Image

ജാനകിയെന്നാൽ ( കഥ : രമണി അമ്മാൾ )

Published on 29 January, 2024
ജാനകിയെന്നാൽ ( കഥ : രമണി അമ്മാൾ )

പതിനാലാമത്തെ വയസ്സിൽ വിധവയായതാണു 
ജാനകി. 

അന്നൊക്കെ
അന്നാട്ടിലെ പുരുഷകേസരികളുടെ ചിന്തകളിൽ അവളെക്കുറിച്ചോർത്തുളള വേവലാതികളായിരുന്നു കൂടുതലും..

കല്യാണം കഴിഞ്ഞിട്ട് കഷ്ടിച്ച് ഒരുമാസം
കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. ജാനകിയുടെ ഭർത്താവ് പപ്പനെ
ആര്യങ്കാവു തോട്ടത്തിൽ ജോലിക്കെന്നു പറഞ്ഞ് ആരോ കൂട്ടിക്കൊണ്ടുപോയതാണ്.  

പിന്നെയൊരു മൂന്നുമാസം..
പായയിൽ തെറുത്തുകെട്ടിയ ശവമായാണ് അവൻ നാട്ടിലെത്തിയത്. 

കൊന്നതാണോ, ചത്തതാണോ എന്നാരും തിരക്കിയുമില്ല.. പ്രായമായ അപ്പനും അമ്മയും.."കേസിനും കൂട്ടത്തിനുമൊക്കെ പോയാലു പുകിലാവും.. പോവാനൊള്ളോരങ്ങുപോയി...ഇനി തിരിച്ചു വരൂല്ലല്ലോ.."
ബന്ധുക്കളും നാട്ടാരിൽ ചിലരും പറഞ്ഞു..

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലെ കല്യാണം ജാനുവിന്
ഒരു തമാശപോലെ
ആയിരുന്നു..
ചെറുക്കന്റെ വീട്ടിൽ താമസം... പകൽനേരങ്ങൾ സമപ്രായക്കാരായ കുട്യോൾടെ കൂടെ കളീം ചിരിം..

ചെറുക്കന്റെ അമ്മേടെ കൂടെയാണു
രാത്രിയുറക്കം..
"തിരണ്ടു കഴിഞ്ഞേ
കെട്ടിയോനുമൊത്തു സഹശയനം പാടുളളൂ.."

അമ്മ കാണാത്ത തക്കംനോക്കി
കെട്ടിപ്പിടുത്തവും ഉമ്മവെപ്പുമൊക്കെ പപ്പന്റെ കുസൃതിയായിരുന്നു.
അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.
"നിന്റെ പെണ്ണിന്റെ തിരണ്ടുകുളി കഴിഞ്ഞിരിക്കുന്നു...വെക്കം വായോ.".

അപ്പൻ എഴുതിയയച്ച കത്ത് പപ്പനു കിട്ടിയിരുന്നോ എന്തോ..!
ഒരു ശൈശവ
വിവാഹത്തിന്റെ രക്തസാക്ഷി...
മകന്റെ വേർപാടിൽ മനംനൊന്താവും പപ്പന്റെ അപ്പൻ രോഗ ശയ്യാവലംബിയാകാതെ പെട്ടെന്നു മരിച്ചു.

ഒന്നിനെപ്പറ്റിയും വേവലാതികളോ, പരിഭവങ്ങളോ വിഷമങ്ങളോ
കാണിക്കാതെ പപ്പന്റെ അടച്ചുറപ്പില്ലാത്ത വീട്ടിൽ, വയസ്സായ അമ്മയ്ക്കൊപ്പം ജാനു കഴിഞ്ഞു.. അവളുടെ കുട്ടിക്കളികളെല്ലാം കാലം മാറ്റി..

അന്നൊരു പാതിരാവിൽ പപ്പുവിന്റെ അമ്മ കയറ്റു കട്ടിലിൽ
കൂർക്കം വലിച്ചുറങ്ങു
മ്പോൾ കോയിപ്രത്തെ  രഘുവരൻ ചെറ്റക്കതക് തളളിമാറ്റി,
അകത്തുകയറി  
ജാനകിയെ  എടുത്തുകൊണ്ടുപോയി.
ഒന്നു കുതറാനോ ഒച്ചവച്ചു ബഹളമുണ്ടാക്കാനോ അവൾ മുതിർന്നില്ല.

ആരാധനയോടെ ഒളിഞ്ഞുനിന്ന് രഘുവരന്റെ പുരുഷസൗന്ദര്യം അവൾ ആസ്വദിച്ചിരുന്നു..
ആണിന്റെ മണവും ഗുണവും അറിഞ്ഞിട്ടില്ലാത്തവൾ.!.

ഒട്ടും ചെറുത്തുനിൽപ്പുണ്ടായില്ല,  ഇഷ്ടക്കേടിന്റെ  മുറുമുറുപ്പില്ല,
രഘുവരനെ ഇറുകെപ്പുണർന്ന്,
അയാളുടെ തോളിലങ്ങനെ കിടന്നു..

കോയിപ്രത്തെ 
നെല്ലുപുരയിലേക്കാണു അയാൾ അവളെ കൊണ്ടുപോയത്. 
ഇങ്ങനെയൊരു സംഗമം അവൾ ആഗ്രഹിച്ചിരുന്നുകാണും... 

ഇരുട്ട്, കുളിർമഞ്ഞിന്റെ 
പുതപ്പിനുളളിൽ ശാന്തമായുറങ്ങു
മ്പോൾ അവളെ അയാൾ തിരികെയെത്തിച്ചു...
ആദ്യമായും അവസാനമായും ജാനുവിനെ പ്രാപിച്ച പുരുഷൻ..

മിക്ക ദിവസങ്ങളിലും
അവരുടെ സംഗമം തുടർന്നു...
"നീയെനിക്കുളള
താണ്"..രഘുവരന്റെ പറയാതെ പറയുന്ന കണ്ണുകൾ...

അവൾക്കു വേണ്ടുന്നതെല്ലാം അയാൾ രഹസ്യമായി
അവളുടെ വീട്ടിലെത്തിച്ചു
കൊടുക്കുന്നുണ്ടായിരുന്നു.പപ്പന്റെ അമ്മ, എല്ലാം അറിയുന്നുണ്ടായിരുന്നുവെങ്കിലും, അറിയാത്ത നാട്യം തുടർന്നു..

പക്ഷേ...
ആരോ  മണത്തറിഞ്ഞിരിക്കുന്നു..
രാത്രികാലങ്ങളിലെ ഒളിസേവ നാട്ടിൽ പയ്യെ പാട്ടായി... 
ആരും.. ഒന്നും..  നേരെനിന്നു പ്രതികരിച്ചില്ല...

കോയിപ്രത്തെ രഘുവരൻ പൊറുപ്പിച്ചുകൊണ്ടിരിക്കുന്നവളെ
മറ്റൊരുവന് ഒന്നു നോക്കാൻ കൂടി ഭയമായിരുന്നു...

"... എനിക്ക് നിങ്ങടെ ഒരു പിളളയെ പ്രസവിക്കണം." ജാനുവിന്റെ ആഗ്രഹം
രഘുവരനെ  ഞെട്ടിച്ചു..

"നിങ്ങളാണ് അതിനുത്തരവാദിയെന്ന് എന്നെ കൊന്നാപ്പോലും ആരോടും പറയൂല്ല.. "
നാട്ടിൽ പാട്ടായിക്കൊണ്ടിരുന്ന 
രഹസ്യം എല്ലാത്തിനുമുത്തരമാകുമല്ലോ..

രഘുവരന് 
ജാനുവിനോടാദ്യം വെറും ഭോഗമോഹമായിരു
ന്നെങ്കിലും, പോകെപ്പോകെ അയാൾ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.. 

പക്ഷേ....ജാനുവിന്റെ മോഹസാക്ഷാത്ക്കാരം..അടിയാത്തിപ്പെണ്ണിന്റെ വയറ്റിൽ തന്റെ വിത്തു മുളച്ചുകൂടാ..

അങ്ങിനെ സംഭവിച്ചാൽ മുങ്ങിമരിച്ച രണ്ടു രണ്ടു ശരീരങ്ങൾ പമ്പയിലൂടെ ഒഴുകിനടന്നേക്കും..

മരുമകന്റെ രഹസ്യ ബന്ധം
കോയിപ്രത്തെ കാരണവരുടെ ചെവിയിലുമെത്തി.. 
ഒന്നും അറിഞ്ഞതായി നടിക്കാതെ  രഘുവരനെ രായ്ക്കുരാമാനം കാരണവർ
നാടുകടത്തി..

ജാനുവിന്റെ കഥ പിന്നെ നാട്ടിലാരും പാടി നടന്നുമില്ല...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക