Image

റോബിന്‍ ബസിനെ വിടാതെ എം.വി.ഡി; 'വരവേല്‍പ്പ്' സിനിമ തുടര്‍ക്കഥകളാവുന്നു(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 26 December, 2023
 റോബിന്‍ ബസിനെ വിടാതെ എം.വി.ഡി; 'വരവേല്‍പ്പ്' സിനിമ തുടര്‍ക്കഥകളാവുന്നു(എ.എസ് ശ്രീകുമാര്‍)

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1989 ല്‍ പുറത്തിറങ്ങിയ സിനിമയാണ് വരവേല്‍പ്പ്. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസനും ആയതുകൊണ്ട് പടം ഹിറ്റായി. ഏറെക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം പ്രതീക്ഷയോടെ നാട്ടിലെത്തി 'ബസ് മുതലാളി'യായി മാറിയ നായകനെ ട്രേഡ് യൂണിയന്‍ ലോബി  കുത്തുപാളയെടുപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളീധരന്‍ എന്ന കഥാപാത്രത്തിന്റെ ഒറിജിനലിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ കോട്ടയത്ത് കണുകയുണ്ടായി. അദ്ദേഹം 'ടൈംസ് സ്‌ക്വയര്‍ ലക്കി സെന്റര്‍' എന്ന പേരില്‍ ലോട്ടറി കച്ചവടം നടത്തി പ്രതിഷേധിച്ച സംഭവവികാസങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ സേവനത്തിനു ശേഷം ദുബായിലേക്ക് ചേക്കേറിയ വ്യക്തിയാണ് തിരുവാര്‍പ്പ് വെട്ടിക്കുളങ്ങര രാജ്മോഹന്‍ കൈമള്‍.

വരവേല്‍പ്പിലെ ബസ് മുതലാളിയായ മുരളീധരനെ ആ ഏക ബസിലെ കണ്ടക്ടറും ഡ്രൈവറും പിന്നെ ട്രേഡ് യൂണിയന്‍ സഖാക്കളും ചേര്‍ന്ന് സമര്‍ത്ഥമായി പറ്റിച്ചെങ്കില്‍ ഇവിടെ യഥാര്‍ത്ഥ ബസ് മുതലാളിയായ രാജ്മോഹന്‍ കൈമളും നേരിട്ടത് അതേ പ്രശ്നം തന്നെയാണ്. സി.പി.എമ്മിന്റെ ട്രേഡ് യൂണിയന് വിഭാഗമായ സി.ഐ.ടി.യുക്കാര്‍ രാജ്മോഹന്റെ ബസിനു മുമ്പില്‍ ചെങ്കൊടി കുത്തി ട്രിപ്പ് സ്തംഭിപ്പിക്കുകയാണുണ്ടായത്. പിന്നീട് പ്രസ്നം പരിഹരിക്കാന്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടിവന്നു.

സമാനമായ സംഭവകഥയാണ് റോബിന്‍ ബസ് ഉടമ ഗിരീഷിനും പറയാനുള്ളത്. റോബിന്‍ ബസ്സും നാട്ടുകാരും ഒരു ഭാഗത്തും കേരള-തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പുകളും കെ.എസ്.ആര്‍ടി.സിയും മറുവശത്തും നിന്നുകൊണ്ടുള്ള പോരിന്  മാസങ്ങളുടെ പഴക്കമുണ്ട്. അത് ഇന്നും തുടരുന്നു. ഇക്കൊല്ലം ഓഗസ്റ്റ് 30 നായിരുന്നു റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്.

എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് എം.വി.ഡി (മോട്ടോര്‍ വാഹന വകുപ്പ്) നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ബസ് ഒക്ടോബര്‍ 16 ന് വീണ്ടും സര്‍വീസ് തുടങ്ങി. എന്നാല്‍ റാന്നിയിലെത്തിയപ്പോള്‍ എം.വി.ഡി വീണ്ടും പിടികൂടി. പിന്നെ ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറക്കിയത്.

വൈപ്പര്‍ ബ്ലേഡിന് കനംകുറവ്, മഡ്ഫ്ളാപ്പ് നട്ട് അയഞ്ഞു കിടക്കുന്നു, ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം, യാത്രക്കാരുടെ ഫുട്റെസ്റ്റിന്റെ റബറിന് തേയ്മാനം എന്നീ കുറ്റങ്ങളാണ് ബസിന് എം.വി.ഡി കണ്ടെത്തിയത്. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് ബസ് ഫിറ്റ്നസ് ടെസ്റ്റ് പാസായത്. പിന്നീട് സര്‍വീസ് പുനരാരംഭിച്ചു. നവംബര്‍ 18ന് കോട്ടയത്തും രണ്ടുവട്ടം എം.വി.ഡി ബസ് തടഞ്ഞു. പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയും ചാര്‍ത്തി. എം.വി.ഡി നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് കോയമ്പത്തൂരിലേയ്ക്ക് പോയ റോബിന്‍ ബസിനെ നവംബര്‍ 19ന് തമിഴ്നാട് എം.വി.ഡി പിടിച്ചെടുത്ത വാര്‍ത്തയാണ്  നാം കേള്‍ക്കുന്നത്. തമിഴ്നാട് എം.വി.ഡിയെ കൂട്ടുപിടിച്ച് കേരള സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ബസുടമയായ ഗിരീഷ് പ്രതികരിച്ചത്. യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. ബസിലെ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കി മാത്രമേ വാഹനം കസ്റ്റഡിയിലെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ എന്നും, നിയമവിധേയമല്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ അനുവദിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.

 ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പേരില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോബിന്‍ ബസിനെ മുന്‍പ് കേരള എം.വി.ഡി കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് കാര്യേജ് ആയി ഓടാന്‍ അനുമതിയില്ലാതെ ഓടിയെന്നായിരുന്നു എം.വി.ഡിയുടെ ആരോപണം. റോബിന്‍ ബസ്സിന് എം.വി.ഡി അഞ്ച് തവണയായി പിഴയിട്ടത് 37000 രൂപയാണ്. എന്നാല്‍ നിരന്തര നിയമ പോരാട്ടങ്ങള്‍ക്ക് അവസാനം കോടതി ഉത്തരവിലൂടെയാണ് ബസ് കഴിഞ്ഞ  പുറത്തിറക്കിയത്.

എന്നാല്‍ കേരളം വിട്ട ബസിന് തമിഴ്നാട്ടിലും നടപടി നേരിടേണ്ടി വന്നു. 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ ടാക്‌സും അതു മുന്‍കൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉള്‍പ്പെടെ 70,410 രൂപ തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഇവരില്‍ നിന്ന് ഈടാക്കിയിരുന്നു.

 കോയമ്പത്തൂരില്‍ നിന്ന് തിരിച്ചെത്തിയ റോബിന്‍ ബസിനെതിരെ നവംബര്‍ 23ന് പത്തനംതിട്ടയില്‍ വച്ച് പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ വീണ്ടും പിഴയീടാക്കി. മുന്‍പ് നല്‍കിയ മറ്റൊരു ചെലാനിലെ 7500 രൂപയും കൂടെ വാങ്ങുകയുണ്ടായി  നവംബര്‍ 24ന് എം.വി.ഡി ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തു. 82,000 രൂപയുടെ പിഴ അടച്ചതിനാല്‍ ഇനിയും ബസ് പിടിച്ചുവെയ്ക്കാനാകില്ലെന്നായിരുന്നു ഹൈകോടതി പറഞ്ഞത്. എന്നാല്‍ ഇന്ന് (ഡിസംബര്‍ 26) പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ടയില്‍ നിന്ന് ബസ് പുറപ്പെട്ട് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ട് മൈലപ്രയില്‍ എത്തിയപ്പോഴേക്കും മോട്ടര്‍ വാഹന വകുപ്പ് വീണ്ടും ബസ് പരിശോധനയ്ക്കായി തടഞ്ഞു.

കേരളത്തില്‍ രണ്ട് തരത്തില്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്. ഒന്ന് കോണ്‍ട്രാക്റ്റ് കാരിയേജ്. മറ്റൊന്ന് സ്റ്റെയ്ജ് കാരിയേജ്. മുന്‍കൂര്‍ വാടകയ്ക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാടകയ്ക്ക് എടുക്കുന്ന തരം വാഹനങ്ങളാണ് കോണ്‍ട്രാക്റ്റ് കാരിയേജുകള്‍. ഇവ ബോര്‍ഡ് വെച്ച് ട്രിപ്പ് നടത്താന്‍ പാടില്ല. യാത്രയ്ക്കിടയില്‍ സ്റ്റാന്‍ഡില്‍ കയറുകയോ ഓരോ സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റി ഇറക്കുകയോ, ടിക്കറ്റുകൊടുത്ത് പണം വാങ്ങുകയോ ചെയ്യാനും അനുവാദമില്ല.

പക്ഷേ സ്റ്റെയ്ജ് കാരിയേജുകളില്‍, അതായത് പകലോ രാത്രിയോ എന്നില്ലാതെ, ബോര്‍ഡ് വെച്ച്, സ്റ്റോപ്പില്‍ നിര്‍ത്തി നിര്‍ത്തി ആളെ കയറ്റി പോവുന്ന ബസ്സുകള്‍ക്ക്, ഇതൊക്കെ ആകാം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കും അംഗപരിമിതര്‍ക്കും മറ്റുമുള്ള യാത്രാ സൗജന്യങ്ങള്‍ നല്‍കാനും ഇവര്‍ ബാധ്യസ്ഥരാണ്.

ഒരു സ്റ്റെയ്ജ് കാരിയേജിന് താല്‍ക്കാലികമായി സ്പെഷ്യല്‍ കോണ്‍ട്രാക്റ്റ് കാരിയേജ് പെര്‍മിറ്റ് ലഭിക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ കോണ്‍ട്രാക്റ്റ് കാരിയേജുകള്‍ക്ക് താല്‍ക്കാലികമായിപ്പോലും സ്റ്റെയ്ജ് കാരിയേജ് പെര്‍മിറ്റ് നല്‍കാന്‍ അനുവാദമില്ല. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണ് ഇതുവരെ ടൂറിസ്റ്റ് ബസ്സുകള്‍ ഓടിയിരുന്നത്.

അപ്പോള്‍ പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടം കൊണ്ടുവന്നത്. അതുപ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും നികുതി അടച്ച് കോണ്ട്രാക്റ്റ് കാരിയേജ് ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുടമയ്ക്ക്, മൂന്ന് ലക്ഷം രൂപ വര്‍ഷം പെര്‍മിറ്റ് ഫീസ് അടച്ചാല്‍, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും തന്റെ ബസ് ഓടിക്കാം.

ഈ പുതിയ നിയമത്തിലെ ചില വ്യവസ്ഥകള്‍ പ്രകാരം നിലവില്‍ കോണ്‍ട്രാക്ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോര്‍ഡ് വെച്ച്, സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി സ്റ്റെയ്ജ് കാരിയേജ് പോലെ ഓടിക്കാം എന്നാണ് റോബിന്‍ ബസ് ഉടമ ഗിരീഷ് അവകാശപ്പെടുന്നത്. എന്നാല്‍, അങ്ങനെ ഒന്നും തന്നെ പുതിയ നിയമത്തില്‍ പറയുന്നില്ലെന്ന്, തുടര്‍ച്ചയായി വണ്ടി തടഞ്ഞു പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നു. വണ്ടി തടഞ്ഞും പരിശോധിച്ചും പിഴയീടാക്കിയും യുദ്ധമിങ്ങനെ പോര് മുറികുമ്പോള്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

1999ല്‍ എരുമേലി-എറണാകുളം എക്സ്പ്രസ് ബസ് സര്‍വീസ് വില നല്‍കി ഏറ്റെടുത്താണ് ഗിരീഷ് സ്വകാര്യ ബസ് സംരംഭകനാകുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സര്‍വീസുകള്‍ ആണ് ഉണ്ടായിരുന്നത്. 2007 ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ വലതുകാലിന്റെയും കൈയുടേയും ചലനശേഷി നഷ്ടപ്പെട്ട ഗിരീഷിന് 2014 ല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അഞ്ച് ബസുകള്‍ വില്‍ക്കേണ്ടിയും വന്നു. നിലവില്‍ പുതിയ ബസ് വാങ്ങിയാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചത്. അത് പുലിവാലാവുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക