Image

വിധി കർത്താവിനെ ആവശ്യമുണ്ട്. .(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 05 November, 2023
വിധി കർത്താവിനെ ആവശ്യമുണ്ട്. .(നർമ്മകഥ: നൈന മണ്ണഞ്ചേരി)

രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയലത്തെ രാമ‍ൻകുട്ടി സാർ ഓടിക്കിതച്ചു വീട്ടിലെത്തിയത്.’’എന്താ സാറേ പ്രശ്നം?’’ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

‘’എല്ലാം പറയാം,തൽക്കാലം ഞാനൊന്ന് ഒളിച്ചിരുന്നോട്ടെ’’

      സാറ് അകത്തേക്ക് കയറി.സാറ് റിട്ടയേഡ് അദ്ധ്യാപകനാണ്. റിട്ടയേഡാകാത്ത കവിയും പ്രസംഗകനുമാണ്.സാറിന് ഒളിച്ചിരിക്കേണ്ട കാര്യമെന്താണ്?എനിക്ക് ഒരു പിടിയും കിട്ടിയില്ല.അധികം കഴിയുന്നതിനു മുമ്പ് പുറകെ നാലഞ്ചു പേർ അങ്ങോട്ട് വന്നു.

 ‘’ രാമൻ കുട്ടി സാർ ഇങ്ങോട്ടെക്കെങ്ങാനും വന്നോ?’’

 ’ഇങ്ങോട്ട് വന്നില്ലല്ലേ,അപ്പോൾ അപ്പുറത്തെ വീട്ടിലായിരിക്കും’’ ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പു തന്നെ അതും പറഞ്ഞ് അവർ അടുത്ത വീട്ടിലേക്ക് വിട്ടു.അവർ പോയെന്ന് ഉറപ്പായപ്പോൾ സാറ് പുറത്തിറങ്ങി.

  ‘’തൽക്കാലം രക്ഷപെട്ടു,എങ്കിലുംകുറച്ചു നാൾ എങ്ങോട്ടെങ്കിലും മാറി നിന്നില്ലെങ്കിൽ കുഴപ്പമാകും.’’

  സാറിന്റെ വാക്കുകൾ ആകാംക്ഷയോടെ ശ്രദ്ധിച്ചു.

‘’അവൻമാർക്കെന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടോന്നാ എന്റെ സംശയം.ഭാഗ്യം കൊണ്ടാ ഇങ്ങോട്ടോടിയത്,വീട്ടിനകത്തേക്ക് ഓടിയിരുന്നേൽ കൊണ്ടു പോയേനെ.’’

  ‘’അവർ ആരാണെന്ന് ഇതു വരെ പറഞ്ഞില്ലല്ലോ സാറേ?’’

  ‘’കണ്ടാൽ  അറിയില്ലേ,സ്ക്കൂൾ മാഷുമാരാണെന്ന്.എന്നെ ക്ഷണിക്കാൻ വന്നതാ,’’

 ‘’അതിന് എന്തിനാ സാറ് ഒളിച്ചിരിക്കുന്നത്, പോയി പ്രസംഗിച്ചാൽ പോരേ?’’

 പ്രസംഗിക്കാനോ കവിത ചൊല്ലാനാണോ ആണെങ്കിൽ സമാധാനമുണ്ടായിരുന്നു.ഇത് അതിനൊന്നുമല്ല,യുവജനോൽസവത്തിന് ജഡ്ജിയാകാനാ’’

  ‘’അതിനെന്താ സാറേ,പേരും പണവും കിട്ടുന്ന പരിപാടിയല്ലേ..’’

 ‘’അതു കൂടാതെ ഇപ്പോൾ വേറൊന്നു കൂടി കിട്ടും,,അടി...കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വക തല്ല്’’

   അത് പറഞ്ഞപ്പോഴാണ് പത്രത്തിൽ കണ്ട ഇടി വാർത്തകൾ ഓർമ്മയിൽ വന്നത്.

കുട്ടികളുടെ കാര്യം പിന്നെയും സഹിക്കാം;തങ്ങളുടെ മക്കൾക്ക് തന്നെ ഒന്നാം സ്ഥാനം കിട്ടണമെന്ന് വാശി പിടിക്കുന്ന രക്ഷകർത്താക്കളുടെ കാര്യമാണ് കഷ്ടം..

  ‘’എന്നേം ഒരു കുട്ടർ വന്ന് വിളിച്ചിരുന്നു.പിന്നെ പറയാമെന്ന് പറഞ്ഞു..’’

 ‘’മോനേ,അബദ്ധമൊന്നും കാണിച്ചേക്കല്ലേ,എനിക്കാണെങ്കിൽ പ്രായമായെന്ന് പറയാം,വെറുതെ എന്തിനാ ഈ ചെറു പ്രായത്തിൽ എല്ലിന്റെ എണ്ണം കൂട്ടുന്നത്?’’

‘’കഴിഞ്ഞ പ്രാവശ്യം ഇടി കൊണ്ടവരെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു,പലരുടെയും ശരീരവേദന ഇതു വരെ മാറിയിട്ടില്ല.ഞാൻ പോകട്ടെ,ചിലപ്പോൾ ഇനിയും ഒളിച്ചിരിക്കാൻ വന്നെന്ന് വരും’’

  ഞാൻ ഒന്നും പറഞ്ഞില്ല,ചിലപ്പോൾ ഒളിച്ചിരിക്കാൻ എനിക്കും ചിലപ്പോൾ സാറിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നാലോ? .കാര്യങ്ങളുടെ പോക്ക് ഈ വിധമാണെങ്കിൽ   .’’ആരോഗ്യവാന്മാരും അഭ്യാസികളുമായ വിധി കർത്താക്കളെ ആവശ്യമുണ്ട് ‘’ എന്ന് പത്രത്തിൽ പരസ്യം വരുന്ന കാലം വിദൂരമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക