Image

ജീവിത താളം ( കഥ : രമണി അമ്മാൾ )

Published on 17 December, 2023
ജീവിത താളം ( കഥ : രമണി അമ്മാൾ )

ആശ്രിത നിയമനം വഴി സെക്ഷനിൽ പുതിയതായി ജോയിൻ ചെയ്ത കുട്ടിയാണ് ലക്ഷണ.
ക്ളറിക്കൽ പോസ്റ്റിൽ തല്ക്കാലം ഒഴിവില്ലാത്തതിനാലാണ് അറ്റൻഡറാ
യുളള നിയമനം.
ജോയിൻചെയ്യിക്കാൻ കൂടെവന്ന 
അമ്മ മുഴുവൻസമയവും  എന്റെ അടുത്തായിരുന്നു
ഇരുന്നിരുന്നത്. 
"വൈകുന്നേരം മകളോടൊപ്പമല്ലേ പോകുന്നുള്ളൂ..."
ഞാൻ ലോഹ്യം ചോദിച്ചു...
"അതേ മോളെ.. ഇവളു പഠിക്കാനല്ലാതെ
വീടിനു വെളിയിലിറങ്ങിയിട്ടില്ല. ഇന്നൊരു ദിവസം അങ്ങനെയാവാംന്നു 
വിചാരിച്ചു.
ഒരു മോളുകൂടിയുണ്ട്,
അർച്ചന, അവൾക്ക് വീടിനടുത്തുളള പ്രസ്സിൽ ചെറിയൊരു ജോലിയുണ്ട്."
വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ അവരിങ്ങോട്ടു പറഞ്ഞുകൊണ്ടിരുന്നു.... നാട്ടുമ്പുറത്തിന്റ 
നിഷ്ക്കളങ്കത..!
ആളൊരു തമിഴത്തിയാണ്..
ചെറുപ്പത്തിൽ ബന്ധുക്കളാരോ വീട്ടുവേലയ്ക്കു കേരളത്തിലേക്കു കൊണ്ടുവന്നതാണ്.
ജോലിക്കുനിർത്തിയിരുന്ന
വീടിനടുത്തായിരുന്നു ദാസേട്ടന്റെ വീട്..
ഞങ്ങൾ ഇഷ്ടത്തിലായി. വീട്ടുകാർ എതിർത്തിട്ടും സ്വപ്നംകാണാൻപോലും അർഹതയില്ലാതിരുന്ന ഒരു ജീവിതം എനിക്കു ദാസേട്ടൻ തന്നു. 
ഇതിനിടെ
ആരോഗ്യ വകുപ്പിൽ
ദാസേട്ടനൊരു ജോലിയും കിട്ടി. ഞങ്ങൾക്കു രണ്ടു മക്കളും..
റിട്ടയർ ചെയ്യാൻ അഞ്ചുവർഷംകൂടി യുളളപ്പോഴാണ് ദാസേട്ടൻ മരിക്കുന്നത്." 
വളരെ നേരത്തേക്ക് അവർ പിന്നെ സംസാരിച്ചതേയില്ല..
ഓർമ്മയുടെ ഓളങ്ങളിൽ ആടിയുലയുകയായിരുന്നിരിക്കണം.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുള്ള
ഒരു രണ്ടാം ശനിയാഴ്ച;
ഉച്ചയുറക്കത്തിലേക്കൊന്നു വഴുതാൻ തുടങ്ങുമ്പോൾ വീടിനുമുന്നിൽ ഓട്ടോ വന്നുനില്ക്കുന്ന ശബ്ദം. ആരാവുമോ എന്തോ.. 
ഒരു കൂട്ടർ  ഇന്നിപ്പോൾ വന്നു പോയതേയുളളൂ..
പട്ടണനടുവിൽ താമസമായതുകൊണ്ട് മിക്കപ്പൊഴും ആരെങ്കിലുമൊക്കെ ഗസ്റ്റുകളായുണ്ടാവും..
ലക്ഷണയുടെ അമ്മയും അനിയത്തിയും..
പ്രസ്സ് മുതലാളിയുടെ മകനുമായുളള അർച്ചനയുടെ പ്രണയം...
വിവാദങ്ങളും ബഹളവുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയം. 
ആ പയ്യൻ അവരുടെ വീട്ടിലെ നിത്യസന്ദർശക
നായിരുന്നത്രേ...
അമ്മയുടെ ഒത്താശയും കൂടിയുണ്ടെന്നു ലക്ഷണയ്ക്കു തോന്നി. അക്കാരണത്താലാണ് ലക്ഷണ  ഓഫീസിനടുത്തുളള ഹോസ്റ്റലിലേക്ക് താമസം മാറ്റിയതെന്ന്, ഓഫീസിൽ  എനിക്കു മാത്രം അറിയാവുന്ന കാര്യം...
അമ്മയും മകളുംകൂടി തന്നെക്കാണാൻ വന്നിരിക്കുന്നതും അതുകൊണ്ടാവും..
ചേച്ചിയെപ്പോലെ സുന്ദരിയാണ് അനിയത്തിയും..
"വരൂ...എന്താ ഈ വഴിയേ..."
"മോളേ..കാണാൻവേണ്ടിത്തന്നെയാണ്. വിശേഷങ്ങ
ളൊക്കെ ലച്ചു പറഞ്ഞറിഞ്ഞിട്ടുണ്ടാവുമല്ലോ...
മോള് അവളോടൊന്നു പറയണം..അവളു കരുതുന്നപോലെ അർച്ചനയുടെ കാര്യത്തിൽ അമ്മ, ഒന്നിനും കൂട്ടുനിന്നതല്ലായെന്ന്... 
ഒക്കെ സംഭവിച്ചു പോയതാ മോളെ.
ആ പയ്യന്റെ ആദ്യവിവാഹം ഒഴിയാൻ കേസു കോടതിയിൽ നില്ക്കുമ്പോഴാണ് അർച്ചനയോട് അവനിഷ്ടം
തോന്നിയത്..
മറ്റേ പെങ്കൊച്ചു   പിണങ്ങിപ്പോയി കേസുകൊടുക്കാനൊന്നും അർച്ചന ഒരു കാരണമേയല്ല മോളേ.. 
ഇപ്പോൾ ഇവരുടെ കല്യാണം നടത്തണമെങ്കിൽ കേസിന്റെ വിധിവരണം. ഇവളിപ്പോൾ രണ്ടുമാസം ഗർഭിണിയുമായി.
സംഭവിച്ചു പോയില്ലേ മക്കളേ..
തല്ലാനോ കൊല്ലാനോ പറ്റുമോ.."

ആശുപത്രിയിൽ ചെക്കപ്പിനു പോയേച്ചും വരുന്ന വഴിയാണു ഞങ്ങൾ.
ലച്ചൂനോടു മോളിതൊക്കെയൊന്നു പറയണം.."
"അനിയത്തിയുടെ ഗർഭക്കാര്യം ചേച്ചി അറിഞ്ഞിട്ടില്ലേ..."
അമ്മയുടെ മൗനം, അവൾ അറിഞ്ഞിട്ടുണ്ടാവും.
"ലക്ഷണ ഹോസ്റ്റലിൽത്തന്നെ
തുടരുന്നതല്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്.. 
ദിവസവും വീട്ടിൽ നിന്നിത്രദൂരം വന്നുംപോയുമുളള
ബുദ്ധിമുട്ടും ഒഴിവാകും....

അവൾക്കു വിഷമമുണ്ട്..
ഞാൻ സമാധാനിപ്പിച്ചുകൊളളാം.."

അങ്ങനെ പറയാനാണ് തോന്നിയത്.

അമ്മയുടെയും മോളുടെയും മുഖത്ത് ആശ്വാസം തിരയടിക്കുന്നത് കണ്ടു.

നന്ദി പറഞ്ഞ് അവർ തിരികെ പോയി..

എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ.

ജീവിതതാളം.. ചുവടൊന്നു പിഴക്കാൻ അല്പനേരം മതി..
പാവങ്ങൾ...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക