Image

യുവ നങ്ങ്യാർ നിറസാന്നിധ്യം!  (വിജയ് സി. എച്ച്)

Published on 27 April, 2024
യുവ നങ്ങ്യാർ നിറസാന്നിധ്യം!  (വിജയ് സി. എച്ച്)

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻ്റ് കോളേജിൽ (SNGS) നിന്നു സംസ്കൃതത്തിൽ ബിരുദവും, കാഞ്ചീപുരം വിശ്വമഹാ സർവകലാശാലയിൽ (SCSVMV) നിന്നു ബിരുദാനന്തരബിരുദവും, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ (SSUS) നിന്നു എം.ഫി-ലും ഡോക്ടറേറ്റും നേടിയെങ്കിലും, ഭദ്ര പി.കെ.എം എന്നവരുടെ ഉള്ളുനിറയെ ഇന്നും നങ്ങ്യാർകൂത്താണ്.
ഡോ.രജനീഷ് ചാക്യാരുമായുള്ള വിവാഹവും, കൂടിയാട്ടകുലപതി അമ്മന്നൂർ മാധവചാക്യാരുടെ കലാ പൈതൃകം നിറഞ്ഞു നിൽക്കുന്ന ഇരിഞ്ഞാലക്കുടയിലെ ജീവിതവും ഡോ. ഭദ്രയെ മികവുറ്റൊരു യുവ നങ്ങ്യാർകൂത്തു കലാകാരിയാക്കി മാറ്റിയിട്ടുണ്ട്.
കൊറോണക്കെടുതിയിൽ അണഞ്ഞുപോയ നിലവിളക്കുകൾ കൂടിയാട്ട അരങ്ങുകളിൽ വീണ്ടും തെളിഞ്ഞതു മുതൽ നങ്ങ്യാർകൂത്തിലെ നിറസാന്നിധ്യമായി അറിയപ്പെടുന്ന ഡോ. ഭദ്രയുടെ വാക്കുകളിലൂടെ...


🟥 കൂടിയാട്ടം
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനസ്കൊ അതിൻ്റെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏക ഭാരതീയ നാട്യകലാരൂപമാണ് കേരളക്കരയിൽ വളർന്നു വേരോടിയ കൂടിയാട്ടം. വ്യക്തം, കൂടിയാട്ടം പോലെ ചതുർവിധാഭിനയങ്ങളെ കൂട്ടിയിണക്കുന്ന അത്യന്തം ഗഹനമായൊരു അവതരണകല രാജ്യത്തു വേറെയില്ല. സാർവലൗകിക പാരമ്പര്യങ്ങളിൽ പ്രാതിനിധ്യം ലഭിച്ചതു വിരൽ ചൂണ്ടുന്നതും മറ്റൊന്നല്ലല്ലൊ. മാത്രവുമല്ല, കേരള സംസ്കൃതിയുടെ പ്രതിരൂപമായ കഥകളിയ്ക്കു കണ്ണുകൊടുത്തത് കൂടിയാട്ടമാണെന്നാണ് രേഖകളിലുള്ളത്. ഒന്നിൽ കൂടുതൽ പ്രതിഭകൾ ഒരുമിച്ചു സംസ്കൃത നാടകങ്ങളെ വ്യാഖ്യാനിച്ചു, നാട്യശാസ്ത്ര വിധികൾ അടിസ്ഥാനമാക്കി അഭിനയിച്ചു കാട്ടുന്നതാണ് ലളിതമായി പറഞ്ഞാൽ കൂടിയാട്ടം. എന്തെങ്കിലുമൊന്ന് തന്മയത്വത്തോടെ പ്രകടിപ്പിക്കുന്നതാണല്ലൊ കൂത്ത്. ചാക്യാർകൂത്തും, നങ്ങ്യാർകൂത്തും ഒരുമിച്ചെത്തുകയാണ് കൂടിയാട്ടത്തിൽ. നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെ ചാക്യാർമാരും, സ്ത്രീ കഥാപാത്രങ്ങളെ നങ്ങ്യാർമാരും അവതരിപ്പിക്കുന്നു. ഇതൊരു നൃത്തരൂപമല്ല, വ്യത്യസ്തമായൊരു നാട്യാവിഷ്കാരമാണ്. തനിമയുള്ള മുഖഭാവങ്ങളും, മറ്റു ശരീരഭാഷകളും, വേഷവിധാനവുമാണ് ഇതിലെ ആശയസംവേദന ഉപാധികൾ. ഈ കലാരൂപത്തിൽനിന്ന്, അനുക്രമമായി അവതരണത്തിൽ സവിശേഷതയുള്ള ചാക്യാർകൂത്തും നങ്ങ്യാർകൂത്തും വെവ്വേറെയുള്ള കലാരൂപങ്ങളായി പിറവികൊണ്ടു.


🟥 നങ്ങ്യാർകൂത്ത്
കൂടിയാട്ടത്തിൻ്റെ അനുബന്ധകലയായി ആരംഭിച്ചു, പിന്നീട് സാത്വികാഭിനയത്തിൻ്റെ ഉത്തമ മാതൃകയായി സ്വത്വം നേടിയ ആവിഷ്കാരമാണ് നങ്ങ്യാർകൂത്ത്. നമ്മുടെ രംഗകലാ അവതരണങ്ങളിൽ പൊതുവെ കാണുന്ന ചതുർവിധാഭിനയം അതിൻ്റെ പരമോന്നത നിലയിലെത്തുന്നത് നങ്ങ്യാർകൂത്തിലാണ്. അതിനാൽ, അരങ്ങുകളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്ന ആവിഷ്കാരം നങ്ങ്യാർകൂത്ത് തന്നെയാണ്. അഭിനയ വൈവിധ്യവും, ശക്തമായ കഥാപാത്ര സങ്കല്പവുമാണ് ഇതിനു കാരണം.


🟥 കൂടിയാട്ടത്തിൻ്റെ ഉത്ഭവം
ഭാരതത്തിലെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകമാണ് കൂടിയാട്ടം. ഈ കലാരൂപം വൈദിക കാലം മുതൽ അതിൻ്റെ പ്രാചീനമായ അവസ്ഥയിൽ നിലവിലുണ്ടായിരുന്നു. വൈദിക കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആചാരങ്ങൾ കൂടിയാട്ടത്തിൻ്റെ അവതരണ രീതികളിൽ ഇന്നും ദർശിക്കാനാകും. ആരംഭ കാലത്ത് പൂർണമായും ഇന്നുകാണുന്ന അവതരണ രൂപത്തിൽ ആയിരുന്നിരിക്കില്ല എന്നേയുള്ളൂ. രണ്ടാം നൂറ്റാണ്ടിൽ, വടക്കൻ പറവൂരിൽ ജീവിച്ചിരുന്ന പറൈയൂർ കൂത്തച്ചാക്കൈയൻ എന്നൊരു ചാക്യാർ, ചേര രാജാവായ ചെങ്കുട്ടുവനുവേണ്ടി 'ത്രിപുരദഹനം' എന്ന കഥ അവതരിപ്പിച്ച ഒരു പരാമർശം ഇളങ്കോ‌വടികൾ രചിച്ച 'ചിലപ്പതികാര'ത്തിലുണ്ട്. എന്നാൽ, ഒമ്പതാം നൂറ്റാണ്ടിലായിരിക്കാം കൂടിയാട്ടത്തിൽ ഇന്നു കാണുന്ന ചിട്ടകൾ രൂപപ്പെടാൻ തുടങ്ങിയത്. ക്രമേണ ക്ഷേത്രാങ്കണങ്ങളിലും കൂത്തമ്പലങ്ങളിലുമായി കൂടിയാട്ടാവതരണങ്ങൾ വികസിച്ചു പൂർണരൂപം പ്രാപിച്ചു. അങ്ങനെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ കൂടിയാട്ടത്തിന് വേറിട്ടൊരു രൂപം സമഗ്രമായി ലഭിച്ചു. പരിണാമ വഴിയിൽ എവിടെയൊ വെച്ച് ഈ കലാശാഖ സാമുദായിക അനുഷ്ഠാനങ്ങളായി മാറുകയും ചെയ്തു.


🟥 കൂടിയാട്ടം ആട്ടമല്ല
ആട്ടമെന്നാൽ നൃത്തമാണെന്നു തോന്നാമെങ്കിലും, കൂടിയാട്ടം ആട്ടമല്ല, അഭിനയ കലയാണ്. 'നൃത്ത-നൃത്ത്യ-നാട്യം' എന്നതിലെ മൂന്നാമത്തേതാണ് കൂടിയാട്ടം. നൃത്തത്തിൽ അംഗ ചലനങ്ങളേയുള്ളൂ, മുഖഭാവങ്ങൾ വേണ്ട. ഉദാഹരണം, തിരുവാതിരക്കളി. രണ്ടാമത്തെ ശാഖയായ നൃത്ത്യത്തിൽ, മുഖഭാവങ്ങൾ അല്പം ആവശ്യമാണ്. മോഹിനിയാട്ടവും, ഭരതനാട്യവും, കുച്ചിപ്പുടിയും മറ്റും നൃത്ത്യ വിഭാഗത്തിലാണ്. നൃത്തം ചെയ്യുന്നവരും, നൃത്ത്യം ചെയ്യുന്നവരും പാദങ്ങളിൽ ചിലമ്പണിയുന്നു. എന്നാൽ, കൂടിയാട്ടം കലാകാരനും കലാകാരിയും ചിലമ്പണിയുന്നില്ല. കാരണം, ഇവ നൃത്തവുമല്ല, നൃത്ത്യവുമല്ല. വാക്യാർത്ഥാഭിനയ പ്രധാനമായ നാട്യമാണിത്. രസാഭിനയമാണ് ഇതിൽ മുഖ്യം. ചാക്യാർ അഭിനേതാവും, നങ്ങ്യാർ അഭിനേത്രിയുമാണ്. ഇതര കലാരൂപങ്ങളെപ്പോലെ ലളിതമല്ല കൂടിയാട്ടത്തിൻ്റെ ഘടനയും അവതരണ രീതിയും. ആസ്വദിക്കാൻ പൂർണ ശ്രദ്ധ ആവശ്യമാണ്. പ്രേക്ഷകരുടെ എണ്ണം കുറയാനുള്ള കാരണവും മറ്റൊന്നല്ല.


🟥 ആഖ്യാതാവും, വ്യാഖ്യാതാവും
കൂടിയാട്ടത്തിലും നങ്ങ്യാർകൂത്തിലും അഭിനേത്രിയ്ക്കു മുഴുനീള കഥാപാത്രങ്ങൾ ലഭിയ്ക്കുന്നു. നങ്ങ്യാർകൂത്തിൽ കലാകാരി ചെയ്യുന്നത് കഥാവിവരണമാണ്. ഒരേസമയം ആഖ്യാതാവായും, വ്യാഖ്യാതാവായും, പലപ്പോഴും കഥാപാത്രമായും അഭിനേത്രി പ്രത്യക്ഷപ്പെടുന്നു. അതിനാൽ, നങ്ങ്യാർകൂത്ത് മൗലികമായി അഭിനേത്രിയുടെ കലയാണ്. കൂടിയാട്ടത്തിലും നങ്ങ്യാർകൂത്തിലും കലാകാരിയുടെ വേഷവിധാനം ഒരുപോലെയുമാണ്.


🟥 സംഗീത ഉപകരണങ്ങൾ
മിഴാവ്, ഇടയ്ക്ക, കുഴിത്താളം, ശംഖ് മുതലായവയാണ് കൂടിയാട്ടത്തിലെ സംഗീത ഉപകരണങ്ങൾ. എല്ലാം എപ്പോഴും ഉപയോഗിക്കണമെന്നില്ല. മിഴാവാണ് മുഖ്യം. എന്നാൽ, കലാകാരൻ്റെയൊ, കലാകാരിയുടെയൊ പ്രകടനങ്ങൾക്കു മാനവും വൈകാരിക ഭാഷയും നൽകാൻ കൂടിയാട്ടത്തിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കുന്നില്ല. ആഖ്യാനവും അഭിനയവും ഒറ്റയ്ക്കു തന്നെ ശക്തമാണ്.


🟥 കുട്ടിക്കാലം തൊട്ടേ ഇഷ്ടം
സംസ്കൃത നാടകങ്ങളുടെ കേരളീയ രംഗാവതരണ ശൈലിയായ കൂടിയാട്ടത്തോട്
പിതാവിൻ്റെ പ്രചോദനം മൂലം കുട്ടിക്കാലം മുതൽ താൽപര്യമുണ്ടായിരുന്നു. ദൃശ്യമാധ്യമങ്ങളിൽ വരാറുണ്ടായിരുന്ന നങ്ങ്യാർകൂത്തും കൂടിയാട്ടവുമൊക്കെ ഏറെ ആകാംക്ഷയോടെ കാണാറുണ്ടായിരുന്നു. കോളജ് ലൈബ്രറിയിൽ നിന്നു ഈ വിഷയങ്ങളിൽ ലഭ്യമായ പുസ്തകങ്ങൾ സശ്രദ്ധം വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്നത് ശീലമായിരുന്നു. മുതിർന്ന കൂടിയാട്ടകലാകാരൻ മാർഗി മധുവിൻ്റെയും സംഘത്തിൻ്റെയും സോദാഹരണ പ്രഭാഷണവും, പൈങ്കുളം നാരായണ ചാക്യാരുടെ അവതരണങ്ങളും നങ്ങ്യാർകൂത്തു കലാകാരിയാവുകയെന്ന മോഹത്തെ ശക്തിപ്പെടുത്തി. ജീവിത പങ്കാളി രജനീഷ് ചാക്യാരുടെ കീഴിൽ ഈ കല അഭ്യസിക്കണമെന്നു വിവാഹത്തിനു മുമ്പു തന്നെ തീരുമാനിച്ചിരുന്നു. തുടർന്നു 2010-ൽ പരിശീലനം ആരംഭിക്കുകയും ചെയ്തു.


🟥 അരങ്ങേറ്റം
2013, ജൂലായ് മാസത്തിൽ വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ വെച്ചു നങ്ങ്യാർകൂത്തിൻ്റെ പുറപ്പാട് ചെയ്താണ് അരങ്ങേറിയത്. അന്വാരംഭം എന്ന രണ്ടാം ദിവസത്തെ അവതരണവും ഉണ്ടായിരുന്നു. കലാമണ്ഡലം നാരായണൻ നമ്പ്യാരും, കലാമണ്ഡലം രവികുമാറും മിഴാവ് കൊട്ടി. മട്ടന്നൂർ ശ്രീകാന്ത് ഇടക്കയിലും അപർണ നങ്ങ്യാർ താളത്തിലും പിന്തുണ നൽകി. നിറഞ്ഞ സദസ്സ് ലഭിച്ചത് കൃതജ്ഞതയോടെ സ്മരിക്കുന്നു. കന്നിപ്രകടനം
പിഴവില്ലാത്തതായിരുന്നുവെന്നു പ്രേക്ഷകരും മുതിർന്ന കൂടിയാട്ട കലാകാരന്മാരും വിലയിരുത്തി. അത് നല്ലൊരു തുടക്കമായിരുന്നു. അവസരങ്ങളായി നങ്ങ്യാർകൂത്തും കൂടിയാട്ടവും തുരുതുരെയെത്തി.


🟥 വേദികളും വേഷങ്ങളും
കേരള കലാമണ്ഡലം, തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവകലാശാല, നാട്യശാസ്ത്ര സങ്കേതമായ മായന്നൂർ തട്ടകം മുതലായ പെരുമയുള്ള കേന്ദ്രങ്ങളിൽ ഇതിനകം തന്നെ എത്താൻ കഴിഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ തിരുവനന്തപുരത്തെ കൂടിയാട്ടം കേന്ദ്രയുടെ ഔട്ട്റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി രണ്ടു തവണ നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുന്നു. യു.കെ മലയാളികളുടെ കൂട്ടായ്മയായ 'ശ്രുതി'യുടെ വാർഷികത്തിനു യോർക് ഷെയറിൽ രജനീഷ് ചാക്യാരുടെ സംവിധാനത്തിൽ അവതരിപ്പിച്ച കൂടിയാട്ടത്തിൽ നല്ലതെന്നു എല്ലാവരും വിലയിരുത്തിയൊരു നങ്ങ്യാരായിരുന്നു ഞാൻ! 'പാർവതീപരിണയം' കൂടിയാട്ടത്തിൽ പാർവതിയുടെ പുറപ്പാടും നിർവഹണവും പ്രിയപ്പെട്ടവൻ ചിട്ടപ്പെടുത്തിയപ്പോൾ, അതിലെ പാർവതി ഞാനായിരുന്നു. 'ഹനുമദ്ദൂതാങ്കം' കൂടിയാട്ടത്തിലെ സീതയുടെ പുറപ്പാടും നിർവഹണവും, 'ഭരതാങ്ക'ത്തിലെ കൈകേയിയുടെ പുറപ്പാടും നിർവഹണവും മറ്റു ചില ജനപ്രിയ ആവിഷ്കാരങ്ങളാണ്. കടവല്ലൂരിലെ പേരുകേട്ട 'അന്യോന്യം' വേദി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഡെമോൺസ്ട്രേഷൻ വഴി കൈകേയിയെ വരച്ചുകാട്ടി. രജനീഷ് ചിട്ടപ്പെടുത്തിയ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കിരാതാർജുനീയം കൂടിയാട്ടത്തിലെ കിരാതി മറക്കാനാവാത്തതാണ്. സ്ത്രീ കഥാപാത്രങ്ങളുടെ വിവിധ മാനസിക തലങ്ങളും സംഘർഷങ്ങളും ഉൾക്കൊണ്ടുള്ള അവതരണങ്ങളാണെല്ലാം. കൂടാതെ രജനീഷുമായി ചേർന്നു രണ്ടു പുതിയ സ്ത്രീ പാത്രാവതരണങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി നാഷണൽ, ഇൻ്റർനാഷണൽ വേദികളിലെ പ്രബന്ധാവതരണങ്ങളും, കൂടിയാട്ടത്തിന് ആവശ്യമായ കുറേ രചനകൾ നിർവഹിച്ചതും നേട്ടങ്ങളായി കരുതുന്നു. ദ്രൗപദിയെ കേന്ദ്ര കഥാപാത്രമാക്കി സംസ്കൃതത്തിൽ ഏകാങ്ക നാടകം എഴുതിയതും, അതിനുവേണ്ട നിർവഹണ ശ്ലോകങ്ങൾ കുറിച്ചതും ഒരു വേറിട്ട അനുഭവമാണ്.


🟥 കാത്തുസൂക്ഷിക്കാം
പുതിയ ലോകത്ത് ക്ളാസ്സിക് കലകളായ നങ്ങ്യാർകൂത്തും കൂടിയാട്ടവുമൊന്നും അത്ര പത്ഥ്യമായ കലാരൂപങ്ങളല്ലായിരിക്കാം. നങ്ങ്യാർ, ചാക്യാർ എന്നൊക്കെ പറയുമ്പോൾ പ്രായമുള്ളവരുടെ രൂപമായിരിക്കാം പലരുടെയും മനസ്സിലെത്തുന്നതും! എന്നാൽ, അതിനർത്ഥം എല്ലാ യുവജനങ്ങളും പ്രാചീന കലകൾ ഉപേക്ഷിക്കണമെന്നല്ലല്ലൊ. രാജ്യത്തെ പുരാതന രംഗവേദിയുടെ അവശേഷിക്കുന്ന ഒരേയൊരു കണ്ണിയാണ് ഇന്നു കൂടിയാട്ടം. കാത്തുസൂക്ഷിക്കാം. ധാരാളം പ്രശസ്ത വേദികൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ പഠിപ്പിനനുസരിച്ചുള്ള മറ്റൊരു ജോലിയെക്കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടുമില്ല. വളരെ ആസ്വദിച്ചുകൊണ്ടാണ് നങ്ങ്യാരായി ഓരോ പുതിയ വേദിയിലുമെത്തുന്നത്!

യുവ നങ്ങ്യാർ നിറസാന്നിധ്യം!  (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക