Image

ചില കൈരേഖകൾ : പി.സീമ

Published on 25 April, 2024
ചില കൈരേഖകൾ  : പി.സീമ

" ന്റെ മാനേ നിന്റെ കൈ നീട്ടം എനിക്കു ഈരാറു പന്ത്രണ്ടാ നിന്റെ കൈ നല്ല ഒന്നാംതരം കയ്യാ " 

സ്നേഹം കൂടുമ്പോൾ   കാണുന്ന എല്ലാരേയും "ന്റെ മാനേ" ന്നു വിളിക്കുന്ന അമ്മിണിയേട്ടത്തി അത്രയും പറഞ്ഞപ്പോൾ ഞാൻ എന്റെ കൈവരയിലേക്ക് നോക്കി. ചേർത്ത് പിടിച്ചാൽ നല്ല രീതിയിൽ വിടവുകൾ കാണാം. കാശു   വരും...വന്നത് പോലെ  തന്നെ ചോരുകയും ചെയ്യും.

വിദ്യാരേഖയും, ഭാഗ്യരേഖയും ഒക്കെ പാതി വെച്ചു മുറിഞ്ഞു തലങ്ങും വിലങ്ങും കുറെ വരകളുമായി ഒരു ആയില്യം കൈത്തലം. എന്നാൽ കൂടെ കൂട്ടുന്നവർക്ക് നല്ല ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്ന് ജ്യോൽസ്യം. അത് ശരിയാണെന്നതിനു അഞ്ചക്ക ശമ്പളവും ഇപ്പോൾ പെൻ ഷനും ഒക്കെ വാങ്ങുന്ന, വേൾഡ് ടൂർ നടത്തുന്ന കൂട്ടുകാർ, അവസാന നിമിഷം വരെ പരാജിതൻ ആകില്ലെന്ന വാശിയോടെ പൊരുതി ഒടുവിൽ അനായാസേന മരണം കൈവരിച്ച അദ്ദേഹം..ഒക്കെ തന്നെ തെളിവ്.  (എല്ലാവരും എന്നും നന്നായിരിക്കട്ടെ )ഏതായാലും എന്റെ കൈ നീട്ടം കിട്ടാഞ്ഞതിനാൽ വേറൊന്നും കിട്ടാതെ പോയ അമ്മിണിയേട്ടത്തിയ്ക്കു ഞാൻ കൈനീട്ടം കൊടുത്തു.  ഇനി അതിന്റെ ഒരു  കുറവ് വേണ്ടല്ലോ.. എന്നിട്ട് 2020ൽ കോവിഡ് കുത്തിവെയ്പ്പിന്റെ പനിക്ക് ശേഷം   ഇതേ വരെ കാര്യമായി പനി വരാത്ത ഞാൻ പനി പോലെന്തോ ഒന്നിലേക്ക് ക്ഷീണിതയായി കിടന്നു.

രാവിലെ തൊണ്ടവേദന ഉണ്ടായിരുന്നതിനാൽ ഡോക്ടറെ വിളിച്ചു  ബുക്ക്‌ ചെയ്തു . ഒരു കിടപ്പിൽ ഒന്ന് മയങ്ങി പോയി എങ്കിലും "ഓട്ടോറിക്ഷ ഓട്ടോറിക്ഷ" എന്ന് ഒരു ശബ്ദം കാതിൽ വന്നലച്ചപ്പോൾ ചാടി എണീറ്റു. എനിക്ക് പോകാൻ ഉള്ള ഓട്ടോ വന്നതോ എന്നോർത്തു വാതിൽ തുറന്നപ്പോൾ അത് ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി വന്ന വാഹനത്തിൽ നിന്നായിരുന്നു എന്ന് മനസ്സിലായി. 
"ഒച്ച കേട്ടു പേടിച്ചു പോയോ "
ന്നു ചോദിച്ചു പുലിവാൽ കണ്ടൻ പൂച്ച  വാൽ പൊക്കി  കമ്മ്യൂണിസ്റ്റ്‌ പച്ചയിലേക്ക് മുള്ളി  അമ്പലത്തിലേക്കുള്ള  വഴിയേ പാഞ്ഞു പോയി.

അല്പം കഴിഞ്ഞു എന്റെ രഥം വന്നു. കവലയിൽ ഉള്ള   തിരക്കുള്ള സാരഥികളെ മിക്കവാറും കിട്ടാത്തത് കൊണ്ടു ടൗൺഷിപ് നിന്നു ആൾ വരും.   അങ്ങനെ പോയി  ഡോക്ടർ നോക്കിയപ്പോൾ വേദനയില്ലെങ്കിലും ചുവന്നിരിക്കുന്ന തൊണ്ട വേദനിച്ചാൽ കഴിക്കാനുള്ള ആന്റിബയോട്ടിക്‌സും വാങ്ങി അതേ ഓട്ടോയിൽ തിരിച്ചെത്തി. എങ്ങനെ പോയാലും 500ൽ കുറയാതെ ചിലവായി.

ഉള്ളം കൈയിലേക്ക് ഞാൻ ഒന്നും കൂടി സൂക്ഷിച്ചു നോക്കി. "ന്റെ മാന്റെ കൈ എത്ര നല്ലതാ"ന്ന്  ഈ കൈവിരലുകൾക്കിടയിൽ വിടവുകളിലൂടെ ഉള്ള ഈ ചോർച്ച കണ്ടിട്ട് എനിക്ക് തോന്നുന്നില്ല.

ചില ചോർച്ചകൾ അങ്ങനെയാണ്. ചിലപ്പോൾ കാൽക്കീഴിലെ മൺതരികൾ പോലും നാം അറിയാതെ നാളേക്ക് ഒന്നും ബാക്കിയില്ലാതെ ചോർന്നു പോകാറില്ലേ. ഇതും അങ്ങനെ തന്നെ. പിന്നെ ഇനി ഒരു രേഖ മുറിയാൻ കാലമായോ എന്ന്  മാത്രമേ കാത്തിരിക്കാനുള്ളു .  അതിന്റെ നീളം   അനുദിനം കുറഞ്ഞു കൊണ്ടേയിരിക്കും ഓരോ ദിവസം കഴിയും തോറും...ആർക്കെങ്കിലും അറിയാമെങ്കിൽ വരൂ പറയൂ.   ആ രേഖയുടെ നീളം അളക്കാം..ഇനിയേറെ നീളം വേണം എന്നില്ല എങ്കിലും..

വാൽ കഷണം 

പുലർച്ചെ എണീറ്റപ്പോൾ ഒരു അസുഖവും ഇല്ല. ആകെ ഉള്ളത് ഒരു തൊണ്ട കടി മാത്രം..കണ്ണ്കടി എന്ന് കേട്ടിട്ടുണ്ട്. ഇതിനി ചുമയ്ക്കാൻ ആയിരിക്കും. എന്നാൽ പോയി വ്യോഷ്യാദി വടകം വാങ്ങണം. അതിനു ഇനി പിറവത്തേക്കു   ഒരു രഥയാത്ര ചെയ്യണ്ടേ?  വയസ്സ് കാലത്ത് ചില ആയില്ല്യ രാജയോഗം.   ഇടയ്ക്കിടെ തിന്ന ബോൾ ഐസ് ക്രീമുകളും ടോൺസിൽ ഭഗവാനും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ മുറിവേൽക്കുന്നതു എനിക്ക് മാത്രം.  തൊട്ടടുത്തുണ്ടായിരുന്ന കമ്പനി ആശുപത്രി പൂട്ടി ഡോക്ടർ ദൂരെ ആയതും, ബാങ്കും പെരുവയിലേക്ക് സ്ഥലം മാറിയതും അദ്ദേഹത്തിന്റെ മരണാനന്തരം ജീവിതം തന്ന മറ്റു ചില വിചിത്ര സൗഭാഗ്യങ്ങൾ. അപ്പോൾ ഇനി കൈത്തലത്തിലെ   ആ രേഖയ്ക്ക്   നീളം കൂട്ടേണ്ട കാര്യം ഉണ്ടോ?)

Join WhatsApp News
Chinchu Thomas 2024-04-25 16:58:20
Manoharam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക