Image

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ! കേരളാ പോലീസും പെട്ടു ഓണ്‍ലൈന്‍ തട്ടിപ്പില്‍, കാശു പോകാത്തതു കൊണ്ട്  മാനം രക്ഷപ്പെട്ടു( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 27 December, 2023
തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ! കേരളാ പോലീസും പെട്ടു ഓണ്‍ലൈന്‍ തട്ടിപ്പില്‍, കാശു പോകാത്തതു കൊണ്ട്  മാനം രക്ഷപ്പെട്ടു( ദുര്‍ഗ മനോജ് )

അതെ, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നിരന്തര ജാഗ്രതാ സന്ദേശങ്ങള്‍ അയക്കുന്ന കേരളാപോലീസിനെ പറ്റിക്കാനും ഓണ്‍ലൈന്‍ തട്ടിപ്പുവീരന്മാര്‍! പോലീസ് കമ്മീഷണര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും തട്ടിപ്പു സംഘം തട്ടിയെടുത്തത് ഇരുപത്തയായിരം രൂപ. ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട്‌സ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


സൈബര്‍ ക്രൈം പോലീസ് സമയോചിതമായി നടത്തിയ ഇടപെടലിലൂടെ തട്ടിയെടുത്ത പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നതു തടയാന്‍ കഴിഞ്ഞു. അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും 18 നാണ് പണം നഷ്ടമായത്. അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കാഷ്യര്‍ ആണ്. കാഷ്യറുടെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്കാണ് ബാങ്കില്‍ നിന്നും എന്നു പറഞ്ഞ് മെസേജ് എത്തിയത്. 24 മണിക്കൂറിനുള്ളില്‍ കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കപ്പെടും എന്നായിരുന്നു സന്ദേശം. ഇതു വിശ്വസിച്ച കാഷ്യര്‍ ആ സന്ദേശത്തില്‍ നല്‍കിയ ലിങ്കില്‍ കയറി ഒ റ്റി പി ഷെയര്‍ ചെയ്തു.ഉടന്‍ അക്കൗണ്ടില്‍ നിന്നും 25000 രൂപ പിന്‍വലിക്കപ്പെട്ടു. ഉടന്‍ തന്നെ ഓഫീസര്‍ 1930 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചു. അന്വേഷണത്തില്‍ തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലേക്കു പണം മാറ്റിയതായി കണ്ടെത്തി. എന്നാല്‍ ആ അക്കൗണ്ടിലേക്കു പണം എത്തുന്നതു തടയാന്‍ പോലീസിനു കഴിഞ്ഞു. അതിനാല്‍ കാശ് തിരിച്ചുകിട്ടി. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

ഒരു ബാങ്കില്‍ നിന്നും എന്തിന്റെ പേരിലും നമ്മുടെ ഫോണില്‍ വരുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന ലിങ്കില്‍ കയറി ഒ റ്റി പി നല്‍കാന്‍ ആവശ്യപ്പെടുന്നതായിക്കണ്ടാല്‍ അത് തട്ടിപ്പാണ് എന്ന് ഉറപ്പിക്കാം. നമ്മുടെ നാട്ടിലെ ഒരു ബാങ്കും അങ്ങനെ ആവശ്യപ്പെടില്ല. സംശയം തോന്നിയാല്‍ ബാങ്കിന്റെ നമ്പറില്‍ വിളിക്കുകയോ, ബാങ്കില്‍ ചെന്ന് സംശയം തീര്‍ക്കുകയോ ചെയ്യണം. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൂര്‍ണജാഗ്രത അത്യാവശ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക