Image

ജന്മദിനത്തിൽ ഡോ. എം കുഞ്ഞാമനു വിട: നഷ്ടമായത് ചിന്തകനും, സാമ്പത്തിക വിദഗ്ദ്ധനുമായ അദ്ധ്യാപകനെ

(ദുർഗ മനോജ് ) Published on 04 December, 2023
ജന്മദിനത്തിൽ ഡോ. എം കുഞ്ഞാമനു വിട: നഷ്ടമായത് ചിന്തകനും, സാമ്പത്തിക വിദഗ്ദ്ധനുമായ അദ്ധ്യാപകനെ

സ്വന്തം ജന്മദിനത്തിൽത്തന്നെ പ്രമുഖ ചിന്തകനായ ഡോ.എം കുഞ്ഞാമൻ കടന്നു പോയിരിക്കുന്നു. ഡിസംബർ മൂന്നിന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള വീട്ടിലെ അടുക്കളയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുപത്തേഴു വർഷക്കാലം കേരള സർവകലാശാലയിൽ അദ്ധ്യാപകനായി പ്രവർത്തിച്ച ശേഷം, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഫാക്കൽറ്റിയായി. റിട്ടയർമെൻ്റിനു ശേഷവും അദ്ദേഹം നാലു വർഷം അവിടെ തുടർന്നു.

നിരവധി പ്രമുഖരായ വിദ്യാർത്ഥികളുടെ മാർഗദർശിയായി അദ്ദേഹം നിലകൊണ്ടു. 2021 ൽ ആത്മകഥയായ എതിരിനു കിട്ടിയ സാഹിത്യ അക്കാദമി അവാർഡ് നിരസിച്ചതു ശ്രദ്ധനേടി.
ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുമ്പോഴും, ഇടതുപക്ഷത്തിൻ്റെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ അദ്ദേഹം മടിച്ചില്ല.

പാലക്കാട്, വാടാനക്കുറിശ്ശി സ്വദേശിയായ ഡോ.എം.കുഞ്ഞാമൻ, കുട്ടിക്കാലത്തു തന്നെ സ്വന്തം നിലപാടുകൾ വ്യക്തമാക്കി മുന്നോട്ടു നീങ്ങിയിരുന്നു എന്നതിൻ്റെ ഉദാഹരണമായി അദ്ദേഹത്തിൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

സവർണാന്ധത ബാധിച്ച അദ്ധ്യാപകനോടു തന്നെ ജാതി പറഞ്ഞു വിളിക്കാതെ പേരു വിളിക്കാൻ ആവശ്യപ്പെട്ടതും, അതിനുത്തരമായി, കഞ്ഞി കുടിക്കാനല്ലേ, പഠിക്കാനല്ലല്ലോ ക്ലാസിൽ വരുന്നതെന്ന അദ്ധ്യാപകൻ്റെ പരിഹാസവും, തുടർന്ന് സ്ക്കൂളിൽ നിന്നും കഞ്ഞികുടിക്കാതായതിനെക്കുറിച്ചും ആത്മകഥയിൽ പറയുന്നുണ്ട്.
ജാതി ഇന്നും ഒരു നഗ്നയഥാർത്ഥ്യമായി നമ്മുടെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട്.

അതിനിടയിൽ ചില എതിർശബ്ദങ്ങൾ ഉയർന്നിരുന്നതു ഡോ. കുഞ്ഞാമനെപ്പോലുള്ളവരിൽ നിന്നാണ്. നിർഭാഗ്യവശാൽ അത്തരം ശബ്ദങ്ങൾ, നിശ്ശബ്ദമാക്കപ്പെടുന്ന കാലഘട്ടത്തിൽ ഒരു ധീരസ്വരം കൂടി അവസാനിച്ചിരിക്കുന്നു.
ഡോ. എം. കുഞ്ഞാമൻ്റെ ചിന്തകൾ വരും തലമുറയ്ക്കു വഴികാട്ടിയാകട്ടെ.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക