Image

ഗോവിന്ദന്‍ അങ്ങനെ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്...?(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 23 January, 2024
ഗോവിന്ദന്‍ അങ്ങനെ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്...?(എ.എസ് ശ്രീകുമാര്‍)

''ഇത് എന്നെ ഉദ്ദേശിച്ചാണ്...ഇത് എന്നെ തന്നെ ഉദ്ദേശിച്ചാണ്...ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ്...'' സി.ഐ.ഡി മൂസ എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഈ ഡയലോഗ് കേരളത്തിലെ ചില സമീപകാല പ്രസ്താവനകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഈയിടെ കോഴിക്കോട്ട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ സര്‍വാധിപത്യത്തെയും വ്യാക്തി പൂജയെയും പറ്റി സാഹിത്യ കുലപതിയായ എം.ടി വാസുദേവന്‍നായര്‍ പ്രസംഗിച്ചപ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണെന്ന് ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ച നടന്നു.

എം.ടി ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുനവെച്ച വാക്കുകള്‍ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന വേദിയില്‍ വച്ച് എം.ടി പറഞ്ഞത് മുഖ്യമന്ത്രിയെ തന്നെയാണെന്ന വ്യാഖ്യാനവുമായി ഒരുവുഭാഗം സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിപക്ഷവും രംഗത്തുവരികയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് എം.ടി ഉദ്ദേശിച്ചതെന്ന് മറുവിഭാഗവും സി.പി.എമ്മും അന്ന് വിശദീകരിച്ചു. താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് എം.ടിയൊട്ട് പറഞ്ഞതുമില്ല.
 
കഴിഞ്ഞ ദിവസം സി.പി.എം സംസസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വയനാട് മേപ്പാടിയിലെ ഒരു പൊതു ചടങ്ങില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. ''ഞാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഞാനില്ലാതെ പിന്നെയെന്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നുമുള്ള വിചാരം നമുക്കുണ്ടായിരിക്കുകയാണ്. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവര്‍ക്കും വേണം. വ്യക്തിയെക്കാളും വലുത് പാര്‍ട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം...'' എന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്..? ഉത്തരം അണ്ടര്‍സ്റ്റുഡ്.

സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയെന്നും ജനങ്ങള്‍ക്ക് പൊറുക്കാന്‍ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുതെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സാധിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞപ്പോള്‍ അതില്‍ ചില വസ്തുതകള്‍ പ്രകടമായിത്തന്നെ കിടപ്പുണ്ട്. ഭരണത്തുടര്‍ച്ചയുണ്ടാവുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പശ്ചിമബംഗാളിലെ തകര്‍ച്ച പാഠമാക്കണമെന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ മുന്നറിയിപ്പ് നിഷേധിക്കപ്പെട്ടതിന്റെ ഓര്‍മപ്പെടുത്തലായിരുന്നു എം.വി ഗോവിന്ദന്റെ അഭിപ്രായ പ്രകടനം.

ഇന്ത്യയില്‍ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷമുന്നണി 1977 മുതല്‍ 2011 വരെ ബംഗാള്‍ ഭരിച്ചു. 34 വര്‍ഷത്തെ സി.പി.എം ഭരണത്തിനൊടുവില്‍ സമസ്തമേഖലകളിലും പരാജയപ്പെട്ട് അവര്‍ക്ക് പടിയിറങ്ങേണ്ടിവന്നത് ചരിത്രം. ശിഥിലമായ സോവിയറ്റ് യൂണിയന്റെ കാര്യത്തിലെന്ന പോലെ ബംഗാളും ഒരു ഇരുമ്പ് മറയ്ക്കുള്ളിലായിരുന്നോയെന്ന് 2011ന് ശേഷം ജനം ചിന്തിച്ചതില്‍ അത്ഭുതമില്ല.

കേരളത്തില്‍ സി.പി.എമ്മിന് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പാര്‍ട്ടിയും സര്‍ക്കാരും പാലിക്കേണ്ട മുന്‍കരുതലിനെയും ജാഗ്രതയെയും പറ്റി സി.പി.എം സംസഥാന കമ്മിറ്റി ഒരു സുപ്രധാനമായ മാര്‍ഗരേഖയുണ്ടാക്കിയത്. ജനങ്ങളുടെ ആശങ്കയും ആവലാതികളും പ്രശ്നങ്ങളും പരാതികളും മുഖം നോക്കാതെ കേള്‍ക്കാനും പരിഹരിക്കാനും നേതൃ-അണി വ്യത്യാസമില്ലാതെ മുന്നിട്ടിറങ്ങണം. അതിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമാണെന്ന് ഓര്‍മപ്പെടുത്താനാവുമെന്നാണ് മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും അതൊക്കെ ഭരണത്തുടര്‍ച്ചയുടെ തണല്‍സുഖത്തില്‍ സൗകര്യപൂര്‍വം മറക്കപ്പെട്ടു.

ഇപ്പോള്‍ മുഖ്യമന്ത്രി തന്നെയും മുഖ്യമന്ത്രിയാല്‍ ചുറ്റപ്പെട്ടും പല വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. ''കടക്ക് പുറത്ത്...'' പ്രയോഗം മുതല്‍ അദ്ദേഹത്തിന്റെ ജനകീയ പ്രതിഛായയ്ക്ക് മങ്ങലേറ്റു. പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണോ എന്ന സംശയവും അസ്ഥാനത്തല്ല. പക്ഷേ അദ്ദേഹം കരുത്തനായ പാര്‍ട്ടിക്കാരനാണ്. പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്ക് സുഗമമായി പോകുമ്പോഴാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി ഒരു മുഖ്യമന്ത്രിക്ക് ജനകീയനാവാന്‍ പറ്റുകയുള്ളൂ. അപ്രകാരം  കേരളത്തിലെ പല മുഖ്യമന്ത്രിമാരും പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

യൂറോപ്പിലെ ഏകാധിപതികളില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് ലൂയി പതിനാലാമനാണ്. ''ഞാനാണ് രാഷ്ട്രം...'' എന്ന്  എന്ന് സ്വയം പ്രഖ്യാപിച്ച അദ്ദേഹം എഴുപത്തിരണ്ട് വര്‍ഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും അദ്ദഹം ഫ്രാന്‍സിനെ  ഭരിച്ചു. 1643 മുതല്‍ 1715-ല്‍ മരിക്കുന്നതുവരെയുള്ള ലൂയി പതിനാലാമന്റെ കാലത്ത് രാഷ്ട്രീയം, യുദ്ധതന്ത്രം, സാംസ്‌കാരികം എന്നീ വിഷയങ്ങളില്‍ പ്രശസ്തരായ പല പ്രധാനികളെയും പരിപോഷിപ്പിക്കുകയും അവരില്‍ നിന്ന് ഭരണത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്തുവെന്നത് മറ്റൊരു വശം.

ലൂയി പതിനാലാമന്‍ ''ഞാനാണ് രാഷ്ട്രം...'' എന്നാണ് പ്രഖ്യാപിച്ചതെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയതുപോലെ ''ഞാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...'' എന്ന് ചിന്തിച്ച് അധികാരത്തിന്റെ ഗര്‍വുള്ള ബോഡി ലാംഗ്വേജോടെ നടക്കുന്നവരായാലും നാളെ അവരുടെ പതനം 'ബംഗാള്‍ മോഡലില്‍' തന്നെ ആയിരിക്കും.  

'ദുരവസ്ഥ'യില്‍ മഹാകവി കുമാരനാശാന്‍ ഇങ്ങനെ ചൊല്ലി...

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മറ്റുമതുകളീ നിങ്ങളേ താന്‍
കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാം.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മറ്റുമതുകളീ നിങ്ങളേ താന്‍...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക