Image

95 ബില്യൺ ഡോളറിന്റെ വിദേശ സഹായം രണ്ടു സഭകളും പാസ്സാക്കി, പ്രസിഡന്റ് ജോ ബൈഡന്റെ ഒപ്പിനു കാത്തിരിക്കുന്നു

ഏബ്രഹാം തോമസ് Published on 25 April, 2024
95 ബില്യൺ ഡോളറിന്റെ വിദേശ സഹായം രണ്ടു സഭകളും പാസ്സാക്കി, പ്രസിഡന്റ് ജോ ബൈഡന്റെ ഒപ്പിനു കാത്തിരിക്കുന്നു

വാഷിംഗ്‌ടൺ: യു എസ് പ്രതിനിധി സഭ പാസ്സാക്കിയിരുന്ന 95 ബില്യൺ ഡോളറിന്റെ വിദേശ സഹായ ബിൽ സെനറ്റിലും 18  വോട്ടുകൾക്കെതിരെ 79  വോട്ടുകളുടെ പിന്തുണയോടെ പാസ്സായതിനെ തുടര്ന്ന് പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ്.  

 പ്രസിഡന്റ് ഒപ്പു വച്ച് കഴിഞ്ഞാൽ ഉടനെ തന്നെ ഉക്രൈന് ബില്ലിലെ പാക്കേജ് അനുസരിച്ചു് ആയുധങ്ങൾ അയച്ചു തുടങ്ങും. കാരണം യുദ്ധ മുഖത്ത് റഷ്യയുടെ ആക്രമണത്തിൽ പിടിച്ചു നില്ക്കാൻ യുക്രെയ്ൻ കുറെ നാളുകളായി ബുദ്ധിമുട്ടുകയാണ്. ഇസ്രേലിനു യുദ്ധകാല സഹായവും മനുഷ്യത്വപരമായ ആശ്വാസങ്ങൾക്കും വേണ്ടി 26  ബില്യൺ ഡോളർ ഗാസ നിവാസികൾക്ക്‌ വേണ്ടി അയയ്ക്കും. ബൈഡൻ കോൺഗ്രസ് അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചതിനാലാണ് ഇത്ര പെട്ടെന്ന് ബില്ലുകൾ പാസ്സാക്കാൻ കഴിഞ്ഞത്. തിരഞ്ഞെടുപ്പിന് ആറ്‌ മാസങ്ങൾ മാത്രം ശേഷിക്കെ ഉണ്ടായ നേട്ടം ബൈഡനെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

സെനറ്റിലെ ഭൂരിപക്ഷ നേതാവ് (ഡെമോക്രാറ്റിക്‌) ചക് ഷൂമിർ ഈ ബില്ലുകൾ പാസ്സായില്ലായിരുന്നുവെങ്കിൽ സാമ്പത്തികമായും, രാഷ്ട്രീയമായും, മിലിറ്ററിപരമായും വലിയ വില അമേരിക്കക്കു നൽകേണ്ടി വരുമായിരുന്നു എന്ന് പ്രതികരിച്ചു. സെനറ്റിൽ ബിൽ പാസാക്കുന്നതിന് ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണെലും വലിയ പങ്കു വഹിച്ചു.

സെനറ്റിൽ ബില്ലിനെ എതിർത്തത് ഇടതു പക്ഷ ചായ്‌വ് ഉള്ള ബെർണി സാന്ഡേഴ്സും ജെഫ് മെർക്കിലിയും ആയിരുന്നു.
ടെക്സാസ് സെനറ്റർ ജോൺ കോർണിന് ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ടാമത്തെ സെനറ്റർ റ്റെഡ് ക്രൂസ് എതിർത്ത് വോട്ടു ചെയ്തു (രണ്ടു പേരും റിപ്പബ്ലിക്കനുകൾ ആണ്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക