Image

അമ്പട രാവണാ ! കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയത് ഇരുന്നൂറ്റമ്പതു സ്ത്രീകള്‍ക്ക്

ദുര്‍ഗ മനോജ്  Published on 01 March, 2024
അമ്പട രാവണാ ! കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയത് ഇരുന്നൂറ്റമ്പതു സ്ത്രീകള്‍ക്ക്

സംഭവം നടന്നത് ബാംഗ്ലൂരിലാണ്. ചിക്ക് പേട്ടിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ നരേഷ് പുരി എന്ന രാജസ്ഥാന്‍ സ്വദേശിയായ നാല്പത്തഞ്ചുകാരനാണ് വിവിധ സംസ്ഥാനങ്ങളിലെ യുവതികള്‍ക്ക് കസ്റ്റംസ് ഓഫീസര്‍ ആണെന്നു പറഞ്ഞ് വിവാഹ വാഗ്ദാനം നല്‍കിയത്. പ്ലസ് ടു വരെയാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യത. പവന്‍ അഗര്‍വാള്‍, അങ്കിത് ജെയിന്‍ എന്ന പേരുകളില്‍ ഇയാള്‍ മാട്രിമോണി സൈറ്റില്‍ പേരു റജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പു നടത്തിവന്നത്. പുനര്‍വിവാഹത്തിനായി അപേക്ഷിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിക്കാന്‍ തിരഞ്ഞെടുത്തിരുന്നത്. കൊയമ്പത്തൂര്‍ സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്. നരേഷ് പുരി വിളിച്ച പ്രകാരം കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരില്‍ നിന്ന് പതിനായിരം രൂപ ഇയാള്‍ തട്ടിയെടുത്തു.തുടര്‍ന്ന് ഇവര്‍ നല്‍കിയ കേസിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നരേഷിനെ റെയില്‍വേ പോലീസ് പിടികൂടിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട്, യു പി, ഡല്‍ഹി എന്നിവിടങ്ങളിലും സമാനമായ കേസുകളുണ്ട്.

രണ്ടാം വിവാഹം എന്നു പറയുമ്പോള്‍ ഏറെ അന്വേഷണങ്ങള്‍ക്കു ബന്ധുക്കള്‍ക്കും താത്പര്യം കുറയും. മിക്കപ്പോഴും ഡിവോഴ്‌സിന്റെ ആഘാതത്തില്‍ നിന്നും പുറത്തു കടന്നിട്ടേ ഉണ്ടാവുകയുള്ളൂ പലരും. അതിനാല്‍ത്തന്നെ മാട്രിമോണി കോളത്തില്‍ വരുന്ന ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അധികം ചിന്തിക്കില്ല. ഈ അവസ്ഥയാണ് നരേഷ് പുരിയെപ്പോലുള്ളവര്‍ മുതലാക്കുന്നത്.
എന്നാലും ഒരു തട്ടിപ്പുകാരന് ഇരുന്നൂറ്റമ്പതു സ്ത്രീകളെ പറ്റിക്കാന്‍ കഴിഞ്ഞു എന്നത് ഗൗരവമേറിയ കാര്യമാണ്.

പരാതികള്‍ക്കു പിന്നാലെ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക