത്തിലും മുസ്ലീം ലീഗിലും സര്‍വസമ്മതനായ നേതാവാണ് ഇ.ടി.മുഹമ്മദ് ബഷീര്‍.

സമസ്തയുടെ രണ്ട് വിഭാഗങ്ങള്‍ക്കും സ്വാധീനമുള്ള മണ്ഡലമാണ് മലപ്പുറം. സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പറയുന്നു. മണ്ഡലത്തില്‍ എഴുപതിലധികം ശതമാനം മുസ്ലീങ്ങളുണ്ട്. അതുകൊണ്ട് ഇ.ടിയുടെ ഭൂരിപക്ഷം കൂടിയാലും കുറഞ്ഞാലും അത് മുസ്ലീം ലീഗ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
 

*പൊന്നാനി
സിറ്റിങ് എം.പി: ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: ഡോ. എം.പി അബ്ദുസമദ് സമദാനി (മുസ്ലീം ലീഗ്), കെ.എസ്. ഹംസ (സി.പി.എം), അഡ്വ, നിവേദിത സുബ്രഹ്‌മണ്യം (ബി.ജെ.പി).

മുസ്ലീം ലീഗ്-സമസ്ത അഭിപ്രായഭിന്നത ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് പൊന്നാനി. എങ്കിലും ഇവിടെ സമദാനി തന്നെയാകും വിജയിക്കുക. കാരണം അദ്ദേഹത്തിന്റെ ജനസമ്മതിയാണ്. സമസ്ത അടക്കമുള്ള വിഭാഗങ്ങളുടെ അകല്‍ച്ച വോട്ടുകളില്‍ അടിയൊഴുക്കുണ്ടാക്കുമെന്ന് കൃത്യമായി പറയാന്‍ ആകില്ല. ലീഗ് ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചത് യു.ഡി.എഫിന് നേട്ടം തന്നെയാണ്.

അതേസമയം, സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ പാര്‍ട്ടിയില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ടായിട്ടുണ്ട്. പഴയ ലീഗ് നേതാവാണ് എ.എസ് ഹംസ. ഇത്തരത്തില്‍ പഴയ ലീഗ് നേതാക്കള്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും കിട്ടാനിടയില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. പൗരത്വ നിയമ ഭേദഗതി, സമദാനിയുടെ വ്യക്തിപ്രഭാവം തുടങ്ങിയ വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കും.

*കണ്ണൂര്‍
സിറ്റിങ് എം.പി: കെ സുധാകരന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: കെ സുധാകരന്‍ (കോണ്‍ഗ്രസ്), എം. വി ജയരാജന്‍ (സി.പി.എം), സി. രഘുനാഥ് (ബി.ജെ.പി).

ഇടതിനെയും വലതിനെയും മാറിമാറി സ്വീകരിക്കുന്നതാണ് കണ്ണൂരിന്റെ രാഷ്ട്രീയ സ്വഭാവം. എന്നാല്‍ ഇക്കുറി കെ. സുധാകരനെതിരെ കോണ്‍ഗ്രസില്‍ തന്നെ ചില അസ്വാരസ്യങ്ങള്‍ ഉണ്ട്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും സുധാകരന്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. സുധാകരന്റെ വര്‍ത്തമാനം യു.ഡി.എഫിനു തന്നെ പാരയാകുമെന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ തെറ്റില്ല.

എന്നാല്‍ എം.വി ജയരാജന്‍ ഈസിയായി ജയിക്കുമെന്ന് ഇടതുമുന്നണിക്കും പ്രതീക്ഷയില്ല. മതിയായ ജനകീയ പ്രതിഛായ യുടെ അഭാവം ജയരാജിനുണ്ട്. കമ്മ്യൂണിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമേ കണ്ണൂരില്‍ ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് വിജയിക്കുവാന്‍ സാധിച്ചിട്ടുള്ളു. പാര്‍ട്ടിക്ക് ശക്തമായ സംഘടനാ സംവിധാനം ഉണ്ടെങ്കിലും കണ്ണൂരില്‍ വിജയിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നതാണ് സ്ഥിതി.

*കാസര്‍കോട്
സിറ്റിങ് എം.പി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്).
പ്രധാന സ്ഥാനാര്‍ത്ഥികള്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്), എം.വി ബാലകൃഷ്ണന്‍ (സി.പി.എം),  എം.എല്‍ അശ്വിനി (ബി.ജെ.പി).

എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉള്ളപ്പോള്‍ തന്നെ ഇടതു വിരുദ്ധ രാഷ്ട്രീയ സ്വഭാവം പ്രകടമാക്കുന്ന മണ്ഡലമാണ് കാസര്‍കോട്. സിറ്റിങ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലത്തിലെ സ്ഥിരം സാന്നിധ്യമാണ്. അദ്ദേഹത്തിനെതിരെ കാര്യപ്പെട്ട ആരോപണങ്ങള്‍ ഒന്നുമില്ല. മുസ്ലീം ലീഗിന്റെ മനം നിറഞ്ഞ പിന്തുണയും ഉണ്ണിത്താന്‍ ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

 ബി.ജെ.പിക്ക് കാസര്‍കോട് നല്ല സ്വാധീനമുണ്ട്. തൊട്ടടുത്തു കിടക്കുന്ന കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഒരു വാങ്ങല്‍ മണ്ഡലത്തിനുണ്ട്. യു.ഡി.എഫിനും വേരോട്ടമുള്ള നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കാസര്‍കോട് ലോക്‌സഭാമണ്ഡലം. ബി.ജെ.പിയ്ക്ക് വോട്ട് കുറഞ്ഞാല്‍ അതിന്റെ ഗുണം കിട്ടുക ഇടതു മുന്നണിക്കാണെന്നും പറഞ്ഞുകേള്‍ക്കുന്നു. കാര്‍ഷിക വിളകളുടെ വിലയിടിവ് മണ്ഡലത്തിലെ ഗൗരവമേറിയ ചര്‍ച്ചാ വിഷയമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക