Image

അർത്ഥാന്തരന്യാസം (കവിത:വേണു നമ്പ്യാർ)

Published on 01 May, 2024
അർത്ഥാന്തരന്യാസം (കവിത:വേണു നമ്പ്യാർ)

പദത്തിനർത്ഥം തേടാം പദാർത്ഥത്തിനെന്തർത്ഥം
അർത്ഥം അനർത്ഥമാകും
വ്യർത്ഥതയല്ലോ നരജീവിതം!

അർത്ഥദീപ്തിയൊരു
കാവ്യഗുണമെന്നിരിക്കിലും
അർത്ഥമറിയാതെ വേണം
സാർത്ഥകം കോരിത്തരിച്ചു
ചുംബിക്കാൻ കാവ്യമിഴിയാളെ;

അർത്ഥബോധത്തിലല്ല
അരബോധത്തിലത്രെ
കവി, നാടൻ കുടിയനാം
'അയ്യപ്പനെ'പ്പോൽ,
കുത്തിക്കുറിക്കുന്നു;
കുപ്പായക്കൈമടക്കിൽ
കോളിനൊപ്പം
കവിതയും സൂക്ഷിക്കുന്നു;
നിത്യസഞ്ചാരിയാം
'പി'യെപ്പോൽ ഭൂഗോളമുറിയുടെ
താക്കോലും മടക്കി,
സത്രത്തിൽ അനാഥനായ്
അന്ത്യശ്വാസം വലിക്കുന്നു!


ആവോളം മോന്തിടാം
മുന്തിരിച്ചാറാം കവിതയെ,
മറപ്പാനല്ല ലാസ്യലഹരിയിൽ  
നന്നായി സുപ്തജീവനെ തോറ്റിയുണർത്തിടാൻ!

പുഴയൊഴുകുവതു
മല ഉയരുവതു
മേഘം തിമിർക്കുവതു
പൂഷ്പം വിരിയുവതു
അർത്ഥമറിയാതെ!


നാമത്തിനെന്തർത്ഥം
അർത്ഥമൊക്കെ ശുദ്ധ-
വർത്തമാനക്രിയയിലല്ലോ
വൃഥാ ശേഷക്രിയയിലതു തേടണൊ

വാഴ് വിൽ കാണില്ല പര്യായം
കാണുവതു കേവലം ഭാഷയിൽ;
സത്യത്തെ വെടിഞ്ഞതിലേറെ
യഭിരമിപ്പതു ധരയിൽ നരന്റെ 
വിപര്യയങ്ങളിലൊന്നുതാൻ!

പദങ്ങൾ കേവല സൂചകങ്ങൾ
പല ഭാഷകളിൽ പലതായി വിളിക്കിലും
വസ്തുവൊന്ന് താൻ സത്യമൊന്ന് താൻ
ശുദ്ധവർത്തമാനവിസ്തൃതിയിൽ
ജീവനൊന്ന് താൻ നമ്മളൊന്ന് താൻ!

ഒരർത്ഥത്തിലു,മൊതുക്കാനാവി-
ല്ലയെങ്കിലും നാനാർത്ഥത്തിൽ പരത്താം അമ്മയെ ചുടുകല്ലിൽ അരിമാവ് പോൽ.

അർത്ഥമറിയാതെ അമ്മയെ
അറികയെന്നാലതിനർത്ഥം
കേശാദിപാദം പൂവിട്ട്
സ്നേഹിക്കയെന്നല്ലോ
സതതം അകത്തും പുറത്തും അമ്മയെ;
പെറ്റമ്മയാം ദർപ്പണത്തിൽ 
സതതം കാൺകയെന്നല്ലോ 
സാക്ഷാൽ ചെറുകുന്നത്തമ്മയാം
അന്നപൂർണേശ്വരിദേവിയെ!

അർത്ഥങ്ങളറിയാത്ത
പാൽക്കുഞ്ഞിനെപ്പോൽ സർവ്വതും
നിസ്പൃഹം മിഴിയാൽ നുണയുക;
നിരർത്ഥകമായെന്തുണ്ട് നമ്മുടെ
വിണ്ണിലും മണ്ണിലും അലകടലിലും?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക