Image

അഡ്രസ്സ് തെറ്റി ( നർമ്മം : എം.ഡി. കുതിരപ്പുറം )

Published on 28 April, 2024
അഡ്രസ്സ് തെറ്റി ( നർമ്മം : എം.ഡി. കുതിരപ്പുറം )

മൂന്നാലു മാസങ്ങൾക്കു മുൻപ് ഞാൻ നാട്ടിലേയ്ക്കയച്ച പ്രധാനപ്പെട്ട ഒരു കത്ത് അഡ്രസ് ശരിയല്ല എന്ന കുറിപ്പോടെ തിരിച്ചുവന്നു.

പോസ്റ്റുമാൻ കൊണ്ടുവന്ന് തന്ന കത്തിൽ ഞാൻ വീണ്ടും വീണ്ടും നോക്കി.എന്തായിരിക്കും കാരണം?

ഞാൻ എഴുതി അയച്ച അഡ്രസ് ഓരോ ലൈനും വീണ്ടും വീണ്ടും വായിച്ചുനോക്കി.എവിടായിരുക്കും എനിക്ക് തെറ്റിയത്?

വിക്രമൻ  വഴിമാടത്തിൽ 
മോസ്‌കോ കവല P. O.
കോട്ടയം ഡിസ്ട്രിക്ട്.
കേരള.

ഇതു തന്നെയാണല്ലോ അഡ്ഡ്രെസ്സ്.ഇതിലെവിടെയാ തെറ്റ്?
മുൻപും ഈ അഡ്രസ്സ് ഉപയോഗിച്ചിട്ടുണ്ടല്ലോ.
കത്ത് തിരിച്ചുവന്നത് എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. വിക്രമന് വാട്സ്ആപ്പ് ഇല്ലാത്തതുകൊണ്ട് വിളിച്ചു ചോദിക്കാനും പറ്റുന്നില്ല.
എന്ത് ചെയ്യണം എന്നാലോചിച്ചു കുറച്ചു നാൾ കഴിഞ്ഞു.
ഒരു ദിവസം സന്ദർഭവശാൽ ഈ സംഭവം നാട്ടിലുള്ള ഒരാളുമായി സംസാരിക്കാനിടയായി.

അന്നേരം ഒരു മിനിറ്റ് എന്ന് പറഞ്ഞു അയാൾ എന്തോ ആലോചിച്ചു.
എന്നിട്ട് എന്തോ മനസ്സിലായതുപോലെ അയാൾ എന്നോട് പറഞ്ഞു. 
ചേട്ടാ, ഇവിടെ മൂന്നാല് മാസം മുൻപ് കേരളം മുഴുവൻ ഉഴുതു മറിച്ച ഒരു സംഭവം നടന്നിരുന്നു. അതായിരിക്കും കാരണം എന്ന്.
ആ സംഭവത്തിന്‌ ശേഷം ഈ നാട് കണ്ടാൽ തിരിച്ചറിയാത്തതുപോലെ മാറിപ്പോയി ചേട്ടാ എന്നും പറഞ്ഞു.
അതുകൊണ്ട് ചേട്ടൻ ആ അഡ്രസ്സിൽ ഞാൻ പറയുന്ന ഒരു ചെറിയ തിരുത്ത് വരുത്തി വീണ്ടും അയച്ചുനോക്ക് എന്ന് എന്നെ ഉപദേശിച്ചു.

ഞാൻ അയാൾ പറഞ്ഞതുപോലെ ചെയ്തു. അത്ഭുതം എന്ന് പറയട്ടെ. നാലാം പക്കം എന്റെ എഴുത്ത് വിക്രമന് കിട്ടി എന്ന് എനിക്ക് അറിയിപ്പ് വന്നു.

ഞാൻ അഡ്രസ്സിൽ വരുത്തിയ ചെറിയ തിരുത്തു ഇത്ര മാത്രമായിരുന്നു.

"കേരള "എന്നുള്ളത് 
"നവ കേരള " എന്നാക്കി.
പ്രോബ്ലം സോൾവ്ഡ്!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക