Image

മോദിയുടെ വിദ്വേഷ പ്രസംഗം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 24 April, 2024
മോദിയുടെ വിദ്വേഷ പ്രസംഗം; നടപടിയെടുക്കാതെ  തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുവാഹതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  വംശീയ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരേ   നടപടിയടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ പരാതി നല്‍കി 24 മണിക്കൂര്‍ പിന്നിട്ടുട്ടും തിരഞ്ഞെടുപ്പ്് കമ്മീഷന് അനക്കമൊന്നുമില്ല.  

പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍ പോലുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.


ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.

പരാതി പരിശോധിച്ചു വരികയാണെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് ഇതുവരെ ഉണ്ടായിട്ടുള്ളത്.


നിയമ നടപടിയുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. മോദിയുടെ പ്രഭാഷണത്തിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവില്‍ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്കാണ് ലഭിച്ചത്.എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്‍ഡ്യ സഖ്യ സര്‍ക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക