Image

ഹൃദയത്തിലും തലച്ചോറിലും സൂക്ഷിക്കുന്നവ : എസ് ബിനുരാജ്

Published on 27 October, 2023
ഹൃദയത്തിലും തലച്ചോറിലും സൂക്ഷിക്കുന്നവ : എസ് ബിനുരാജ്

" നിങ്ങൾ എല്ലാം തലച്ചോറ് കൊണ്ടാണ് കാണുന്നത്, ഞാന്‍ ഹൃദയം കൊണ്ടും. അതാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം".
"ഓഹോ അപ്പോള്‍ താങ്കളുടെ ഹൃദയം എവിടെയാണ്?" അവള്‍ ചോദിച്ചു.
ഞാന്‍ വലതു കൈ കൊണ്ട് എന്റെ ഹൃദയം തൊട്ടു കാണിച്ചു. അതിന്റെ മിടിപ്പ് എനിക്ക് അറിയാന്‍ കഴിഞ്ഞു. അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"ഞാന്‍ ഇപ്പോള്‍ ഹൃദയം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ തൊട്ടു കാണിച്ചല്ലോ. എങ്ങനെ തോന്നി അങ്ങനെ ചെയ്യാന്‍? അത് ഹൃദയം പറഞ്ഞിട്ട് ചെയ്തതാണോ അതോ തലച്ചോറ് പറഞ്ഞിട്ടോ?"

എനിക്ക് മറുപടിയുണ്ടായില്ല. ഞാന്‍ വല്ലാതായി.

"അതായത് വികാരം ഉള്‍ക്കൊണ്ട് വേണം പ്രതികരിക്കാന്‍. എല്ലാത്തിനെയും ബുദ്ധിയും വിവേകവും കൊണ്ട് മാത്രം അളക്കരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്". ഞാന്‍ വൃഥാ വിശദീകരിക്കാന്‍ ശ്രമിച്ചു.
എന്റെ വിശദീകരണത്തിലും ഒരു ഫലിതം കണ്ടെന്ന പോലെ അവള്‍  വീണ്ടും ചിരിച്ചു.

"ഈ വികാരവും വിവേകവുമെല്ലാം തലച്ചോറിലാണ് ഉണ്ടാവുന്നത്. തലച്ചോറിന്റെ വലതും ഇടതും ഭാഗങ്ങളില്‍. പിന്നെ വളരെ സങ്കീര്‍ണ്ണമായ രാസപ്രവര്‍ത്തനങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അങ്ങനെ പലതും. അതില്‍ ഹൃദയത്തിന് എവിടെയാണ് റോള്‍?"

എനിക്ക് മറുപടിയുണ്ടായില്ല. തലച്ചോറും ഹൃദയവും തമ്മിലുള്ള മത്സരത്തില്‍ തലച്ചോര്‍ ജയിക്കുകയാണ്.
പക്ഷേ അവള്‍ വിടുന്ന മട്ടില്ല.

"അപ്പോള്‍ തലച്ചോര്‍ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണെന്ന് മനസിലായില്ലേ? അതു കൊണ്ടാണ് അതിന് വളരെ കട്ടി കൂടിയ തലയോട്ടി കൊണ്ട് സംരക്ഷണം നല്‍കിയിരിക്കുന്നത്". 
എനിക്ക് സ്കൂളിലെ ബയോളജി ക്ലാസ് മാത്രമല്ല, ഹരിശ്ചന്ദ്രയില്‍ തിരുനയനാര്‍ കുറിച്ചി എഴുതിയ ആത്മവിദ്യാലയമേ എന്ന പാട്ടിലെ "തിലകം ചാര്‍ത്തി ചീകിയുമഴകായ് പലനാള്‍ പോറ്റിയ പുണ്യ ശിരസ്സേ.." എന്ന വരികളും ഓര്‍മ്മ വന്നു.

"അപ്പോള്‍ ഈ തലച്ചോര്‍ നമുക്ക് സംരക്ഷിക്കണം. അല്ലേ? സംശയമുണ്ടെങ്കില്‍ വല്ല ന്യൂറോ സര്‍ജനോടും ചോദിക്കു. മരിച്ചാല്‍ പോട്ടേ എന്ന് വയ്ക്കാം. ജീവച്ഛവമായി മാറിയാല്‍ താങ്കള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും ബുദ്ധിമുട്ടാണ്, മനസിലായോ? പോള്‍ കലാനിധിയുടെ when breathe becomes air വായിച്ചിട്ടില്ലേ?"

"വായിച്ചിട്ടുണ്ട്". ഞാന്‍ മറുപടി പറഞ്ഞു.

" അപ്പോള്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാഞ്ഞിട്ടല്ല, എന്നിട്ടും ഹെല്‍മെറ്റ് വയ്ക്കാതെ വണ്ടിയോടിച്ചു. തലച്ചോര്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വം കാണിക്കാതെ ഹെല്‍മെറ്റ് ധരിക്കാതെ ടു വീലറില്‍ സഞ്ചരിച്ചതിന് 500 പിഴ അടച്ചു പൊയ്ക്കോളൂ".

അത് പറയുമ്പോള്‍ ആ വനിതാ സബ് ഇന്‍സ്പെക്ടറുടെ മുഖത്ത് തന്റെ കടമ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ഞാന്‍ കണ്ടു. ഞാനേ കണ്ടുള്ളു. പിഴ രസീത് എഴുതാനുള്ള രശീതി പുസ്തകവും പേനയും അവര്‍ കൈയിലെടുത്തു. ജീപ്പിന്റെ ബോണറ്റില്‍ വച്ചു. അവരുടെ ഇടതു നെഞ്ചില്‍, അതെ ഹൃദയഭാഗത്ത് തന്നെ പേര് എഴുതിയ നാമഫലകം വച്ചിരിക്കുന്നു. രാധ, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്.

"എന്താ പേര്?"
കൃഷ്ണന്‍
"മുഴുവന്‍ പേര്?"
ശ്രീകൃഷ്ണന്‍, പിന്നെ വേറെ കുറെ പേരിലും അറിയപ്പെടും.
"വേണ്ട. ഒരു പേര് മതി. പേര് എന്തായാലും സര്‍ക്കാരിന് പണം കിട്ടിയാല്‍ മതി".

അവരുടെ കര്‍ത്തവ്യബോധത്തിന് മുന്നില്‍ ഞാന്‍ മനസാ കൈ കൂപ്പി.
"മേല്‍വിലാസം കൂടി പറയു".
ദ്വാരക.
പണം വാങ്ങി രശീതി കൈയില്‍ തന്ന ശേഷം അവര്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. 
രശീതി വാങ്ങി ഒരു മയില്‍പ്പീലി അവരുടെ കൈയില്‍ കൊടുത്ത് ഞാന്‍ നടന്നു.

ആ മയില്‍പ്പീലി അവര്‍ ഹൃദയത്തില്‍ സൂക്ഷിക്കുമോ തലച്ചോറില്‍ സൂക്ഷിക്കുമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക