Image

ഇണകൾ; എന്റെ അച്ഛനും അമ്മയും (ഇന്ദു മേനോൻ)

Published on 15 February, 2024
ഇണകൾ; എന്റെ അച്ഛനും അമ്മയും (ഇന്ദു മേനോൻ)

എൻറെ ചെറുപ്പത്തിൽ വാലന്റൈൻ ഡേ ഉള്ളതായോ അതിന് ഇണകൾ പരസ്പരം സമ്മാനം കൊടുക്കുന്നതായോ  എനിക്കറിയുമായിരുന്നില്ല.

എൻറെ അച്ഛനും അമ്മയും ഇണകളായിരുന്നു എന്ന് പോലും ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്.

അവർ തമ്മിലുള്ള വർത്തമാനവും കൊളുത്തും പാരസ്പര്യവും  കളിയാക്കലും ഒക്കെ കാരണം ഒരു സോക്കോൾഡ് പ്രേമം അവർക്കിരു പേർക്കും ഉള്ളിൽ ഉള്ളതായും എനിക്കറിയുമായിരുന്നില്ല.

ഒരു ബാലൻ ദിന സമ്മാനം പോലും അവർ പരസ്പരം നൽകിയതായി എനിക്കറിയില്ല.പിന്നല്ലേ പ്രണയദിനം !

2019 ൽ അമ്മ മരിച്ചു പോയപ്പോൾ അച്ഛൻ കരയിൽ പിടിച്ചിടപ്പെട്ട ഒരു മത്സ്യത്തെ പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു.

പിന്നെ ഇത് ഇതുവരെ സമര ജീവിതം  ആയിരുന്നു.അദ്ദേഹത്തിൻറെ ഏകാന്തതയിൽ അവർ തമ്മിലുള്ള പ്രേമം എനിക്ക് സുശക്തമായി അനുഭവപ്പെട്ടു

അക്കാലങ്ങളിൽ എല്ലാം അവർ രഹസ്യമായി പ്രണയദിനത്തിന് സമ്മാനങ്ങൾ കൈമാറിയിരുന്നതായി എനിക്ക് തോന്നി.

ഇന്നത് സത്യമായി ......

എൻറെ അമ്മയ്ക്ക് എൻറെ അച്ഛൻ അദ്ദേഹത്തിൻറെ ഏറ്റവും വിലപ്പെട്ട  സമ്മാനം നൽകി. സ്വന്തം പ്രാണൻ

അമ്മയുടെ അരികിലേക്ക് അദ്ദേഹം മുഴുവൻ സ്നേഹവും വാരിയെടുത്തു കൊണ്ട് പോയി.....

ഈ ഒരു വാലൻ്റെൻ ദിവസം അവർ പേരും പ്രാണൻ കൊടുത്ത് പരസ്പരം സ്നേഹിച്ചു.

ശ്വാസം വലിക്കുകയോ കിതക്കുകയോ കണ്ണുകൾ പുറത്തേക്ക് വരികയുണ്ടായില്ല. ഒരു പൂതൊഴിയുന്നതുപോലെ നിശബ്ദമായി......

ഒരുപക്ഷേ കുഞ്ഞ് പക്ഷി പതിയെ മിടുപ്പ് കെട്ട് തളർന്ന് വീണ് മരിച്ചു പോകുന്നതുപോലെ ശാന്തമായി .......
 എൻറെ അച്ഛൻ മരിച്ചുപോയി.

ആ മുഖത്ത് മരണം തൊട്ട അടയാളങ്ങൾ ഇല്ല.ആശാന്തിയില്ല രോഗ പീഡയോ വേദനകളോ ഇല്ല. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം കെട്ടു പോകുന്നതുപോലെ സൗമ്യമായി അദ്ദേഹം ഈ പ്രപഞ്ചത്തിൽ നിന്നും യാത്ര പറഞ്ഞു

95 വയസ്സ് വരെ എനിക്കൊപ്പം ജീവിക്കുമെന്ന് സത്യം ചെയ്തു തന്നിരുന്നു.
മകളെയും പേരക്കുട്ടിയെയും പ്രാണനായിരുന്നു. എല്ലാ വാക്കും മറന്ന് അദ്ദേഹം ഞങ്ങളെ ഇട്ടു പോയി.. 

❤️ യൂ അച്ഛാ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക