Image

ജനത്തിന്റെ സമ്മതിദാനത്തിന് വെറും പുല്ലുവില കല്‍പ്പിക്കരുതേ... സാര്‍...(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 06 March, 2024
ജനത്തിന്റെ സമ്മതിദാനത്തിന് വെറും പുല്ലുവില കല്‍പ്പിക്കരുതേ... സാര്‍...(എ.എസ് ശ്രീകുമാര്‍)

പണ്ടൊക്കെ ഈ തിരഞ്ഞെടുപ്പ് എന്നു പറയുന്നത് ഒരു ഉത്സവമായിരുന്നു. ഗോദയില്‍ ഇറങ്ങുന്ന രാഷ്ട്രീയ ഫയല്‍വാന്‍മാര്‍ പോരടിക്കുന്ന കാഴ്ച സുന്ദരമായിരുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയുള്ള ആ മത്സരം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ചൂണ്ടുവിരലിലൂടെ വിധിയെഴുതിയ ഒരാള്‍ വിജയിക്കും. അങ്ങനെ ജനപ്രതിനിധി ആകുന്ന വ്യക്തി അതാത് സഭകളിലിരുന്ന് ജനക്ഷേമം ചെയ്യുന്ന കാലം കഴിഞ്ഞു. ഇന്ന് ജനക്ഷേമത്തിന് പകരം സ്വയം ക്ഷേമമാണ് മുദ്രാവാക്യമായി മാറ്റപ്പെട്ടത്.

പഴയ അംബാസിഡര്‍ കാറിന്റെ ക്യാരിയറിന്റെ മേളില്‍ കെട്ടിവച്ച കോളാമ്പിയിലൂടെയുള്ള പ്രചാരണത്തിന് വലിയൊരു ഗൃഹാതുരത്വമുണ്ട്. ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ അന്നൊക്കെ ജനങ്ങള്‍ ആവേശത്തോടെ പോളിങ്ങ് ബൂത്തിലേക്ക് പോകുവാന്‍ മനസാ വാചാ കര്‍മണാ തയ്യാറെടുത്തിരിക്കും. ഇടതുപക്ഷമോ വലതുപക്ഷമോ ഇനി അഥവാ ഒരു നിഷ്പക്ഷമതിയോ തിരഞ്ഞെടുക്കപ്പെടും. അതോടെ അങ്കം തീരുകയായി. വിജയിച്ച എല്ലാവരും ഒരുമിച്ച് പാര്‍ലമെന്റിലും നിയമസഭയിലുമൊക്കെ ഇരുന്ന് തങ്ങളുടെ മണ്ഡലത്തിനോട് ആവുന്നത്ര നീതി പുലര്‍ത്തും.

എന്റെ ഓര്‍മയിലെ അഞ്ച് പതിറ്റാണ്ടിനു മുമ്പത്തെ തിരഞ്ഞെടുപ്പുകളുടെ ചെറിയൊരു ചിത്രമാണിത്. ആത്മാര്‍ത്ഥതയുള്ള സ്ഥാനാര്‍ഥികളുടെ ഒരു കാലഘട്ടം കഴിഞ്ഞിരിക്കുന്നു. ഇന്ന് ജനങ്ങളുടെ താത്പര്യത്തിനതീതമായി പാര്‍ട്ടിയുടെ വളര്‍ച്ചയാണ് മുഖ്യം. അധികാരത്തുടര്‍ച്ച കിട്ടിയാല്‍ പിന്നെ പറയുകയും വേണ്ട. അഹങ്കാരത്തിന്റെ കൈലാസം കേറിയിരിക്കുന്ന മുഖ്യന്മാരുള്ള ഈ നാട്ടില്‍ ജനത്തിന്റെ സമ്മതിദാനാവകാശത്തിന് വെറും പുല്ലുവില.

ഇക്കുറി കേരളത്തിലെ ഇലക്ഷന്‍ ചിത്രം ഏതാണ്ടൊക്കെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. പതിവു പോലെ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ചത്. ഐക്യജനാധിപത്യ മുന്നണി തരക്കേടില്ലാത്ത വിധം സീറ്റു വിഭജനം പൂര്‍ത്തിയാക്കി. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും കാര്യങ്ങള്‍ നന്നാക്കുന്നുണ്ട്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മിക്ക ഇടത്തും ഒരു ത്രികോണ പോരിന്റെ തിരനോട്ടം കാണാം.

വ്യക്തമായി പറഞ്ഞാല്‍ കാസര്‍ഗോഡ്, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലാണ് പോരാട്ടം കടുകട്ടിയാകുന്നത്. ബി.ജെ.പി ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണിത്. കാരണം ഇവിടെയെല്ലാം അവരുടെ വോട്ടു ഷെയര്‍ വര്‍ധിച്ചിട്ടുണ്ട്.  കഴിഞ്ഞ തവണ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ച പ്രസ്തുത മണ്ഡലങ്ങളില്‍ പലതിലും ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയെന്നത് ശ്രദ്ധേയമാണ്.

അങ്ങ് വടക്ക് ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇങ്ങ് തെക്കേ അറ്റത്തുള്ള കേരളമെന്ന കൊച്ചു സംസ്ഥാത്തിന്റെ വോട്ടിങ്ങ് പവര്‍ എത്രമാത്രമെന്ന് ഹരിച്ചു ഗുണിച്ച് ഒരു തീരുമാനത്തില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷാരംഭം മുതല്‍ എടുത്തു നോക്കിയാല്‍ എല്ലാ മാസവും നരേന്ദ്ര മോദി കേരളത്തില്‍ ഉണ്ടായിരുന്നു. ഗഗന്‍യാന്‍ ഉള്‍പ്പെടെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി അദ്ദേഹം കേരളത്തിന്റെ താത്പര്യങ്ങള്‍ അറിഞ്ഞ് പെരുമാറുന്നുണ്ട്.

അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ എന്ന സ്വപ്ന ദൗത്യത്തിന്റെ തലവന്‍ പാലക്കാട്ടുകാരനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ്. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുകയും ചെയ്യുന്നു.

പണ്ടത്തെ കേന്ദ്ര സര്‍ക്കാരുകള്‍ കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ മോദി തെക്കു നിന്ന് അശ്വമേധം തുടങ്ങിയിരിക്കുന്നു. ലോകത്തെ വിസ്മയിപ്പിച്ച അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളീയരും നോമ്പു നോറ്റ് യാത്രയ്ക്ക് തയ്യാറെടുത്തിരിക്കുന്നു.

ഇനി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെ ബലപരീക്ഷണമാവും നടക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രസക്തമായിരുന്ന ബി.ജെ.പി കളം കൈയിലെടുക്കും. എന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ചങ്കിടിപ്പാകുന്ന ബി.ജെ.പി. മുന്നേറ്റത്തെ ഒരു കാരണവശാലും തള്ളിക്കളയാന്‍ സാധ്യമല്ല.

പത്തു വര്‍ഷത്തെ തുടര്‍ ഭരണം കൈവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എത്രമാത്രം തങ്ങളെ വിജയിപ്പിച്ച ജനങ്ങളോട് നീതി പുലര്‍ത്തി എന്ന് ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ജനങ്ങളുടെ പോക്കറ്റിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴൊക്കെ വലിയ പട്ടിണിയും പരിവട്ടവുമൊന്നുമില്ലാതെ ജനങ്ങള്‍ ജീവിച്ച സാധ്യതയിലേക്കാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ എന്ന മൂന്നാം മുന്നണി കടന്നു വരുന്നത്.

രണ്ടു വട്ടം തുടര്‍ച്ചയായി എല്‍.ഡി.എഫിനെ വാഴ്ത്തുകയും അതിനു മുമ്പ് അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ യു.ഡി.എഫിനെ അംഗീകരിക്കുകയും ചെയ്ത കേരളത്തിലെ ജനങ്ങള്‍ ഒന്നു മാറി ചിന്തിച്ചാല്‍ നമ്മുടെ സെക്രട്ടേറിയറ്റിന് കാവി നിറം കൈവരും... അവിടെ സംഘികളുടെ ഹിന്ദ് വിളികള്‍ ഉയര്‍ന്നു കേള്‍ക്കുകയും ചെയ്യും.

അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ഇന്നും സ്വപ്നം കാണുന്ന മലയാളികളുടെ ആഗ്രഹ സാക്ഷാത്ക്കാരത്തിന് ഇനിയെത്രനാള്‍ കാത്തിരിക്കും എന്ന് ഈ തിരഞ്ഞെടുപ്പ് വിധിയെഴുതും. പാഴാക്കാന്‍ നമുക്ക് വോട്ടില്ല. ബൂത്തിലെ ക്യൂവില്‍  നിന്ന് വെറുതെ കളയാന്‍ സമയവുമില്ല. രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത ഉറപ്പായും തീരുമാനിക്കും തങ്ങളുടെ 20 ലോക്സഭാംഗങ്ങളെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക