Image

കിഴക്കിന്റെ വെനീസില്‍ രാഹുല്‍ പ്രിയനും സി.പിഎം കനലും കാവിയുടെ പെണ്‍കരുത്തും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 14 March, 2024
 കിഴക്കിന്റെ വെനീസില്‍ രാഹുല്‍ പ്രിയനും സി.പിഎം കനലും കാവിയുടെ പെണ്‍കരുത്തും  (എ.എസ് ശ്രീകുമാര്‍)

ലോക്സഭാ തിരഞ്ഞടുപ്പിന്റെ അങ്കച്ചൂടിലാണ് ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. ചുവരെഴുത്തും ഫ്ളക്സും പോറ്ററും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമൊക്കെയായി കേരളത്തിലും മൂന്നു മുന്നണികളുടെ പ്രചാരണം ശക്തിപ്പെട്ടിരിക്കുന്നു. 'കിഴക്കിന്റെ വെനീസ്' ആയ ആലപ്പുഴയില്‍ രണ്ട് പുരുഷ കേസരികളെ നേരിടുന്നത് ഒരു തീപ്പൊരി വനിതയാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ പ്രാവശ്യം കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍ യു.ഡി.എഫ് തൂത്തുവാരിയപ്പോള്‍ ഇടതു മുന്നണിയെ തുണച്ച ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ.

സി.പി.എമ്മിന്റെ കനലായ സിറ്റിങ് എം.പി എ.എം ആരിഫ്, ആലപ്പുഴ നിയമസഭ-ലോക്സഭാ മണ്ഡലങ്ങളെ മാറി മാറി പ്രതിനിധീകരിച്ച കോണ്‍ഗ്രസ് കരുത്തനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ കെ.സി വേണുഗോപാല്‍, ബി.ജെ.പിയുടെ തീപ്പൊരി ശബ്ദമായ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ഗോദയിലിറങ്ങിയിരിക്കുന്നത്. 2019-ല്‍ സംസ്ഥാനത്ത് വിജയിച്ച ഏക സീറ്റ് എന്ന നിലയില്‍ സി.പി.എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും അഭിമാന പോരാട്ടമാണ് ആലപ്പുഴയില്‍ നടക്കാന്‍ പോകുന്നത്. എം.എം ആരിഫ് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2019-ല്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്.

അന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ 'കനല്‍ ഒരു തരി' എന്നാണ് ആലപ്പുഴ മണ്ഡലത്തെ വിശേഷിപ്പിച്ചത്. കാരണം ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ കൊടി പാറിയത് ഇവിടെ മാത്രം. വെനീസിലെ പോലെ തലങ്ങും വിലങ്ങും കനാലുകളും തോടുകളുള്ള ആലപ്പുഴയുടെ ഒഴുക്ക് ഇക്കുറി എങ്ങോട്ടാവുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പ്രയാസം.

ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം. ഇതില്‍ ഹരിപ്പാടും കരുനാഗപ്പള്ളിയും ഒഴിച്ച് ബാക്കി അഞ്ച് മണ്ഡലങ്ങളും ഇപ്പോള്‍ ഇടതു മുന്നണിയുടെ കൈവശമാണ്. ആലപ്പുഴയില്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച എല്‍.ഡി.എഫ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. ഇത്തിരി വൈകിയാലും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയാവട്ടെ പാര്‍ട്ടിയിലെ പെണ്‍കരുത്ത് ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കുന്നത് പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനാണ്.

തന്റെ തട്ടകമായ ആലപ്പുഴയിലേയ്ക്ക് മടങ്ങയെത്തുന്ന കെ.സി വേണുഗോപാല്‍ തന്നെയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ തവണ അവസാന നിമിഷം പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് ഷാനിമോള്‍ ഉസ്മാന് നറുക്ക് വീണത്. എന്നാല്‍ അതിന്റെ പ്രായശ്ചിത്തം എന്നോണം ഇത്തവണ വന്‍വിജയം ലക്ഷ്യമിട്ടാണ് കെ.സിയുടെ വരവ്. 1987-ല്‍ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സി 1992 മുതല്‍ 2000 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു.

ജന്മനാട് കണ്ണൂരാണെങ്കിലും വേണുഗോപാലിന്റെ പ്രവര്‍ത്തനമേഖല എന്നും ആലപ്പുഴയായിരുന്നു. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എം.എല്‍.എയായി. പിന്നീട് 2001, 2006, വര്‍ഷങ്ങളിലും അദ്ദേഹം മണ്ഡലം നിലനിര്‍ത്തി. 2004-2006 കാലഘട്ടത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന വേണുഗോപാല്‍ 2009-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. കെ.എസ്. മനോജ്നെ തോല്‍പ്പിച്ച് ആദ്യമായി ലോക്സഭയില്‍ അംഗമായി. എം.എല്‍.എ. സ്ഥാനം രാജി വെച്ചാണ് അദ്ദേഹം പാര്‍ലമെന്റിലേയ്ക്ക് മല്‍സരിച്ചത്.

2011 മുതല്‍ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവര്‍ത്തിച്ചു. 2014-ല്‍ എ.ഐ.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി. 2014-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോണ്‍ഗ്രസ് പാര്‍ട്ടി രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.

കഴിഞ്ഞ 28 വര്‍ഷമായി മണ്ഡലത്തില്‍ ശക്തമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിച്ച നേതാവാണ് വേണുഗോപാല്‍. മതസമുദായിക നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. മാത്രമല്ല വേണുഗോപാല്‍ എത്തിയതോടെ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബിയും പാസ്സായ വേണുഗോപാല്‍ പഠനകാലത്ത് കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയര്‍ വോളിക്യാപ്റ്റനായും തിളങ്ങി.

അഭിഭാഷകന്‍ കൂടിയാണ് എ.എം ആരിഫ്. 2006 മുതല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2016-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ  സ്ഥാനാര്‍ത്ഥികളില്‍ മൂന്നാം സ്ഥാനത്താണ് ആരിഫ്. 2006-ല്‍ കൃഷി മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2017-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നേടി. നിലവില്‍ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.

1986-ല്‍ സി.പി.എം അംഗമായ അദ്ദേഹം ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി, ചേര്‍ത്തല ഏരിയ കമ്മിറ്റി തുടങ്ങിയ ഘടകങ്ങളിലും പ്രവര്‍ത്തിച്ചു. 1996-ല്‍ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായി. 2000 മുതല്‍ 2006-ല്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ സി.പി.എം ചേര്‍ത്തല ഏരിയ സെക്രട്ടറിയുടെ ചുതമലയും നിര്‍വഹിച്ചു. ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് ക്രൂരമായ ലാത്തി ചാര്‍ജ്ജിനു വിധേയനായി തുടയ്ക്കും നട്ടെല്ലിനും പരിക്കേറ്റു.

ബി.ജെ.പി.യുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗമാണ് ശോഭാ സുരേന്ദ്രന്‍. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശോഭാ സുരേന്ദ്രന്‍ എ.ബി.വി.പിയില്‍ വിവിധ ചുമതലകളും നിര്‍വ്വഹിച്ചിട്ടുണ്ട്. 1995-ല്‍ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി. കേരളത്തില്‍ നിന്നും ബി.ജെ.പിയുടെ നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രന്‍.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്നും 2016ലും 2014-ലും പാലക്കാട് നിയമസഭാമണ്ഡലത്തില്‍ നിന്നും മല്‍സരിച്ച ശോഭ 2004-ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും പയറ്റി നോക്കി. 2011-ല്‍ പൊന്നാനിയിലും അതിനി മുമ്പ് പുതുക്കാടും മല്‍സരിച്ചിട്ടുണ്ട്. 2019-ല്‍ ശോഭ ആറ്റങ്ങള്‍ ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കുന്ന എന്നത് തന്നെയാവും ശേഭുടെ സ്ട്രാറ്റജി. കഴിഞ്ഞ ദിവസം മുതല്‍ ശോഭ സുരേന്ദ്രന്‍ പ്രചാരണം ആരംഭിച്ചു. ഈഴവ വോട്ടുകള്‍ സമാഹരിക്കുന്ന എന്ന ഉദ്ദേശ്യത്തോടെയാണ് ശോഭയെ രംഗത്തിറക്കിയതെന്ന വാദം ശക്തമാണ്. നിലവിലെ പ്രതീക്ഷകള്‍ വോട്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക