Image

പുതുവർഷത്തെ ആരോഗ്യ കാര്യങ്ങളിൽ തീരുമാനമെടുത്തോ?  ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, മാറ്റം സുനിശ്ചിതം (ദുര്‍ഗ മനോജ്‌)

ദുര്‍ഗ മനോജ്‌ Published on 04 January, 2024
പുതുവർഷത്തെ ആരോഗ്യ കാര്യങ്ങളിൽ തീരുമാനമെടുത്തോ?  ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, മാറ്റം സുനിശ്ചിതം (ദുര്‍ഗ മനോജ്‌)

ഒരു പുതുവർഷം നമ്മുടെ ആരോഗ്യപരമായ കാര്യങ്ങളിൽ  പുതിയ തുടക്കത്തിനു പറ്റിയ സമയമാണ്. പുതുവർഷ തീരുമാനങ്ങളിൽ ഭൂരിപക്ഷവും തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാവും എന്നാണ് കണ്ടെത്തൽ.

2024-ൽ  ആരോഗ്യ കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ വിജയകരമായി നടപ്പാക്കുന്നതിനുള്ള മൂന്നു നിർദ്ദേശങ്ങൾ ഇതാ.

1. ആവശ്യകതയെ അടിസ്ഥാനമാക്കി കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ സജ്ജമാക്കുക

പലപ്പോഴും, സാക്ഷാത്കരിക്കപ്പെടാൻ യാതൊരു സാധ്യതയും ഇല്ലാത്ത ലക്ഷ്യങ്ങളാണ് ഉണ്ടാക്കുന്നതെങ്കിൽ, അത് നിരാശാജനകവും നിരുത്സാഹപ്പെടുത്തുന്നതുമായി മാറും. അതായത് ശരീരഭാരം മൂന്നുമാസം കൊണ്ട് മുപ്പതു കിലോ കുറയ്ക്കുക, ദിവസവും മൂന്നു മണിക്കൂർ വർക്കൗട്ട് ചെയ്യുക തുടങ്ങിയ രീതിയിലുള്ള പ്രതിജ്ഞകൾ നടപ്പാക്കാൻ യാതൊരു സാധ്യതയുമില്ലാത്തതാണ്. ഉദാഹരണത്തിന്, ഒരു വ്യായാമജീവിതരീതി ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ആഴ്ചയിൽ പലതവണ 30 മിനിറ്റ് നേരത്തേക്ക് നടക്കാൻ തുടങ്ങുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കാം. അതു പ്രാവർത്തികമാക്കാൻ കൂടുതൽ എളുപ്പമാണ്. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമങ്ങൾ രോഗ നിയന്ത്രണത്തിനും, പ്രതിരോധത്തിനും സഹായിക്കും. തീർത്തും സ്വാഭാവിക ചുറ്റുപാടിൽ ഏറെക്കുറെ ചിട്ടയോടെ നടപ്പിലാക്കാവുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർത്താൽ, കൂടുതൽ മികച്ച ലക്ഷ്യങ്ങൾ സെറ്റു ചെയ്യാം.

2. ഒരു പിന്തുണാ സംവിധാനം ഉണ്ടായിരിക്കുക

ഒരു ലക്ഷ്യം സെറ്റ് ചെയ്തതു കൊണ്ടുമാത്രം കാര്യമില്ല. ആ ലക്ഷ്യത്തിലേക്കു പിന്തിരിഞ്ഞോടാതെ നയിക്കാൻ ഒരു സപ്പോട്ടർ വേണം! അതായത് രാവിലെ വീട്ടിലെ മുതിർന്ന അംഗങ്ങളോ കൂട്ടുകാരോ, അല്ലെങ്കിൽ പങ്കാളിയോ ആരെങ്കിലും ഒരാൾ എന്താ ഇന്നു നടക്കാൻ പോകുന്നില്ലേ എന്നു ചോദിക്കാനും വേണമത്രേ. അങ്ങനെ ആരും ചോദിക്കാനില്ലെങ്കിൽ മടി പിടിച്ച് ലക്ഷ്യം പാതിവഴിയിൽ ഉപേക്ഷിക്കുമത്രേ. ഒരാൾ എന്തായി എന്തായി എന്നു ചോദിച്ചാൽ എങ്ങനെ ഒളിച്ചോടും ലക്ഷ്യത്തിൽ നിന്ന്? മാത്രവുമല്ല ഇങ്ങനെ ഒരാളുടെ സാന്നിധ്യം, നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുമെന്നു പഠനങ്ങൾ പറയുന്നു. ഒരു വ്യക്തിക്കു മേൽ മറ്റൊരാളുടെ സാമിപ്യം അല്ലെങ്കിൽ സ്വാധീനം സാമൂഹിക ബന്ധങ്ങളുടെ ശക്തി കൂട്ടുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത്.

3. പ്രസന്നതയോടെ ജീവിക്കുക

നെഗറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രചോദനം ഇല്ലാതാക്കും.
മനുഷ്യർ പലപ്പോഴും അവർ നിശ്ചയിച്ച കാര്യങ്ങൾ നടക്കാതിരുന്നാൽ എല്ലാം നഷ്ടപ്പെട്ട പോലെ ചിന്തിക്കും. ഇത് ജീവിതം വല്ലാതെ പിരിമുറുക്കം നിറഞ്ഞതാക്കും. അശുഭചിന്തകൾ നിറഞ്ഞാൽ മനുഷ്യർ അവരുടെ ലക്ഷ്യങ്ങൾ ഉപേക്ഷിക്കുന്നു. ഏതൊരു പ്രശ്നത്തിനും ഉതകുന്ന ഒരു പരിഹാരം ഉണ്ടാകും. അതു നമ്മൾ ഉദ്ദേശിക്കുന്നതോ ചിന്തിക്കുന്നതോ മാത്രമായിരിക്കില്ല എന്നതാണ് തിരിച്ചറിയേണ്ട കാര്യം. അതിനാൽ പ്രതീക്ഷ കൈവിടാതിരിക്കുകയാണു പ്രധാനം.നല്ല ചിന്തകൾ നിറഞ്ഞാൽത്തന്നെ ആരോഗ്യവും നന്നാക്കാം. അതിനാൽ വളരെ പ്രധാനമാണ് സ്വയം സന്തോഷത്തിൽ തുടരുക എന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക