Image

മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക

Published on 23 April, 2024
 മണിപ്പൂരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ  നടന്നത്  കടുത്ത  മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക

കുക്കി -മെയ്തയ്  വിഭാഗങ്ങൾ  തമ്മിലുള്ള സംഘര്‍ഷത്തിനു പിന്നാലെ മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക.

മനുഷ്യാവകാശത്തെകുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഗുജറാത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ച രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെയും അഭിപ്രായ സ്വാതന്ത്ര്യങ്ങളിലെയും നല്ല സംഭവവികാസങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

''ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കുകി-മെയ്തി സമുദായങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായി. മേയ് മൂന്ന് മുതല്‍ നവംബര്‍ 15 വരെ കുറഞ്ഞത് 175 പേരെങ്കിലും കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ നാടുവിടുകയും ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,'' വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും സായുധകലാപം, ബലാത്സംഗം, ആക്രമണം, വീടുകളുടെയും ആരാധനാലയങ്ങളുടെയും തകര്‍ച്ച എന്നിവ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ടെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അക്രമം തടയുന്നതിനും മനുഷ്യാവകാശ സഹായങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ കാണിക്കുന്ന വൈകിയ നടപടികളെ പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍, ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘര്‍ഷം ബാധിക്കുന്ന വിഭാഗങ്ങള്‍ എന്നിവര്‍ വിമര്‍ശിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  

ബിബിസിയുടെ നികുതി പേയ്‌മെന്റുകളിലും ഉടമസ്ഥാവകാശ ഘടനയിലും ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയതെങ്കിലും സ്ഥാപനത്തിന്റെ സാമ്ബത്തിക പ്രക്രിയകളില്‍ ഭാഗമാകാത്ത മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഉപകരണങ്ങള്‍ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ് പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അന്വേഷണം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും 2019 മുതല്‍ കുറഞ്ഞത് 35 മാധ്യമപ്രവര്‍ത്തകരെങ്കിലും ആക്രമണങ്ങള്‍, പോലീസിന്റെ ചോദ്യം ചെയ്യല്‍, റെയ്ഡുകള്‍, കെട്ടിച്ചമച്ച കേസുകള്‍ തുടങ്ങിയവ നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇതാദ്യമായല്ല മണിപ്പൂര്‍ അക്രമത്തെക്കുറിച്ച്‌ വിദേശ ശക്തികള്‍ വിമര്‍ശിക്കുന്നത്. അക്രമത്തിനെതിരെ അന്വേഷണം നടത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും സമയബന്ധിതമായ നടപടി സ്വീകരിക്കാനും ഐക്യരാഷ്ട്ര സഭ വിദഗ്ദര്‍ സെപ്റ്റംബര്‍ നാലിന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടരുതെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക