Image

വിന വിലക്കു വാങ്ങിയ വിനായകന്‍ (ലാലി ജോസഫ്)

Published on 30 July, 2023
വിന വിലക്കു വാങ്ങിയ വിനായകന്‍ (ലാലി ജോസഫ്)

ഉമ്മന്‍ ചാണ്ടി സാറിന്റെ വിയോഗത്തിനു ശേഷം സോഷ്യല്‍ മീഡീയായില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പേരാണ് ' വിനായകന്‍'

വിനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ വിയോഗത്തെ കുറിച്ചു പറയുന്ന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് വളരെ പരുക്കമായ രീതിയിലുള്ള ഭാഷയാണ്, ഉഗ്രമായ ധിക്കാരഭാവം, ആചാരോപചാരങ്ങളില്ലാത്ത വാക്കുകള്‍ എന്നീവയാണ് എന്നുള്ളത് ആ വീഡിയോ കണ്ടിട്ടുള്ള ഏതൊരു മലയാളിക്കു മനസിലാക്കാവുന്നതേയുള്ളു. 

' വിനായകന്‍' ഈ പേരിന്റെ അര്‍ത്ഥം അറിയാനായിരുന്നു എന്റെ ആദ്യത്തെ തിരച്ചില്‍. ഹിന്ദു ദൈവമായ ഗണേശന്റെ (Lord Ganesha)പര്യായമാണ് 'വിനായകന്‍'. ഏതു തരത്തിലുള്ള വിഘ്‌നങ്ങള്‍ക്കും തീര്‍പ്പു കല്‍പ്പിക്കുന്ന ദൈവമാണ് ഗണപതി എന്നാണ് വിശ്വസിക്കപ്പെടുന്നത്.  

ഉമ്മന്‍ ചാണ്ടിസാറിനെ കുറിച്ച് മീഡിയായില്‍ വിനായകന്‍ പോസ്റ്റ് ചെയ്ത  വീഡിയോയില്‍ വിഘ്‌നങ്ങള്‍ വിളിച്ചു വരുത്തുന്നതായിട്ടാണ് കാണുവാന്‍ സാധിക്കുന്നത്. 

മാതാപിതാക്കള്‍ ദൈവത്തിന്റെ പേര് ഇട്ടു വളര്‍ത്തിയ ഒരു കുട്ടിയാണ് വിനായകന്‍. നമ്മളൊക്കെ ദൈവത്തെ പോലെ കാണുന്ന ഉമ്മന്‍ ചാണ്ടി സാറിന്റെ വേര്‍പാടിനെ വളരെ തരം താഴ്ന്ന രീതിയില്‍ ഉള്ള പ്രസ്ഥാവന ഇറക്കി വിട്ടിരിക്കുന്നതും ഈ വിനായകന്‍ തന്നെയാണ്.

ഈ പേരിന്റെ അര്‍ത്ഥം എന്റെ രീതിയില്‍ ഒന്നും ചിന്തിച്ചു നോക്കി. അപ്പോള്‍ എനിക്കു കിട്ടിയ അര്‍ത്ഥം ഇങ്ങിനെയാണ്. 

 'വിനായകന്‍' (We നായകന്‍) ' നമ്മുടെ നായകന്‍'.  അങ്ങിനേയും ഒരു അര്‍ത്ഥം വേണമെങ്കില്‍ കൊടുക്കാം. ഇപ്പോള്‍ നമ്മുടെ നായകനായ ഉമ്മന്‍ ചാണ്ടി സാറിനെ അവഗേളിക്കുന്ന രീതിയിലുള്ള പോസ്റ്റ് ഇട്ട താങ്കള്‍ക്ക് ഉചിതമായ പേര് എന്താണന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍ മീഡിയായില്‍ മറ്റൊരു രീതിയില്‍ ഈ പേരിനെ ഉപയോഗിച്ച വിരുതന്‍മാരെയും നമ്മള്‍ കണ്ടു. അത് ഇങ്ങിനെയായിരുന്നു. 'വി'നായ' കന്‍.'  എന്നിട്ട് ഒരു പട്ടിയുടെ പടം നടുക്കും തലഭാഗത്ത്  വിനായകന്റെ മുഖവും പിടിപ്പിച്ചിട്ടുണ്ട്. ജനങ്ങളെ എത്രമാത്രം ആ വീഡിയോ രോഷാകുലമാക്കിയെന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതേയുള്ളു.

വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്നത് നായ എന്നു പറഞ്ഞാല്‍  ആ വീട്ടീലെ ഒരു അംഗത്തെ പോലെയാണ്. കടകളില്‍ ചെന്നാല്‍ നായക്ക്  കൊടുക്കേണ്ട ഭക്ഷണപാദാര്‍ത്ഥങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേകമായ സ്ഥലം തന്നെയുണ്ട്. നായയുള്ള വീടുകളില്‍ ചെന്നാല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മനോഹരമായ പാത്രങ്ങള്‍, അവര്‍ക്കു വേണ്ടി പ്രത്യേക സോഫാ. ക്യത്യമായി വെറ്റിനറി ഡോക്റ്ററുടെ അടുക്കല്‍ കൊണ്ടു പോകുന്നു വാക്‌സിനേഷന്‍ എടുപ്പിക്കുന്നു. വളര്‍ത്തു നായയുടെ ജീവന്‍ പോയാല്‍ നമ്മുടെ കുടുംബത്തിലെ ഒരാള്‍ മരിച്ചതു പോലെയാണ്.  അപ്പോള്‍ അങ്ങിനെ നായയോടു ഉപമിച്ചിരിക്കുന്നത് ശരിയായോ എന്ന് മറ്റൊരു സംശയം…. ആ പേരില്‍ ഒരു വിനയം ഒക്കെയുണ്ട് പക്ഷെ അത് ഇപ്പോള്‍ ഒരു 'വിന'യായി മാറിയിരിക്കന്നതായിട്ടാണ് സോഷ്യല്‍ മീഡിയാ തുറക്കുമ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. 

ചെറുപ്പത്തില്‍ സ്‌ക്കൂളില്‍ അസംബ്‌ളിക്ക് നില്‍ക്കുമ്പോള്‍ ചൊല്ലിയ വാചകം  ഓര്‍ത്തു പോകുന്നു ' ഇന്‍ഡ്യ എന്റെ രാജ്യമാകുന്നു. എല്ലാം ഇന്‍ഡ്യക്കാരും എന്റെ സഹോദരി സഹോദരമാരാണ്.. ആ രീതിയില്‍ നോക്കുമ്പോള്‍ വിനായകന്‍ എന്ന വ്യക്തി നമ്മുടെ എല്ലാംവരുടേയും സഹോദരന്‍ കൂടിയാണ്. 

സഹോദരാ,  താങ്കള്‍ ഉമ്മന്‍ ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കേരളത്തിലെ ജനങ്ങളുടെ ഹ്യദയത്തില്‍ ഒരു വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. താങ്കള്‍ ഉപയോഗിച്ച വാക്കുകള്‍ ഇവിടെ കുറിക്കുന്നു. ' ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു അതിന് ഞങ്ങള്‍ എന്തു ചെയ്യണം, എന്റെ അച്ചനും ചത്തു നിങ്ങളുടെ അച്ചനും ചത്തു' 

ഇങ്ങിനെ പറയാന്‍ പ്രേരിപ്പിച്ച ഘടകം ആണ് ഞാന്‍ ആലോചിക്കുന്നത്. എല്ലാംവര്‍ക്കും വ്യക്തി സ്വാതന്ത്ര്യം ഉണ്ട്. എന്നുവച്ച് വായില്‍ തോന്നുന്നത് വിളിച്ച് പറയാന്‍ പറ്റുമോ?  മഹാനായ ഉമ്മന്‍ ചാണ്ടി സാറിനെ മരിച്ചു എന്നു പോലും വിശേഷിപ്പിക്കാന്‍ പറ്റുകയില്ല. അദ്ദേഹം വിട വാങ്ങിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍. 

ചത്തു, മരിച്ചു, വിട വാങ്ങി , കാലം ചെയ്തു എന്നീ വാക്കുകള്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് ഉപയോഗിക്കേണ്ടത് എന്ന് ഒരുവട്ടം കൂടി താങ്കള്‍ പള്ളികൂടത്തില്‍ പോയി പഠിക്കുന്നത് നല്ലതായിരിക്കും.

ഉമ്മന്‍ ചാണ്ടി സാറിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞത് കേസ് എടുക്കണ്ട ക്ഷമിക്കുക എന്നാണ്. ഉമ്മന്‍ ചാണ്ടി സാറിന്റെ ആന്മാവ്  ക്ഷമിച്ചേക്കാം, സാറിന്റെ കുടംബത്തിലുള്ളവര്‍  ക്ഷമിച്ചേക്കാം പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ?  അദ്ദേഹം കേരള ജനതയുടെ പിതാവ് ആയി മാറി കഴിഞ്ഞു. പിതാവ് എന്നതിലും വളരെയധികം ഉയരത്തില്‍ ഒരു വിശുദ്ധന്റെ സ്ഥാനം വരെ എത്തിനില്‍ക്കുകയാണ്  അതുകൊണ്ടു തന്നെയാണ്  അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് നിലക്കാത്ത പ്രവാഹവും അതുപോലെ നിവേദനങ്ങളും കല്ലറയിലേക്ക് ഒഴുകികൊണ്ടിരിക്കുന്നത്

ഒരു വിശുദ്ധനായിട്ടു തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. അപ്പോഴാണ് സഹോദരാ നിങ്ങളുടെ ഈ 'ചത്തു' എന്നുള്ള പദം ഉപയോഗിച്ച് കേരളത്തെ മുഴുവനും രോഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചത്. 

പ്രിയപ്പെട്ട വിനായകന്‍ സഹോദരാ നിങ്ങളില്‍ നിഷിപ്തമായിരിക്കുന്ന സമാധാനം നിങ്ങള്‍ തന്നെ നഷ്ടപ്പെടുത്തണമോ?  ദൈവം തന്നിരിക്കുന്ന സമാധാനം നിങ്ങളില്‍ തന്നെ സൂക്ഷിക്കാന്‍ പഠിക്കുക. മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് പോലും വേദനിപ്പിക്കാതിരിക്കുക. ഒരു നിമിഷം എങ്കിലും പറഞ്ഞു പോയ വാക്കുകളെ ഓര്‍ത്ത് സഹോദരാ പശ്ചാത്തപിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ നിങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. 

താങ്കളുടെ ഈ വീഡിയോ ഉമ്മന്‍ ചാണ്ടി സാറിന്റെ മഹത്വം ഒന്നു കൂടെ ഉയര്‍ത്തിയിട്ടുണ്ട് എന്നുള്ളതാണ് സത്യം അപ്പോള്‍ ഈ വീഡിയോ നമുക്ക്  ഒരു നല്ല നിമിത്തമായി എടുക്കാം. നിമിത്തങ്ങളെ അവഗണിക്കരുത് കാരണം ഈശ്വരന്‍ തന്നെയാണ് അവ വെളിപ്പെടുത്തി തരുന്നത്.

ജീവിതത്തില്‍ നമ്മളെ കരുതിക്കൂട്ടി അവഗണിക്കുമ്പോള്‍ അത് വേറൊരു രീതിയില്‍ പരിഗണനയായി രൂപാന്തരപ്പെടാറുണ്ട്. 

സ്നേേഹിച്ചു കൊണ്ടും, പ്രവ്യര്‍ത്തികള്‍ കൊണ്ടും സഹനത്തില്‍ കൂടിയും ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കിയ ഒരു വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി സാര്‍ എന്നുള്ളത് അദ്ദേഹത്തിന്റെ വേര്‍പാടില്‍ കൂടി കേരളത്തിലെ ഓരോ ജനതയും മനസിലാക്കി കഴിഞ്ഞിരിക്കുന്നു.  കര്‍മ്മമാണ് ജീവിതത്തില്‍ വിലപ്പെട്ടെതെന്നും അതിന്റെ ഓര്‍മ്മകളാണ് മനുഷ്യരെ സ്നേേഹിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി സാറിന്റെ മൂന്നു ദിവസത്തെ വിലാപയാത്ര നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

യേശുക്രിസ്തുവിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരോട് ക്ഷമിക്കാന്‍ ആണ്  ക്രിസ്തു നമ്മളെ പഠിപ്പിച്ചത് പക്ഷെ പ്രിയപ്പെട്ട വിനായകാ നിങ്ങളോട് ക്ഷമിക്കാന്‍ പറ്റുന്നില്ലല്ലേ…  സഹോദരാ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ നന്മക്കായി ഉപയോഗിക്കുക. മറ്റുള്ളവരുടെ നന്മ കാണാനുള്ള മനസ് ഉണ്ടാക്കിയെടുക്കുക. ദാനധര്‍മ്മം നിന്റെ നിക്ഷേപം എന്ന് ഒരു ബൈബിള്‍ വചനം ഓര്‍ത്തു പോകുന്നു. കര്‍മ്മങ്ങള്‍ ചെയ്ത് സമാധാനം അവനില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രമിക്കുക.  ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്ന് പഴമക്കാര്‍ പറഞ്ഞിരിക്കുന്നത് എത്ര ശരിയാണ് അത് ഓര്‍മ്മയില്‍ സൂക്ഷിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക