Image

ജന്‍മനാട്ടില്‍ ശ്രീരാമന് ക്ഷേത്രമായി; മൂന്നാമൂഴത്തിന്റെ ഗോദയിലേയ്ക്ക് മോദിയും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 22 January, 2024
 ജന്‍മനാട്ടില്‍ ശ്രീരാമന് ക്ഷേത്രമായി; മൂന്നാമൂഴത്തിന്റെ ഗോദയിലേയ്ക്ക് മോദിയും (എ.എസ് ശ്രീകുമാര്‍)

''നമ്മുടെ രാമന്‍ വന്നിരിക്കുന്നു, ഇനി കുടിലില്‍ അല്ല, മഹത്തായ ക്ഷേത്രത്തില്‍...''  അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് തുടക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിങ്ങനെ.

''സിയവാര്‍ റാം ചന്ദ്ര...'' എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി തന്റെ പ്രസംഗം ആരംഭിച്ചത്. നൂറ്റാണ്ടുകളോളം ഓര്‍മ്മിക്കപ്പെടാനും ചര്‍ച്ച ചെയ്യപ്പെടാനുമുള്ള ഒരു നിമിഷമായി ഇത് മാറിയിരിക്കുന്നു. 2024 ജനുവരി 22, ഒരു തീയതി മാത്രമല്ല, ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആളുകളില്‍ ഒരു പുതിയ ഊര്‍ജ്ജം നിറച്ചു. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിലെ കാലതാമസത്തിന് ശ്രീരാമനോട് ക്ഷമാപണം നടത്തുന്നതായും മോദി പറഞ്ഞു.

പുരാണത്തില്‍ രാമന്റെ വനവാസം 14 വര്‍ഷമേ നീണ്ടുനിന്നിരുന്നുള്ളൂ. എന്നാല്‍ ഈ കാലഘട്ടത്തില്‍ അയോധ്യയും നാട്ടുകാരും നൂറുകണക്കിന് വര്‍ഷത്തെ വേര്‍പാട് അനുഭവിച്ചു. നമ്മുടെ തലമുറകളില്‍ പലരും ഈ വേര്‍പാട് അനുഭവിച്ചിട്ടുണ്ട്. ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളായി തുടരുകയാണ് എന്നും നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിക്ക് നന്ദി അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും എന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രം തുറന്നതോടെ വിശ്വാസികള്‍ ആനന്ദലഹരിയിലാണ്. എന്നാല്‍ ഭക്തഹൃദയങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇടനാഴിയിലേക്കു കൂടിയാണ് അയോധ്യയിലെ നട തുറക്കപ്പെടുന്നത്. ഇക്കൊല്ലം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തുറുപ്പു ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സാക്ഷാത്ക്കാരം. ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

ബി.ജെ.പിയുടെ തുറന്ന അജണ്ട തന്നെയാണ് ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതോടെ തന്റെ മൂന്നാമൂഴത്തില്‍ ബി.ജെ.പിയ്ക്കും അവര്‍ നയിക്കുന്ന എന്‍.ഡി.എയ്ക്കും ഈസി വാക്കോവര്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയ വി.വി.ഐ.പികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ ബോഡി ലാംഗ്വേജും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഹൈന്ദവ ഭക്തരുടെ പ്രതികരണങ്ങളും പ്രാണപ്രതിഷ്ഠയ്ക്ക് ലഭിച്ച ആഗോള മാധ്യമ കവറേജും പരിശോധിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ ബി.ജെ.പി മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ 1989ല്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗീകരിച്ച പ്രമേയത്തിലൂടെയാണ് രാമക്ഷേത്ര വിഷയം ഔദ്യോഗികമായി പാര്‍ട്ടി ഏറ്റെടുക്കുന്നത്. ഈ യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിച്ചതും അന്ന് പാര്‍ട്ടി പ്രസിഡന്റായിരുന്ന എല്‍.കെ അദ്വാനി പ്രമേയം അവതരിപ്പിച്ച് പാസാക്കിയതും വലിയ വാര്‍ത്തയായി എന്നു മാത്രമല്ല, അത് പില്‍ക്കാലത്ത് ബി.ജെ.പിക്ക് അധികാരസമ്പാദനത്തിനും അധികാരത്തുടര്‍ച്ച നേടിക്കൊടുത്തുകൊണ്ട് ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലും വഴിത്തിരിവായി.

പാലംപൂര്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി അന്ന് 85 സീറ്റുകള്‍ നേടി. 1990ല്‍ രാമജന്മഭൂമി വിഷയം ഉയര്‍ത്തിക്കൊണ്ട് എല്‍.കെ അദ്വാനി രഥയാത്ര കൂടി സംഘടിപ്പിച്ചതോടെ അയോധ്യ എന്ന അജണ്ട മുഖ്യധാരയിലെത്തുകയായിരുന്നു. 1984ലെ പൊതു തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പിയുടെ സമ്പാദ്യം. അവിടെ നിന്ന് 2019ലെത്തുമ്പോള്‍ 303 സീറ്റുകള്‍ നേടിക്കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ അശ്വമേധം നടത്തുകയായിരുന്നു ബി.ജെ.പി.

ഉത്തര്‍ പ്രദേശിലെ അയോധ്യക്കടുത്ത് ശ്രീരാമന്‍ ജനിച്ചുവെന്ന് ഹിന്ദുക്കള്‍ ഉറച്ച് വിശ്വസിക്കുന്ന ഇടമാണ് രാമജന്മഭൂമി. 1528 ന് മുമ്പ് ഇവിടെ ഒരു ശ്രീരാമക്ഷേത്രം നിലനിന്നിരുന്നുവത്രേ. ആ ക്ഷേത്രം അന്നത്തെ മുഗള്‍ രാജാവായിരുന്ന ബാബര്‍ തകര്‍ത്ത ശേഷം ബാബരി മസ്ജിദ് പണിയുകയും ചെയ്തു. 1992 ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രക്ഷോഭത്തിനിടെ ഡിസംബര്‍ 6 ന് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തതും വിശ്വഹിന്ദു പരിഷത്ത് ഇവിടെ രാമക്ഷേത്രം പണിയാന്‍ തീരുമാനിച്ചതും  രാഷ്ട്രീയമായും സാമൂഹികവും മതപരവുമായുള്ള വലിയ രക്തച്ചൊരിച്ചിലുകള്‍ക്ക് വഴിതെളിച്ചത് ചരിത്രം.

പുതിയ ശ്രീരാമ ക്ഷേത്രമുയരുന്ന അയോധ്യ ഒരു പഴയ നഗരമായിരുന്നു. എന്നാല്‍ അവിടേക്ക് എത്തിപ്പെടാന്‍ മികച്ച ഗതാഗത മാര്‍ഗങ്ങളൊന്നും അടുത്തകാലം വരെ ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ആറുമാസംകൊണ്ട് ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് അയോധ്യയിലുണ്ടായത്. ഒരു വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന്‍ തുറന്നു. രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കുതിച്ചെത്തി. മികച്ച നിലവാരത്തിലുള്ള നിരവധി റോഡുകള്‍ ഉണ്ടായി. അയോധ്യയുടെ മുഖഛായ റോക്കറ്റ് വേഗത്തില്‍ മാറി.

2019 നവംബറിലാണ് സുപ്രീം കോടതി അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുകൂലമായ വിധി പുറപ്പെടുവിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട വിവാദങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ബാക്കിപത്രമായി വിധി വന്നതോടെ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചു. അതോടൊപ്പം തന്നെ ഈ മേഖലയിലേക്ക് തീര്‍ഥാടകരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.

ഇന്നത്തെ ഈ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയില്‍ നടക്കാന്‍ പോകുന്നത് 85,000 കോടി രൂപയുടെ ആഗോള മാതൃകയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാവിക്കൊടിക്കൂറ പാറിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളം. ഇന്ത്യന്‍ ജനതയെ മൊത്തത്തില്‍ വിശ്വാസത്തിലെടുക്കാന്‍ പറ്റുന്ന ഒരു ബദല്‍ ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം.

Join WhatsApp News
Ruby Mathew 2024-01-22 19:47:30
Change is good. It brings new ideas. Congress had their time. Now it is BJP. Tomorrow someone else. Jai Hind!!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക