Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 12: വിനീത് വിശ്വദേവ്) 

Published on 23 April, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ - ഭാഗം - 12: വിനീത് വിശ്വദേവ്) 

ഭാഗം - 12  

അതിരാവിലെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ കഴിഞ്ഞതിനുശേഷം ഞാൻ പുതിയകാവ് അമ്പലത്തിലേക്ക് നടന്നു. സങ്കടങ്ങളുടെ പടുതിയിൽ നിന്നും കരകയറാൻ ഈശ്വരകൃപയ്ക്കുവേണ്ടി നാമജപങ്ങൾ മുഴക്കുന്ന വയോധികരും മധ്യവയസ്കരും നിത്യസന്ദർശകരെന്നു തോന്നിക്കുന്ന മറ്റു ചിലരെയും ക്ഷേത്രമതിൽകെട്ടിനുള്ളിൽ അങ്ങിങ്ങായി കണ്ടു. വലതു ഭാഗത്തായി നിലകൊണ്ടിരുന്ന വഴിപാട് കൗണ്ടറിൽ thirakkillayiru ഞാൻ പേരും നാളും പറഞ്ഞു വഴിപാടുകൾ എഴുതിച്ചു ചുറ്റമ്പലത്തിനുള്ളിലൂടെ ശ്രീകോവിലിനു മുന്നിലേക്ക് കടന്നു ചെന്നു.  ഭഗവാനെയും ദേവിയെയും കൺ നിറയെ തൊഴുതു പ്രാർത്ഥിച്ചു അമ്പലത്തിനു പുറത്തു കടന്നു. പരദേവതകളുടെ അനുഗ്രവും കാവലും എന്നുമുണ്ടാകണമെന്ന ആനന്ദവല്ലിയമ്മയുടെ വാക്കുകളെ അനുസ്മരിപ്പിച്ചു പ്രാർത്ഥിച്ചു തൊഴുന്നതിനായി നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന കാവിന്റെ അടുത്തേക്ക് നടന്നു. അകലെന്നു തന്നെ എന്റെ കണ്ണുകളെ കനകാംബരപ്പൂക്കൾ അലങ്കരിച്ച കാർമൂടിയിഴകൾ ശ്രദ്ധയാകർഷിച്ചു. വാടാമല്ലി നിറമാർന്ന പട്ടുപാവാടയണിഞ്ഞു ഇരു കൈകളും കൂപ്പിത്തൊഴുത്തു നിൽക്കുന്ന സിമിയെ ഞാൻ കണ്ടു. പുതിയകാവ് അമ്പലത്തിലെ ഉൽസവത്തിന് കൊട്ടിക്കേറുന്ന പാണ്ടിയും പഞ്ചാരിമേളവും ഒരുപോലെ താളച്ചുവടുകൾ ചേർത്തുകൊണ്ട് എന്റെ ഹൃദയം നിർത്തമാടി തുടങ്ങി. കാലുകൾ അവളിലേക്ക് ഓടിയടുക്കാൻ തയ്യാറെടുത്തു മുന്നോട്ടു ചലിച്ചു. നക്ഷത്രക്കാവിൽ തൊഴുതു വലംവെയ്ക്കുന്ന സിമിയുടെ അടുത്തേക്ക് ഞാൻ എത്തിച്ചേർന്നു. ചുണ്ടിൽ നാമജപങ്ങളോടെ വലംവെച്ചുകൊണ്ടിരുന്ന സിമി എന്നെ കണ്ടതും അവളുടെ മുഖത്തെ പ്രകാശിപ്പിക്കുന്ന കറുപ്പും വെള്ളയും ചേർന്ന പൂക്കൾ പൂത്തുവിടർന്നു. എന്റെ വലതുകൈകൾ വീശി ഞാൻ അവൾക്കു തുറന്ന പുഞ്ചിരി സമ്മാനിച്ചു. വാക്കുകൾ അല്പനേരത്തേക്കു തൊണ്ടയിൽ കുടുങ്ങിയതിനാൽ  ശബ്ദം പുറത്തേക്കു വരാതെയായി. നക്ഷത്രക്കാവിന്റെ ഉള്ളിൽ നിൽക്കുന്ന സിമിയുടെ അരികിലേക്ക് ഞാൻ ചെന്നുനിന്നു.

ഞാനും സിമിയും തൊട്ടടുത്തായിട്ടും എന്റെ മനസ്സ് വിദൂരസഞ്ചാരം നടത്തുന്നതുപോലെ എവിടേക്കോ പോയിരുന്നു. അല്പനേരത്തിനു ശേഷം സിമിയുടെ വാക്കുകൾ വീണ്ടും എന്നെ അവളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി. എഡോ തന്റെ റിസൾട്ട് എന്തായി.? എന്ന സിമിയുടെ ചോദ്യത്തിന് മറുപടിയായി ഫസ്റ്റ് ക്ലാസ് ഉണ്ടെന്നു പറഞ്ഞു ഞാൻ സിമിയുടെ റിസൾട്ടിനെക്കുറിച്ചു ചോദിച്ചു. അതുവരെ പ്രകാശം ചൊരിഞ്ഞ മുഖം ചെറിയ നീരസം കലരാൻ തുടങ്ങി. സിമി പ്രതീക്ഷിച്ച മാർക്ക് നേടാനായില്ലെന്നും കിട്ടിയത് കുറഞ്ഞുപോയോയെന്നു പരിഭവം പറഞ്ഞു. സിമി പഠനത്തിൽ അതീവ സമർഥയായിരുന്നു എന്ന് എനിക്കു  അറിയാമായിരുന്നിട്ടും ഞാൻ റിസൾട്ടിനെക്കുറിച്ചു വീണ്ടും ചോദിച്ചു. അമിത പ്രതീക്ഷയും അതവിശ്വാസവും ഉണ്ടായിരുന്ന സിമിയുടെ വാക്കുകൾ എനിക്ക് വേണ്ടി മന്ത്രിച്ചു. ഡിസ്റ്റിങ്ഷൻ ഉണ്ട് പക്ഷേ 530 മാർക്ക് മാത്രമേയുള്ളു. അഞ്ചു കൊല്ലങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ നരസിംഹം സിമിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ അച്ചുവേട്ടൻ എന്ന പൂവള്ളി ഇന്ദുചൂഡൻ പറയുന്ന വാക്കുകൾ എന്റെ മനസ്സിൽ ഓടിയെത്തി "അതിമോഹമാണ് മോനെ ദിനേശാ... അതിമോഹം." 530  മാർക്ക് നേടിയ സിമി പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് പറഞ്ഞു നിന്നപ്പോൾ തോറ്റുപോകുമെന്നു ടീച്ചർമാർ മുദ്രകുത്തിയ ഞാൻ ഫസ്റ്റ് ക്ലാസ് നേടിയപ്പോൾ 2005 വർഷത്തെ പത്താം ക്ലാസ് പരീക്ഷയിലെ റാങ്ക് നേടി വിജയശ്രീലാളിതനായവന്റെ സന്തോഷം എന്റെ മുഖത്ത് പ്രകടമായിരുന്നു. 
 
ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ പേരിന്റെ പിൻബലത്തിൽ നക്ഷത്രക്കാവിലെ ഓരോ വൃക്ഷവും തളിർത്തു നിന്നിരുന്നു. ഞാനും സിമിയും ഞങ്ങളുടെ ജന്മനക്ഷത്രത്തെ പ്രതിനിധാനം ചെയ്യുന്ന വൃക്ഷത്തിന് വെള്ളം കോരുന്നതിനായി ചെറിയ മൺകുടങ്ങൾ കൈയ്യിലെടുത്തു നക്ഷത്രകാവിന്റെ വടക്കേയറ്റത്തായി സ്ഥാപിച്ചിരുന്ന വെള്ള ടാങ്കിന്റെ അടുത്തേക്കു നടന്നു. മൺതരികൾ പതിയെ ചവിട്ടി നടക്കുന്നതിനിടയിൽ ഞങ്ങൾ വീണ്ടും സംസാരിച്ചു. സിമിക്കറിയേണ്ടത് എന്റെ തുടർ പഠനത്തെക്കുറിച്ചായിരുന്നു. പക്ഷേ എന്റെ മനസ്സിൽ അവൾക്കു വേണ്ടി ഞാൻ എഴുതിയ പ്രേമലേഖനം വായിച്ചോ എന്നുള്ള ആകാംഷയായിരുന്നു. ഇപ്പോൾ നേരിട്ട് കണ്ടിട്ടും എന്തുകൊണ്ടാണ് സിമി ആകാശവാണിയിൽ സംപ്രേക്ഷണം ചെയിത പരിപാടിയെക്കുറിച്ചോ അവൾ കത്തയച്ചു എന്നോടുള്ള ഇഷ്ടം എഴുതിയറിയിച്ചതിനെക്കുറിച്ചോ നേരിട്ട് പറയാത്തതെന്നു ഓർത്തുപോയി. അപ്പോഴും എന്റെ മനസ്സിൽ മറ്റൊരു ശങ്കകൂടി ഉടലെടുത്തിരുന്നു. ആകാശവാണിയിലെ പരുപാടിയിൽ വായിച്ച കത്തിലെ സിമിയും വിഷ്ണുവും വേറെയേതെങ്കിലും സ്ഥലത്തുള്ള മറ്റാരെങ്കിലുമായിരിക്കുമോ? ലോകത്തു നമ്മളെപ്പോലെ രൂപസാദൃശ്യത്തിലെ ഏഴുപേരുണ്ടെന്നോ മറ്റും ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. പിന്നീട് ഞാൻ മനസ്സിൽ ചിന്തിച്ചു എപ്പോഴും എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്നത് അവളെ ഇഷ്ടപ്പെടുന്ന പുരുഷനിൽ നിന്നും അവളെ ഇഷ്ടമാണെന്നു തുറന്നു പറയുന്നത് കേൾക്കാൻ കൊതിക്കുന്നുണ്ടായിരിക്കും അതുകൊണ്ടായിരിക്കും സിമിയും എന്നോട് നേരിട്ട് തുറന്നു പറയാത്തത്. ചില വാക്കുകളും കാഴ്ചകളും അങ്ങനെയാണ് നമ്മൾ നേരിൽ കാണുന്നതും കേൾക്കുന്നതും നമ്മളിൽ ഉണ്ടാക്കുന്ന അനുഭൂതി എല്ലായിപ്പോഴും ഇന്ദ്രജാലം വിടർത്തുന്ന അനുഭവ തീക്ഷ്ണത തന്നെയാണ്.

അല്പനേരത്തെ മൗനം വെടിഞ്ഞു ഞങ്ങൾ രണ്ടുപേരും ഒരുപോലെ മൺകുടങ്ങൽ വെള്ളടാങ്കിൽ മുക്കിപ്പിടിച്ചു നിറകുടങ്ങളായി ഉയർത്തി എടുത്തു. പരസ്പരം ജന്മനക്ഷത്രങ്ങളറിയാതിരുന്ന ഞങ്ങൾ അവരവരുടെ ജന്മ നക്ഷത്രങ്ങളെഴുതിയ വൃക്ഷച്ചുവടുകളിലേക്കു നടന്നു. രോഹിണി നക്ഷത്രത്തിൽ ജനിച്ച ഞാൻ ഞാവൽ മരത്തിനു വെള്ളാഴിക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി. മകം നക്ഷത്രക്കാരിയാണെന്നു മനസിലാക്കി തന്നുകൊണ്ടു സിമി പേരാൽ മരത്തിനു വെള്ളമൊഴിക്കുന്നതു ഞാൻ കണ്ടു. അരിമുല്ലപ്പൂക്കൾപോലെ വരിയൊത്ത പല്ലുകൾ ചുണ്ടുകളിൽ പൂത്തുവിടർത്തി സിമി എന്റെ നേർക്ക് പുഞ്ചിരി സമ്മാനിച്ചു. വെള്ളമൊഴിച്ചു കഴിഞ്ഞു കാലിയായ കുടം ഞാൻ മരച്ചുവട്ടിൽ വെച്ചതിനുശേഷം സിമിയുടെ അടുത്തേക്കു ചെന്നു. എന്റെ ഹൃദയത്തിൽ നിന്നും സ്നേഹത്തിന്റെ മർമ്മരം കേട്ട് തുടങ്ങിയത്തോടെ കഥകൾ മെനയുന്ന കൃഷ്ണമണികൾ ചുക്കോടുചുറ്റും കൺമുനയെറിഞ്ഞു നിർത്തമാടുന്നുണ്ടായിരുന്നു. ഈറനണിഞ്ഞ കൈവിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. തൊണ്ടയിൽ നിന്നും വാക്കുകൾ പതിയെ ഞാൻ പുറത്തേക്കു നൂലിൽകെട്ടിയിറക്കുന്നപോലെ മന്ത്രിച്ചു. സിമി... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു... കേൾക്കട്ടെ എന്ന ഭാവത്തിൽ അവളുടെ കാതുകൾ എന്റെ നേർക്ക് കൂർപ്പിച്ചുകൊണ്ടു സിമി ഒന്ന് മൂളി. പറയെടോ... നമുക്ക് ആ ആൽമരത്തറയുടെ അവിടെയിരുന്നു സംസാരിക്കാം. അങ്ങോട്ടേക്ക് പോകാം വരൂ. അമ്പലത്തിൽ തൊഴാൻ വരുന്നവരുടെ തിരക്കുകുറവായതിനാലാണോ അതോ എന്നിലുള്ള വിശ്വാസത്തിന്റെയോ സ്നേഹത്തിന്റെയോ ലാഞ്ചനയുടെ ഭാഗമായിട്ടാണോന്നറിയില്ല സിമി വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചുകൊണ്ടു എന്റെ പിന്നാലെ ആൽമരത്തറയിലേക്കു വന്നു.

അരപ്പട്ട കിട്ടിയതുപോലെ ആൽമരത്തിന്റെ നാണം മറയ്ക്കുവിധം വിവിധ നിറത്തിലുള്ള ഉടയാടകൾ കൂട്ടികെട്ടി ആൽമരത്തിനെ ഉടുപ്പിച്ചിരുന്നു.  ആൽമരത്തറയിൽ ഞാൻ കൈകൾ കുത്തി ചാടിക്കയറിയിരുന്നു. സിമിയും എന്റെ അടുത്ത് തന്നെ ആൽമരത്തറയെ ചാരി നിന്നു. സഭാകമ്പം ഉരുത്തിരിഞ്ഞപോലെ ഞങ്ങൾ രണ്ടുപേർക്കുമിടയിൽ നേരിയ നിശ്ശബദ്ധത ഉടലെടുത്തു. വീദുരതയിലേക്കു കണ്ണെറിഞ്ഞു ഞാൻ സിമിയോട് സംസാരിച്ചു തുടങ്ങി. ചുറ്റമ്പലത്തിനു മേലെ പറന്നു പ്രാവുകൾ കൂട്ടമായി അമ്പലനടയിൽ പറന്നിറങ്ങി നെല്മണികൾ കൊത്തിത്തിന്നാൻ തുടങ്ങി. ഇടപ്രാവുകൾ കുറക്കാൻ തുടങ്ങുന്നതിനിടയിൽ സിമി എന്നോട് ചോദിച്ചു. തനിക്കു എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്. ഞാൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി. അവളുടെ കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. അതുവരെ എന്നിൽ നിലനിന്നിരുന്ന ഭയം ഞാൻ മറന്നുപോയി. അവളുടെ കവിളിലെ അരുണിമ എന്റെ ഹൃദയത്തെ സ്പർശിച്ചു. ഹൃദയത്തിന്റെ അഗാധതയിൽ നിന്നും എന്റെ സ്നേഹത്തിന്റെ ഭാഷ എന്റെ നാവിലൂടെ സിമിക്ക് വേണ്ടി മൊഴിഞ്ഞു തുടങ്ങി. 

സിമി.... എന്റെ മനസ്സിൽ ഒരുപാടു കാലമായി കൊണ്ടുനടക്കുന്ന ഒരു കാര്യമാണ് ഞാൻ ഇപ്പോൾ നിന്നോട് തുറന്നു പറയാൻ പോകുന്നത്. ഒന്നും അറിയാത്ത ഭാവത്തിൽ അവൾ എന്നോട് ചോദിച്ചു... എന്താ....? എന്റെ വാക്കുകൾ കേട്ടതിനുശേഷം തന്റെ മറുപടി എന്താണ് താൻ പറയാൻ പോകുന്നതെന്നോ അതിനെ എങ്ങിനെ പ്രതികരിക്കുമെന്നോ എനിക്കറിയില്ല. പക്ഷേ എനിക്ക് പറയാനുള്ളത് എല്ലാം ഞാൻ കഴിഞ്ഞ ദിവസം എഴുതി തന്റെ ബുക്കിൽ വെച്ചിരുന്നു. അത് താൻ വായിച്ചു കാണുമോ എന്നും എനിക്കറിയില്ല. സൗഹൃദത്തിനപ്പുറം എനിക്ക് തന്നെ ഒരുപാടു ഇഷ്ടമായി തുടങ്ങിയിട്ട് നാളുകളായി. അത് തന്നോട് തുറന്നു പറയാൻ ഞാൻ വല്ലാതെ ബത്തപ്പെട്ടിരുന്നു. പക്ഷേ ഇനിയും പറഞ്ഞില്ലേൽ എന്റെ മനസിനെ എനിക്ക് നിയത്രിക്കാൻ കഴിയാതെ പോകുന്ന അവസ്ഥയിലേക്ക് ചേക്കേറുകയാണ്. എന്തോ ആലോചനയിൽ മുഴുകി നിന്ന സിമിയെ ഞാൻ വിളിച്ചു. സിമി.... താൻ കേൾക്കുന്നുണ്ടോ? തല താഴ്ത്തിനിന്ന സിമി കേൾക്കുന്നുണ്ടെന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളിലെ കൃഷ്ണമണിയിൽ തെളിഞ്ഞ എന്റെ പ്രതിബിംബത്തെ നോക്കി ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. സിമി... എനിക്ക് തന്നെ ഒരുപാടു ഇഷ്ടമാണ്.. എന്റെ ജീവിതപങ്കാളിയായി ഒരുമിച്ചുള്ള എന്റെ ജീവിതയാത്രയിലേക്കു ഞാൻ തന്നെ ക്ഷണിക്കുന്നു.

(തുടരും.....)

Read:

https://emalayalee.com/writer/278

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക