Image

വിമാനം വൈകിയാലും റദ്ദായാലും തുക തിരിച്ചു നൽകാൻ വ്യവസ്ഥ വരുന്നു (പിപിഎം)  

Published on 25 April, 2024
വിമാനം വൈകിയാലും റദ്ദായാലും തുക തിരിച്ചു നൽകാൻ വ്യവസ്ഥ വരുന്നു   (പിപിഎം)  

ഫ്ലൈറ്റുകൾ റദ്ദാക്കുമ്പോൾ യാത്രക്കാർക്കു പണം മുഴുവൻ തിരിച്ചു കിട്ടാൻ സഹായിക്കുന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഒക്ടോബറിൽ നടപ്പിൽ വരും. എയർലൈനുകൾ മറച്ചു വയ്ക്കുന്ന ജങ്ക് ഫീസ് സുതാര്യമാക്കണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. 

യാത്രക്കാർക്കു പ്രതിവർഷം $500 മില്യൺ ലഭിക്കാൻ കഴിയുന്ന വ്യവസ്ഥകളാണ് നടപ്പിൽ വരുന്നതെന്നു ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുട്ടിഗിഗ് ബുധനാഴ്ച പറഞ്ഞു. യാത്രക്കാരുടെ അവകാശങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ വികസനം കാണുകയാണ്. 

പണം തിരിച്ചു കിട്ടാൻ യാത്രക്കാർക്കു കാലതാമസവും മറ്റു ബുദ്ധിമുട്ടുകളും സർവസാധാരണമാണ്. പുതിയ നിയമങ്ങൾ നടപ്പാകുമ്പോൾ ഈ പ്രശ്നങ്ങൾ ഒഴിവാകും. ഫ്ലൈറ്റ് റദ്ദായാൽ പണം ഓട്ടോമാറ്റിക്കായി തിരിച്ചു നൽകണം എന്നാണ് പുതിയ വ്യവസ്ഥ. ടിക്കറ്റിന്റെ പണം പൂർണമായി തിരിച്ചു കൊടുക്കണം. എയർലൈൻ അടിച്ചേൽപ്പിക്കുന്ന ഫീസും ടാക്‌സും ഉൾപ്പെടെ. 

യാത്രക്കാർക്ക് ഈ അവകാശങ്ങൾ ഇപ്പോൾ തന്നെയുണ്ട്. പക്ഷെ എയർലൈനുകൾ എല്ലായ്‌പോഴും അതു കൂട്ടാക്കുന്നില്ല. 

ആഭ്യന്തര ഫ്ലൈറ്റുകൾ മൂന്നു മണിക്കൂറെങ്കിലും വൈകിയാൽ അതു ഗണ്യമായ കാലതാമസമായി കണക്കാക്കണം. രാജ്യാന്തര ഫ്ലൈറ്റുകൾക്കു ആറു മണിക്കൂറാണ് വ്യവസ്ഥ. അത്തരം കാലതാമസത്തിനു ഓട്ടോമാറ്റിക്കായി പണം തിരിച്ചു നൽകണം. മുൻപ് ഇക്കാര്യം എയർലൈന്റെ ഔചിത്യം അനുസരിച്ച് എന്നായിരുന്നു വ്യവസ്ഥ. 

ഫ്ലൈറ്റ് പുറപ്പെടുന്ന എയർപോർട്ടോ എത്തുന്ന എയർപോർട്ടോ മാറിയാൽ റീഫണ്ടിനു യാത്രക്കാർ അർഹരാവും. 

ക്രെഡിറ്റ് കാർഡിൽ വാങ്ങിയവർക്ക് റീഫണ്ട് നൽകാൻ ഏഴു ദിവസമാണ് അനുവദിച്ചിട്ടുള്ളത്. മറ്റു രീതിയിൽ വാങ്ങിയവർക്ക് 20 ദിവസവും. 

യാത്രക്കാരിൽ നിന്നു പ്രത്യേക സേവനത്തിനു പണം വാങ്ങുകയും അത് നൽകാതിരിക്കയും ചെയ്തിട്ടുണ്ടെങ്കിൽ റീഫണ്ട് നൽകണം. വൈഫൈ, സീറ്റ് ഫീ, ഇൻഫ്‌ളൈറ് എന്റർടൈൻമെന്റ് ഇവയൊക്കെ അക്കൂട്ടത്തിൽ പെടും.  

ജങ്ക് ഫീസിൽ പിടിമുറുക്കി 

ടിക്കറ്റ് വാങ്ങും മുൻപ് വെളിപ്പെടുത്താതെ ജങ്ക് ഫീ എയർലൈൻ ഇനി വെളിപ്പെടുത്തേണ്ടി വരും. എയർലൈൻ വെബ്‌സൈറ്റിൽ എല്ലാ ഫീസും അറിയിച്ചിരിക്കണമെന്നു ബുട്ടിഗിഗ് പറഞ്ഞു. രഹസ്യ ഫീ ഒന്നും പാടില്ല. 

ബാഗേജുമായി ബന്ധപ്പെട്ടും സീറ്റ് തിരഞ്ഞടുക്കുമ്പോൾ പണം വാങ്ങിയുമുള്ള പിടുങ്ങൽ ഇനി നടക്കില്ല. ടിക്കറ്റ് വാങ്ങുമ്പോൾ യാത്രയ്ക്ക് എത്ര ചെലവ് വരുമെന്നു കൃത്യമായ വിവരം ലഭിക്കും. 

ടിക്കറ്റ് വാങ്ങിയാൽ സീറ്റ് ഉറപ്പായിരിക്കണം. 

ടിക്കറ്റുകൾക്കു ഡിസ്‌കൗണ്ടും മറ്റും വാഗ്ദാനം ചെയ്തുള്ള വഞ്ചന ഇനി അനുവദിക്കില്ല. 

എയർലൈനുകൾ യാത്രക്കാരുടെ അവകാശങ്ങൾ മാനിക്കുന്നതിൽ വലിയ ഉത്സാഹം കാണിക്കുന്നില്ലെന്നു ബുട്ടിഗിഗ് പറഞ്ഞു. എന്നാൽ പുതിയ ചട്ടങ്ങൾ യാത്രക്കാരിൽ വിശ്വാസം വർധിപ്പിച്ചു വ്യവസായത്തിനു ഗുണം ചെയ്യും. 

New airline rules to benefit travelers 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക