Image

മുസ്ലീം ലീഗിന് പെരുത്ത് സന്തോഷിക്കാം: 18 വര്‍ഷത്തിന് ശേഷം രണ്ടാം രാജ്യസഭാ സീറ്റ് (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 02 March, 2024
 മുസ്ലീം ലീഗിന് പെരുത്ത് സന്തോഷിക്കാം: 18 വര്‍ഷത്തിന് ശേഷം രണ്ടാം രാജ്യസഭാ സീറ്റ് (എ.എസ് ശ്രീകുമാര്‍)

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം തിരസ്‌കരിക്കപ്പെട്ടെങ്കിലും അവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് ഉറപ്പുകൊടുത്ത് അനുനയിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി) എന്നിവരാണ് മുസ്ലീം ലിന്റെ പ്രതിനിധികളായി 2019-ല്‍ ലോക്സഭയിസെത്തിയത്. എന്നാല്‍ 2021-ല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി എം.പി സ്ഥാനം രാജിവെയ്ക്കുകയും അവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച എം.പി അബ്ദു സമദ് സമദാനി  വിജയിക്കുകയും ചെയ്തു.

ഇപ്പോള്‍ ലീഗിന് സന്തോഷിക്കാം. കാരണം 18 വര്‍ഷത്തിന് ശേഷമാണ് രണ്ടാമതൊരു രാജ്യസഭാ സീറ്റ് അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. 1979-ല്‍ യു.ഡി.എഫ് നിലവില്‍ വന്നതിന് ശേഷം ലീഗിന് മിക്കപ്പോഴും ഒരേസമയം രണ്ട് രാജ്യസഭാ എം.പിമാരുണ്ടായിരുന്നു. 2006-ല്‍ അബ്ദു സമദ് സമദാനിയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് അത് ഒന്നായി ചുരുങ്ങിയത്. വരുന്ന ജൂലൈയില്‍ ഒഴിവുണ്ടാകുന്ന മൂന്ന് സീറ്റുകളില്‍ യു.ഡി.എഫിന് ജയിക്കാവുന്ന സീറ്റാണ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരിക്കുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെയാണ് അവര്‍ പരിഗണിക്കുന്നത്.

ഇപ്പോഴത്തെ രാജ്യസഭാംഗം പി.വി അബ്ദുല്‍വഹാബിന്റെ കാലാവധി 2027 ഏപ്രില്‍ 23-ന് അവസാനിക്കും. അതിന് ശേഷവും ലീഗിന് രാജ്യസഭയില്‍ രണ്ട് അംഗങ്ങളുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണിയുടെ ഭാഗമായും ലീഗ് രാജ്യസഭാ സീറ്റിനായി ചര്‍ച്ച നടത്തുന്നുണ്ട്.

ഇബ്രാഹിം സുലൈമാന്‍ സേട്ട് (1960-1966), ബി.വി അബ്ദുള്ളക്കോയ (അഞ്ച് തവണ: 1967-1973, 1974-1998), ഹമീദലി ശംനാട് (രണ്ട് തവണ: 1970-1979), എം.പി. അബ്ദു സമദ് സമദാനി (രണ്ട് തവണ: 1994-2006), കൊരമ്പയില്‍ അഹമ്മദ് ഹാജി (1998-2003), പി.വി അബ്ദുള്‍ വഹാബ് (2004-2010, 2015-തുടരുന്നു) എന്നിവരാണ് 1952 മുതലുള്ള മുസ്ലീം ലീഗ് രാജ്യസഭാംഗങ്ങള്‍. പി.വി അബ്ദുല്‍ വഹാബിന്റെ മൂന്നാം ഊഴമാണിത്. 2010-2015 കാലഘട്ടത്തില്‍ ലീഗിന് രാജ്യസഭാ പ്രതിനിധികളില്ലായിരുന്നു.

ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ (1952-1958), എ.കെ.എ. അബ്ദുല്‍ സമദ്(1964-1976), എസ്.എ. ഖാജ മുഹ്യുദ്ദീന്‍ (1968-1980), എ.കെ. റിഫാഇ (1972-1978) എന്നിവര്‍ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലെത്തി. 1972-ല്‍ ഒരേ സമയം മൂന്ന് എം.പി.മാര്‍ വരെ ഉണ്ടായിരുന്നു. ഇതേ കാലത്ത് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി ഒരേസമയം രാജ്യസഭയില്‍ മുസ്ലീം ലീഗിന് അഞ്ച് എം.പി.മാര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ബി.വി അബ്ദുള്ളക്കോയ, ഹമീദലി ശംനാട്, തമിഴ്നാട്ടില്‍ നിന്ന് എ.കെ.എ അബ്ദുല്‍ സമദ്, എസ്.എ ഖാജ മുഹ്യുദ്ദീന്‍, എ.കെ റിഫാഇ എന്നിവരാണിവര്‍.

മുസ്ലീം ലീഗിന്റെ ഹ്രസ്വ ചരിത്രമിങ്ങനെ...ഖാഇദെ മില്ലത്ത് നേതാവ് എം മുഹമ്മദ് ഇസ്മായിലാണ് 1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലീംങ്ങളുടെയും മറ്റു ന്യൂനപക്ഷ-പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി പാര്‍ട്ടി നില കൊള്ളുന്നു. പ്രധാനമായും മലബാറില്‍ വേരുകളുള്ള ലീഗിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടന സംവിധാനങ്ങളുണ്ട്.

ലീഗ് ഇന്ത്യയിലെ രണ്ടു യു.പി.എ സഖ്യത്തിലേയും അംഗമായിരുന്നു. ഇ അഹമ്മദ് ഈ രണ്ട് യു.പി.എ ഗവര്‍ന്മെന്റിലും മാനവ-വിഭവ ശേഷി, വിദേശകാര്യ, റെയില്‍വേ സഹമന്ത്രി പദം വഹിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 15 എം.എല്‍.എ മാരുണ്ട്.

അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (വള്ളിക്കുന്ന്), എ.കെ.എം. അഷറഫ് (മഞ്ചേശ്വരം), ഡോ. എം..െ മുനീര്‍ (കൊടുവള്ളി), കെ.പി.എ മജീദ് (തിരൂരങ്ങാടി), കുരുക്കോലി മൊയ്ദീന്‍ (തിരൂര്‍), മഞ്ഞളാംകുഴി അലി (മങ്കട), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), എന്‍ ഷംസുദീന്‍ (മണ്ണാര്‍ക്കാട്), പി.കെ ബഷീര്‍ (ഏറനാട്), പി.കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), പ്രൊഫ. അബിദ് സൂഹൈന്‍ തങ്ങള്‍ (കോട്ടയ്ക്കല്‍), പി ഉബൈദുള്ള (മലപ്പുറം), ടി.വി ഇബ്രാഹിം (കൊണ്ടോട്ടി), യു ലത്തീഫ് (മഞ്ചേരി) എന്നിവരാണ് കേരളത്തിലെ മുസ്ലീം ലീഗ് എം.എല്‍.എ മാര്‍.

തമിഴ് നാട്ടില്‍ ഒരു എം.എല്‍.എയുമുള്ള മുസ്ലീം ലീഗിന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു.  പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹിംകുഞ്ഞ്, ഡോ. എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവരാണിവര്‍. മലപ്പുറം എം.പി ആയിരുന്ന ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദത്തില്‍ ലീഗുകാരനായ സി.എച്ച് മുഹമ്മദ് കോയ അവരോധിക്കപ്പെട്ടതാണ് ചരിത്രത്തിലെ ഈ പാര്‍ട്ടിയുടെ വലിയ നേട്ടം. 1981-ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവസാനമായി അംഗമായിരുന്ന 1982-ലെ ഏഴാം കേരള നിയമസഭയിലും സി.എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. 1979 ഒക്ടോബര്‍ 12-ന് കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബര്‍ ഒന്നിന് രാജിവച്ചു.

കേരളത്തിന് പുറത്ത് ചില സംസ്ഥാനങ്ങളില്‍ മുസ്ലിം ലീഗിന് നിയമസഭ, പാര്‍ലമെന്റ് എന്നിവിടങ്ങളില്‍ അംഗങ്ങളും ഭരണ പങ്കാളിത്തവുമുണ്ടായിരുന്നു. 2022ലെ കണക്ക് പ്രകാരം മൂന്ന് ലോകസഭാ അംഗങ്ങളും ഒരു രാജ്യ സഭാ അംഗവും 15 നിയമസഭ അംഗങ്ങളുമാണുള്ളത്. തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കനി കെ നവാസ് ആണ് കേരളത്തന് പുറത്തുള്ള ഏക മുസ്ലീം ലീഗ് ലോക്സഭാംഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക