Image

പൂഞ്ഞാർ പുലിയുടെ പുത്തൻ കുർബാന ( സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 27 September, 2023
പൂഞ്ഞാർ പുലിയുടെ പുത്തൻ കുർബാന ( സുനിൽ വല്ലാത്തറ ഫ്ലോറിഡ)

പൂഞ്ഞാർ പുലി പി. സി ജോർജ് ജീവിതത്തിൽ ഇതുവരെ ഞായറാഴ്ച കുർബാന മുടക്കിയിട്ടില്ല. സത്യ ക്രിസ്ത്യാനിയായ ജോർജ് എല്ലാ വർഷവും അൻപത് നോമ്പും ഇരുപത്തിയഞ്ചു നോമ്പും എടുക്കുന്നതും ദുഃഖ വെള്ളിയാഴ്ച ഉപവാസം ഇരുന്ന് വാഗമൺ കുരിശുമല കയറുന്നതും പതിവാണ്. അൻപതു നോമ്പിന്റെ വിശുദ്ധ വാരത്തിൽ രാഷ്ട്രീയ പ്രതിയോഗികൾ ജോർജിനോട് എന്തൊക്കെ പ്രകോപനം ഉണ്ടാക്കിയാലും വിശ്വാസിയായ ജോർജ് അതിന് മറുപടി പറയാറില്ല. 

തേവര കോളേജിൽ പഠിക്കുന്ന കാലത്ത് സ്റ്റഡി ടൂറിനു പോയപ്പോഴും അധ്യാപകരോട് പ്രത്യേക അനുവാദം വാങ്ങി ജോർജ് ഞായറാഴ്ച കുർബാന കാണുവാൻ പോയി. എൺപതുകളുടെ ആരംഭത്തിൽ പൂഞ്ഞാറിൽ നിന്നും ജയിച്ചു നിയമസഭയിൽ എത്തി പൂഞ്ഞാറിനുവേണ്ടി നിയമസഭയിൽ ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടാക്കിയെങ്കിലും പിറ്റേ ഞായറാഴ്ച്ച പള്ളിയിൽ പോയി കുർബാന കണ്ടു ജോർജ്. തുടർന്ന് പല ഘട്ടങ്ങളിലായി മുപ്പത്തിമൂന്നു വർഷം എം. ൽ. എ ആയപ്പോഴും ഇടക്കാലത്തു നിയമസഭ ചീഫ് വിപ്പിന്റെ പദവി അലങ്കരിച്ചപ്പോഴും ഏറെ തിരക്കുകൾ ഉണ്ടായിട്ടും ഞായറാഴ്ച കുർബാന കാണുന്നതിൽ പി. സി വീഴ്ച വരുത്തിയില്ല. വിദേശ പര്യടനത്തിനു സംഘടനകൾ ക്ഷണിക്കുമ്പോൾ ഒരു ഡിമാൻഡ് മാത്രമേ ജോർജ് വയ്ക്കാറുള്ളു ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കാണുവാനുള്ള സൗകര്യം ചെയ്തു തരണം. ചില യാത്രകൾ ഞായറാഴ്ച കുർബാന കാണുവാനുള്ള അസൗകര്യം അറിയിച്ചതിനെ തുടർന്ന് ജോർജ് റദാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിച്ചു പരാജയപ്പെട്ട ശേഷം ജോർജ് നാട്ടിൽ തന്നെ ഉള്ളതുകൊണ്ട് സ്വന്തം ഇടവകയായ അരുവിത്തറ സെന്റ് ജോർജ് പള്ളിയിലാണ് എല്ലാ ഞായറാഴ്ചയും കുർബാന കാണുന്നത്. 

കഴിഞ്ഞ ഞായറാഴ്ച പതിവുപോലെ ജോർജ് രാവിലത്തെ കുർബാന കണ്ടുകൊണ്ടിരുന്നപ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തോളം ജീപ്പുകളിൽ ജോർജിന്റെ അനുയായികൾ പള്ളി മുറ്റത്തു പാഞ്ഞെത്തി. അവരിൽ നാലുപേർ കുർബാന കണ്ടുകൊണ്ടിരുന്ന ജോർജിന്റെ അടുത്തെത്തി ജോർജിന്റ ചെവിയിൽ എന്തോ പറഞ്ഞു. തുടർന്ന് ജോർജ് അവരോടൊപ്പം പുറത്തേയ്ക്കു പോയി. സാധാരണ മുഴുവൻ കുർബാന കാണണമെന്ന് നിർബന്ധം ഉള്ള ജോർജ് കുർബാന മധ്യേ പുറത്തേയ്ക്കു പോയതിന്റെ കാരണമറിയാതെ കുർബാന ചൊല്ലിക്കൊണ്ടിരുന്ന അച്ഛനും കുർബാന കണ്ടുകൊണ്ടിരുന്ന നാട്ടുകാരും പരസ്പരം നോക്കി. പള്ളി മുറ്റത്തെത്തിയ ജോർജിനു ചുറ്റും അനുയായികൾ വട്ടം കൂടി ജോർജിനെ തൊട്ടു നോക്കുകയും തലോടുകയും ചെയ്തു. തുടർന്ന് ജോർജ്ഉം അനുയായികളും ജോർജിന്റെ വീട്ടിലേയ്ക്കു പോയി. വീട്ടിൽ ചെന്നപ്പോൾ വീട്ടു മുറ്റത്തു ഒരു പൊതു സമ്മേളനം നടത്തുവാനുള്ള ആളു കൂടിയിരിക്കുന്നു അവരുടെ ഇടയിൽ കൂടി നടന്നു പി. സി വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന ചാരു കസേരയിൽ ഇരുന്നു. അപ്പോഴേയ്ക്കും രണ്ടു വർഷത്തിൽ ഏറെയായി അദ്ദേഹത്തെ തിരിഞ്ഞു നോക്കാത്ത ചാനൽ ചർച്ചകൾക്കു വിളിക്കാത്തതുമായ മാധ്യമങ്ങൾ ഓരോന്നായി എത്തി തുടങ്ങി. 

ഏറെ കാലമായി അനക്കമില്ലാതെ കിടന്നിരുന്ന അദ്ദേഹത്തിന്റെ സെൽ ഫോൺ നിരന്തരം ശബ്ദിക്കുവാൻ തുടങ്ങി. അപ്പോഴാണ് കാര്യം ഒന്നും അറിയാതെ ജോർജിന്റെ അയൽക്കാരൻ മത്തായി ചേട്ടൻ അതുവഴി വന്നത് കൂടി നിന്നവരോട് മത്തായി ചേട്ടൻ വിവരം അന്യോഷിച്ചു അപ്പോൾ അവർ പറഞ്ഞു കെ. പി. സി. സി പ്രസിഡന്റ് സുധാകരൻജി ആണ് പണി പറ്റിച്ചത്. പ്രശസ്ത സിനിമ സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചതിന്റെ പ്രതികരണം ചാനലുകാർ ചോദിച്ചപ്പോൾ പി. സി ജോർജിന്റെ പേര് പറഞ്ഞാണ് സുധാകരൻജി അനുശോചിച്ചത് അതോടെ വാർത്ത കേരളം മുഴുവൻ അറിഞ്ഞു അതാണ് ഈ ജനക്കൂട്ടം. ഇത്‌ കേട്ടപാടെ ജോർജിനെ ചെറുപ്പം മുതൽ അറിയുന്ന ജോർജുമായി വളരെ അടുപ്പം ഉള്ള മത്തായി ചേട്ടൻ സന്തോഷംകൊണ്ട് ചിരിക്കണോ അതോ സങ്കടം കൊണ്ട് കരയണോ എന്നറിയാതെ ഇരിക്കുന്ന പി. സി യുടെ അടുത്ത് വന്നു പറഞ്ഞു.

 ജോർജ് ഇന്ന്‌ ഞായറാഴ്ചയാണ് കുർബാന മുടക്കരുത് ഉടൻ പി. സി അടുത്ത അനുയായി ആന്റപ്പനെ അടുത്ത് വിളിച്ചു ചോദിച്ചു. ആന്റപ്പാ വൈകുന്നേരത്തെ കുർബാനയ്ക്കു മുൻപ് ഇവിടെ കൂടിയിരിക്കുന്നവർ പിരിഞ്ഞു പോകുമോ. ആന്റപ്പൻ പറഞ്ഞു സംശയമാണ് പി. സി   ഇനിയിപ്പോൾ അയൽപക്കത്ത് അന്തോണിസിന്റെ മകന്റെ പുത്തൻ കുർബാന നാളെ വിളിച്ചിട്ടുണ്ട് അത് കൂടി ഞായറാഴ്ച കുർബാന കാണാത്തതിന്റെ കടം വീട്ടാം. ഇത് കേട്ടതോട് പൂഞ്ഞാർ പുലി ജോർജ് ചേട്ടൻ ചാരു കസേരയിൽ ഒന്നുകൂടി ചാഞ്ഞു ഇരുന്നു 
കടപ്പാട് 
ഒരു പൂഞ്ഞാർ നിവാസി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക