Image

യു.എസ് മലയാളി കുടുംബത്തിന്റെ 'ഓര്‍മ്മ വില്ലേജി'ലെ രണ്ടാംഘട്ട വീടുകളുടെ താക്കോല്‍ദാനം ഏപ്രില്‍ 7-ന്

എ.എസ് ശ്രീകുമാര്‍ Published on 16 March, 2024
 യു.എസ് മലയാളി കുടുംബത്തിന്റെ 'ഓര്‍മ്മ വില്ലേജി'ലെ രണ്ടാംഘട്ട വീടുകളുടെ താക്കോല്‍ദാനം ഏപ്രില്‍ 7-ന്

പത്തനാപുരം: അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും നിര്‍ധനരായ വിധവകള്‍ക്കും രോഗികള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും വരുന്ന ഏപ്രില്‍ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ്കുമാര്‍ നിര്‍വഹിക്കും.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം തലവൂര്‍ പാണ്ടിത്തിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, പ്രമുഖ ഗായകന്‍ എം.ജി ശ്രീകുമാര്‍, ഫ്ളവേഴ്സ് ടി.വി-24 ന്യൂസ് മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, സാജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും. വിവധമേഖലകളിലെ വിശിഷ്ട വ്യക്തികളും തദവസരത്തില്‍ സന്നിഹിതരാവും.

തലവൂര്‍ പാണ്ടിത്തിട്ട കോക്കാട്ടുവിളയില്‍ ജോസ് പുന്നൂസിന്റെ ഒരേക്കര്‍ സ്ഥലത്ത് യാഥാര്‍ത്ഥ്യമായ 'ഓര്‍മ വില്ലേജി'ലെ ആദ്യ ഘട്ടമായ അഞ്ച് വീടുകളുടെ താക്കോല്‍ ദാനം, 2022 മെയ് 21-ാം തീയതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മഹത്തായ ജീവകാരുണ്യത്തിന്റെ സന്ദേശം പകര്‍ന്ന് നിര്‍വഹിക്കുകയുണ്ടായി.

രണ്ടാം ഘട്ടത്തില്‍ അഞ്ചു വീടുകളാണ് കൈമാറുന്നതെന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററും ഫോമായുടെ മുന്‍ പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് അറിയിച്ചു. എട്ടുലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഒരോ വീടിനും രണ്ട് ബെഡ് റൂം, ഒരു ബാത്ത് റൂം, കിച്ചണ്‍, സിറ്റ് ഔട്ട്, ടെറസ്, കുഴല്‍കിണര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. പഞ്ചായത്ത്-താലൂക്ക് അധികൃതര്‍, എം.എല്‍.എ, എം.പി തുടങ്ങിയവരുടെ നിഷ്പക്ഷമായ വിലയിരുത്തലില്‍ നിര്‍ധനരും രോഗികളും വിധവകളുമായ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കാണ് ഈ സ്നേഹ വീടുകള്‍ സമ്മാനിക്കുന്നത്.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിലും അഞ്ച് വീടുകളാണ് വിഭാവനം ചെയ്യുന്നത്. താത്പര്യമുള്ളവ്യക്തികള്‍ക്ക് ഈ പാര്‍പ്പിടപദ്ധതിയുമായി സഹകരിക്കാമെന്നും നാട്ടിലെത്തുന്ന അമേരിക്കന്‍ മലയാളികള്‍ സഹജീവി സ്നേഹമന്ത്രങ്ങള്‍ മാറ്റൊലി കൊള്ളുന്ന ഓര്‍മ വില്ലേജ് സന്ദര്‍ശിക്കണമെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു. സാജന്‍ വര്‍ഗീസ് (സാജ് എര്‍ത്ത് റിസോര്‍ട്ട്സ്), ബിജു തോമസ് (ലോസണ്‍ ട്രാവല്‍സ്), അനിയന്‍ ജോര്‍ജ് (ലൊവി ഗ്രൂപ്പ്), സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഹൂസ്റ്റണ്‍ ടെക്സസ്), വര്‍ഗീസ് പാലവിളയില്‍ (ഹൂസ്റ്റണ്‍), ജിനു ജോണ്‍-ജെ.എസ്.വി ഗ്രൂപ്പ്,  (ഹൂസ്റ്റണ്‍), ജെയിന്‍ ജേക്കബ് സി.പി.എ (ന്യൂയോര്‍ക്ക്) എന്നിവരാണ് പദ്ധതിയുടെ സ്പോണ്‍സര്‍മാര്‍.

ഓര്‍മ വില്ലേജിലെ ആദ്യ വീട് ഒരു കൊടും ക്രൂരനാല്‍ കൊല്ലപ്പെട്ട, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ പേരിലാണ് സമര്‍പ്പിച്ചത്. മറ്റൊരു വീട് കൊല്ലം എസ്.എന്‍ കോളേജിലെ ബി.കോം വിദ്യാര്‍ഥിനിയായ സുര്യയ്ക്ക് ജോസ് പുന്നൂസും ആലീസ് ജോസും മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ 2023 നവംബറില്‍ നല്‍കി.  അമ്മ മരിച്ചതിന്റെയും അച്ഛന്‍ ഉപേക്ഷിച്ചുപോയതിന്റെയും ദുഖം പേറുന്ന സൂര്യ കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നത്.

ജോസ് പുന്നൂസിന്റെയും ആലീസ് ജോസിന്റെയും മാതാപിതാക്കളോടുള്ള സ്നേഹ സ്മരണയുടെയും കൂടി പ്രതീകമാണ് ഓര്‍മ വില്ലേജ്. പത്തനാപുരത്ത് തലവൂരില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കോക്കാട്ടുവിളയിലെ പുരാതന കര്‍ഷക  കുടുംബാംഗമായ ജോസ് പുന്നൂസ് നാട്ടിലെ പ്രീഡിഗ്രി പഠനത്തിനും ഡല്‍ഹിയിലെ ഇലക്ട്രോണിക്സ് പഠനത്തിനും ശേഷം നാട്ടില്‍ ബിസിനസ് നടത്തുകയും 1985ല്‍ വിവാഹ ശേഷം ഭാര്യയുടെ മിലിട്ടറി സര്‍വീസുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുകയും ചെയ്തു. 2001-ല്‍ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി. ഇരുവരും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക