Image

ക്യാമ്പസുകളിൽ പ്രതിഷേധം നിർത്തണം  എന്നാവശ്യപ്പെട്ടു സ്‌പീക്കർ രംഗത്ത് (പിപിഎം)

Published on 25 April, 2024
ക്യാമ്പസുകളിൽ പ്രതിഷേധം നിർത്തണം  എന്നാവശ്യപ്പെട്ടു സ്‌പീക്കർ രംഗത്ത് (പിപിഎം)

യുഎസിന്റെ ഇസ്രയേൽ അനുകൂല നയത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയതോടെ ക്യാമ്പസുകളിൽ അച്ചടക്കം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു യുഎസ് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ രംഗത്തിറങ്ങി. ന്യൂ യോർക്ക് സിറ്റിയിൽ കൊളംബിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനോക്ക് ഷഫീക് രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു. 

സമരം പടർന്നതോടെ ഒരാഴ്ചയ്ക്കിടയിൽ നൂറു കണക്കിനു വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടുണ്ട്. ക്യാമ്പസുകളിൽ അവർ ഉയർത്തിയ സമരകൂടാരങ്ങൾ പൊളിച്ചു നീക്കി. 

കഴിഞ്ഞയാഴ്ച കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സമരം ആരംഭിച്ചത്. രാജ്യത്തു അപൂർവമായി മാത്രമാണ് പോലീസ് ക്യാമ്പസുകളിൽ പ്രവേശിക്കാറുള്ളതെങ്കിലും അവിടെ നൂറിലേറെ വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ടു.  

ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35,000 പേരെ കൊന്നൊടുക്കിയ ഇസ്രയേൽ ആക്രമണം നിർത്തണമെന്നതാണ് വിദ്യാർഥികളുടെ മുഖ്യ ആവശ്യം. യൂണിവേഴ്സിറ്റികൾ ഇസ്രയേലുമായുളള ബന്ധം വിഛേദിക്കയും ചെയ്യണം. ആയുധ വ്യാപാരികളിൽ നിന്ന് മേലിൽ പണം വാങ്ങുകയുമരുത്. 

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്-ഓസ്റ്റിൻ, ന്യൂ യോർക്ക് യൂണിവേഴ്സിറ്റി, യേൽ, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കലിഫോർണിയ എന്നിവിടങ്ങളിലാണ് പ്രധാനമായും അറസ്റ്റുകൾ ഉണ്ടായത്. ഹാർവാർഡ്, എം ഐ ടി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ-ബെർക്കിലി എന്നിങ്ങനെ പല ക്യാമ്പസുകളിലും കൊളംബിയയിലെ പോലെ സമരകൂടാരങ്ങൾ ഉയർന്നു. 

കൊളംബിയയിൽ പൊളിച്ച കൂടാരങ്ങൾ വീണ്ടും ഉയർന്നപ്പോൾ അവ നീക്കം ചെയ്യണം എന്നാവശ്യപ്പെടാനാണു ജോൺസൺ എത്തിയത്. വിദ്യാർഥികളെ നിയന്ത്രിക്കാത്ത യൂണിവേഴ്സിറ്റികൾക്കു ഫെഡറൽ പണം കിട്ടാതെ വരുമെന്നും അദ്ദേഹം താക്കീതു നൽകി. വേണ്ടി വന്നാൽ പ്രതിഷേധം നിർത്താൻ നാഷനൽ ഗാർഡുകളെ നിയോഗിക്കും.

പ്രസിഡന്റ് ബൈഡൻ ഇടപെടണമെന്നും ജോൺസൺ ആവശ്യപ്പെട്ടു. 

"നദിയിൽ നിന്നു കടൽ വരെ, പലസ്തീൻ സ്വതന്ത്രമാകും" എന്ന് ആർത്തു വിളിച്ചു വിദ്യാർഥികൾ ജോൺസന്റെ പ്രസംഗം മുക്കാൻ ശ്രമിച്ചു. ഇസ്രയേലിനെ ഇല്ലാതാക്കാനുള്ള ആഹ്വാനമായാണ് ഈ മുദ്രാവാക്യത്തെ കാണുന്നത്.  

അഭിപ്രായ സ്വാതന്ത്ര്യം വിദ്യാർഥികൾ ആയുധമാക്കുമ്പോൾ യൂണിവേഴ്സിറ്റികളിലെ അച്ചടക്കം മറുവശത്തു പ്രസക്തമാവുന്നു. വിദ്യാർഥികളുടെ സുരക്ഷയും. അധികൃതർ നടപടി എടുക്കുന്നത് എതിർപ്പു വിളിച്ചു വരുത്തുന്നുമുണ്ട്. ഈജിപ്ഷ്യൻ വംശജയായ നെമത് മിനോക്ക് ഷഫീക് ആണ് ആദ്യമായി പോലീസിനെ വിളിച്ച യൂണിവേഴ്സിറ്റി പ്രസിഡന്റ്. ലണ്ടൻ സ്കൂൾ ഓഫ് എക്കോണമിക്സ് മേധാവി ആയിരുന്ന അവർ രാജി വയ്ക്കണമെന്ന് ജോൺസൺ പറയുമ്പോൾ പോലിസിനെ വിളിച്ചതിനു വിദ്യാർഥികളും അധ്യാപകരും അവരെ വിമർശിക്കയാണ്. 


ഈ പ്രതിഷേധങ്ങൾക്കിടയിൽ യഹൂദ വിദ്വേഷം കത്തുന്നത് അസ്വസ്ഥത ഉളവാക്കുന്നുണ്ട്. കൊളംബിയയിൽ ജോൺസൺ യഹൂദ വിദ്യാർഥികളുമായി സംസാരിച്ചു. മതത്തിന്റെ പേരിൽ ഭീഷണി നേരിടുന്നുണ്ടെന്നു അവർ അദ്ദേഹത്തോടു പറഞ്ഞു. 

യുഎസ്, ഇസ്രയേലി കൊടികൾ ചില പ്രതിഷേധക്കാർ കത്തിച്ചു. ടെൽ അവീവിൽ ആക്രമണം നടത്തുമെന്ന് ഹമാസിനെ ഉയർത്തിപ്പിടിച്ചു അവർ പ്രഖ്യാപിച്ചു. "ഇത്തരം യഹൂദ വിദ്വേഷം ക്യാമ്പസുകളിൽ പടരാൻ നമുക്ക് അനുവദിക്കാനാവില്ല," ജോൺസൺ പറഞ്ഞു. 

മുസ്ലിങ്ങൾക്ക് എതിരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. റട്ട്ഗേഴ്സിൽ ഇസ്ലാമിക് ലൈഫ് സെന്റർ ഓഫിസിൽ കൈയ്യേറ്റമുണ്ടായി. 

Speaker visits Columbia as protests flare 

Join WhatsApp News
സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം, അശാന്തി. 2024-04-25 15:11:56
ക്യാമ്പസുകളിൽ അറബ് വസന്തം വിരിയിക്കാൻ ശ്രമിച്ചാൽ, അത് ക്യാമ്പസുകളിൽ സിറിയുടെയും , ലിബിയയുടെയും അവസ്ഥയിലേക്ക് ക്രമേണ മാറും. ഇന്ന് ഇത് ആണെങ്കിൽ , നാളെ മറ്റൊന്ന് നിശ്ചയമായും ഉയർന്നുവരും. കുടിയേറ്റക്കാർ നല്ല പക്ഷവും ഇവിടെ ചേക്ക കേറിയത് ഇവിടുത്തെ സമ്പന്നതയും, സ്വാതന്ത്ര്യവും കണ്ടു കൊണ്ടാണ് . ഒരു കാലത്തു ഒരു തലമുറ കോൺ ബ്രെഡ് കഴിച്ചു ,അശ്രാന്തം അധ്വാനിച്ചു കെട്ടിപ്പൊക്കിയ ഇപ്പോഴത്തെ സമ്പന്നത, (അതിൽ കുറ്റവും കുറവും കാണും) അതിനുമപ്പറും നിയമങ്ങൾ പാലിക്കാനും നടപ്പാക്കാനും തയാറുള്ള ഒരു ജനതയും, ജന നേതാക്കളും ഉണ്ടായിരുന്ന രാജ്യം, അതിൽ വെള്ളം ചേർത്താൽ , താത്കാലിക നേട്ടങ്ങൾ നേടാമെങ്കിലും , ഇവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമ്പന്നതയും, ഈ രാജ്യം ഇങ്ങനെ ആയിരുന്നതു കൊണ്ട് മാത്രമാണെന്ന് മറക്കരുത് . ( വന്ന വഴി സ്വപ്നത്തിലെങ്കിലും നവ കുടിയേറ്റക്കാർ ഓർക്കുന്നത് നല്ലതാണു )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക