Image

ഇന്ത്യയെ സി പി സി പട്ടികയിൽ പെടുത്തണമെന്ന ആവശ്യം ആവർത്തിച്ച് ഐ എ എം സി (പിപിഎം) 

Published on 25 April, 2024
ഇന്ത്യയെ സി പി സി പട്ടികയിൽ പെടുത്തണമെന്ന  ആവശ്യം ആവർത്തിച്ച് ഐ എ എം സി (പിപിഎം) 

പ്രത്യേക ആശങ്കയോടെ കാണേണ്ട രാജ്യങ്ങളുടെ പട്ടികയിൽ (സി പി സി) ഇന്ത്യയെ ഉൾപ്പെടുത്തണം എന്ന ആവശ്യം ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി) സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങൾ ലംഘിക്കയും മത സ്വാതന്ത്ര്യം അടിച്ചമർത്തുകയും ചെയ്യാൻ കൂട്ടു നിൽക്കുന്ന അധികൃതരുടെ മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവും ആവർത്തിച്ചു. 

ഇന്ത്യയിൽ നടക്കുന്ന ലംഘനങ്ങളെ കുറിച്ച് 2023 റിപ്പോർട്ടിൽ വിശദമായി പറഞ്ഞതിനു ഐ എ എം സി സ്റ്റേറ്റ് ഡിപ്പാർട്മെന്റിനോടു നന്ദി പറഞ്ഞു. ഐ എ എം സിയെയും പങ്കാളികളായ ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് സംഘടനയെയും ഇന്ത്യ നിരോധച്ചതും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഘടനകളിലെ അംഗങ്ങളെ ജോർജ് സോറോസും പാക്കിസ്ഥാനിലെ ചില ഗ്രൂപ്പുകളും സഹായിക്കുന്നുവെന്ന വ്യാജ ആരോപണവും ഇന്ത്യ ഉയർത്തി. 

"അമേരിക്കൻ പൗരന്മാർക്കു എതിരെ ഇന്ത്യൻ ഗവൺമെന്റ് നടത്തുന്ന ആക്രമണങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഗൗരവമായി എടുക്കുന്നതിൽ സന്തോഷമുണ്ട്," ഐ എ എം സി അഡ്വക്കസി ഡയറക്‌ടർ അജിത് സാഹി പറഞ്ഞു. "ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു എതിരെയും പ്രവാസികൾക്ക് എതിരെയും നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യയെ സി പി സി പട്ടികയിൽ ഉൾപെടുത്തണമെന്നു ആവശ്യപ്പെടുന്നു. ഇന്ത്യയിലെ അപകടകാരികളായ അധികൃതർക്ക് എതിരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം." 

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ബി ജെ പി യുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യയും ഐ എ എം സിയുടെ ന്യൂ ജഴ്‌സി പ്രസിഡന്റ് തനീം അൻസാരിക്കെതിരെയും എച് എഫ് എച് ആർ എക്സിക്യൂട്ടീവ് ഡയറക്‌ടർ സുനിത വിശ്വനാഥിനെതിരെയും നടത്തിയ നീക്കങ്ങളെ ഐ എ എം സി അപലപിച്ചു. സിഖ് കനേഡിയൻ പൗരൻ ഹർദീപ് സിംഗ് നജ്ജാറുടെ മരണത്തിനു പിന്നിൽ ഇന്ത്യ ഉണ്ടെന്ന ആരോപണവും അവർ ചൂണ്ടിക്കാട്ടി. 

മണിപ്പൂരിൽ നടന്ന സായുധ ഏറ്റുമുട്ടലുകളും ബലാത്സംഗവും ആക്രമണങ്ങളും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് എടുത്തു പറഞ്ഞിട്ടുണ്ട്. വീടുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥലങ്ങളും നശിപ്പിച്ചു. 175 പേർ കൊല്ലപ്പെട്ടു. ആറു മാസത്തിനിടയിൽ 60,000 പേർ വീടും കുടിയും ഉപേക്ഷിച്ചു പോയി. അക്രമം തടയാൻ കേന്ദ്ര ഗവൺമെന്റിനു കഴിഞ്ഞില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

IAMC wants India added in CPC list 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക