Image

അപ്പല്* (കഥാമത്സരം-23 -വിമീഷ് മണിയൂർ)

Published on 22 November, 2023
അപ്പല്* (കഥാമത്സരം-23 -വിമീഷ് മണിയൂർ)

നേരത്തെ എഴുന്നേറ്റു കഴിഞ്ഞാൽ സൈക്കിളുമെടുത്ത് തെക്കുന്തല മുതൽ വടക്കുന്തലവരെ ഒരു ചുറ്റലുണ്ട്. അങ്ങനെയൊരു ചുറ്റലിലാണ് മൂന്നിൽ പഠിക്കുന്ന സൈയ്ഫുള്ളഖാനെ കാണുന്നത്. വീട്ടുമുറ്റത്തെ തെങ്ങോട് ചേർത്ത് കെട്ടിയിട്ട നിലയിലായിരുന്നു അവൻ. തെങ്ങിനോട് ചാരി ഇടയ്ക്കിടെ കണ്ണ് ഉറക്കത്തിലേക്ക് പാളിപ്പോയ്ക്കൊണ്ടിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുകളല്ലാതെ പുറത്ത് ആരെയും കണ്ടില്ല.

പൊതുവെ വടക്കുന്തല വീടുകളും മറ്റ് പാർപ്പുകളും കുറവാണ്. ഒഴിഞ്ഞ കുറെ തെങ്ങിൻത്തോപ്പുകളും ഒരു പള്ളിയും കൂർത്ത കടൽത്തീരവുമായിരുന്നു അതിന്റെ അറ്റം. പുരാതനമായ ഏതോ സൂഫിയുടെ കല്ലറപോലെ കടലിന്റെ ഒച്ചയനക്കങ്ങൾ മാത്രം കേട്ട് ആ പള്ളി ജീവിച്ചു പോന്നു. അതിനും കുറേ ഇപ്പുറമാണ് സെയ്ഫുള്ളയുടെ വീട്. പണിതീർന്നിട്ടില്ലാത്ത സിമന്റ് കട്ടകളിൽ പകുതി പൊന്തിച്ച ഒരു തകരക്കുടായിരുന്നു അത്. മുറ്റത്ത് ഒരു കട്ടിലും അതിൽ ചൂടികൊണ്ടുള്ള പായയുമുണ്ട്.

നേരം പുലരുന്നതേയുള്ളു. കാൽപ്പെരുമാറ്റം കേട്ടപ്പോൾ സെയ്ഫുള്ള ഖാൻ  കണ്ണ് തുറന്നു. മുഖത്ത് കരച്ചിൽ കരിഞ്ഞുണങ്ങിക്കിടക്കുന്നു. രാത്രി മുഴുവൻ ഉപ്പു കാറ്റടിച്ച് അതിന്റെ തരികൾ കുപ്പായം പോലുമില്ലാത്ത അവന്റെ മേല് മുഴുവൻ പൊടിച്ചു കിടക്കുന്നു.

"അസലാമലൈക്കും …" 

സെയ്ഫുള്ള ഖാൻ ഒരു സങ്കോചവുമില്ലാതെ വായ തുറന്നു.

"വലെയ്ക്കുമുസ്സലാം …" 

അങ്ങനെയൊരു മറുപടി കുറച്ചു നാളുകൊണ്ട് പഠിച്ചെടുത്തതായിരുന്നു ഞാൻ.

മറുപടിയിൽ അവൻ ചെറുതായ് ചിരിച്ചു.

കെട്ടിയിട്ട  കയറിൽ തൊട്ടതും അവന്റെ ഉമ്മച്ചി ഇറങ്ങി വന്നു.

"മാഷേതും ബ്യാരിക്കര്ത് നിങ്ങ അളിക്കോണ്ടാ… 

ഓനാ ബാപ്പാ ആണ് കെട്ടീട്ടത്. 

മൂപ്പര് തന്നെ ബന്ന് അളിക്കും 

ഇല്ലെങ്കിൽ നാക്കാണ് പ്രശ്നം. "**

അങ്ങനെയാണ് പ്രശ്നം ഞാനറിയുന്നത്. 

ഇന്നലെ രാത്രി സെയ്ഫുള്ള ഖാന്റെ ബാപ്പ വീട്ടില് വന്നിരുന്നു. മുറിയിൽ ഉമ്മച്ചിയുമായ് ചേർന്ന് കെടക്കുമ്പം മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്നോണ്ടിരുന്ന സെയ്ഫുള്ള എഴുന്നേറ്റ് ഉമ്മച്ചിയോടു വെള്ളത്തിന് ചോദിച്ചു. അയാൾക്ക് ദേഷ്യം പിടിച്ചു. വലിച്ചു കൊണ്ടുവന്ന് തെങ്ങിൽ കെട്ടി തലയിൽ രണ്ട് തൊട്ടി വെള്ളം പാർന്നു. വാതിലടച്ച് അയാൾ മുറിയിൽ കയറി അവന്റുമ്മയോട് ചേർന്ന് കിടന്നു.

സെയ്ഫുള്ള കുറേ കരഞ്ഞു. 

തണുത്ത് വിറച്ച് ഒരു രാത്രി നിന്ന് വെളുപ്പിച്ചു. 

പിറ്റേന്ന് രാവിലെ അയാൾ നേരത്തെ എഴുന്നേറ്റു പോയി.

ഒരു തവണ കൂടി അവന്റെ കെട്ടഴിക്കാൻ ശ്രമിച്ചെങ്കിലും 'ബേണ്ട സാറെ' എന്ന് അവന്റെ ഉമ്മച്ചി പറഞ്ഞത് കേട്ട് ഞാൻ കുനിഞ്ഞിടത്ത് നിന്ന് എഴുന്നേറ്റു. തിരിഞ്ഞ് നടന്ന് സൈക്കിളിൽ കയറുന്നതു വരെ ഒന്നും പറയാതെ അവൻ എന്നെ നോക്കി നിന്നു.

2

ദിവസങ്ങൾ കടന്നു പോയ്. 

സെയ്ഫുള്ളയെ പലയിടത്തും വെച്ചു കണ്ടുമുട്ടി. കാണുമ്പോഴൊക്കെ അവൻ അസലാമു അലൈക്കും പറയാൻ മറന്നില്ല. ഒരു ദിവസം വൈകുന്നേരം കടൽക്കരയിലെ കല്ലുബെഞ്ചിലിരിക്കുമ്പം സെയ്ഫുള്ള നടന്ന് വരുന്നു. എന്നെ കണ്ടതും അവൻ അടുത്തു വന്നു. 

"അസ്സലാമലയ്ക്കും "

"വലെയ്ക്കുമുസ്സലാം…" 

മറുപടി കിട്ടിയപ്പം അവൻ ദൂരേക്ക് ഒന്ന് നോക്കി. 

"അന്ന് ഉപ്പ വന്നിരുന്നോ…"

ഞാൻ ചോദിച്ചു.

അവൻ ചിരിച്ചു.

"ഉം… "

"ആണോ… ? "

"അന്തിക്ക് ബാപ്പെ മൂത്തോൻ  ബിട്ടൂട്ടതെന്നാണ് ഉമ്മാ ശൊല്ലിയത് ..ഉമ്മാ ശൊല്ലിയ മാശ് ഫോയി ശൊല്ലിയതെന്ന്. ഉള്ളയാ ?***

ഞാനവന്റെ കണ്ണുകളിൽ തൊട്ടു. 

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.

സെയ്ഫുള്ള വീണ്ടും കടലിലേക്ക് നോക്കി. 

വിദൂരത്തിൽ പണ്ടെങ്ങോ ലഗൂണിലെ പാറയിൽ കയറി തകർന്ന് ഉറച്ചുപോയ കപ്പലിന്റെ അവശിഷ്ടം നിലവിളിച്ചുകൊണ്ടിരിക്കുന്നു. കരയിൽ നിന്ന് ഏതാണ്ട് പത്തെണ്ണൂറ് മീറ്റർ അകലെയാണത്. തുരുമ്പെടുത്ത ആ ഭീമന്റെ തോളെല്ലുകൾ മാത്രമേ ഇപ്പോൾ കാണാനുള്ളൂ. അതിലെ ക്യാപ്റ്റൻ സംഭവിച്ച ദുരന്തം താങ്ങാനാവാതെ ആത്മഹത്യ ചെയ്തെന്നാണ് കേട്ടത്. പലപ്പോഴും കടലിൽ ഉയർന്നു നിൽക്കുന്ന ഖബറുപോലെ അത് തോന്നിച്ചു.

സെയ്ഫുള്ള കുറച്ചുനേരം അവിടെയിരുന്നു.

"മാശ്നെ ഫെറെന്നയ് ?"***

"സുരേന്ദ്രൻ …. "

"മാശ് കാഫ്റാ ?"

ഞാൻ വാക്കില്ലാതെ നിന്നു പുളിച്ചു.

കുറച്ച് കഴിഞ്ഞ് എഴുന്നേൽക്കുമ്പം സെയ്ഫുള്ള പറഞ്ഞു: 

"നോമ്പിന് ഞാളെ ഫൊരക്ക് ബരുവോ…

നാനും ഉമ്മയും എതീമാ…യെ കൊണ്ടേത്ങ്ങില്ല…" *****

ഞാൻ ചിരിച്ചു. 

സെയ്ഫുള്ള തിരിഞ്ഞ് വീട്ടിലേക്ക് ഓടി. 

അതും കഴിഞ്ഞാണ് അവന്റെ കഥ ഞാനറിയുന്നത്. സെയ്ഫുള്ളയുടെ ഉമ്മ സുലേഖാബി വിവാഹിതയല്ല. അവന്റെ ഉപ്പയ്ക്ക് തെക്കുന്തലയിലുള്ളതാണ് ശരിക്കുള്ള ഭാര്യ. ഒരിക്കൽ അയാള് കേറി വന്ന് സുലേഖയുടെ കൂടെക്കിടന്നു. അന്ന് അവൾക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരാണെങ്കിൽ വയ്യാതെ കിടക്കുകയായിരുന്നു. ജാബിർ എന്നാണ് അയാളുടെ പേര്. അങ്ങനെയാണ് സെയ്ഫുള്ള ഖാൻ ജനിക്കുന്നത്. അവൻ ജനിച്ചതിന്  ശേഷം അയാളുടെ വരവ് കുറഞ്ഞു. 

രാത്രികളിൽ വല്ലപ്പോഴും വന്ന് കേറി സെയ്ഫുള്ളയേയും സുലേഖയേയും രണ്ട് തല്ലി, ഇടയ്ക്ക് നിർബന്ധിച്ച് കൂടെകിടത്തി അയാള് പോകും. വടക്കുന്തലയിൽ അങ്ങനെ കുറച്ച് വീടുകളുണ്ടെന്നാണ് കൂടെ പണിയെടുക്കുന്ന മാഷമ്മാർ പറയുന്നത്. ആ വീട്ടിൽ ചെല്ലാനോ പച്ചവെള്ളം വാങ്ങി കുടിക്കാണാ പാടില്ല. പിന്നെ പേരുദേഷം ഒരിക്കലും വിട്ടുപോവില്ല.

സെയ്ഫുള്ളയുടെ കാര്യം പറഞ്ഞപ്പോഴുള്ള നാട്ടുകാരിൽ ചിലരുടെ ചിരി എനിക്കപ്പോൾ മനസ്സിലായി. 

ജാബിർ കടലിൽ പോകുന്ന ആളാണ്. സ്വന്തമായ് ബോട്ടുണ്ട്. പകല് അയാൾ സുലേഖയേയും സെയ്ഫുള്ളയേയും കണ്ടാൽ ആട്ടിപ്പായിക്കും. പക്ഷേ പൂതി വന്നാൽ എല്ലാം മറന്ന് രാത്രി  വിരിച്ചു വെച്ച പായയിലേക്ക് നടക്കുകയും ചെയ്യും. ദേഷ്യത്തിലാണെങ്കിലും അല്ലെങ്കിലും സെയ്ഫുള്ളയെ തെങ്ങിലോ ശീരാണിയിലോ കെട്ടിയിട്ട് വാതിലടക്കുകയും ചെയ്യും. അതൊരു പുതിയ കാര്യമേ ആയിരുന്നില്ല, കാണുന്ന ആർക്കും.

3

ഒരത്യാവശ്യത്തിനായ് നാട്ടിലേക്ക് വന്ന് മൂന്ന് ആഴ്ച്ച കഴിഞ്ഞാണ് തിരിച്ച് ദ്വീപിലേക്ക് വരുന്നത്. അതിനിടയിൽ ഒരു ചുഴലിക്കാറ്റ് ഞാൻ താമസിച്ച ദ്വീപുൾപ്പടെ പലതിനെയും  തകർത്തിരുന്നു. ഒന്നുരണ്ടു പേരെ കടലിൽ കാണാതായി. ബോട്ടുകൾ തകർന്നു. വീടുകളിൽ ചിലയിടങ്ങളിൽ വെള്ളം കേറി. എല്ലാം വാർത്തകളായും ചെറിയ വാട്സ് ആപ് വീഡിയോകളായും ഞാനറിയുന്നുണ്ടായിരുന്നു. പെട്ടെന്നുണ്ടായ സംഭവങ്ങളിൽ കപ്പൽ യാത്രകളെല്ലാം മാറ്റിവെച്ചു. അതുകൊണ്ടു തന്നെ ടിക്കറ്റ് കിട്ടാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

ഒടുക്കം കപ്പലിൽ വീണ്ടും കടമത്തിറങ്ങുമ്പോൾ വലിയ മാറ്റങ്ങളൊന്നും ആദ്യമെന്റെ ശ്രദ്ധയിൽ പെട്ടില്ല. പക്ഷേ പിന്നാലെ നാട്ടുകാരുടെ വായിൽ നിന്ന് ദുരന്തത്തിന്റെ ശരിയായ മുഖം എന്നെ തേടിവന്നു. ആകെയുണ്ടായിരുന്ന ബോട്ടു പൂർണമായ് തകർന്നവരും ഭാഗികമായ് തകർന്നവരും ഏറെയായിരുന്നു. ഇനി പണിതീർക്കണമെങ്കിൽ ലക്ഷങ്ങൾ ചിലവു വരും എന്നതായിരുന്നു അവസ്ഥ. 

കോട്ടേഴ്സും കോളേജുമായ് വീണ്ടും ഓടി നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് വന്ന് സലാം പറയാൻ സെയ്ഫുള്ള ഖാൻ മറന്നില്ല. തൊട്ടടുത്ത ദിവസം രാവിലെയുള്ള നടത്തത്തിൽ തെങ്ങിനോട് കെട്ടിയിട്ട അവസഥയിൽ  സെയ്ഫുള്ളയെ വീണ്ടും കണ്ടെങ്കിലും മുഖം കൊടുക്കാതെ ഞാൻ സൈക്കിൾ ചവിട്ടി. വലിയൊരു ചുഴലിയുടെ നിഴൽ അപ്പോഴും ആ വീട്ടിലുണ്ടായിരുന്നതായ് എനിക്കു തോന്നി.

രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം കടൽത്തീരത്തിലൂടെ നടക്കുകയായിരുന്നു. 

വേലിയിറക്കമാണ്. 

പെണ്ണുങ്ങൾ കൂട്ടമായ് അപ്പലുകളെ കുത്തിയെടുക്കാൻ കൂർത്ത കമ്പിയുമായ് നടക്കുകയാണ്. ഒരോ ചെറിയ വിടവുകളിലും പാറയിടുക്കുകളിലും അവർ കുത്തിക്കൊണ്ടിരുന്നു. ഇടയ്ക്ക് പള്ളയിൽ കോർത്ത് ഒരോന്ന് അവരുടെ ബക്കറ്റിലേക്ക് വന്നു കൊണ്ടിരുന്നു. അപ്പലുകൊണ്ടുള്ള അച്ചാറുകൾ കടമത്തുകാർക്കും പ്രിയപ്പെട്ടതാണ്. അതിന്റെ രുചി ഒരോ കുത്തലിലും പെണ്ണുങ്ങളുടെ നാവിലിരച്ചു.

തുള വീണിട്ടും നീരാളികൾ പതിയെ ബക്കറ്റിലൂടെ നീങ്ങാൻ ശ്രമിച്ചു. ആകാശം നോക്കി ദീർഘമായ് നിശ്വസിക്കാൻ അവ മറന്നില്ല.

വെളിച്ചം കുറയുന്നതിനുസരിച്ച് പെണ്ണുങ്ങൾ അപ്രത്യക്ഷരായ്. ബാങ്ക് വിളി ആകാശത്തിലേക്ക് ഉയർന്നു. ഇത്തിരിക്കൂടി താണുതുടങ്ങുന്ന വെയിലു നോക്കി ഇരിക്കുമ്പഴാണ് ശാന്തമായ ലഗൂണിലൂടെ ഒരു തേങ്ങ ഒലിച്ചു വരുന്നത് കാണുന്നത്. അത് തേങ്ങയല്ല ഒരു തലയാണെന്ന് ഒരു മിനിറ്റിനകം വ്യക്തമായ്. പതിയെ അത് കര തൊട്ടു.

സെയ്ഫുള്ള ഖാനാണ്. 

കൈയിൽ ഒരു സഞ്ചിയിൽ എന്തോ അവനൊളിച്ചതുപോലെ.

"എന്താത്?"

അവൻ മിണ്ടിയില്ല.

"നോക്കട്ടെ "

അവൻ അനങ്ങിയില്ല.

ഞാൻ പിണക്കം കാണിച്ചതും ആ സഞ്ചി എന്റെ മുമ്പിൽ അവൻ തുറന്നു കാണിച്ചു.

അൽപം തിരുമ്പിച്ച ഉരുക്കു കഷ്ണങ്ങൾ.

"എവിടുന്നാ…?"

അവൻ ദൂരെ പാറയിൽ കേറി അമർന്നു പോയ കപ്പൽ ചൂണ്ടിക്കാണിച്ചു.

"എങ്ങനെ പൊട്ടിച്ചു… "

എന്റെ കണ്ണുകൾ ഉരുണ്ടു.

അവൻ ചിരിച്ചു.

അടുത്ത നിമിഷം അവൻ ഓടാനൊരുങ്ങി. ഞാനവന്റെ പിടിവിട്ടു.

പിന്നെയും പലതവണ ഒരു തേങ്ങ പോലെ ഒലിച്ചു വരുന്ന അവന്റെ തല ഞാൻ കണ്ടു. മുറിച്ചെടുത്തത് സഞ്ചിതുറന്ന് കാണിച്ച് ഓടുമ്പോൾ അവൻ പറഞ്ഞു:

" ഉമ്മാ ശൊല്ലായെ "

4

രാഷ്ട്രീയമായ സംഘർഷത്തെ തുടർന്ന് 144 പ്രഖ്യാപിച്ച ഒരു വൈകുന്നേരം അതേ സ്ഥലത്ത് ഇരിക്കുമ്പോൾ  അവൻ അടുത്ത് വന്നിരുന്നു.

"ഇന്ന് പോയില്ലേ ?"

"ഉം… നേരത്തെ ബന്ന് … "

"നിനക്ക് കടലിൽ പോവാ പേടിയില്ലേ ?"

"ഇല്ല. കടലാണ്ടെയ് നങ്ങള രക്ഷിക്കിണ്ടെയ്. "******

ഞാനത് കേട്ടു ചിരിച്ചു.

"എന്തിനാ … എന്തിനാ ഇരുമ്പുകഷ്ണം പൊട്ടിച്ചു കൊണ്ടുവരുന്നത് ?" 

അവൻ ആദ്യം കടലിലേക്ക് നോക്കി. 

പിന്നെ പറഞ്ഞു:

"ബാപ്പ ബോട്ടെല്ലം ഫോട്ടിപ്പം… ബാപ്പ ബൈൻ്റ ദിവസംഗെല്ലം ബെള്ളി കേട്ട് ഉമ്മെ അടിക്കിണ്ട. ഇരുമ്പ് കുടുത് കൈഞ്ഞാൽ കുജ്ലി ഇടിക്കിണ്ട ആൾ ബെള്ളി തരും. ഐ കപ്പല് തന്നേം കൊണ്ട് ബരോണും. ബാപ്പേക്ക് ബോട്ട് ബേണ്ടിച്ച് കുട്ക്കോണും. " *******

ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ ഉരഞ്ഞു. 

അവൻ കടലു തന്നെ നോക്കിയിരുന്നു.

"ശിലപ്പോ നങ്ങക്ക് നിധി കിട്ടും … അയിനാ ഉള്ളിള മനിശമ്മാ നിധി കാക്കും … അബള തോപ്പിച്ചാ …

 ഒരു കണ്ടം മാശ്ക്കും ഇട്ക്കും." ********

ഞാൻ ഒന്നും പറയാതെ എഴുന്നേറ്റു. 

നേരം കനത്തു വന്നു. 

ഒരു മഴ ആകാശത്തെ കുടഞ്ഞിട്ടു.

പിറ്റേന്ന് കേളേജ് വിട്ടുവരുമ്പം സെയ്ഫുള്ളയുടെ വീട്ടിൽ ആളു നിൽക്കുന്നു. ഇറങ്ങി കാര്യമന്വേഷിച്ചു. 

"രാവിലെ മുതൽ ഓനെ കാണാനില്ല. തെരച്ചില് നടക്കുന്നുണ്ട് "

ഞാൻ പതിയെ കടൽക്കരയിലേക്ക് നടന്നു. വെയിൽ വളരെ നേരത്തെ പരന്നുതാണ പൂഴിയിലേക്ക് കുനിഞ്ഞിരിക്കുന്നതു പോലെ. 

വേലിയേറ്റമാണ്. എന്നിട്ടും ഒരിരുമ്പ് കമ്പിയുമായ് ഒരു പെൺകുട്ടി തീരത്തൂടെ നടക്കുന്നു. അവളെ ഒട്ടും പേടിയില്ലാതെ അപ്പലുകൾ മാളങ്ങളിൽ നിന്നിറങ്ങി നടന്നു. 

ഒരു തിര നെഞ്ചത്തടിക്കുന്നു. 

ഒരു തേങ്ങ ഒലിച്ചുവരുന്നുത് ഞാൻ കാണുന്നുണ്ടോ?

—----------------

* നീരാളി. ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട ആഹാരങ്ങളിലൊന്ന്.

**മാഷൊന്നും വിചാരിക്കരുത്. ഇങ്ങളയിക്കണ്ട. ഓന്റെ ബാപ്പ കെട്ടിയിട്ടതാ… മൂപ്പര് തന്നെ വന്ന് അയിക്കും. അല്ലെങ്കില് ഇനിക്കാ പ്രശ്നം 

***രാത്രി ബാപ്പാന്റെ മൂത്തോൻ പറഞ്ഞ് വിട്ടതാന്നാ ഉമ്മ പറഞ്ഞേ …. ഉമ്മ പറഞ്ഞ് മാഷ് ചെന്ന് പറഞ്ഞതാവും ന്ന് …. ആണോ ?

****മാഷെ പേരെന്താ …. ?

*****നോമ്പുതുറക്കാൻ ന്റെ പൊരക്ക് വരുവോ ? ഞാനുമുമ്മച്ചീം യെത്തീമാ… അയ്കൊണ്ട് കൊയപ്പല്ല. 

******ഇല്ല… കടലാ ഞങ്ങളെ രക്ഷിക്കുന്നത്.

*******ബാപ്പച്ചിയുടെ ബോട്ട് മുഴുവനും പൊട്ടിപ്പോയ്… പൈസ ചോയിച്ച് ഉമ്മച്ചിയെ വരുന്ന ദിവസങ്ങളിലൊക്കെ തല്ലും… ഇരുമ്പു കൊടുത്താൻ ആക്രിക്കാരൻ പൈസ തരും … ആ കപ്പലു മുഴുവൻ കൊണ്ടുവരണം. ബാപ്പയ്ക്ക് ബോട്ട് വാങ്ങിക്കൊടുക്കണം. 

********ചിലപ്പം ഞങ്ങക്ക് നിധി കിട്ടും … ഉമ്മച്ചി പറഞ്ഞതാ … 

അതിലുണ്ടായിരുന്ന മനുഷൻമാരു കാവലു നിക്കാന്ന് … ഓരെ വെട്ടിച്ചാ …. ഒരു കഷ്ണം മാഷക്ക് എടുത്തേക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക