Image

പത്തനംതിട്ടയിലെ പോര്‍മുഖം: ആന്റോയും ഐസക്കും നേര്‍ക്കുനേര്‍; പി.സി വരുമോ..?(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 19 February, 2024
പത്തനംതിട്ടയിലെ പോര്‍മുഖം: ആന്റോയും ഐസക്കും നേര്‍ക്കുനേര്‍; പി.സി വരുമോ..?(എ.എസ് ശ്രീകുമാര്‍)

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളത്തിന്റെ സജീവ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ചിത്രം തെളിഞ്ഞുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച ഇടതു മുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചതോടെയാണിത്. സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കണമെന്ന കെ.പി.സി.സി നിര്‍ദേശം ഉള്ളതിനാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ആന്റോ ആന്റണി മത്സരിക്കുമെന്ന് ഉറപ്പായി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ വന്നിട്ടില്ല. എന്നാല്‍, അടുത്തിടെ ബി.ജെ.പിയിലേക്ക് വന്ന പി.സി ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് സി.പി.എം വിട്ട് നല്‍കിയപ്പോള്‍ അവിടുത്തെ സ്ഥിരം എം.എല്‍.എ ആയിരുന്ന രാജു എബ്രഹാമിന് മാറി നില്‍ക്കേണ്ടി വന്നു. അന്നുമുതല്‍ അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്ന് പ്രചാരണം ശക്തമായിരുന്നു. രാജു ഏബ്രഹാമും ജില്ലയിലൂടെ പരിപാടികളില്‍ സജീവമാകുകയും ചെയ്തു. ഇതിനിടയിലാണ് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നേതാവ് എന്ന നിലയില്‍ തോമസ് ഐസക്കിന് നറുക്കുവീണത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. 2008-ലെ മണ്ഡല പുനക്രമീകരണത്തില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകൃമായതിന് ശേഷം ഇതുവരം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിക്കായിരുന്നു വിജയം. 2009-ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആന്റോ സി.പി.എമ്മിന്റെ കെ അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കും 2014ല്‍ സി.പി.എം സ്വതന്ത്രന്‍ ഫിലിപ്പോസ് തോമസിനെ 56,191 വോട്ടുകള്‍ക്കുമാണ് തോല്‍പ്പിച്ചത്. 2019-ല്‍ നിലവിലെ ആരോഗ്യ മന്ത്രി സി.പി.എമ്മിലെ വീണാ ജോര്‍ജിനെ 44,243 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഹാട്രിക് തികച്ചു.

തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസില്‍ മറ്റു പേരുകള്‍ കാര്യമായി ഉയര്‍ന്നുവരാതിരുന്നതാണ് ആന്റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം ഉറയ്ക്കുന്നതിലേക്ക് നയിച്ചത്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മൂന്നിലവ് എന്ന ഗ്രാമത്തില്‍ കുരുവിള ആന്റണിയുടേയും ചിന്നമ്മയുടേയും മകനായി 1957 മെയ് ഒന്നിനാണ ആന്റോ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പാലാ സെന്റ് തോമസ് കോളേജില്‍ ചേര്‍ന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി.

വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ സജീവമായ പ്രവര്‍ത്തനം നടത്തിയ ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് തുടക്കം കുറിക്കുന്നത്. കെ.എസ്.യുവിന്റെ താലൂക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ-വൈസ് പ്രസിഡന്റ്, ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ആന്റോ ബാലജനസംഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചു. കോട്ടയം ഡി.സി.സി.യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് കെ.പി.സി.സി അംഗമായ ആന്റോ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്. നിലവില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ആണ്. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1971-ല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ തോമസ് ഐസക്ക് 2001-ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് നിന്ന് ജയിക്കുകയും, 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 2006-ലെ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് നിന്ന് വീണ്ടും മല്‍സരിച്ച് ജയിക്കുകയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വന്ന മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുകയുമുണ്ടായി.

2011-ലെ  തിരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ പി.ജെ മാത്യുവിനെ 16,342 വോട്ടുകള്‍ക്കാണ് തോമസ് ഐസക് അന്ന് പരാജയപ്പെടുത്തിയത്. 2016-ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ ലാലി വിന്‍സെന്റിനെ 31,032 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക വ്യവസ്ഥ, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം 18-ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗമായിട്ട് 2001 മുതല്‍ 2006 വരെ പ്രവര്‍ത്തിച്ചിരുന്നു.

അമ്പലപ്പുഴ സ്വദേശി ആയ ടി.പി മാത്യുവിന്റെയും കൊടുങ്ങല്ലൂര്‍ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്റ്റംബര്‍ 26-നാണ് തോമസ് ഐസക്ക് ജനിച്ചത്. ഭാര്യ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും ആന്ധ്രാപ്രദേശ് സ്വദേശിനിയുമായ ഡോ. നത ദുവൂരിയാണ്. ഇപ്പോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലണ്ടിലെ സീനിയര്‍ പ്രൊഫസറാണ്. ഐസക് ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. ഈ ദമ്പതികള്‍ക്ക് സാറ ദുവിസാക്, ഡോറ ദുവിസാക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അതേസമയം ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈമാസം അവസാനമേ ഉണ്ടാവുകയുള്ളുവെങ്കിലും   പി.സി ജോര്‍ജിനാണ് മുന്‍തൂക്കം. ഹിന്ദു-ക്രൈസ്തവ വിശ്വാസികള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഇടമാണ് പത്തനംതിട്ട മണ്ഡലം. ക്രൈസ്തവ വിഭാഗങ്ങളേറെയുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ വ്യക്തിപരമായി തനിക്ക് സ്വാധീനമുണ്ടെന്നുള്ളതും വിജയസാധ്യതയിലേക്കുള്ള മാര്‍ഗ്ഗമായി പി.സി കരുതുന്നുണ്ട്. മുതിര്‍ന്ന നേതാവും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരനെയും ഗേവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെയും പരിഗണിക്കുന്നുണ്ട്. മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തിയാണ് കുമ്മനമെങ്കില്‍ ക്രൈസ്തവ സമൂഹമൂഹവും സഭാ നേതൃത്വവുമായും ശ്രീധരന്‍പിള്ളയ്ക്ക് ദൃഢബന്ധമുണ്ട്.

പത്തനംതിട്ടയില്‍ ഓരോ തിരഞ്ഞടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളില്‍ കാര്യമായ വര്‍ധനവുണ്ടെയെന്നതാണ് ശ്രദ്ധേയം. 2009-ല്‍ ബി രാധാകൃഷ്ണ മേനോന്‍ 56,294 വോട്ടുകള്‍ നേടിയപ്പോള്‍ 2014-ല്‍ എം.ടി  രമേശ് അത് 1,38,954 വോട്ടുകളായി വര്‍ധിപ്പിച്ചു. 2019-ല്‍ കെ സുരേന്ദ്രന്‍ നേടിയത് 2,97,396 വോട്ടുകളായിരുന്നു. വോട്ട് വിഹിതത്തിലെ ഈ വന്‍ വളര്‍ച്ചയും ഇക്കുറി പി.സി ജോര്‍ജിന്റെ വരവും പത്തനംതിട്ടയില്‍ നിന്നുള്ള തങ്ങളുടെ ലോക്‌സഭ സാന്നിധ്യം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. ഏതായാലും ശ്രദ്ധിക്കപ്പെടുന്ന ത്രികോണ മത്സരമായി പത്തനംതിട്ട മാറും.

തന്റെ വരവോടെ ക്രൈസ്തവരും ബി.ജെ.പിയെ അനുകൂലിക്കുമെന്ന് പി.സി കരുതുന്നു. ബി.ജെ.പി  സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്ര കഴിഞ്ഞ തിങ്കളാഴ്ച അടൂരില്‍ എത്തിയപ്പോള്‍ പി.സി ജോര്‍ജ് അഭിവാദ്യങ്ങളുമായി എത്തിയിരുന്നു. മണ്ഡലത്തിലിപ്പോള്‍ സജീവമാണ് അദ്ദേഹം. പാര്‍ട്ടിയുടെ പരമ്പാരാഗത വോട്ടുകള്‍ക്ക് പുറമെ ക്രൈസ്തവ വോട്ടുകളില്‍ വലിയൊരു പങ്ക് എന്‍.ഡി.എയ്ക്ക് അനുകൂലമാക്കി മാറ്റാന്‍ പി.സി ജോര്‍ജിന് കഴിയുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണവും 2020ല്‍ കൈപ്പിടിയിലൊതുക്കി. പിന്നീട് നടന്ന പല തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫ് നേട്ടമുണ്ടാക്കി. ഇതിനെ മറികടക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്.

പത്തനംതിട്ടയ്ക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടക്കം എം.എല്‍.എമാര്‍ എല്ലാം എല്‍.ഡി.എഫ് ആണെങ്കിലും ലോക്സഭ മണ്ഡലം രൂപീകൃതമായപ്പോള്‍ മുതല്‍ യു.ഡി.എഫിന്റെ സ്വന്തമാണ് എം.പി. ആരോഗ്യ മന്ത്രി സി.പി.എമ്മിലെ വീണാ ജോര്‍ജ് (ആറന്മുള), നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ (അടൂര്‍), നിയമസഭ ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിലെ ഡോ. എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിവര്‍ ഈ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. മുന്‍ മന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായ മാത്യു ടി തോമസ് (തിരുവല്ല), കേരള കോണ്‍ഗ്രസിലെ പ്രമോദ് നാരായണ്‍ (റാന്നി), സി.പി.എമ്മിലെ ജെനീഷ് കുമാര്‍ (കോന്നി), കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരാണ് മറ്റ് ജനപ്രതിനിധികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക