Image

കണ്ണൂര്‍ രാജന്‍: കൈവിട്ട ഈണങ്ങള്‍ (എസ് രാജേന്ദ്ര ബാബു)

Published on 25 April, 2024
കണ്ണൂര്‍ രാജന്‍: കൈവിട്ട ഈണങ്ങള്‍ (എസ് രാജേന്ദ്ര ബാബു)

(കണ്ണൂര്‍ രാജന്‍ ഇന്നും എന്‍റെ മനസ്സില്‍ ജ്വലിക്കുന്ന ഒരു ഓര്‍മ്മയാണ് .ഏ വി എമ്മിലെ കണ്‍സോളില്‍ ഇരുന്നു താന്‍ ചിട്ടപ്പെടുത്തിയ ദൂരെ കിഴക്ക് ദിക്കില്‍ കറക്റ്റ് ചെയ്യുന്ന കണ്ണൂര്‍ രാജനെ ഇന്നും ഓര്‍ക്കുന്നു .തന്‍റെ പാട്ടാണ്  അതെന്ന തോന്നല്‍ പോലുമില്ലാതെ നിര്‍മമതയോടെ പാട്ട് കേള്‍ക്കുന്ന ആ സംഗീത സംവിധായകന്‍റെ യഥാര്‍ത്ഥ കഥ എന്‍റെയും അദ്ദേഹത്തിന്‍റെയും അടുത്ത സുഹൃത്തായ സംഗീതന്ജനും  എഴുത്തുകാരനുമായ എസ് രാജേന്ദ്ര ബാബുവാണ്  എന്നോടു പറഞ്ഞത് .  ശ്മശാനത്തില്‍ അദ്ദേഹത്തിനു അന്ത്യാഞ്ജലി സമര്‍പ്പിക്കാനും ഞാന്‍ ഉണ്ടായിരുന്നു എന്നോര്‍ക്കുന്നു  .

ഇന്ന് കണ്ണൂര്‍ രാജനെ കുറിച്ചു ഓര്‍ക്കാന്‍ കാരണം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയാണ് .ഇന്നും അദ്ദേഹം ട്യൂൺ  ചെയ്ത തുഷാര  ബിന്ദുക്കളെ  ഹിറ്റാണ് .എന്നാല്‍ ആ പാട്ട് പുറത്തു വന്നത് ഏ ടി ഉമ്മര്‍ എന്ന സംഗീത  സംവിധായകന്റെ പേരിലാണ് .തികച്ചും സ്വാതികനായ എന്‍റെ ആ സുഹൃത്ത് മോഷണം നടത്തിയതൊന്നുമല്ല .സംവിധായകന്റെ നിര്‍ബദ്ധത്തില്‍ അദ്ദേഹത്തിന്റെ പേരിലാണ് ആ ഗാനം റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത് .അതിനു അക്കൊല്ലത്തെ അവാര്‍ഡും ലഭിച്ചു .കണ്ണൂര്‍ രാജനാകട്ടെ ആ സംവിധായകന്‍ വാഗ്ദാനം ചെയ്ത ചിത്രങ്ങള്‍ ഒന്നും കിട്ടിയില്ല .

കോടമ്പാക്കത്തെ പല തകര്‍ന്ന പ്രതിഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നും കണ്ണൂര്‍ രാജന്റെ യശസ്സ് ഭദ്രമാണ് .പക്ഷെ അദ്ദേഹവും കുടുംബവും അവിടെ വല്ലാത്ത ദുരിതങ്ങള്‍ അനുഭവിച്ചു എന്നതൊരു സത്യം . വിജയികളുടെ ഒപ്പമാണല്ലോ എന്നും സിനിമ .കണ്ണൂര്‍ രാജന്‍ എന്ന മികച്ച സംഗീത സംവിധായകനെ പറ്റി എസ് രാജേന്ദ്ര ബാബു എഴുതിയ ലേഖനം സിനിമാക്കഥയെ അതിശയിപ്പിക്കുന്ന ചില സത്യങ്ങള്‍ തുറന്നു കാട്ടുന്നു . ആ ഓര്‍മ്മ സിനിമയില്‍ എത്തിച്ച വിനീത് ശ്രീനിവാസനും പ്രണവിനും ആദരങ്ങളോടെ .
(പി എസ് ജോസഫ്‌)

ഒരു കലാകാരന്റെ നിലനില്‍പിനടിസ്ഥാനം ഭാഗ്യനിര്‍ഭാഗ്യങ്ങളാണെന്ന വിശ്വാസം ചലച്ചിത്ര രംഗത്ത് പ്രബലമാണ്. ഉന്നത ബന്ധങ്ങള്‍ വഴിയുള്ള സ്വാധീനമാണ് മറ്റൊരു ഘടകം. കഴിവിന് മൂന്നാം സ്ഥാനമേ ഉള്ളു. കഴിവുള്ളവന്‍ ഉന്നതങ്ങളില്‍ പിടിപാടില്ലാതെ പിന്തള്ളപ്പെടുമ്പോള്‍ ഭാഗ്യക്കേടാണെന്നാകും അതിനുള്ള മറുപടി. അങ്ങനെയെങ്കില്‍ എന്റെ ഗുരുനാഥന്‍ കണ്ണൂര്‍ രാജനെ ‘പ്രതിഭാധനനായ ഭാഗ്യഹീനന്‍’ എന്നു വിശേഷിപ്പിക്കേണ്ടി വരും. ഭാവസുന്ദരങ്ങളായ നിരവധി ഗാനങ്ങള്‍ ചലച്ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും സമ്മാനിച്ച ആ സംഗീത സംവിധായകനെ ചലച്ചിത്രരംഗം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്നു പറയുന്നതാണ് വാസ്തവം. സിനിമയ്ക്കു വേണ്ടി ചെയ്തതിനേക്കാള്‍ മനോഹരങ്ങണ്ടളായ അനേകം ഗാനങ്ങള്‍ അദ്ദേഹം നാടകങ്ങള്‍ക്കു വേണ്ടി സംവിധാനം ചെയ്തിരുന്നു. റെക്കോഡ് ചെയ്യപ്പെടാത്തതിനാല്‍ അവയെല്ലാം മലയാളത്തിനു നഷ്ടമായി. ‘തുഷാര ബിന്ദുക്കളേ', ‘പുഷ്പതല്പത്തില്‍ നീ വീണുറങ്ങി' തുടങ്ങി ചുരുക്കം ചില ഗാനങ്ങളുടെ ഈണം കൊച്ചിന്‍ സംഘമിത്രയുടെ ‘ദണ്ഡകാരണ്യം’ എന്ന നാടകത്തില്‍ നിന്ന് സിനിമയ്ക്കായി കടംകൊണ്ടതാണ്. നാടകരംഗത്തും ചലച്ചിത്ര രംഗത്തും എട്ടു വര്‍ഷത്തിലധികം കണ്ണൂര്‍ രാജന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ ഈ യാഥാര്‍ത്ഥ്യണ്ടങ്ങള്‍ എനിക്കു സാക്ഷ്യപ്പെടുത്താനാവും.

മലയാളത്തിലെ മിക്ക സംഗീത സംവിധായകരുടെയും സംവിധാന ശൈലിക്കാധാരം കര്‍ണാടക സംഗീതമാണ്. ബാബുരാജ് മാത്രമാണ് വേറിട്ടു നിന്നത്. ഹിന്ദുസ്ഥാനി സംഗീതത്തെ അടിസ്ഥാനപ്പെടുത്തി ബാബുരാജ് മെനഞ്ഞെടുത്ത ഗാനങ്ങള്‍ മലയാളി മനസ്സുകളെ എക്കാലവും ആര്‍ദ്രമാക്കുന്നവ തന്നെ. കണ്ണൂര്‍ രാജനാണ് ഹിന്ദുസ്ഥാനി സംഗീതത്തെ ആശ്രയിച്ച മറ്റൊരു സംഗീത സംവിധായകന്‍. ‘പല്ലവി’ എന്ന ചിത്രത്തിലെ ‘ദേവീ ക്ഷേത്രനടയില്‍’ എന്ന ഒറ്റഗാനം കൊണ്ട് ആസ്വാദകമനസ്സുകളെയാകെ കീഴടക്കിയ സംഗീതകാരന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന കുറേയധികം ഗാനങ്ങള്‍ സംഭാവന ചെയ്‌തെങ്കിലും നിരാശയും വേദനയുമാണ് ചലച്ചിത്രലോകം അദ്ദേഹത്തിനു പകരം നല്‍കിയത്. നാടകങ്ങള്‍ക്കായി ഓരോ വര്‍ഷവും ചിട്ടപ്പെടുത്തിയ മനോഹര ഗാനങ്ങള്‍ പില്‍ക്കാലത്ത് സിനിമകള്‍ക്കായി പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. അവ തെരഞ്ഞെടുത്തു സൂക്ഷിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. പക്ഷേ സിനിമാ രംഗത്തെ കാലങ്ങളായി അടക്കിവാഴുന്ന ‘ഭാഗ്യം’ അദ്ദേഹത്തെ തുണച്ചില്ല.

ആദ്യചിത്രമായ ‘മിസ്റ്റര്‍ സുന്ദരി’ക്കു ശേഷമുള്ള ചില തിക്താനുഭവങ്ങള്‍ മദിരാശിയോടു വിടപറയാനാണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകവേദിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളത്തിലുടനീളമുള്ള നിരവധി നാടക സംഘങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ച പുതിയൊരു സമിതിയുടെ ‘വല്മീകം’ എന്ന നാടകത്തിലൂടെ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുകയും അസിസ്റ്റന്റായി ചേരുകയുമായിരുന്നു. കൊച്ചിന്‍ സംഘമിത്ര, എസ്എല്‍ പുരം സൂര്യസോമ, സിജി ഗോപിനാഥിന്റെ പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍ തിയേറ്റേഴ്‌സ് എന്നിങ്ങനെ പ്രശസ്തവും അപ്രശസ്തവുമായ നിരവധി നാടകസമിതികളില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ഈ സമിതികള്‍ക്കായി അദ്ദേഹമൊരുക്കിയ സുന്ദര ഗാനങ്ങളുടെ നാലിലൊന്നു പോലും ചലച്ചിത്ര രംഗത്ത് പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലല്ലോ എന്ന നിരാശ എന്നെ ഇന്നും നൊമ്പരപ്പെടുത്തുന്നു.

നാടകരംഗത്ത് സജീവമായിരിക്കുമ്പോള്‍ ജി അരവിന്ദന്റെ ‘ഉത്തരായണം’ എന്ന ചിത്രത്തിന് തന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ ഗുരുവായ കെ രാഘവന്‍ മാസ്റ്റര്‍ കണ്ണൂര്‍ രാജനെ ക്ഷണിച്ചതാണ് മദിരാശിയിലേക്കുള്ള മടങ്ങിപ്പോക്കിനു കാരണമായത്. ഇനിയൊരിക്കലും മദിരാശിയിലേക്കില്ലെന്ന് ശഠിച്ചിരുന്ന കണ്ണൂര്‍ രാജന്‍ അങ്ങനെ വീണ്ടും കോടമ്പാക്കത്ത് തന്റെ ഭാഗ്യപരീക്ഷണത്തിനു മുതിര്‍ന്നു. കൊച്ചിന്‍ സംഘമിത്രക്കു വേണ്ടി ഈണമിട്ട ‘തുഷാരബിന്ദുക്കളേ’ കേള്‍ക്കാനിടയായ സംവിധായകന്‍ ഐവി ശശി തന്റെ അടുത്ത ചിത്രം വാഗ്ദാനം ചെയ്തതോടെ കണ്ണൂര്‍ രാജന്റെയുള്ളില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ തളിര്‍ത്തു. നാടകത്തില്‍ എന്റെ സഹോദരി ലതിക പാടിയ ആ ഗാനത്തിന് സംവിധായകന്റെ അംഗീകാരം ലഭിച്ചതോടെ ലതികയെക്കൊണ്ടു തന്നെ ആ പാട്ട് പാടിച്ച് ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്താമെന്നും അദ്ദേഹം കണക്കുകൂട്ടി. ഐവി ശശിയുടെ വാഗ്ദാനം അപ്രതീക്ഷിതമായി വഴിമാറിയതോടെ വീണ്ടും നിരാശ. പക്ഷെ ‘തുഷാരബിന്ദുക്കളേ’ എന്ന ഗാനം ഐവി ശശി കടം വാങ്ങി ‘ആലിംഗനം’ എന്ന ചിത്രത്തില്‍ ഉപയോഗിച്ചുകൊണ്ട് മറ്റൊരു ചിത്രം കണ്ണൂര്‍ രാജനു വാഗ്ദാനം ചെയ്തു. സംവിധായകന്‍ ബികെ പൊറ്റെക്കാട് ‘പല്ലവി’ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചതോടെ കണ്ണൂര്‍ രാജന്റെ മനസ്സില്‍ വീണ്ടും പ്രതീക്ഷയുടെ പൊന്‍വെട്ടം. ഭരണി സ്റ്റുഡിയോയില്‍ ‘പല്ലവി’യുടെ പൂജയോടനുബന്ധിച്ചുള്ള ആദ്യഗാന റെക്കോഡിംഗ് ചലച്ചിത്രലോകത്തെ അമ്പരപ്പിച്ചു. ‘ദേവീക്ഷേത്ര നടയില്‍’ എന്ന ഗാനം പാടിക്കഴിഞ്ഞ് അവിടെ കൂടിനിന്ന നിര്‍മ്മാതാക്കളോടും സംവിധായകരോടും മാധ്യമപ്രവര്‍ത്തകരോടുമായി യേശുദാസ് പറഞ്ഞു- “അടുത്തകാലത്തൊന്നും ഇത്ര മനോഹരമായ ഒരു പാട്ട് ഞാന്‍ പാടിയിട്ടില്ല. ഇദ്ദേഹത്തെപ്പോലുള്ള പ്രതിഭകളെ കണ്ടില്ലെന്നു നടിക്കരുത്. എത്രകാലമായി ഒരവസരത്തിനായി ഇദ്ദേഹം കോടമ്പാക്കത്ത് അലയുന്നു. നിങ്ങളെല്ലാം ഇദ്ദേഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കണം.” യേശുദാസിന്റെ അഭിപ്രായം കാട്ടുതീപോലെ പടര്‍ന്നു. എവിടെയും കണ്ണൂര്‍ രാജന്‍ എന്ന സംഗീത സംവിധായകനെപ്പറ്റിയായി സംസാരം. പല്ലവിയുടെ ഗാനരചയിതാവും കഥാകാരനുമായ പരത്തുള്ളി രവീന്ദ്രനും അതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷെ ക്രൂരമായ അവഗണനയാണ് പിന്നീട് ചലച്ചിത്രലോകം രണ്ടുപേരോടും കാട്ടിയത്. കണ്ണൂര്‍ രാജന് തന്റെ മേല്‍വിലാസം ഉറപ്പിക്കാനായെന്നും മാത്രം. പരത്തുള്ളി രവീന്ദ്രനാകട്ടെ ചലച്ചിത്ര രംഗത്തു നിന്ന് ഏറെയകന്ന് കവിതാ രചനയില്‍ അഭിരമിച്ചു.

പല്ലവിക്കു ശേഷം ‘സ്‌നേഹയമുന’ എന്നൊരു ചിത്രം ബികെ പൊറ്റെക്കാടിനു കരാറായി. സംഗീതസംവിധാനച്ചുമതല അദ്ദേഹം കണ്ണൂര്‍ രാജനു തന്നെ നല്‍കി. നിര്‍മ്മാതാവിനെ കണ്ട് കരാറുറപ്പിക്കാനും അഡ്വാന്‍സ് കൈപ്പറ്റാനുമായി മൈലാപ്പൂരിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ കണ്ണൂര്‍ രാജനെ ഞാനും അനുഗമിച്ചു. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ അനിശ്ചിതത്വത്തിന്റെ കരിനിഴല്‍! ഗായകന്‍ കൂടിയായ നിര്‍മ്മാതാവ് കുന്നംകുളം വര്‍ഗ്ഗീസ് കണ്ണൂര്‍ രാജനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി രഹസ്യം പറഞ്ഞു. ചിത്രം നഷ്ടപ്പെട്ടുവെന്ന് കണ്ണൂര്‍ രാജന്റെ വിവര്‍ണമായ മുഖത്തു നിന്ന് ഞാന്‍ വായിച്ചെടുത്തു. വൈകാതെ മറ്റൊരു സംഗീത സംവിധായകന്‍ മുറിയിലെത്തി - കെജെ ജോയ്. കണ്ണൂര്‍ രാജനു പറഞ്ഞുവച്ച ചിത്രം എങ്ങനെ കെജെ ജോയിയുടെ കൈകളിലെത്തിയെന്ന രഹസ്യം ഇന്നും രഹസ്യമായിത്തന്നെ അവശേഷിക്കുന്നു. അതാണു സിനിമ. കോടമ്പാക്കത്തു നിന്ന് മൈലാപ്പൂരിലേക്ക് അന്ന് ടാക്‌സിക്കൂലി അഞ്ചു രൂപ മാത്രം. എന്റെ പോക്കറ്റില്‍ ആകെയുണ്ടായിരുന്ന അഞ്ചു രൂപ മുടക്കി ടാക്‌സിയിലായിരുന്നു ഞങ്ങളുടെ യാത്ര. ഹോട്ടലിലെത്തിയാല്‍ നല്ലൊരു തുക അഡ്വാന്‍സ് കിട്ടുമല്ലോ. തിരികെ വരുമ്പോള്‍ റെസ്‌റ്റോറണ്ടന്റില്‍ കയറി ഭക്ഷണം കഴിച്ച് ടാക്‌സിയില്‍ തന്നെ മടങ്ങാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരും. എല്ലാം തകര്‍ന്നു. ബസ് കൂലിക്കോ ചായക്കോ നിവൃത്തിയില്ലാതെ കിലോമീറ്ററുകള്‍ നടന്ന് കോടമ്പാക്കത്തെത്തുമ്പോള്‍ ഞങ്ങള്‍ തളര്‍ന്ന് അവശരായിരുന്നു.

വാഗ്ദാനങ്ങള്‍ക്കു പഞ്ഞമില്ലെങ്കിലും സമീപകാലത്തൊന്നും ചെയ്യാന്‍ ചിത്രമില്ലാതിരിക്കുമ്പോള്‍ സൂര്യസോമയുടെ ‘നിധി’ എന്ന നാടകത്തിനു സംഗീതം നല്‍കാന്‍ കണ്ണൂര്‍ രാജനു ക്ഷണം ലഭിച്ചു. കൊല്ലത്തുള്ള എന്നെ കത്തു മൂലം അദ്ദേഹം വിവരം അറിയിച്ചു. നാടക ക്യാമ്പില്‍ എത്തിയതിന്റെ അടുത്ത പ്രഭാതത്തില്‍ ഇടിത്തീപോലെ ഒരു വാര്‍ത്ത അദ്ദേഹത്തെ തളര്‍ത്തി. ‘തുഷാരബിന്ദുക്കളെ’ എന്ന ഗാനത്തിന് എസ് ജാനകിക്കും എടി ഉമ്മറിനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്! പത്രത്തില്‍ വാര്‍ത്ത വായിച്ചിട്ട് മുഖമുയര്‍ത്തിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന എന്നെ കണ്ട് അദ്ദേഹം കെട്ടിപ്പിടിച്ചു കരഞ്ഞു. ഐവി ശശിക്ക് ഈ ഗാനം ദാനം നല്‍കിയ വിവരം ബിച്ചു തിരുമലയും കണ്ണൂര്‍ രാജനും ഹോട്ടല്‍ ഹോളിവുഡിനു മുന്നില്‍ വച്ച് ആദ്യം എന്നോടു പറയുമ്പോള്‍ ഞാന്‍ നിശ്ശബ്ദനായി, നിരാശനായി നിന്നു. ആ മനോഹര ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ഞാനും ഹാര്‍മ്മോണിയം വായിച്ച് അതില്‍ പങ്കാളിയായിരുന്നു. “സാരമില്ല ബാബൂ, നമുക്ക് ഇനിയും ഇതുപോലത്തെ പാട്ടുകള്‍ ഉണ്ടാക്കാമല്ലോ” എന്ന് കണ്ണൂര്‍ രാജന്‍ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ “ഈ പാട്ടിന് അവാര്‍ഡ് കിട്ടിയാല്‍ അതാരു വാങ്ങും” എന്ന എന്റെ ചോദ്യം രണ്ടുപേരും ഒട്ടും പ്രതീക്ഷിച്ചില്ല. സൂര്യസോമയില്‍ എത്തിയ എന്റെ മുന്നില്‍ കണ്ണൂര്‍ രാജന്റെ ദുഃഖം അണപൊട്ടിയത് ഇതൊക്കെ ഓര്‍ത്താവണം.

‘പല്ലവി’യിലെ ഗാനങ്ങള്‍ ഇഷ്ടപ്പെട്ട യേശുദാസ് കണ്ണൂര്‍ രാജനു വേണ്ടി ഒരു ചിത്രം ശുപാര്‍ശ ചെയ്തു - സഞ്ജയ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം. സംവിധാനം ഐവി ശശി. അതോടെ ശശി കണ്ണൂര്‍ രാജനു വാഗ്ദാനം ചെയ്ത ചിത്രവും അതായി മാറി. യേശുദാസിനോട് സമ്മതം മൂളിയെങ്കിലും നിര്‍മ്മാതാവ് കണ്ണൂര്‍ രാജനെ വിവരം അറിയിച്ചില്ല. റെക്കോഡിംഗ് തീയതി അടുത്തിട്ടും ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വന്നപ്പോള്‍ വിവരം യേശുദാസിനെ അറിയിക്കാന്‍ കണ്ണൂര്‍ രാജന്‍ എന്നെ ചുമതലപ്പെടുത്തി. എവിഎം ആര്‍ആര്‍ തിയേറ്ററില്‍ എംഎസ് വിശ്വനാഥന്റെ റെക്കോഡിംഗിന് യേശുദാസ് പാടുന്നതറിഞ്ഞ് ഞാന്‍ അവിടെയെത്തി. എന്നെ കണ്ടയുടന്‍ അദ്ദേഹം അകത്തു വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. റെക്കോഡിംഗ് കഴിയുന്നതു വരെ കാത്തു നില്‍ക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം വീണ്ടും റെക്കോഡിംഗില്‍ മുഴുകി. ഐവി ശശിയും നിര്‍മ്മാതാവ് സഞ്ജയ് രഘുനാഥും പുറത്ത് യേശുദാസിനെ കാത്തു നില്‍പുണ്ടായിരുന്നു. പുറത്തു വന്ന യേശുദാസ് അവരുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ കോപത്തോടെ പറഞ്ഞു- “രാജനു പടം കൊടുക്കാന്‍ താത്പര്യമില്ലെങ്കില്‍ വേണ്ട. പാടാനും മറ്റാരെയെങ്കിലും നോക്കിക്കോളൂ.” തിടുക്കത്തില്‍ കാറില്‍ കയറി യാത്രയായ യേശുദാസിനു പിറകേ ശശിയും നിര്‍മ്മാതാവും വച്ചുപിടിച്ചു. പിന്നെ കാര്യങ്ങള്‍ പെട്ടെന്നായിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ നാലു ഗാനങ്ങള്‍ അന്നു രാത്രി തന്നെ കണ്ണൂര്‍ രാജന്റെ വീട്ടിലെത്തി. നാലാം ദിവസം പ്രസാദ് സ്റ്റുഡിയോയില്‍ റെക്കോഡിംഗ്. ഈണം ചിട്ടപ്പെടുത്തലൊക്കെ ധൃതിയില്‍ നടന്നു. ലതികയുടെ ആദ്യഗാനം യേശുദാസിനൊപ്പം പാടാന്‍ കണ്ണൂര്‍ രാജന്‍ അവസരമൊരുക്കി - ‘പുഷ്പതല്‍പത്തില്‍ നീ വീണുറങ്ങി.’ ചിത്രം ‘അഭിനന്ദനം’.

പടക്കുതിര, ഒരുജാതി ഒരുമതം, ബീന, കുട്ടമത്തു കുറുപ്പിന്റെ പുതിയ ചിത്രം ഇങ്ങനെ നിരവധി ചിത്രങ്ങളില്‍ കണ്ണൂര്‍ രാജനൊപ്പം ഞാനും ഉണ്ടായിരുന്നു. പിന്നീട് നിസ്സാര കാരണങ്ങളാല്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. വേദനാജനകമെങ്കിലും ആ വേര്‍പാട് പതിനാലു വര്‍ഷം നീണ്ടു നിന്നു. അവിചാരിതമായാണ് ഞങ്ങള്‍ അയല്‍ക്കാരായത്. ഞാന്‍ പുതിയതായി താമസം തുടങ്ങിയ വീടിനടുത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കെപി ഉമ്മര്‍, മീന തുടങ്ങിയ താരങ്ങളും പരിസരത്തുണ്ടായിരുന്നു. ഒരു ദിവസം വഴിയില്‍ വച്ച് തമ്മില്‍ കണ്ടപ്പോള്‍ എല്ലാ പിണക്കവും അവസാനിപ്പിച്ച് ഞങ്ങള്‍ ഒന്നായി. ഒരു വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തിരുന്ന് പുതിയ ചിത്രങ്ങളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും ഞങ്ങള്‍ വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ബന്ധു കൂടിയായ സംവിധായകന്‍ കെകെ ഹരിദാസിന്റെ ‘കൊക്കരക്കോ’ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് അടുത്ത ദിവസം ഭരണി സ്റ്റുഡിയോയിലാണെന്നും ഞാന്‍ ട്രാക്ക് പാടണമെന്നും അദ്ദേഹം പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മനോഹരമായ ഈണം അദ്ദേഹം ചിട്ടപ്പെടുത്തി വച്ചിരുന്നു. ട്രാക്ക് പാടാനുള്ള ക്ഷണം ഞാന്‍ നിരസിച്ചെങ്കിലും രാവിലെ ഭരണി സ്റ്റുഡിയോയില്‍ എത്താമെന്നു സമ്മതിച്ച് രാത്രി ഏറെവൈകി ഞങ്ങള്‍ പിരിഞ്ഞു.

അടുത്ത ദിവസം വെളുപ്പിന് കണ്ണൂര്‍ രാജന്റെ ഇളയ മകന്‍ രാകേഷിന്റെ നിലവിളി കേട്ടാണ് ഞാന്‍ കതകു തുറന്നത്. “അച്ഛന്‍ മരിച്ചു!” പൊട്ടിക്കരഞ്ഞു കൊണ്ട് അവന്‍ തിരികെയോടി. ഞാന്‍ പിറകേ പോയി. കഴിഞ്ഞ രാത്രി വൈകിയാണ് അദ്ദേഹം ഉറങ്ങാന്‍ കിടന്നത്. അര്‍ദ്ധരാത്രിക്കു ശേഷം ദേഹാസ്വാസ്ഥ്യം കലശലായപ്പോള്‍ അദ്ദേഹത്തെ സൂര്യ ഹോസ്പിറ്റലിലേക്കു മാറ്റി. ചേതനയറ്റ ശരീരമാണ് വെളുപ്പിന് വീട്ടിലെത്തിച്ചത്. ഭരണി സ്റ്റുഡിയോയിലെത്തിയ കലാകാരന്മാര്‍ വിവരമറിഞ്ഞ് കണ്ണൂര്‍ രാജന്റെ വീട്ടിലെത്തി. ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ വീട്ടുമുറ്റത്ത് തടിച്ചുകൂടി. അര്‍ജുനന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, സിഒ ആന്റൊ, രാജാമണി തുടങ്ങിയവര്‍ക്കൊപ്പം ഞാനും വേദനയോടെ അനന്തര കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു. ചലച്ചിത്ര രംഗം അവഗണിച്ചെങ്കിലും ഒരുപിടി നല്ല ഗാനങ്ങള്‍ എപ്പോഴുമോര്‍ക്കാന്‍ നമുക്ക് സമ്മാനിച്ചിട്ട് 1995 ഏപ്രില്‍ 27-ന് കണ്ണൂര്‍ രാജന്‍ യാത്രയായി.

(എസ് രാജേന്ദ്ര ബാബു)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക