Image

രോഗിക്ക് അനസ്‌തേഷ്യ നല്‍കിയെന്നു കരുതി ഡോക്ടര്‍ക്കു ചായ കുടിക്കേണ്ടേ?(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 09 November, 2023
രോഗിക്ക് അനസ്‌തേഷ്യ നല്‍കിയെന്നു കരുതി ഡോക്ടര്‍ക്കു ചായ കുടിക്കേണ്ടേ?(ദുര്‍ഗ മനോജ് )

അതെ, സര്‍ക്കാരിന്റെ വന്ധ്യംകരണ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് അനസ്‌തേഷ്യ നല്‍കിക്കഴിഞ്ഞപ്പോഴാണ് ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ ആ നഗ്‌നസത്യം അറിഞ്ഞത്, തനിക്ക് തരേണ്ട ചായ ഇനിയും എത്തിയിട്ടില്ല! അദ്ദേഹം ഉടനെ കാറില്‍ ചായ കുടിക്കാന്‍ പോയി. നാലു മണിക്കൂര്‍ നീണ്ടു ആ ചായ കുടി എന്നു മാത്രം. സംഭവം നടന്നത് നാഗ്പൂരിലാണ്. അവിടെ മൗദമേഖലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച വന്ധ്യംകരണ ശസ്ത്രക്രിയ ക്യാംപ് ആണ് വിചിത്രമായ ചായ കുടിക്ക് സാക്ഷിയായത്. തേജ് രംഗ് ഭളവി എന്ന ഡോക്ടര്‍ ഒരു പ്രമേഹരോഗിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരം എട്ടു പേരുടെ ശസ്ത്രക്രിയ നടത്താനാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. നാലു പേരുടെ ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടര്‍ തനിക്ക് ചായ വേഗം നല്‍കണം എന്നാവശ്യപ്പെട്ടു. അപ്പോഴേക്കും അടുത്ത നാലുപേര്‍ക്ക് അനസ്‌തേഷ്യ നല്‍കിക്കഴിഞ്ഞിരുന്നു. കാത്തിരുന്നിട്ടും ചായ കിട്ടാതായപ്പോള്‍ ഡോക്ടര്‍ക്കു ദേഷ്യം വന്നു. അദ്ദേഹം ഉടന്‍ തന്റെ വാഹനത്തില്‍ ചായ കുടിക്കാനായി പുറത്തേക്കു പോയി. പോയത് ആ ഗ്രാമത്തിലെ ഏതെങ്കിലും ഹോട്ടലിലേയ്ക്കായിരുന്നില്ല, മറിച്ച് നാഗ്പൂര്‍ നഗരത്തിലേയ്ക്കായിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചായ കുടിക്കാന്‍ പോയ ഡോക്ടര്‍ മടങ്ങി വന്നത് ഏഴു മണിക്ക്. അപ്പോഴേക്കും ഡോക്ടറുടെ ചായ കുടി അറിയേണ്ടവര്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ മറ്റൊരു ഡോക്ടറെ കൊണ്ടുവന്ന് ബാക്കി നാലു പേരുടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു അധികൃതര്‍.
ഏതായാലും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചു പഠിക്കാന്‍ നാഗ്പൂര്‍ ജില്ലാ പരിഷത്ത് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചു കഴിഞ്ഞു.
ചായ വരുത്തിയ പൊല്ലാപ്പേ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക