Image

ദ വേ ടു ഹെവൻ! (കഥ :ശ്രീനി നിലമ്പൂർ)

Published on 30 November, 2023
ദ വേ ടു ഹെവൻ! (കഥ :ശ്രീനി നിലമ്പൂർ)

നഗരത്തിലെ പ്രശസ്തമായ പഞ്ചനക്ഷത്രഹോട്ടലിന്റെ ആറാംനിലയിൽ നിന്നും താഴേക്കിറങ്ങുമ്പോൾ,  പ്രതികാരത്തിന്റെ ഗോപ്യമായ ഒരാനന്ദം ഉള്ളിലുയരുന്നത് ശാലിനിയറിഞ്ഞു. വാതിലിന് അഭിമുഖമായി ഇരിക്കുന്ന ഓപ്പറേറ്റർ മാത്രമേ അവളെക്കൂടാതെ ലിഫ്റ്റിൽ ഉണ്ടായിരുന്നുള്ളൂ . ലിഫ്റ്റിറങ്ങി നടക്കുമ്പോൾ റിസപ്ഷനിൽ നിന്നും പാറിവീണ നോട്ടങ്ങളിൽ അവളൊട്ടും ചൂളിയില്ല. തിരിച്ചറിയപ്പെടാത്ത ഇടങ്ങളിൽ ജാള്യമെന്തിന്? താനേതുറന്ന കണ്ണാടി വാതിലിലൂടെ പുറത്തേക്കിറങ്ങി . മരണാസന്നമായ പകലിന്റെ കൺതടങ്ങൾ കരുവാളിച്ചിരുന്നു . നിയോൺ വിളക്കുകൾ വെളിച്ചം വിതറിയ കട്ടപതിച്ചു മനോഹരമാക്കിയ പോർട്ടിക്കോയിലൂടെ നടന്ന്   പ്രധാനഗേറ്റു വഴി അവൾ റോഡിലെത്തി . തിരക്കേറിയ റോഡിൽ ആദ്യം കണ്ട ഓട്ടോയ്ക്കു  കൈനീട്ടി .

വെള്ളിനൂലുകൾ ഇഴപാകിയ ചക്രവാളത്തിന്റെ ഇടനാഴികളിൽ 
പ്രതീക്ഷയുടെ ചുവപ്പ് പടർത്താനുള്ള പകലോന്റെ ശ്രമങ്ങളെല്ലാം വിഫലമായി.  നഗരം അതിന്റെ വേഷപ്പകർച്ച തുടങ്ങി.

ഓട്ടോയുടെ നേർത്ത കുലുക്കത്തിൽ നഗരക്കാഴ്ചകൾ പിന്നിട്ട് ഗ്രാമവീഥിയിലേക്ക് കടന്നപ്പോൾ,ഗളഛേദിതയായ സന്ധ്യയുടെ ഹൃദയരക്തം ചിതറിവീണ്  കട്ടപിടിച്ച് കറുത്തുപോയ
മരങ്ങളിലും കുന്നുകളിലും അവൾ കാഴ്ചയെ സ്വതന്ത്രമായി തുറന്നു വിട്ടു .അദൃശ്യതയിൽ നിന്നും ഒഴുകിയെത്തിയ അവ്യക്ത രൂപങ്ങൾ പോലെ അവ മുൻപിൽ വന്ന് എങ്ങോട്ടോ പോയ്മറഞ്ഞു കൊണ്ടിരുന്നു. ഒരു ചിത്രകാരന്റെ ബ്രഷിന്റെ അഗ്രം,പാലറ്റിലെ നിറങ്ങളിലൂടെ കയറിയിറങ്ങി പലകുറി ക്യാൻവാസിൽ കോറിയിട്ട ചിത്രങ്ങൾ പോലെ, അവഹേളിച്ചു ചവിട്ടി അരയ്ക്കപ്പെട്ട പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞുനിന്നു.

ബാഗിലിരുന്നു സംഗീതം പൊഴിക്കുന്ന ഫോൺ, ഇരുട്ടിന്റെ സുഖാനുഭൂതിയിൽ നിന്നും അവളെ യഥാർത്ഥങ്ങളിലേക്ക്  മടക്കിക്കൊണ്ടുവന്നു . ഓട്ടോ ഡ്രൈവറുടെ സാന്നിധ്യത്തിൽ  മറുതലക്കലെ ആളോട്,ആ നിമിഷത്തിൽ സംസാരിക്കാൻ  അലോസരപ്പെട്ട്, ചുവപ്പിൽ വിരൽ അമർത്തി,ഫോൺ ബാഗിൽ ഭദ്രമായി തിരികെവെച്ചു . ബാഗിന്റെ മറ്റൊരറയിൽ  ചുരുട്ടിവെച്ച  നോട്ടുകൾ പുറത്തെടുത്ത് ഓരോന്നും, തെരുവു വിളക്കുകൾ ദാനമായിക്കുടയുന്ന വെളിച്ചത്തുണ്ടുകളിൽ വീണ്ടും വീണ്ടും എണ്ണിനോക്കി.  ആവശ്യപ്പെട്ടതിനേക്കാൾ അയ്യായിരം രൂപ കൂടുതൽ. മികവിനുള്ള ഇൻസെന്റീവ്!  ആകസ്മികമായി കിട്ടിയ അവസരം പൊലിപ്പിക്കുക എന്നത് തന്റെ ഒരു വാശികൂടി ആയിരുന്നു. അവാച്യമായൊരു അനുഭൂതിയിൽ അറിയാതെ പല്ലിറുമ്മിയപ്പോൾ, കീഴ്ച്ചുണ്ടിൽ സുഖദമാമൊരു നീറ്റൽ പൊടിഞ്ഞു. കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ടുകൾ തിരികെ ബാഗിനുള്ളിലേക്ക് വച്ചു.ഒരു പകരംവീട്ടലിന്റെ  ആത്മനിർവൃതിയിൽ കണ്ണുകളടച്ച്, അവൾ സീറ്റിലേക്കു ചാരിയിരുന്നു . ഏകദേശം അരമണിക്കൂർ യാത്രകൂടി. ഓട്ടോ ഓടിക്കൊണ്ടേയിരുന്നു ; ഓർമ്മകളിലൂടെ മനസ്സും!

രതിയുടെ, കേട്ടറിഞ്ഞ രസാനുഭൂതികൾ മനസ്സിൽ നിന്നും പടിയിറങ്ങിപ്പോയ വിവാഹജീവിതം! സഹശയനം അത്രയേറെ വിരസവും വേദനാജനകവും ആയിരുന്നു . ഭർത്താവ് എന്ന വിടന്റെ വികൃതമായ ആസക്തികൾ തീർക്കാനുള്ള വെറുമൊരു ലൈംഗിക ഉപകരണം മാത്രമായിരുന്ന  ശരീരം .ആദ്യരാത്രി മുതൽ അയാളുടെ ആക്രാന്തങ്ങൾക്ക്  വഴങ്ങിക്കൊടുക്കാൻ വിധിക്കപ്പെട്ട, ജീവനുള്ള വെറുമൊരു പെണ്ണുടൽ മാത്രമായിരുന്നു കിടപ്പറയിൽ . എതിർത്തപ്പോൾ കാമഭ്രാന്തി എന്നു മുദ്ര ചാർത്തി അപമാനിക്കപ്പെട്ടവൾ. എല്ലാത്തിനും ഒടുക്കം ഒന്നിനും കൊള്ളാത്ത ശവം എന്ന  കുറ്റപ്പെടുത്തലുകളും. ഭാര്യയുടെ  മനസ്സിലെ വികാരവിചാരങ്ങളെപ്പറ്റി ചിന്തിക്കാത്ത ഒരു  സ്വാർത്ഥനോടൊപ്പം കേവല മാസങ്ങൾ മാത്രം നീണ്ടൊരു ദാമ്പത്യം! രതിയും ഭയവും ഒന്നുതന്നെ എന്നു വിശ്വസിച്ച രാത്രികൾ. അമർഷം നുരഞ്ഞുപൊന്തിയ മനസ്സിൽ അടക്കി വെച്ചൊരു നെടുവീർപ്പ് കെട്ടുപൊട്ടിച്ച് അവളുടെ ബോധമണ്ഡലത്തെ അസ്വസ്ഥമാക്കി പുറത്തേക്കു പറന്നു .

രാവിലെ,അഴുക്ക് തുണികൾ കഴുകാൻ തുടങ്ങുമ്പോഴാണ്  സുശീലച്ചേച്ചിയുടെ  വിളി വന്നത്.
" ശാലൂ , ഇന്ന് ജോയിൻ ചെയ്യിക്കട്ടേ?. വേഗം പുറപ്പെട്ടോളൂ " മറുതലയ്ക്കൽ ചേച്ചിയുടെ ശബ്ദം...
"അയ്യോ, ഇത്ര പെട്ടെന്നോ...?"
"ആഹാ... പിന്നെ ?"
"ചേച്ചീ,എന്നാലും ഇത്ര പെട്ടെന്ന്...... ആരോടും പറഞ്ഞുപോലുമില്ലാ....?"
" ഹ.. ഹാ..എന്റെ ശാലൂ.....നിനക്കാരോടാ പെണ്ണെ പറയാനുള്ളത്..?"  സുശീലച്ചേച്ചിയുടെ പരിഹാസം കേട്ടപ്പോൾ അവൾക്കു ലജ്ജ തോന്നി... "ശരിയാണല്ലോ, താൻ ആരോടു പറയാൻ...?"

അമ്മയ്ക്ക് സ്ട്രോക്കു വന്ന്  ആശുപത്രിയിൽ കഴിയുന്ന സമയത്ത് പരിചയപ്പെട്ടതാണ് അവരെ .ആ വലിയ  ആശുപത്രിയിൽ വരുന്ന പണച്ചാക്കുകളെല്ലാം അവരുടെ വേണ്ടപ്പെട്ടവർ! അദ്‌ഭുതം തോന്നിയിട്ടുണ്ട്, ചേച്ചിയുടെ ബന്ധങ്ങളിൽ..!ആശുപത്രിവാസം കഴിഞ്ഞെങ്കിലും ഫോണിലൂടെ ആ ബന്ധം തുടർന്നു പോന്നു .
ഒരുവിധം കാര്യങ്ങളെല്ലാം  സംസാരിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതം ആയതിന്റേതായ ആശങ്കകൾ അവളെ അലട്ടിക്കൊണ്ടിരുന്നു . നിവൃത്തികേടിന്റെ  പാരമ്യത്തിൽ, ഒരു വാക്കബദ്ധം! അങ്ങോട്ട്‌ ആവശ്യപ്പെട്ടതാണ് . പോകാതെ പറ്റില്ല..!
തൊഴിൽദാതാവ് എത്തരക്കാരനെന്നോ എവിടെയുള്ളവരെന്നോ ഒന്നും അറിയാത്തതിന്റെ സംഭ്രമം അവളെ വിയർത്തു . പ്രതിഫലത്തേക്കുറിച്ച് യാതൊന്നും ചേച്ചി പറഞ്ഞുമില്ല. അമ്മയുടെ ചികിത്സയ്ക്കും മരുന്നിനും വേണ്ടതെങ്കിലും മറ്റൊരാളെ ആശ്രയിക്കാതെ ഉണ്ടാക്കണം എന്നു മാത്രേ ചിന്തിച്ചുള്ളൂ .!

ചിന്താഭാരം തിടം വെച്ച മനസ്സോടെ,വിഴുപ്പ് തുണികളെല്ലാം വാരി മുറിയിലേക്ക് തന്നെയിട്ട്, കുളിമുറിയിൽ കയറി. അകാരണമായ ആശങ്കയിൽ ഉടലിനു ഭാരം കൂടിയതായി അവൾക്കു തോന്നി . പഴക്കം വന്ന യന്ത്രചലനം പോലെ, അവളുടെ ചിന്തയും പ്രവൃത്തിയും സന്ദേഹിച്ചു കൊണ്ടിരുന്നു. പതിവിലും നേരമെടുത്ത്  ശരീരത്തിന്റെ ഓരോ ഭാഗങ്ങളും വളരെ വൃത്തിയായി സോപ്പ് തേച്ച് ഉരച്ചുകുളിച്ചു. തലമുടി ഷാമ്പൂപതച്ചു കഴുകി. തിരികെ മുറിയിൽ വന്നശേഷം  വിലകൂടിയ ബോഡിസ്പ്രേ ശരീരത്തിൽ ആകമാനവും  പാറ്റിച്ചു .അടിവസ്ത്രങ്ങളല്ലാം  പുതിയവ തന്നെ ഉപയോഗിക്കാൻ  പ്രത്യേകം ശ്രദ്ധിച്ചു . കവിളുകളിലും കഴുത്തിലും ഫെയ്‌സ് ക്രീം പുരട്ടിയശേഷം  ലാവേണ്ടർ  പൗഡറിട്ടു . നെറ്റിയിൽ ഒരു മെറൂൺ സ്റ്റിക്കർപൊട്ടും ചാർത്തി.  തന്റെ സുന്ദരമായ മുഖവും,അഴകളവുകൾ കൊണ്ടു ആരെയും മോഹിപ്പിക്കുന്ന ഉടലും കണ്ണാടിയിൽ കണ്ടപ്പോൾ,  ലജ്ജ തോന്നി . പൊടുന്നനെ അവൾ നോട്ടം പിൻവലിച്ചുകളഞ്ഞു. പഠിക്കുന്ന കാലത്ത് എത്രയോ കോമളന്മാർ പുറകേ നടന്നിട്ടുണ്ട് എന്നോർത്തപ്പോൾ മനസ്സ് തരളിതമായി.ഒരാഴ്ച മുൻപേ വാങ്ങിയ കടുംമജന്തയിൽ സ്വർണ്ണവർണ്ണനൂലിഴയിൽ എംബ്രോയ്‌ഡറി ചെയ്ത പൂക്കളുള്ള ചുരിദാർ അലമാരയിൽ നിന്നും പുറത്തെടുത്തു.ടോപ് നിവർത്തി ശരീരത്തോട് ചേർത്തു വെച്ചു. പിന്നെ ശ്രദ്ധയോടെ അതെടുത്തു വൃത്തിയിൽ ധരിച്ചു. ചരിഞ്ഞു നിന്നു കണ്ണാടിയിൽ കണ്ട രൂപം അവളിൽ പുളകം നിറച്ചു.  സ്ഫോടനാത്മകമായ അഗ്നിപർവ്വതങ്ങൾ പോലെ   ടോപ്പിനുള്ളിൽ മാറിടം തിക്കുമുട്ടുന്നതായി അവൾക്കു തോന്നി. വെളുത്ത ലെഗ്ഗിൻസ് ധരിച്ച് നീലക്കണ്ണാടിയിൽ പലവട്ടം അവൾ സ്വന്തം ശരീരത്തിന്റെ അഴകളവുകൾ നോക്കി നിന്നു . പ്രയോജനപ്പെടാതെ പോയ അഴകിൽ അഭിമാനം തോന്നുന്നത് നിരർത്ഥകമെന്ന് അവൾക്കു തോന്നി.
"ഒരിക്കൽ വഴുതിപ്പോയെന്നു കരുതി,ഇത്ര ചെറുപ്പത്തിലേ  നിരാശപ്പെട്ടാലോ പെണ്ണേ?അവസരങ്ങൾ നിന്റെ മുന്നിൽ വരിനിൽക്കും."
സുശീലചേച്ചി മുമ്പു പറഞ്ഞ വാക്കുകൾ അവളിൽ ആത്മവിശ്വാസം നിറച്ചു.
അലമാരയിൽ നിന്നും അത്യാവശ്യം വേണ്ട എന്തൊക്കെയോ എടുത്ത് വാനിറ്റിയിലേക്ക് തിരുകിവച്ചു. മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ വീൽചെയറിൽ ഇരിക്കുന്ന അമ്മയുടെ ക്ഷീണിച്ച മുഖമാണ് കണ്ടത്. .
"നീ എങ്ങോട്ടു പോകുന്നു ? "
അമ്മയുടെ കണ്ണുകളിൽ നിന്നും ആ ഒരു ചോദ്യം അവൾ തിരിച്ചറിഞ്ഞു .അതവളെ ഒരു സൂചിമുനപോലെ കുത്തി നോവിപ്പിച്ചു. 
" നിന്റെ വിദ്യാഭ്യാസത്തിനൊത്ത ജോലി സർക്കാരിൽ നിന്നും കിട്ടില്ലേ?അല്ലാതെ ധൃതിപ്പെട്ടു നിനക്കിപ്പോ ഒരു ജോലിയുടെ ആവശ്യം എന്താ?"
ഇന്നാളൊരു ദിനം ഒരു ജോലിയെക്കുറിച്ച് ആഗ്രഹം പറഞ്ഞപ്പോൾ അമ്മ ചോദിച്ചതാണ്.അമ്മയുടെ ചോദ്യം ശരിയാണ്.പക്ഷേ, തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളവർ പോലും ഒരു ജോലിക്കായി  ഉഴറുന്ന കാഴ്ചയാണ് നാട്ടിൽ.

ചേരാൻ പോകുന്ന ജോലിയെക്കുറിച്ച് അമ്മയോട് പറയാത്തതിലുള്ള ആശങ്ക ഹൃദയത്തിൽ പുറ്റു പോലെ  വളർന്നു.അമ്മയുടെ അടുത്തു ചെന്ന്‌ കവിളിൽ ഒരു മുത്തം നൽകുമ്പോൾ, ഹൃദയത്തിലെ പെരുമ്പറമേളം തലക്കുള്ളിൽ മിന്നൽ പിണരുകളായി! തന്റെ പ്രവൃത്തി അമ്മയിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നതിലെ കുറ്റബോധം, ഹൃദയഭാരം പെരുക്കിയ നിമിഷത്തിൽ,  "ഞാൻ  വൈകാതെയെത്താം അമ്മേ " എന്നു പറഞ്ഞ്,മുഖം ഒളിപ്പിച്ച് പൂമുഖവാതിൽ പൂട്ടി അവൾ പുറത്തേക്കിറങ്ങി.

താൻ വരാൻ വൈകിയതിലുള്ള സുശീലച്ചേച്ചിയുടെ നീരസത്തെ അവൾ കാര്യമാക്കിയില്ല. അവർ ഫോണിലൂടെ ആരെയോ വിളിക്കുന്ന നേരം, അവൾ ആ ഓഫീസിലെ സെറ്റപ്പ് നോക്കിയിരുന്നു. കൂളിംഗ് ഫിലിം പതിച്ച കണ്ണാടിച്ചുമരുള്ള,  ചിത്രഹർമ്യം എന്നു തോന്നിപ്പിക്കുന്ന മനോഹരമായ ഓഫീസ് !വർണ്ണവെളിച്ചങ്ങൾ മാരിവില്ലു തീർക്കുന്ന സ്വർഗ്ഗസമാനമായ സീലിംഗ്. ശീതീകരണിയുടെ നേർത്ത മൂളൽ മാത്രം. എക്സിക്യൂട്ടീവ് ഇരിപ്പിടങ്ങൾ. ആകെമൊത്തം ഒരു വിഭ്രമാത്മകലോകം   ! ഗ്ലാസ്ചുമരിലെ 'ദ വേ ടു ഹെവൻ' എന്ന ഇളംനീല അക്ഷരങ്ങളിൽ അവളുടെ മിഴിയുടക്കി!

"വേഗം റെഡിയാകൂ.. വണ്ടിയിങ്ങെത്തി."  ഡ്രസിങ് റൂമിന്റെ സ്വകാര്യതയിലേക്ക് നടക്കുമ്പോൾ, ഹാൻഡ് ബാഗിൽ നിന്നും ഒരു ടെക്സ്ടൈൽ കവർ അവൾ കയ്യിലെടുത്തു. തിരികെ എത്തിയപ്പോൾ അദ്‌ഭുതത്തോടെ ഒന്നു നോക്കി, തിരിഞ്ഞു നടന്ന സുശീലച്ചേച്ചിക്കു പിന്നാലെ  അവളും താഴേക്കിറങ്ങി. ഒരു വലിയ കറുത്തകാറിന്റെ ഇടതു ഭാഗത്തെ വാതിൽ പതിയെ തുറന്നു. ഡ്രൈവർ സീറ്റിലെ  ആളെക്കണ്ടനിമിഷം ഞെട്ടിത്തരിച്ചുപോയി!
ആശങ്കയോടെ ചേച്ചിയെ നോക്കി.. കുഴപ്പമില്ല എന്നൊരു ആശ്വസിപ്പിക്കൽ ആ കണ്ണുകളിൽ നിറഞ്ഞു നിന്നു. സർവ്വാംഗങ്ങളും തളർന്നു പോയൊരു നിമിഷം .തുറന്നിട്ട വാതിലിലൂടെ തളർച്ച ബാധിച്ച കാലുകൾ വിറയ്ക്കുന്ന ഉടൽഭാരത്തെ അകത്തേക്ക്  വെക്കുമ്പോൾ, ഇരയെക്കിട്ടിയ വേട്ടമൃഗത്തിന്റെ വന്യത അയാളുടെ കണ്ണുകളിൽ കത്തിപ്പടരുന്നത് അറിഞ്ഞു . വാഹനം കുതിച്ചു പായുമ്പോൾ, അവൾ ചേതനയറ്റ പോലെ സീറ്റിൽ ചാരിയിരുന്നു.
നഗരത്തിലെ വളരെ പ്രശസ്തമായ ഒരു ഹോട്ടലിന്റെ പോർട്ടിക്കോയിലേക്ക്‌ വാഹനം ഒഴുകിയെത്തി . അയാൾ ഇറങ്ങിവന്ന്‌ വാതിൽ തുറന്നിട്ടു. പുറത്തേക്ക്‌ ഇറങ്ങിയപ്പോൾ   അറിയാതെ മിഴികൾ ചുറ്റിനും പരതി.
" പരിചയക്കാർ ആരെങ്കിലും? " തന്നെയാർക്കും തിരിച്ചറിയുന്നുണ്ടാവില്ല എന്നു സമാധാനിച്ചു. അങ്ങനെ വിശ്വസിക്കാൻ ശ്രമിച്ചു!
കാറിന്റെ താക്കോൽ  സെക്യൂരിറ്റിക്കു കൈമാറി, ചില്ലു വാതിലിലൂടെ അയാൾ അകത്തളത്തിലേക്ക്‌ നടക്കുമ്പോൾ, എങ്ങോട്ട് എന്നറിയാത്ത സന്ദേഹത്തോടെ പിന്നാലെ അവളും.. ! ലിഫ്ടിലൂടെ ഹോട്ടലിന്റെ മുകൾനിലയിലെ ഏതോ ഒരു മുറിയിലേക്ക് അധികം വൈകാതെ അയാളോടൊപ്പം  ചെന്നെത്തപ്പെട്ടു. സുഖദമായ ഒരു തണുപ്പ് അവിടെ ചൂളമടിച്ചു കറങ്ങി നടക്കുന്നുണ്ടായിരുന്നു. പരിഭ്രമം കാലുകളിൽ വിറയലായി. ശുചിമുറിയിൽ നിന്നെത്തിയപാടെ അയാൾ   അവളെ ആർത്തിയോടെ ആശ്ലേഷിച്ചു. അപ്രതീക്ഷിതം ആയിരുന്നെങ്കിലും ,വർദ്ധിത വീര്യത്തോടെ അവൾ അയാളെ കുടഞ്ഞെറിഞ്ഞു .അയാൾ വീണ്ടും അവൾക്ക് അടുത്തേക്ക് വന്നു തോളിൽ കൈവെച്ചു.
"ഹാ..എനിക്കിങ്ങനെ എതിരിട്ടുനേടുന്നതാണ് ഇഷ്ടം."
ഭയം മറച്ചുകൊണ്ട് അവൾ അയാൾക്കു കേൾക്കാൻ പാകത്തിൽ,
"എനിക്കും . പക്ഷേ ചില നിബന്ധനകളുണ്ട്"
ഉറച്ച സ്വരത്തിൽ പറഞ്ഞുകൊണ്ട് കുതറിമാറി.
"നിബന്ധനകളോ? "അയാൾ അദ്‌ഭുതം കൂറി.
"അതേ.. പരസ്പര ബഹുമാനം നൽകണം... എല്ലാം പങ്കുവെക്കലുകൾ തന്നെയായിരിക്കണം "
പരിചിതമല്ലാത്ത ഏതോ ഭാഷ കേട്ട ഭാവത്തിൽ അയാൾ  സൂക്ഷിച്ചു നോക്കി.
" പേയ്‌മെന്റ് ഫസ്റ്റ് ."ധൈര്യം സംഭരിച്ചുകൊണ്ട് അവൾ ആവശ്യപ്പെട്ടു.ഒട്ടും മടിയാതെ പേഴ്സിൽ നിന്നും  രണ്ടായിരത്തിന്റെ ഒരുപിടി നോട്ടുകൾ എടുത്ത് അയാൾ നീട്ടി. അതുവാങ്ങി എണ്ണിനോക്കി, ഹാൻഡ്ബാഗിൽ  വെച്ചു പിന്തിരിഞ്ഞു.
" നിക്ആബ്   മാറ്റണമെന്ന് പറയരുത് . മാത്രമല്ല, മുറിയിൽ  വെളിച്ചവും പാടില്ല.."അവൾ കടുപ്പിച്ചു പറഞ്ഞെങ്കിലും അതയാൾ തള്ളിക്കളഞ്ഞു.
"വെളിച്ചത്തിൽ നിന്നെക്കണ്ടുകൊണ്ട് അല്ലാതെ പിന്നെന്തുരസം? കാശു മുടക്കിയവനെ കുരങ്ങു കളിപ്പിക്കാതെ നാവടക്കെടി."
എന്തും വരട്ടെന്ന് കരുതി അവൾ ഒരു നിബന്ധന വെച്ചു.
"എന്റെ മുഖം കണ്ടാൽ സാർ ഭയക്കും. ആസിഡ് ആക്രമണത്തിൽ വിരൂപമായ എന്റെ മുഖം സാറിന് അറപ്പുളവാക്കും.നിക്ആബ് മാറ്റണമെന്നു മാത്രം പറയരുത്... പ്ലീസ്‌ "
അവൾ അയാളെ തൊഴുതു നിന്നു.അവസാന നിബന്ധനയിൽ , ഒന്നാലോചിച്ച ശേഷം അയാൾ സമ്മതിച്ചു
"അല്ലെങ്കിലും നിന്റെ മുഖം എനിക്കെന്തിനാ? അതിനു പ്രസക്തിയില്ല."
നിമിഷങ്ങൾക്കുള്ളിൽ യന്ത്രക്കൈ പോലൊന്നു ശരീരത്തിൽ അമർന്നു.ഒരു വഷളൻ ചിരിയുമായി  അയാൾ അവളെ വരിഞ്ഞു.ശരീരത്തിനു ജീവനുണ്ടെന്നല്ലാതെ എന്നേ  മൃതമായ മനസ്സിനെന്തു സ്പർശനക്ഷമത!പുതുതായൊന്നും തനിക്കു തോന്നുന്നില്ല എന്നവളറിഞ്ഞു.
"നീയൊരു മുതലാണ്.." അവളുടെ ഉടലഴകിന്റെ ഉയർച്ചകളിൽ കയ്യമർത്തിക്കൊണ്ടയാൾ പറഞ്ഞപ്പോൾ,
" മലപോലെ രണ്ടെണ്ണം ഉണ്ടായിട്ടെന്താ ഗുണം...? ശവം പോലെ.." ആദ്യരാത്രിയിൽ നിർദ്ദയം നഖക്ഷതങ്ങൾ ഏൽപ്പിച്ചും  പല്ലിറുമ്മിയും മുറിവേൽപ്പിച്ച മാറിടത്തിൽ നോക്കി, ആണഹന്തയിൽ അഭിരമിച്ചവന്റെ വാക്കുകൾ ഓർമ്മയിലെത്തി . അതിനിടയിൽ താൻ വിവസ്ത്രയാക്കപ്പെടുന്നത് അവൾ അറിഞ്ഞു . ഇതുപോലെയുള്ള അനുഭവം വിവാഹം കഴിഞ്ഞ ഏതാനും രാത്രികളിൽ മാത്രമായിരുന്നല്ലോ!മുഖാവരണം ഒഴികെ ധരിച്ചിരുന്ന മറ്റുവസ്ത്രങ്ങൾ എല്ലാം    നൊടിയിടയിൽ  ഊരിമാറ്റി, അവളെ കോരിയെടുത്ത് അയാൾ കിടക്കയിലേക്ക്  മറിഞ്ഞു.
"ഇതെന്താ മൃഗഭോഗമോ ?  എന്തിനീ പരാക്രമം?"
എതിർപ്പിന്റെ സ്വരത്തിലുള്ള അവളുടെ ചോദ്യത്തിൻ മുമ്പിൽ അയാൾ ഒന്നു പതറി.
"പരാക്രമം ഭാര്യയോട്.. എനിക്കോരോന്നും ആസ്വദിച്ചേ പറ്റൂ.." അവസാന വാക്കുകളിൽ അയാൾ കിടക്കയിലേക്ക് അടർന്നു മാറി.
"അതേയ്,ആവേശം കാട്ടിയാൽ സാറിനു കാശു പോകുമെന്നല്ലാതെ പ്രതീക്ഷിക്കുന്ന ഒന്നും തന്നെ കിട്ടില്ല..."
അല്പം പരിഹാസത്തോടെ അവൾ അയാളെ പ്രലോഭിപ്പിച്ചു . പിന്നീടയാളുടെ ഒരോ സ്പർശനങ്ങളും പ്രേമപൂർവ്വ ചുംബനങ്ങളും , രതിയുടെ മേച്ചിൽപ്പുറങ്ങളിലൂടെ അവളെയൊരു പഞ്ഞിത്തുണ്ട് കണക്കെ പറത്തിവിട്ടു. കടലേഴിനും മീതെപ്പറന്നു , ഹിമസാനുക്കൾക്ക് മുകളിലൂടെയൊരു അപ്പൂപ്പൻ താടിപോലെ... പറന്നു പറന്നുയരുമ്പോൾ, അവളുടെ സീൽക്കാരങ്ങൾ അയാളെ ആവേശത്തിന്റെ ഉത്തുംഗങ്ങൾ കയറ്റി.അതിന്റെ പരകോടിയിൽ അവളൊരു പുഷ്പം പോലെ അയാളെ തന്നിലേക്കെടുത്തു.  വികാരങ്ങളുടെ കൂടിച്ചേരലിലും കുത്തൊഴുക്കിലും പെട്ട് ഒരേമനസ്സായുള്ള സഞ്ചാരങ്ങൾക്കിടയിൽ ജീവിതത്തിൽ ആദ്യമായി അവളൊരു വസന്തത്തെ അനുഭവിച്ചു. വർഷമായ് പെയ്തിറങ്ങി... പൂത്തുലഞ്ഞ വാടിയിൽനിന്നും ആവോളം മധുനുകർന്ന ഭ്രമരം ഉന്മത്തനായി,തളർച്ചയോടെ പൂവിൽത്തന്നെ അമർന്നു. ഒരു കുഞ്ഞിനെയെന്നപോലെ അയാളെ അവൾ കിടക്കയുടെ മാർദ്ദവത്തിലേക്കു ചായ്ച്ചു ; വസ്ത്രങ്ങളുമായി അവൾ ബാത്റൂമിലേക്കും .

കുളിച്ചൊരുങ്ങി വസ്ത്രം ധരിച്ചു മുറിയിൽ വരുമ്പോഴും,അയാൾ സ്വർഗ്ഗീയ നിർവൃതിയുടെ ആലസ്യത്തിൽ ആയിരുന്നു.
"ഞാൻ ഇറങ്ങുകയാണ് " അവൾ  തോണ്ടി വിളിച്ചപ്പോൾ അയാൾ, അതീവതരളിതനായി എഴുന്നേറ്റിരുന്നു.
"ജീവിതത്തിൽ ആദ്യമായിട്ടാണ്  ഈയൊരനുഭൂതി.ജീവിതത്തിൽ ആദ്യം ! " അയാളുടെ വാക്കുകൾ അവളിൽ പരിഹാസമായി . എഴുന്നേറ്റ്, പേഴ്സിൽ നിന്നും കുറച്ചു അഞ്ഞൂറുകൾ കൂടി അവൾക്കു നൽകി അയാൾ, സോഫയിലേക്കിരുന്നു.
"എനിക്കും ആദ്യമായിട്ടാ....!" ഉള്ളിൽത്തട്ടിയെന്നോണം അവളും പറഞ്ഞു .
"നമുക്കിടയിൽ ഇനിയെന്തിനു വേറൊരാൾ? നിന്റെ നമ്പർതരൂ"
അയാൾ ഏറെ ഉത്സാഹത്തോടെ മൊബൈൽ ഫോൺ കയ്യെത്തിച്ച് എടുത്തു.
"അതു വേണ്ട.ഇന്നത്തോടെ ഞാനിതവസാനിപ്പിക്കുന്നു " ആലോചിച്ചെടുത്ത തീരുമാനം പോലെ ഉറപ്പിച്ചുതന്നെ അവൾ പറഞ്ഞു.
"ങേ, വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ? എന്റെ വിയർപ്പും കിതപ്പും അറിഞ്ഞ നിരവധി സ്ത്രീകളിൽ,ഇത്രയും സുഖകരമായ നിമിഷങ്ങൾ എനിക്ക് നൽകിയതു നീ മാത്രമാണ്".
വികാര പാരവശ്യത്തോടെ അയാളത് പറയുമ്പോൾ, പൂർണ്ണമായും അതു സത്യമാണെന്ന്  അവൾക്കും അറിയാമായിരുന്നു.
"സാറ് വിവാഹം കഴിച്ചിട്ടില്ലേ?"
" ഓ,രണ്ടെണ്ണം.ആദ്യത്തവൾ കിടപ്പറയിൽ സർവത്ര പരാജയമായിരുന്നു.. രണ്ടാമത്തേത് ആണിനെ മനസ്സിലാകാത്ത ഒരു ജന്തു ."
അയാളെ നോക്കി അവൾ ചുണ്ടുകോട്ടി ചിരിച്ചു.
"എന്ത് ചെയ്യാനാ? ആദ്യമേ കണ്ടിരുന്നെങ്കിൽ, നിന്നെ ഞാൻ കെട്ടിയേനെ..നിന്റെ വൈരൂപ്യമുള്ള മുഖമോ, ജാതിയോ ഒന്നും എനിക്കൊരു തടസ്സമല്ല. "
ഉള്ളിൽ തികട്ടി വന്ന പുച്ഛം അവളിൽ നിന്നും പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.
"അതെന്താ നീ അങ്ങനെ ചിരിച്ചത് ?"
"ഒന്നുമില്ല, സാറു ശരിക്കും ആലോചിച്ചു പറഞ്ഞതാണോ?"
" അതെ, നീ ഫ്രഷ് ആണെന്ന്   നിന്റെ ഓഫീസിൽ നിന്നും അറിഞ്ഞിരുന്നു. ഇന്നത്തോടെ നിർത്തുന്നു എന്ന് നീ തീരുമാനിച്ച  സ്ഥിതിക്ക് നമുക്ക്.........?"
ഒരു പൊട്ടിച്ചിരിയോടെ അവൾ മുഖാവരണം നീക്കം ചെയ്തു.
അയാളിലെ ഞെട്ടൽ ആസ്വദിച്ചുകൊണ്ട് അൽപനേരം അങ്ങനെ നിന്നു.
"അതേ, ഞാൻ തന്നെ. നിങ്ങൾ പറഞ്ഞ ഒന്നാമത്തവൾ!  "
വികാരവിക്ഷോഭത്തിൽ അവൾ തിളച്ചുമറിയുമ്പോൾ,
ഷോക്കടിച്ചതുപോലെ അയാൾ വിളറി തറഞ്ഞിരുന്നു.
" അറിഞ്ഞത് സത്യം തന്നെ.. എല്ലാ നിലയ്ക്കും നിങ്ങളെന്റെ ആദ്യത്തെയും അവസാനത്തെയും കസ്റ്റമറാണ് . നിങ്ങളിൽ നിന്നു തന്നെ, മുമ്പ് കേൾക്കാൻ ഞാൻ ആഗ്രഹിച്ചത് , ഇന്ന് ഇവിടെവെച്ച് കേട്ടു. അറിയാനാഗ്രഹിച്ചത് അറിഞ്ഞു. രതിയും ഭയവും വേർപെടുത്തി നിങ്ങളെന്നെ തൃപ്തിപ്പെടുത്തി . നിങ്ങളെന്റെ മുമ്പിൽ ഇപ്പോൾ ഒരു നോൺപെയ്ഡ് ജിഗലോ മാത്രം ! വെറും ആൺവേശ്യ!ശരിക്കും നിങ്ങൾക്കാണ് ടിപ്സിനുള്ള അർഹത."
ബാഗിൽ നിന്നും ഒരഞ്ഞൂറു രൂപയുടെ നോട്ടെടുത്ത് അയാളുടെ മുഖത്തേക്കിട്ട്, നിക്ആബ് താഴ്ത്തി, വാതിൽ തുറന്ന്‌ അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. അപ്പോൾ പടിഞ്ഞാറേ ചക്രവാളച്ചെരുവിൽ കരിമഷിയെഴുതാൻ കൊതിച്ചൊരു സന്ധ്യ കാത്തുനിൽപ്പുണ്ടായിരുന്നു!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക