Image

രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും..? .സി.പി.ഐയിലും സ്ഥാനാര്‍ത്ഥിത്തര്‍ക്കം(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 26 February, 2024
രാഹുല്‍ ഗാന്ധി വയനാട് വിട്ടേക്കും..? .സി.പി.ഐയിലും സ്ഥാനാര്‍ത്ഥിത്തര്‍ക്കം(എ.എസ് ശ്രീകുമാര്‍)

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ് തരംഗത്തിന് കളമൊരുക്കുകയും നാല് ലക്ഷത്തിലധികം വോട്ടിന്റെ സര്‍വകാല റെക്കോഡ് ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി മണ്ഡലം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് മണഡലം മാറുന്നതെന്നാണ് വിവരം. രാഹുലിന് പകരം സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായിട്ടുണ്ട്.

വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. രാഹുല്‍ വീണ്ടും വയനാട് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വ്യക്തമായ ചിത്രമിപ്പോഴില്ല. ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നാണ് ചില നേതാക്കള്‍ പ്രതികരിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധി ഇത്തവണ തങ്ങളുടെ സംസ്ഥാനത്ത് മല്‍സരിക്കണമെന്ന് തെലങ്കാന, കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം 2019-ലേതുപോലെ തരംഗമുണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം വിശ്വസിക്കുന്നു. ഇതേ നിലപാട് തന്നെയാണ് കര്‍ണാടകയിലെയും തെലങ്കാനയിലെയും നേതൃത്വത്തിനുമുള്ളത്.

നെഹ്റു കുടുംബത്തിന് ആത്മബന്ധമുള്ള അമേഠിയില്‍ രാഹുല്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ രാഹുലിന് പുറമെ അമേഠിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം. 2019-ല്‍ വയനാടിന് പുറമെ അമേഠിയില്‍നിന്ന് രാഹുല്‍ മല്‍സരിച്ചെങ്കിലും ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 22,752 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ അത്ഭുതം സൃഷ്ടിച്ചു.

2019-ലെ തോല്‍വിക്ക് ശേഷം കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി അമേഠിയിലെത്തുകയും അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിക്കുകയും ചെയ്തു. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. രാഹുലിന്റെ അമേഠി പര്യടനത്തില്‍ ഉടനീളം യുവാക്കളുടെ വലിയ പങ്കാളിത്തവും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബി.ജെ.പിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയില്‍ രാഹുല്‍ മല്‍സരിക്കുമെന്ന് കേള്‍ക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഇവിടെ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വയനാട്ടിലേക്ക് ചുരം കയറിയ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 വോട്ടുകളായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു മാന്ത്രിക സംഖ്യ. ആകെ 10,89,999 വോട്ടുകളാണ് വയനാട് മണ്ഡലത്തില്‍ പോള്‍ ചെയ്തത്. ഇതില്‍ 706,367 വോട്ടുകള്‍ രാഹുല്‍ പോക്കറ്റലാക്കിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ പി.പി സുനീര്‍ 2,74,597 വോട്ടുകള്‍ മാത്രം ഒപ്പിച്ച് നിഷ്പ്രഭനായി. എന്‍.ഡി.എയുടെ തുഷാര്‍ വെളളാപ്പളളി 78,816 വോട്ടുകളിലൊതുങ്ങുകയും ചെയ്തു. 2014-ല്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്റെ ജനസമ്മതനായ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ 2019-ന് മുമ്പുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.

വയനാട് പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായതിനാല്‍ എതിരാളിയായി ആര് വന്നാലും 'രാഹുലിസം' വീണ്ടും വയനാട്ടില്‍ വിജയം കൊയ്യുമെന്നുറപ്പിക്കാം. എന്നാല്‍ രാഹുല്‍ മല്‍സരിക്കാനെത്തുന്നില്ലെങ്കില്‍ പകരം വരുന്നയാള്‍ക്ക് രാഹുലിന്റെ ഭൂരിപക്ഷത്തോടടുക്കുക വളരെ പ്രയാസമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മത്സരം കാഴ്ചവെക്കാനാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ഇക്കുറി ശ്രമിക്കുന്നത്.

രാഹുലിന്റെ സാന്നിധ്യം വയനാട്ടിലുണ്ടെന്ന് കണക്കുകൂട്ടിയാണ് ദേശീയ മുഖമുള്ള, പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ സ്ഥാനാര്‍ഥിത്വം  സി.പി.ഐ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. സി.പി.ഐയുടെ മഹിള വിഭാഗമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ആനി രാജ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലിപ്പോള്‍ ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി.

ലോക്സഭയിലേക്ക് സി.പി.ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതൃത്വമുണ്ടാക്കിയ ധാരണയില്‍നിന്ന് വ്യത്യസ്തമായി ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് തലവേദനയായി. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ചില പേര് ജില്ലാഘടകങ്ങള്‍ അംഗീകരിച്ചിട്ടില്ല. പകരം പേരുകളും മുന്നോട്ടുവെച്ചിട്ടുണ്ട്. ആനിരാജ (വയനാട്), വി.എസ് സുനില്‍കുമാര്‍ (തൃശ്ശൂര്‍), സി.എ അരുണ്‍കുമാര്‍ (മാവേലിക്കര), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം) എന്നിവരെയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം നേരത്തെ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് രണ്ട് പേരുകള്‍ കൂടി സി.പി.ഐ ജില്ലാ നേതൃത്വം. പരിഗണിക്കുന്നു. പാര്‍ട്ടി സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി പി.പി സുനീര്‍, സത്യന്‍ മൊകേരി എന്നിവരെ കൂടി പരിഗണിക്കാനാണ് ജില്ലാ വയനാട്, കോഴിക്കോട് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. തൃശ്ശൂരില്‍നിന്നുള്ള പട്ടികയില്‍ വി.എസ് സുനില്‍കുമാറിനുതന്നെയാണ് മുന്‍തൂക്കം. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് പുറമേ, ദേശീയ നിര്‍വാഹകസമിതി അംഗം കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി എന്നിവരെ ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയും കോഴിക്കോട്ടെ തിരുവമ്പാടിയും മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. ഇതില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, ഏറനാട്, വണ്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്.

രാഹുല്‍ ഗാന്ധിയുടെ വരവോടെ 2019-ല്‍ രാജ്യത്തെ ഏറ്റവും സുപ്രധാന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായി വയനാടും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. മണ്ഡല രൂപീകരണത്തിനു ശേഷം 2009, 2014 വര്‍ങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എം.ഐ ഷാനവാസ് വിജയിച്ചതെടെ കോണ്‍ഗ്രസ് കോട്ട എന്ന് വിശേഷണമുള്ള മണ്ഡലമായി വയനാട് മാറി. 2018ല്‍ ഷാനവാസ് കരള്‍ സംബന്ധമായ അസുഖത്തേ തുടര്‍ന്ന് അന്തരിച്ചു. ഷാനവാസ് മരിച്ച ശേഷം 2019-ല്‍ ടി സിദ്ദിഖിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വരവ്.

2019-ലെ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഹാഹുലിന്റെ എം.പി സ്ഥാനം റദ്ദാക്കിയ സംഭവമാണിത്.

2019-ല്‍ കര്‍ണാടകയില്‍ നടന്ന ഒരു റാലിയില്‍, ''എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര്...'' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് നല്‍കിയത്. എന്നാല്‍ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കുകയുണ്ടായി.

മുസ്ലിം ലീഗിന്റെ ശക്തമായ സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങങ്ങള്‍ വയനാട് സോക്സഭാ മണ്ഡലത്തിലുണ്ട്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതിനാല്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. സമസ്ത ഇരുവിഭാഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലിയെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ടത്രേ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക