Image

ഓർത്താൽ പേടിക്കും ( നർമ്മം : എം. ഡി. കുതിരപ്പുറം )

Published on 24 April, 2024
ഓർത്താൽ പേടിക്കും ( നർമ്മം : എം. ഡി. കുതിരപ്പുറം )

ഗിരീഷിന്റെ ഭാര്യ ശാരി പ്രസവിച്ചു. ഇന്ന് വെളുപ്പിനെ ആയിരുന്നു, ആൺകുഞ്ഞ്.
കയ്യിൽ കാശ് കുറവായതുകൊണ്ട് സിസ്സേറിയൻ വേണ്ട എന്ന് അവര് ഡോക്ടറോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.

ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
അവിടെ കൊടുക്കേണ്ടിവരാവുന്ന തുക ഗിരീഷ് നേരത്തെ കടം മേടിച്ച് വച്ചിരുന്നതിനാൽ സുഖപ്രസവമായിരുന്നു. ആ കടം ഈ കുഞ്ഞ് വലുതാകുമ്പോഴേയ്ക്കും പലിശയും പിഴപ്പലിശയുമടക്കം ഒരു വലിയ തുക ആയേക്കുമോ എന്തോ?

ഗിരീഷന് ഒരു ഓട്ടോ ഉണ്ട്. അതാണ്  അവരുടെ ജീവനോപാധി.
പണ്ടൊക്കെ ഒരു ഓട്ടോ കൊണ്ട് ഒരു ചെറിയ വീട് ഓടിക്കാമായിരുന്നു.
ഇന്നിപ്പോൾ സർക്കാര് 
"നവകേരള" യ്ക്ക് ഓടിച്ച തരത്തിലുള്ള മുന്തിയ ബസ്സ് സ്വന്തമായിട്ട് ഓടിച്ചാലും  പണപ്പെട്ടിയിൽ ഒന്നും മിച്ചം ഉണ്ടാവില്ലന്നാണ് ബസ്സ് മുതലാളിമാര് പറയുന്നത്.

ഓട്ടോ,ഓട്ടം ഇല്ലാത്തപ്പോൾ പൊടിമാത്ത് കവലയിലാണ് ഗിരിഷിന്റെ.വണ്ടി കാണാറുള്ളത്.

കസ്റ്റമറെക്കാത്ത് ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ ,ആരെങ്കിലും ഓട്ടം വിളിക്കാൻ വരുന്നതുവരെ അവൻ തന്റെ മൊബൈലിൽ നോക്കിയിരിക്കും. അല്ലാതെ മറ്റ് ഓട്ടോക്കാരുമായി  വഴിസൈഡിൽ കൂടി നിന്ന് പരദൂഷണം പറയുന്ന 
ദുസ്വഭാവമൊന്നും അവനില്ല.

ആവശ്യക്കാർ വന്ന് "ഗിരീശാ,നമുക്ക് ഒരു വഴി പോകാം "
എന്ന് പറഞ്ഞു വിളിക്കുമ്പോഴേ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അവൻ മൊബൈലിൽ നിന്നും കണ്ണെടുക്കൂ.

ഇന്നിപ്പോൾ  രാവിലെ അവൻ തന്റെ  കടിഞ്ഞൂൽ കുഞ്ഞിനെക്കാണാൻ
ആശുപത്രിയിൽ  എത്തിയിരിക്കുകയാണ്.ആദ്യത്തെ കണ്മണിയെക്കാണാൻ ഏതച്ഛനാണ് തിടുക്കമില്ലാത്തത്.


ശാരി വളരെ സന്തോഷത്തോടെയും
ഉത്സാഹത്തോടെയും ഗിരീഷിനെ അവന്റെ കുട്ടിയെക്കാണിച്ചുകൊണ്ട്
പറഞ്ഞു. "   ചേട്ടാ കുഞ്ഞു ആരെപ്പോലെയാ എന്ന് നോക്കിക്കേ. മോനു എന്റെ അച്ഛന്റെ മുഖ
ച്ഛായ ഉണ്ടെന്നു എനിക്ക് 
തോന്നുന്നു. "

" നീ പോടീ, അവനു എന്റെ ച്ഛായ തന്നെയാ. "

"  ആണോ?   ഛായ ആരുടെ ആണെങ്കിലും മോന്റെ സ്വഭാവം നിങ്ങടെ തന്നെ, അതുറപ്പ്, കട്ടിലുകണ്ടാൽ 
ഉറക്കം തന്നെ ഉറക്കമാ,"
പാല് കുടിക്കാൻ പോലും ഉണരുന്നില്ല."
ശാരി, ഇന്നലെ ഉണ്ടായ കൊച്ചിനെക്കുറിച്ച് ഗിരിഷിനു നേരെ കണ്ണെറിഞ്ഞുകൊണ്ട് പറയുകയാണ്.

" എന്റെ ശാരി, കുഞ്ഞുകൊച്ചുങ്ങൾ ഒരു പാട് ഉറങ്ങണം  നിനക്കറിയാവോ? അതോ നീ എനിക്കിട്ടൊന്നു വെച്ചതാണോ?
ഗിരീഷൻ അവളെ നോക്കിചിരിച്ചു കൊണ്ട് തല കുലുക്കി.

പിന്നെ ചേട്ടാ ഒരു കാര്യം പറയാൻ ഞാൻ മറന്നേനെ.
ശാരി തലയിണ കട്ടിലിന്റെ പടിയിലേക്ക് ചാരിവച്ചിട്ടു അതിലേക്ക് മെല്ലെ ചാരിക്കൊണ്ട് പറഞ്ഞു.
"നേരത്തെ ഓർത്തോപ്പീടിക്ക് ഡോക്ടർ വന്നാരുന്നു.

ചേട്ടാ, അവര് പറഞ്ഞു കുഞ്ഞിന്  സമീപഭാവിയിൽ ഒരു ഓപ്പറേഷൻ വേണ്ടിവരും. കുഞ്ഞിന്റെ കഴുത്തിനു  മുൻപോട്ട് വളവുണ്ട് എന്ന്.
എന്നിട്ട് ഡോക്ടർ ചോദിച്ചു.
കുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉണ്ടോ എന്ന്.

ഞാൻ പറഞ്ഞു "ഉണ്ട്" എന്ന്.
ചേട്ടൻ ജോലി ഇല്ലാത്തപ്പം ഏതുനേരോം ഫോണിൽ നോക്കിയിരിപ്പാണ് എന്നും ഞാൻ പറഞ്ഞു.

എന്നാലും അതെന്തായിരിക്കും ചേട്ടാ ഡോക്ടർ,ചേട്ടന് സ്മാർട്ട്‌ ഫോൺ ഉണ്ടോ എന്ന് ചോദിച്ചത്?
"ഓർത്തോ " അങ്ങനെ 
ചോദിച്ചത് ഓർത്തിട്ട് എനിക്ക് "പേടി"യാകുന്നു ചേട്ടാ.

എടീ  നീ അത് കാര്യമാക്കണ്ട.
ഈ എല്ലു ഡോക്ടർമാർ ഓരോന്ന് പറയുന്നത് 
"ഓർത്താൽ പേടിക്കും " ആൾക്കാര്.
അതുകൊണ്ടായിരിക്കും അവരെ 
"ഓർത്തോപീഡിക് " എന്ന് വിളിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക