Image

സിരകളിൽ പൂക്കും സൗഗന്ധികങ്ങൾ .....(ഇ മലയാളി കഥാമത്സരം- 23: ബെസ്സി ലാലൻ പറവൂർ)

Published on 27 November, 2023
സിരകളിൽ പൂക്കും സൗഗന്ധികങ്ങൾ .....(ഇ മലയാളി കഥാമത്സരം- 23: ബെസ്സി ലാലൻ പറവൂർ)

ഒറ്റ മുറിയിൽ കട്ടിലിൽ ഒരു ഷീറ്റിൽ അവൾ കിടക്കുന്നു .വെറും പതിനാലു വയസ്സുള്ള പെൺകുട്ടി . അവളെ വളരെ സാവകാശം മരണത്തിലേക്കു വലിച്ചു കൊണ്ടുപോകുന്ന എച്ച് ഐ വി പോസിറ്റീവിന്റെ അണുക്കൾ നിമിഷം പ്രതി പെരുകി പെരുകി അവളുടെ ശരീരത്തിലേക്കു കടന്നുകയറുകയാണ്. താനടിപ്പെട്ടിരിക്കുന്ന രോഗത്തിന്റെ തീക്ഷണതയോ അപകടകരമാം വിധത്തിലുള്ള ഒറ്റപ്പെടുത്തലുകളെക്കുറിച്ചോ ഒന്നുമറിയാതെ ആ പെൺകുട്ടി ശരീരത്തിൽ പതിഞ്ഞ താളത്തിൽ നൃത്തം വയ്ക്കുന്ന വേദനയിൽ മയങ്ങിക്കിടക്കുകയാണ്. ആ അഗതിമന്ദിരത്തിലെ ആരും തന്നെ അവളുടെ അടുത്തേക്കു വരാൻ തയ്യാറായില്ല. വല്ലപ്പോഴും വനിതാ പോലീസുകാർ ഡോക്ടർമാരെയും കൂട്ടി അവിടെ വന്നും പോയുമിരിക്കുന്നു. ചിലരൊക്കെ ആ മുറിയുടെ വാതിൽക്കൽ വരെ വന്നു എത്തി നോക്കിപ്പോയിരുന്നു. അവളെക്കുറിച്ചും അവളുടെ രോഗത്തെക്കുറിച്ചും അവർ പരസ്പരം മുറുമുറുത്തും കുശുകുശുത്തു മിരുന്നു. "എത്ര ചെറിയ പെൺകുട്ടിയാ ....  മാതാപിതാക്കൾ സ്വന്തം ആയിരിക്കില്ല ....അല്ലങ്കിൽ ഇങ്ങിനെ സ്വന്തം മകളെ ലൈംഗിക വാണിഭക്കാർക്കു വിൽക്കുമോ?
അവരാരും പെൺകുട്ടിയുടെ മുറിയിലേക്കു പോയതേയില്ല. അവളുടെ അസുഖം പകരുന്നതാണു. ആ അസുഖത്തിനു മരുന്നില്ലാത്രേ .... അതു വന്നാൽ മരിച്ചു പോകും അത്ര തന്നെ
പെൺകുട്ടി "സിതാര "അതാണവളുടെ പേര് പതിനാലു വയസ്സിൽ ഒരു ജന്മത്തിന്റെ ദുർഅനുഭവങ്ങളും പേറിക്കൊണ്ടു അനാഥത്തിന്റെ തീച്ചുളയിൽക്കിടന്നു വെന്തുനീറി നീറി കനലുകൾ ആയി രൂപാന്തരപ്പെട്ടു ഇന്നിന്റെ ദുർഗതിയോടു സമരസപ്പെട്ടിരിക്കുന്നു. രക്ഷപ്പെടാൻ അടഞ്ഞ ഗുഹാ വാതിലുകൾ നോക്കി ആർത്തനാദം കൊള്ളുന്ന ആത്മാവും ആയി അവളെ ഇന്നലെ ആ അഗതിമന്ദിരത്തിൽ കൊണ്ടുവന്നത് പോലീസാണ്. തമിഴ്നാട്ടിലെ ഏതോ ആസ്പത്രിയിൽ നിന്നും കേരളാപോലീസ് പോയി കൊണ്ടുവരികയായിരുന്നു ഈ മലയാളി പെൺക്കുട്ടിയെ .
മരണം കാത്തു കിടക്കുന്ന പേയിളകിയ പട്ടിയെ പോലെ അണച്ചണച്ചു ആ പെൺകുട്ടി കിടന്നു. വേദനയുടെ വേലിയേറ്റങ്ങളിൽ അവൾ രാത്രി മുഴുവൻ ഞരങ്ങിയും കരഞ്ഞു കൊണ്ടുമിരുന്നു. മോർച്ചറിയുടെ കതകുകൾ ഒരു ഭ്രഷ്ട്ടു കല്പിപ്പിക്കപ്പെട്ട ജഢത്തിനായ് കാത്തു കാത്തുമലർക്കെ തുറന്നിട്ടിരക്കുകയാണു
. നേരം വെളുത്തു .. സാരിയുടുത്ത തലയിൽ തട്ടമിട്ടു മറച്ച സ്ത്രീയും കൂടെ ഒരു പുരുഷനും ആയി വന്നു. അവരുടെ പുറകെ രണ്ടു പോലീസും . സ്ത്രീ മുറിയുടെ അകത്തു കയറി പെൺകുട്ടിയെ നോക്കി വിളിച്ചു സീതൂ ...... പെൺകുട്ടി കണ്ണുകൾ തുറന്നു പാട മൂടിയ കണ്ണിലൂടെ അവൾ ആ സ്ത്രീയെ നോക്കി ....
അവളുറക്കെ വിളിച്ചു ഉമ്മാ .....ഉമ്മാ .... ഉമ്മിച്ചീ.... ഉമ്മയായ സ്ത്രീ പെൺകുട്ടിയെ സ്പർശിക്കാതെ കട്ടിലിന്റെ ചോട്ടിലിരുന്നു. കൂടെ ഉണ്ടായിരുന്ന പുരുഷനും മുറിയിൽ കയറി ഉമ്മയുടെ അരികിൽ നിന്നു . കരയുന്ന മകളെ നോക്കി അവരും കരഞ്ഞു കൊണ്ടിരുന്നു.
പുറത്തുനിന്നിരുന്ന വനിതപോലീസ് മുറിയിൽ കയറി പെൺകുട്ടി യോടു ചോദിച്ചു. "കൊച്ചെ ഇത് നിന്റെ ബാപ്പയും ഉമ്മയും ആണോ ?"
പെൺകുട്ടി നിസ്സഹയാവസ്ഥയിൽ കിടന്നിടത്തു കിടന്നു മൂളി "ഉം...."
ഉമ്മയും ബാപ്പയും പെൺകുട്ടിയെ സ്പർശിക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിച്ചു ... മകളുടെ രോഗം എന്താണെന്നും അതു തൊട്ടാൽ പോലും പകരുമെന്നും അവരെ ആരൊ പറഞ്ഞു. ബോധ്യപ്പെടുത്തിയിരുന്നു.....
ഉമ്മയ്ക്കോ ബാപ്പയ്ക്കോ മകളോടു ഒന്നും തന്നെ പറയുവാനുണ്ടായിരുന്നില്ല. മകൾക്ക് അവരോടും: നിമിഷങ്ങൾ മണിക്കൂറുകളായ് കടന്നുപോയ്ക്കൊണ്ടിരുന്നു. മകളുടെ ശരീരത്തില് മുത്തുകൾ പോലെ രൂപം കൊണ്ടു നിൽക്കുന്ന മഞ്ഞ കുരുക്കൾ അവരിൽ ഭയം ഉണ്ടാക്കി.
അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ആ സ്ത്രീയോടു പോകാമെന്നു പറഞ്ഞു. പനിച്ചൂടിലും ശരീര വേദനയിലും ഉരുകിക്കിടക്കുന്ന മകളുടെ അവസ്ഥയിൽ അവർ വിഷമിക്കുന്നുണ്ടു എങ്കിലും അയാളൊടൊപ്പം പോകാതെ വയ്യ. അവർ മകളുടെ കട്ടിലിനരികിൽ ഒന്നുകൂടി നീങ്ങിയിരുന്നു മകളോടു പറഞ്ഞു. "ഉമ്മ പോയിട്ടു വരാം "
പെൺകുട്ടി കണ്ണു തുറന്നു ഉമ്മയെ നോക്കി ആദ്യമായ് കാണുന്ന പോലെ ....
പെൺകുട്ടി സ്വരം താഴ്ത്തി ചോദിച്ചു " നിങ്ങളെന്റെ ഉമ്മയാണോ .....അയാൾ എന്റെ ബാപ്പയാണോ ?"
എവിടെയോ അണകെട്ടി നിർത്തിയ കണ്ണീർ ചാലുകൾ ഉമ്മയിൽ നിന്നും മട, പൊട്ടിയ പോലെ കുത്തി ഒഴുകി ....അവർ ഉറക്കെ ഉറക്കെ കരഞ്ഞു ..... ബപ്പ ഉമ്മയെയും പിടിച്ചു കൊണ്ടു പുറത്തേക്ക് പോകുമ്പോൾ തിരിഞ്ഞു നിന്നു സിതാരയോടായ് പറഞ്ഞു "ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പോലീസ് പറഞ്ഞിട്ടുണ്ടു "
വേദനയിൽ ഞരങ്ങിക്കൊണ്ടു തന്നെ പെൺകുട്ടി തിരിഞ്ഞു കിടന്നു അപ്പോൾ അവൾ മെല്ലെ പറയുന്നുണ്ടായിരുന്നു " ഇനി ഇങ്ങോട്ട് ആരും വരേണ്ടതില്ല. "
പെൺകുട്ടി ആ മുറിയിൽ വീണ്ടും തനിച്ചായി. വേദനകൾ ശരീരത്തിൽ വന്നു പോകുമ്പോൾ എല്ലാം . ഒരു ബാധകേറി ഒഴിഞ്ഞു പോകുന്ന പ്രതീതി. ഒരു വേദനയുടെ വേലിയേറ്റത്തിനു ശേഷം സിതാര തളർന്നു മയങ്ങി . ആ മയക്കത്തിൽ അവൾ അഴകപ്പന്റെ ശബ്ദം കേട്ടു. "വേഗം റെഡിയാകൂ ഡയമണ്ട് ഹോട്ടലിൽ നല്ലൊരു കേസ് വന്നിരിക്കുന്നു. സിനിമാക്കാരാണ്, എന്തായാലും നല്ല കാശുകാരാണ്. " അയാൾ തിരക്കുകൂട്ടി
പെൺകുട്ടി അയാളോടു കെഞ്ചി : അഴകപ്പണ്ണ ....എനിക്കു സുഖമില്ല എനിക്കു വരാൻ കഴിയില്ല. എനിക്കു ആസ്പത്രിയിൽ പോകണം . എനിക്കു ഡോക്ടറെ കാണണം"
അഴകപ്പൻ "ഡോക്ടറെ നാളെ രാവിലെ പോയ്ക്കാണാം. ഇപ്പോൾ വേഗം റെഡിയായ് എന്റെ കൂടെ വരു....."
പെൺകുട്ടി തീർത്തു പറഞ്ഞു തനിക്കുവരാൻ കഴിയില്ലാന്നു
അഴകപ്പൻ അവളുടെ തലമുടിയിൽ കുത്തിപ്പിടിച്ചു തലങ്ങും വിലങ്ങും അടിച്ചു എന്നിട്ടലറി " അസത്തേ നിന്റെ തന്തയും തള്ളയും കൂടി അഞ്ചുലക്ഷമാ വാങ്ങി കൊണ്ടുപോയിരിക്കുന്നത്
നിന്നെ വച്ചു ആറുലക്ഷം എങ്കിലും ഞാൻ ഉണ്ടാക്കും അല്ലങ്കിൽ എനിക്കെന്തു ലാഭമാ ഈ കച്ചവടത്തിൽ കിട്ടുക
" പോയ് വേഗം റെഡിയാകടീ "
പെൺകുട്ടിയുടെ മനസ്സിൽ സംശയങ്ങൾ പൊന്തി വരാൻ തുടങ്ങി
ഉമ്മയും ബാപ്പയും ഇനി തിരിച്ചു വരില്ല അവരാണല്ലോ അഴകപ്പന ണ്ണന്റെ അടുത്തു തന്നെ ഏൽപ്പിച്ചത്.  രണ്ടു മാസം കഴിഞ്ഞ് തിരിച്ചുവരാമെന്നും പറഞ്ഞാണല്ലോ പോയതു , ഇതുവരെ ഒന്നു വന്നില്ലല്ലോ ആറു മാസത്തോളം ആയല്ലോ. അഴകപ്പണ്ണന്റെ കൂടെ ആയിട്ടു. അയാൾ നല്ല ഡ്രെസ്സോ ഭക്ഷണമൊ ഒന്നും വാങ്ങി തരാ റില്ല. കാശു കിട്ടിയാൽ ഏതു കുഷ്ഠരോഗി യുടെ കൂടെയും പറഞ്ഞു വിടും. ഇരുപത്തി നാലു മണിക്കൂറും അയാളുടെ കൺ വെട്ടത്ത് തന്നെ.ഉമ്മയെ ഒന്നു വിളിക്കാൻ ഒരു ഫോൺ പോലും തന്റെ കയ്യിൽ ഇല്ലാ
ഒരു ദിവസം പറഞ്ഞു "അഴകപ്പണ്ണ എനിക്കു ഉമ്മാനെ കാണണം , നാട്ടിൽ പോകണം ,
അഴകപ്പൻ :- "ഏതു ഉമ്മ ? ഏതു വാപ്പ ? ഏതു നാട് ?
ഇനി ഉമ്മയും ബാപ്പയും ഒക്കെ ഞാൻ തന്നെ .... ഈ തമിഴകം വിട്ടു ഒരിടത്തുമേ പോകയില്ല.
പെൺകുട്ടി അതു കേട്ടു വലിയ വായിൽ കരഞ്ഞു പറഞ്ഞു എനിക്കു ഉമ്മായെ കാണണം ....സ്ക്കൂളിൽ പോണം പഠിക്കണം ഒമ്പതാം ക്ലാസ്സ് പാസാകണം
അഴപ്പൻ :- ഇതൊന്നും നടക്കില്ല കൊച്ചെ അഞ്ചുലക്ഷം രൂപാക്കുനിന്നെ എനിക്കു വിറ്റിട്ടാ നിന്റെ ഉമ്മയും ബാപ്പയും പോയത്. ഞാൻ പറയുന്നതനുസരിച്ചു ഇവിടെ ജീവിച്ചോ അതാ നിനക്കു നല്ലതു
അപക്വമായ ആ പെൺ കുഞ്ഞിന്റെമനസ്സിൽ ഒന്നിനെക്കുറിച്ചും ഒരു വ്യക്തമായ ചിത്രവും തെളിഞ്ഞില്ല.
ബാല്യത്തിലെ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരം വെളുത്താൽ ഉമ്മ എവിടെക്കോ പോകുന്നു വരുന്നു .... രാത്രിയിലും ചിലപ്പോൾ അപരിചിതർ വീട്ടിൽ ഉണ്ടാകും .... അന്നു അടുക്കളയിൽ തിണ്ണയിൽ ഉമ്മ പായവിരിച്ചു തരും വരുന്നവർ എപ്പോഴോ ഒക്കെ പോകുന്നു. ഉമ്മയ്ക്ക് ഒരു ഉമ്മ ഉണ്ടായിരുന്നു. ഉമ്മുമ്മ മരിച്ച ശേഷമാണ് ഉമ്മ ഇങ്ങിനെയൊക്കെ തുടങ്ങിയത്.
ആരാ വരുന്നവർ എന്നു ചിലപ്പോൾ ചോദിക്കാറുണ്ടു ഉമ്മാനോടു അവർ വന്നില്ലങ്കിൽ നമ്മൾ പട്ടിണി കിടക്കേണ്ടിവരും. ബാപ്പയെ കുറിച്ചും ചോദിച്ചിട്ടുണ്ടു, അതു കേൾക്കുമ്പോൾ ഉമ്മായ്ക്കു കലിയിളകും " ഹെന്നെ ചതിച്ചിട്ടു പോയ മഹാപാപി. പിന്നെയും കെട്ടി ഭാര്യയും മക്കളുമായ് സുഖമായ് ജീവിക്കുന്നു. "
അയാളുടെ ചോരയിൽ പിറന്ന ഒരു മകളിവിടെ ഉണ്ടെന്ന വിചാരം പോലും അയാൾക്കില്ല ,.....നിനക്ക് ബാപ്പയെ വേണമെന്നു തോന്നുന്നെങ്കിൽ അങ്ങ്ട് ചെല്ല്"
ഉമ്മായെ ഭ്രാന്ത് എടുപ്പിക്കണ്ടാ എന്നു കരുതി പിന്നെ ഒന്നും ബാപ്പയെ കുറിച്ചു ചോദിക്കാറില്ല. 
ഉമ്മായെ കൂടെ കൊണ്ടു നടന്നിരുന്ന ഖാദറിക്ക പള്ളിക്കാരോടു പറഞ്ഞു ഉമ്മായെനിക്കാഹ് ചെയ്തു. അതിൽ രണ്ടനിയനും രണ്ടനിയത്തിയും ഉണ്ടായി. ഉമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഒക്കെ ഖാദറിന്റെ ഇഷ്ടത്തിനു സിതാര നിന്നും കൊടുത്തു. ഇഷ്ടമുള്ള പലഹാരങ്ങളും നെയ്ച്ചോറും ബിരിയാണിയുമെല്ലാം സ്വകാര്യമായ് വാങ്ങിക്കൊണ്ടുവന്നു കൊടുത്തു. വയർ നിറയെ ഭക്ഷണം കഴിക്കുമ്പോൾ മറ്റൊന്നും അരുതാത്തതായ് തോന്നിയില്ല.
ഒരു ദിവസം ഖാദറിക്ക മടിയിൽ ഇരുത്തി ബിരിയാണി വാരിത്തരുന്നതുകണ്ടു ഉമ്മ കയറി വന്നു, അന്നു തന്നെ അവിടെ വലിച്ചിട്ടു ഉമ്മ ചൂലും കെട്ടിനു അച്ചാലും മുച്ചാലും തല്ലി .... ബിരിയാണി എടുത്തു വലിച്ചെറിഞ്ഞു ... ഖാദറിക്കയെ തെറി വിളിച്ചു.
അടി കൊണ്ടതിലും വിഷമം തോന്നിയതു ബിരിയാണി കഴിച്ചു തീർക്കാൻ പറ്റാത്തതിലാണു, ഉമ്മ പണിക്കു പോകുമ്പോൾ സഹോദരങ്ങൾ സ്കൂളിൽ ആയിരിക്കുമ്പോൾ ബാപ്പ (ഖാദർ )സ്ക്കൂളിൽ നിന്നും തന്നെ കൂട്ടിക്കൊണ്ടു വീട്ടിൽ വന്നു
അപ്പോൾ വീട്ടിൽ ബാപ്പയുടെ ഒരു ചങ്ങാതിയും ഉണ്ടായിരുന്നു ,
ഉമ്മായും സഹോദരങ്ങളും ഒന്നും അറിഞ്ഞിരുന്നില്ല. അന്നു വീട്ടിൽ പെരുന്നാൾ ആയിരുന്നു , ബാപ്പയുടെ കൈ നിറയെ കാശും അടുക്കളനിറയെ എർച്ചീം മീനും .....
പിന്നെ പിന്നെ ഉമ്മ ഇതറിയുന്നെങ്കിലും കണ്ണടച്ചു. ആറു വയറുകൾ നിറയുന്നതിലെ സമാധാനം ....എല്ലാറ്റിനും നേരെ കണ്ണുകൾ അടയ്ക്കാൻ പ്രേരിപ്പിച്ചു.....
പട്ടാളത്തിൽ നിന്നും പിരിഞ്ഞു പോന്ന ഒരു കിളവനും ഭാൎര്യയും അയൽ വക്കത്തുണ്ടായിരുന്നു. ഇടയ്ക്ക് അയാളുടെ കുടെയും ബാപ്പ തന്നെ വിട്ടു. അയാൾ ഭക്ഷണവും കാശും ചുരിദാറും തരുമായിരുന്നു.....
പിന്നീടു ബാപ്പ പലരുടെയും കൂടെ വീടുമായിരുന്നു. ആഴ്ചകൾ തന്നെ അവരുടെ കൂടെ താമസിക്കും. വലിയ വലിയ ഹോട്ടലുകളിൽ ..... തിരിച്ചു പോരുമ്പോൾ ഇഷ്ടമുള്ളതൊക്കെ കൈ നിറയെ വാങ്ങി തന്നിട്ടുണ്ടാകും..
രണ്ടാഴ്ചയോളം സ്ക്കൂളിൽ ചെല്ലാതിരിക്കുമ്പോൾ ക്ലാസ്സ് ടീച്ചർ കൂട്ടുകാരികളോടു അന്വേഷിക്കാൻ തുടങ്ങും , അവർ അന്വേഷിച്ചുവരും അപ്പോഴൊക്കെ അവളുക്കു പാടില്ല .... സുഖമില്ല ..... എന്നൊക്കെ ഉമ്മപറഞ്ഞു വിടും ..
ടീച്ചർ പിന്നെയും പറഞ്ഞു വിടും രണ്ടു ദിവസവും കൂടി കഴിഞ്ഞാൽ സ്ക്കൂളിൽ നിന്നും പേരു വെട്ടും ..... പിന്നെ അവിടെ പഠിക്കണമെങ്കിൽ വീണ്ടും പുതിയതായ് പഠിക്കാൻ ചേർക്കണം അതു പേടിച്ചിട്ടുപിന്നെ താമസിക്കില്ല. സ്ക്കൂളിൽ പോകാൻ തുടങ്ങും .......
ഒരാഴ്ചയോളം പോകും പഠിപ്പിക്കുന്നതൊന്നും മനസ്സിലാകില്ല . പഠിക്കുന്ന വിഷയവുമായും ഒരു ബന്ധവുമില്ല ..... അടുപ്പവുമില്ല ...കുറെ നേരം അവിടെവിടെ നോക്കിയിരിക്കും .... വല്ലപ്പോഴുമൊക്കെ ക്ലാസ്സിൽ കാണുന്ന കുട്ടി എന്നു എല്ലാ അദ്ധ്യാപകരും "ശ്രദ്ധിച്ചു "വച്ചിരിക്കുന്നതിനാൽ ആരും ചോദ്യം ചെയ്തില്ല.... അതിനാൽ വയറു വേദന നടുവേദന എന്നൊക്കെ പറഞ്ഞു ഡെസ്ക്കിൽ കമിഴ്ന്നു കിടന്നു ......
അവസാന പിരീഡ് തുടങ്ങിയിട്ടേയുള്ളു... ടീച്ചർ കാര്യമായിട്ടൊന്നും പഠിപ്പിക്കുന്നുമില്ല .... അപ്പോഴുണ്ടു ക്ലാസ്സിന്റെ മുന്നിൽ പട്ടാളക്കാരൻ മേജർ ഉപ്പയും ഭാര്യയും വന്നു നിൽക്കുന്നു. ക്ലാസ്സിലെ ടീച്ചറിനോടും ചോദിച്ചു സിതാരയെ കൂടെ വിടാമോ? ഓണക്കോടി വാങ്ങിക്കൊടുക്കാനാ ....
ടീച്ചർ സിതാരയെ കൂടെ വിടുന്നതിനു മുന്നേ മേജറെ ചോദ്യം ചെയ്തു ....അയാൾക്കതുഒട്ടും ഇഷ്ടമായില്ല , ഒണക്കോടി വാങ്ങാനുള്ള സന്തോഷത്തിൽ ടീച്ചറോടു കള്ളം പറഞ്ഞു " ഉമ്മ പറഞ്ഞിട്ടുണ്ടു അവരുടെ കൂടെ പോകണമെന്ന് "
മേജർ ഉപ്പയും ഭാര്യയും കൂടി നല്ല ചുരിദാറുകൾ വാങ്ങി തന്നു . അയാളുടെ കൂടെ ഉണ്ടായിരുന്ന (ഭാര്യ ആയിരുന്നില്ല) സ്ത്രീയുടെ കൂടെ പിറ്റെ ദിവസവും ഹോട്ടലുകളിൽ കറങ്ങി നടന്നു
കൂടെക്കൂടെയുള്ള നീണ്ട ലീവുകൾ ക്ലാസ്സ് അധ്യാപികയെ പ്രശ്നത്തിലാക്കി. നീണ്ട ആബ്സന്റ് മാർക്ക് ചെയ്തു പതിനഞ്ചു ദിവസം കഴിഞ്ഞുപേര് വെട്ടിക്കളയാൻ തയ്യാറായെങ്കിലും പൊതുവെ കുട്ടികൾ വിദ്യാലയത്തിൽ കുറവാണ് അതിനാൽ ഈ ഒരു കുട്ടിയെ പറഞ്ഞു വിട്ടാലും അതു പ്രശ്നമാകും, ടീച്ചർ ചെകുത്താനും കടലിനും ഇടയിൽ കിടന്നു നീന്തി.....
  മൈസൂരിൽ ദുബായിൽ നിന്നും അവധി ആഘോഷിക്കാൻ വന്ന നിയാസ് ഡോക്ടർ കൂടെ നിർത്തിയത് ഒരു മാസം ആണ് . അന്ന് ആണ് ആദ്യമായ് പിറന്നാൾ ആഘോഷിച്ചത്. ഡോക്ടറുടെ കൂടെ വലിയ കേക്കു മുറിച്ചു വലിയ ഹോട്ടലിൽ എന്തു മാത്രംനല്ല നല്ല സുഖ സൗകര്യങ്ങളിൽ ആണ് ജീവിച്ചത്. ജീവിതത്തിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ദിവസങ്ങളായിരുന്നു അത്. അഹങ്കാരമായിരുന്നു അന്നൊക്കെ തന്റെ കൂട്ടുകാർക്കോ ബന്ധുക്കൾക്കോ കൂടപ്പിറപ്പുകൾക്കോ അനുഭവിക്കാൻ കിട്ടാത്ത ആ പുതുലോകങ്ങൾ : ... അതിൽ മുഴുകി മുങ്ങിക്കിടക്കുമ്പോൾ ... അന്നുഅഹങ്കാരമായിരുന്നു. നിയാസ് ഡോക്ടറുടെ കയ്യിലെ ഒരു കളിപ്പാവയായിരുന്നു. വളരെ വാത്സല്യത്തോടെയുള്ള ഡോക്ടറുടെ സമീപനം ഒത്തിരി ഒത്തിരി സന്തോഷിപ്പിച്ചു. ഡോക്ടറെ വിട്ടു പോരാനേ തോന്നിയില്ല. ഡോക്ടറെ പിരിയുമ്പോൾ ഒത്തിരി കരഞ്ഞു , എത്രയോ ജോടി ഡ്രസ്സും മുത്തുമാലകളും കല്ലു പതിച്ച കമ്മലുകളുമൊക്കെയാണ് ഡോക്ടർ വാങ്ങി തന്നത്. അടുത്ത വർഷം ലീവിനു വരുമ്പം കാണാമെന്നു പറഞ്ഞാണു പിരിഞ്ഞത്.
അൻമ്പതിനായിരം രൂപയാണ് അന്നു് ബ്രോക്കർ ആയ അഴകപ്പണ്ണൻ വഴി ബാപ്പക്കു കിട്ടിയത്......
ഡോക്ടറോടൊപ്പം കഴിഞ്ഞ ആ ഒരു മാസം രണ്ടു മൂന്നുപ്രാവിശ്യം പനി വന്നു ദേഹം വേദനയും കുളിരും വിറയലും , അതിനെല്ലാം ഡോകടർ മരുന്നു തന്നു . അതു കഴിച്ചപ്പോൾ മാറുകയും ചെയ്തു
അഴകപ്പനണ്ണനും ബാപ്പയുമായ് എന്തൊ ഒക്കെ സംസാരിക്കുകയും വില പേശുകയും ചെയ്യുന്നുണ്ടായിരുന്നു അവസാനം അഞ്ചു ലക്ഷം രൂപയ്ക്കു ഉറപ്പിച്ചു. " അതു തന്നെ വിറ്റതായിരുന്നു. "എന്നു പെൺകുട്ടിക്ക് ഇപ്പോഴാണ് മനസ്സിലായത് എന്നാലും ഉമ്മയും അതിനു കൂട്ടുനിന്നല്ലോ പാടച്ചോനെ .....
അഴകപ്പനണ്ണന്റെ കൂടെ തമിഴ്നാട്ടിലെത്തുമ്പോഴും തിരിച്ചു നാട്ടിൽ പോകും എന്നു തന്നെ വിശ്വസിച്ചു. അതു മണ്ടത്തരമായിരുന്നു. മൈസൂരിൽ വച്ചു തുടങ്ങിയ പനി വിടാതെ പിൻന്തുടർന്നു. മെഡിക്കൽ ഷോപ്പിൽ നിന്നും അഴകപ്പനണ്ണൻ ഗുളിക വാങ്ങി തരുമ്പോൾ ഒരാശ്വാസം തോന്നും.... അഴകപ്പനണ്ണൻ മറ്റു തമിഴൻ ബ്രോക്കർമാരെയും സ്ത്രീകളെയും ഒക്കെ പരിചയപ്പെടുത്തി അവരൊക്കെ വിളിക്കുമ്പോൾ കൂടെ പോകണം പോയില്ലങ്കിൽ അഴകപ്പനണ്ണൻ ചീത്തവിളിക്കും അടിക്കും. പലപ്പോഴും പനി കൊണ്ടു എണീക്കാൻ വയ്യാത്ത അവസ്ഥ എന്നിട്ടും മരുന്നുകൾ കഴിച്ചു പലയിടത്തും പലരോടൊപ്പം ഹോട്ടലുകൾ കയറി ഇറങ്ങി .....
ഒരു ദിവസം അതി ഭീകരമായ പനി വന്നു അതോടൊപ്പം പിൻകഴുത്തിലും മാറിടങ്ങളിലും ഗുഹ്യഭാഗത്തുമെല്ലാം ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. നാലു ദിവസം മരുന്നു കഴിച്ചപ്പോൾ പനി കുറഞ്ഞു. പക്ഷെ കുരുക്കൾ വലുതായി പഴുപ്പു പിടിച്ചു. ദേഹമാസകലം വേദനയായി .... കിടന്നിടത്തു നിന്നും എണീൽക്കാൻ വയ്യ ....
അന്നും അഴകപ്പനണ്ണൻ വന്നു. ബോബെയിലെ വലിയൊരു വ്യവസായി അയാളെ ഒന്നു സ്ന്തോഷിപ്പിക്കണം. അയാൾ ചെറിയ കുട്ടിയെ വേണമെന്നു പറയുന്നു. സിതാര എഴുന്നേറ്റു വാ....വേഗം തിരിച്ചു വരാം ....
എണീൽക്കാതെ കിടക്കുന്ന പെൺകുട്ടിയുടെ തുടയിൽ തന്നെ അയാൾ ആഞ്ഞുചവിട്ടി ....വേദന കൊണ്ടു പുളഞ്ഞ അവൾ താനെ എണീറ്റുപോയി. , ... കാറിൽ ഹോട്ടലിൽ എത്തി .... പെൺകുട്ടിയെ മുറിയിലാക്കി വ്യവസായിയെ നോക്കി ഒരു കണ്ണിറുക്കി അടച്ചു അഴകപ്പനണ്ണൻ കതകടച്ചു തിരിച്ചു നടന്നു. വ്യവസായി പെൺകുട്ടിയെ ആവേശ്ത്തോടെനോക്കി ഒരു കൊടുങ്കാറ്റിന്റെ ശക്തിയോടെ അവളെ വാരിയെടുത്തു ചേർത്തുപിടിച്ചു കട്ടിലിൽ കിടത്തി. വരിഞ്ഞു മുറുക്കുമ്പോൾ ഒരു ചത്ത പാമ്പിന്റെ തളർച്ച അയാളെ സ്പർശിച്ചു. അയാൾ ആ പെൺകുട്ടിയെ തുറിച്ചു നോക്കി .... അവൾ അബോധാവസ്ഥയിൽ ആയിരുന്നു.
വ്യവസായി ഹോട്ടൽ ബോയിയെ വിളിച്ചു താഴെ ലോഞ്ചിൽ കാത്തിരിക്കുന്ന അഴകപ്പനെ വിളിപ്പിച്ചു. അയാളുടെ കരണക്കുറ്റി നോക്കി മാറി മാറി അടിച്ചു. കട്ടലിൽ ബോധമില്ലാതെ കിടക്കുന്ന പെൺകുട്ടിയെ ചൂണ്ടികാണിച്ചു കൊടുത്തു. അഴകപ്പനും റൂം ബോയിയും ചേർന്നു പെൺകുട്ടിയുടെ മുഖത്ത് വെള്ളം തളിച്ചു കുലുക്കി വിളിച്ചു. അനക്കമറ്റു കിടക്കുന്ന പെൺകുട്ടിയെ നോക്കി വ്യവസായി അലറി " എടുത്ത് ആസ്പത്രിയിൽ കൊണ്ടുപോകു"
അവർ പെൺകുട്ടിയെ പൊക്കി കൊണ്ടുവന്നു കാറിൽ ആസ്പത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചു ദേഹത്തിൽ അവിടെ അവിടെ പൊന്തി നിൽക്കുന്ന കുരുക്കൾ നോക്കി. രക്തം ടെസ്റ്റ് ചെയ്തു രോഗം നിർണ്ണയിച്ചു. എയ്ഡ്സ് ആണ് . ഭക്ഷണം വാങ്ങാൻ പുറത്തേക്കു പോയ അഴകപ്പനെ പിന്നെ കണ്ടതേയില്ല.
ഇഞ്ചെക്ഷനും എടുത്തു  ട്രിപ്പു കയറ്റികഴിഞ്ഞപ്പോൾ പെൺകുട്ടികണ്ണു തുറന്നു . അഴകപ്പനെ അന്വേഷിച്ചു.....
അനാഥയായിക്കിടക്കുന്ന പെൺകുട്ടിയുടെ ഏക ആശ്വാസം മലയാളിയായനേഴ്സ്ആയിരുന്നു.നേഴ്സ്നോടുനിവർത്തിയില്ലാതെ വന്നപ്പോൾ അവൾ എല്ലാ കഥകളും പറഞ്ഞു. പെൺ വാണിഭത്തിലെ ഒരു കണ്ണിയാണിതെന്നു അറിഞ്ഞ നിമിഷം പോലീസെത്തി . കേസു രജിസ്റ്റർ ചെയ്തു. പക്ഷെ ആരാരുമില്ലാത്ത ഒരു എയ്ഡ്സ് രോഗിയായ പ്രായപൂർത്തിയാകാത്ത പതിനാലു വയസ്സ് മാത്രം പ്രായമുളള പെൺകുട്ടിയെ ഇനി എന്തു ചെയ്യും. കേരള പോലീസിനു കൈമാറണം അവിടെ അവർ മാതാപിതാക്കളെ കണ്ടുപിടിച്ചു ഏൽല്പിക്കണം രോഗത്തിന്ചികിത്സ തുടരണം കേസ് മുന്നോട്ടു കൊണ്ടുപോകണം.
കേരള പോലീസ് തമിഴ് നാട്ടിലെത്തി പെൺകുട്ടിയെ കേരളത്തിലെത്തിച്ചു. പക്ഷെ ഈ രോഗമുള്ള കുട്ടിയെ വീട്ടിൽ അഭ്യസ്തവിദ്യരല്ലാത്ത മാതാപിതാക്കൾ ഏറ്റെടുക്കാൻ തയ്യാറല്ല. പോലീസ് അവളെ പ്രത്യേക സജ്ജീകരണങ്ങൾ ഉള്ള അഗതിമന്ദിരത്തിൽ ഒരു മുറിയിൽ താമസിപ്പിച്ചു.
ബാപ്പയും ഉമ്മയും വീട്ടിൽ എത്തുന്നതിനു മുൻമ്പു തന്നെ മക്കൾ നാലു പേർ വഴിക്കണ്ണുമായ് അവരെയും നോക്കി നിൽ പ്പുണ്ടായിരുന്നു. ബാപ്പയുടെ അരികിലെത്തി അവർ ആദ്യം ചോദിച്ചത് "സിതാര ഇത്തയെവിടെ എന്നാണ്. ? പിന്നെ പറഞ്ഞു ബാപ്പയേയും ഉമ്മയേയും അന്വേഷിച്ചു പോലീസ് വീട്ടിൽ വന്നു നിൽക്കുന്നു. " പോലീസിന്റെ മുന്നിൽ എന്തു പറയും എന്നതിനെക്കുറിച്ചു അവർക്കൊരു വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. ഖാദറെയും ഭാര്യയേയും കണ്ട പോലീസുകാർ പറഞ്ഞു " ഒരു അറസ്റ്റു വാറന്റ് ഉണ്ടു. വേഗം വന്നു വണ്ടിയിൽ കയറൂ " അവർ ഒന്നും ഉരിയാടാതെ തന്നെ തല കുനിച്ചു വണ്ടിയിൽ കയറി ഇരുന്നു. മക്കളെ നോക്കുകയോ ഒന്നും പറയുക പോലും ചെയ്തില്ല.
ബാപ്പയേയും ഉമ്മയേയും പോലീസ് കൊണ്ടുപോകുന്നത് കണ്ടു ചെറിയ കുട്ടികൾ വലിയ വായിൽക്കരഞ്ഞു. മൂത്ത ചേട്ടനും ചേച്ചിയും അവരെ സമാധാനിപ്പിച്ചു. വീട്ടിലേക്കു എടുത്തു കൊണ്ടുപോയി.സി.ഐ. അവരെ കേസിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി.
"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക വാണിഭത്തിനായ് വിട്ടു കൊടുത്ത സ്വന്തം മാതാപിതാക്കൾക്കു നെരെയാണു കേസ്. ജ്യാമ്യം ഇല്ലാ വകുപ്പാണിതു്. നിലവിൽ പെൺകുട്ടിക്കു എയ്ഡ്സ് എന്ന മാരക രോഗം ആണു. ഈ രോഗാവസ്ഥയിൽ ഈ പെൺകുട്ടിയുമായ് എത്ര പേർ ....ആരൊക്കെ ..... സമ്പർക്കം പുലർത്തി അവരുടെ പേരുകൾ .ആരൊക്കെയാണു ഏജന്റുമാർ അവരുടെ വിവരങ്ങൾ എല്ലാം പറഞ്ഞു കൊടുക്കണം. ഈ കുട്ടിയിൽ നിന്നും എത്ര പേർക്കു രോഗം പകർന്നിട്ടുണ്ടാകും. ഇതെല്ലാം വളരെ ഗൗരവം ഉള്ള കാര്യങ്ങൾ ആണു അതിനാൽ ഞങ്ങളുടെ കയ്യ്നു് പണിയുണ്ടാക്കാതെ ചോദിക്കുന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം തരണം ഇല്ലങ്കിൽ " ഢോ " അടി വന്നു വീണതു് ഖാദറിന്റെ കരണത്താണെങ്കിലും ഞെട്ടി പുറകോട്ടു മാറിയതു ഭാര്യയാണ്
  അതുവരെ നടന്ന സംഭവങ്ങൾ എല്ലാം അയാൾ തുറന്നു പറഞ്ഞു..... മയക്കുമരുന്നിന്റെ സ്വാധീനം അയാളിൽ  ഉള്ളതു കൊണ്ട് ആയിരിക്കാം ഒരു കുറ്റബോധമോ അടിസ്ഥാന ദു:ഖമോ അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല.  ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തമകളെ അയാൾ ദുർവിനിയോഗം ചെയ്തതുമുതൽ എത്ര പേർക്കു കാഴ്ചവച്ചു അതെല്ലാം ഒരേ വികാരത്തോടു കൂടി ഇരുന്ന് പറഞ്ഞു. അവസാനം അഞ്ചു ലക്ഷം രൂപയ്ക്കു പെൺകുട്ടിയെ അഴകപ്പൻ വഴി തമിഴ് നാട്ടിലേയ്ക്കു പെൺ വാണിഭസംഘത്തിനു വിറ്റതു വരെ പറഞ്ഞു. പിന്നെയൊന്നുംതനിക്കറിയില്ല എന്നയാൾ കൈ മലർത്തി. സി.ഐ അഴകപ്പന്റെ ഫോൺ നമ്പർ ആവിശ്യപ്പെട്ടു. അതും തനിക്കറിയില്ല എന്നു പറഞ്ഞു തീർന്നില്ല .... പോലീസിന്റെ ചൂരൽ വടി അയാളുടെ പുറത്തുവന്നുവീണു. ഖാദർ ചാടി എഴുന്നേറ്റു ട്രൗസറിന്റെ കീശയിൽ നിന്നും ഫോണെടുത്ത് നമ്പർ സെർച്ചു ചെയ്തു എടുത്തു കൊടുത്തു. 
തമിഴ് നാട്ടിലെ ഉൾഗ്രാമത്തിലെത്തിയ അഴകപ്പന്റെ മൊബൈലിൽ ഒരു സ്ത്രീ ശബ്ദം കടന്നുവന്നു കൃത്യം നാലു മണിക്കു സെന്റട്രൽ തിയേറ്ററിന്റെ മുന്നിൽ വരണം . എന്റെ കൂടെ നല്ലൊരു സുന്ദരി കിളിയൊണ്ടു,
അഴകപ്പൻ നാലുമണിക്കു തന്നെ തിയേറ്ററിന്റെ മുന്നിൽ എത്തി മഫ്ത്തി വേഷത്തിലുണ്ടായിരുന്ന തമിഴ് നാട് പോലീസ് ആ നിമിഷം അയാളെ പൊക്കി ....
പെൺകുട്ടിയെ കൊണ്ടു നടന്ന സ്ഥലങ്ങൾ ,പെൺ വാണിഭ സംഘങ്ങൾ, അതിലെ ഓരോ കണ്ണികൾ പെൺകുട്ടിയെ പീഡിപ്പിച്ച വർ മലയാളികളും തമിഴരുമായവർ എല്ലാവരുടെയും ലീസ്റ്റുകൾ പോലീസ് ചികഞ്ഞെടുത്തു ...... ഓരോരുത്തരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു....
രണ്ടാഴ്ച കഴിഞ്ഞപ്പോൾ വാർത്ത വന്നു പെൺകുട്ടിയെ മൈസൂർ ഹോട്ടലിൽ വച്ചു പീഡിപ്പിച്ച ഡോക്ടർ നിയാസ് ആത്മഹത്യ ചെയ്തു എയിഡ്സ് ചതിച്ചോ? നാണക്കേടോ ?എന്തിനായിരിക്കും?
പട്ടാളക്കാരൻ മേജർ ഉപ്പ ഹൃദയസ്തംഭനം മൂലം മരിച്ചു ..... 
പെൺകുട്ടി സിരകളിൽ പൂത്തു കൊഴിയുന്ന സൗഗന്ധി കപൂക്കളുമായി മല്ലടിച്ചു ദിവസങ്ങൾ തള്ളിനീക്കുകയാണ് ഗന്ധമില്ലാത്ത ശബ്ദമില്ലാത്ത ലോകത്തിന്റെ വാതായനങ്ങൾ തുറക്കുന്നതും കാത്തു കാത്തു കൊണ്ടു ......

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക