Image

ചുമരുകൾ (കവിത: വി കെ ഷാഹിന)

Published on 23 April, 2024
ചുമരുകൾ (കവിത: വി കെ ഷാഹിന)

ചുമരുകൾക്ക് ചെവികളുണ്ടായിരുന്നെങ്കിൽ

എന്നേ താളം തെറ്റിയ

 ഹൃദയമിടിപ്പുകൾ

നെഞ്ചിലേറ്റി

പൊടിയായൊന്നായേനെ


ചുമരുകൾക്ക്

കണ്ണുകളുണ്ടായിരുന്നെങ്കിൽ

അനാഥമായ ഒരു കുഞ്ഞു വിരൽ കണ്ട്

കാഴ്ചകൾക്കവസാനമില്ലേയെന്ന്

കണ്ണീരണിഞ്ഞ്

കുതിർന്നു പോയേനേ


ചുമരുകൾക്ക്

നാവുണ്ടായിരുന്നെങ്കിൽ

ഉടൽ പാതി മുറിഞ്ഞ ശരീരമായി

ഇഴഞ്ഞു നീങ്ങുന്ന ഒരുവളെക്കണ്ട്

ആർത്തലച്ച്

അപ്രത്യക്ഷമായേനേ


ചുമരുകൾക്ക്

കൈകളുണ്ടായിരുന്നെങ്കിൽ

കണ്ണിൽ ഒടുങ്ങാത്ത ക്രൗര്യവുമായി

വേട്ടനായ്ക്കളെപ്പോലെ

കുതിക്കുന്നവരെ

തടുക്കാനോങ്ങി

പൊടിഞ്ഞു തീർന്നേനേ


ചുമരുകൾക്ക്

കാലുകളുണ്ടായിരുന്നെങ്കിൽ

'നീതിമാൻ്റെ രക്തം '

എന്നലറിയവരെക്കണ്ട് ഭയന്നോടി

പൊടിയായൊന്നായേനെ


ചുമരുകൾക്ക്

ചിന്തിക്കാൻ

കഴിഞ്ഞിരുന്നെങ്കിൽ

അവ

ചുമരുകളായി നിൽക്കില്ലായിരുന്നില്ലല്ലോ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക