Image

മാപ്പ്, മാപ്പ്, മാപ്പ്... പതഞ്ജലിയുടെ വലിയ മാപ്പപേക്ഷ പത്രങ്ങളിൽ

Published on 24 April, 2024
മാപ്പ്, മാപ്പ്, മാപ്പ്... പതഞ്ജലിയുടെ വലിയ മാപ്പപേക്ഷ പത്രങ്ങളിൽ
ബാബാ രാംദേവിൻ്റെ പതഞ്ജലി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി കൺസ്യൂമർ മാർക്കെറ്റ് പിടിച്ചെടുക്കുന്നു എന്ന പരാതിയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിലപാട് കടുപ്പിച്ചിരുന്നു.ഇതേത്തുടർന്ന് പതഞ്ജലി, പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന വാദം കേൾക്കലിനിടയിൽ നിങ്ങളുടെ ഉത്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിനു സമാനമാണോ പത്രങ്ങളിൽ നൽകിയ മാപ്പപേക്ഷ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനു പിന്നാലെയാണ് ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഇന്ന് ബുധനാഴ്ച പ്രമുഖ പത്രങ്ങളിലൂടെ മാപ്പു പറഞ്ഞത്. ആദ്യം പ്രസിദ്ധീകരിച്ച മാപ്പപേക്ഷ, ആരുടേയും ശ്രദ്ധ കിട്ടാത്ത വിധം ചെറുതായിരുന്നു എന്നതിനാലാണ് കോടതി നീരസം പ്രകടിപ്പിച്ചത്.
 
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്നുത്പന്നങ്ങളുടെ പരസ്യം നൽകിയതിന് യോഗ ഗുരു രാംദേവും അദ്ദേഹത്തിൻ്റെ സഹായി ബാലകൃഷ്ണയുമാണ് മാപ്പു പറഞ്ഞത്.ഇന്ത്യൻ സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിക്കാത്തതിന് പതഞ്ജലി ആയുർവേദിനെ പ്രതിനിധീകരിച്ച് തങ്ങളുടെ വ്യക്തിപരമായ ശേഷിയില്ലം നിരുപാധികം മാപ്പു പറയുന്നുവെന്ന് രണ്ടു പേരും പരസ്യത്തിൽ പറഞ്ഞു. ഞങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സംഭവിച്ചതെറ്റിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും മാപ്പപേക്ഷയിൽ പറയുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ 67 പത്രങ്ങളിലൂടെയാണ് പതഞ്ജലി മാപ്പപേക്ഷിച്ചത്. അതിനായി പത്തുലക്ഷം രൂപ ചെലവായെന്നുമാണ് പതഞ്ജലിയുടെ അഭിഭാഷകർ ആദ്യം കോടതിയെ അറിയിച്ചത്. എന്നാൽ "മാപ്പപേക്ഷകൾ വലുതാക്കി ഞങ്ങൾക്കു തരരുത്. അവയുടെ യഥാർത്ഥ വലുപ്പം ഞങ്ങൾക്കു കാണണം. നിങ്ങൾ ഒരു പരസ്യം നൽകുമ്പോൾ ഞങ്ങളത് മൈക്രോസ്കോപ്പ് ഉപയോഗിച്ച് കാണണം എന്നല്ല അർത്ഥമാക്കുന്നത്. മാപ്പപേക്ഷ കടലാസുകളിൽ ഉണ്ടാകണം എന്നല്ല, മറിച്ച് അത് വായിക്കാൻ സാധിക്കണം." എന്നാണ് കോടതി നിലപാട് എടുത്തത്.
കോവിഡ് സമയത്ത് കോറോണിൽ പോലുള്ള ഉത്പന്നങ്ങളുടെ ഔഷധ ഫലത്തെക്കുറിച്ച് പതഞ്ജലി നൽകിയ പരസ്യത്തിൻ്റെ ആധികാരികത ചോദ്യം ചെയ്തു സുപ്രീം കോടതിയിൽ എത്തിയ കേസിലെ വാദങ്ങൾക്കിടയിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക