Image

മനഃസാക്ഷി തീരെ ചോര്‍ന്നുപോയിട്ടില്ല മനുഷ്യര്‍ക്ക്; ലീലയോടു കരുണ കാട്ടി ബന്ധുക്കള്‍(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 25 October, 2023
മനഃസാക്ഷി തീരെ ചോര്‍ന്നുപോയിട്ടില്ല മനുഷ്യര്‍ക്ക്; ലീലയോടു കരുണ കാട്ടി ബന്ധുക്കള്‍(ദുര്‍ഗ മനോജ്)

കഴിഞ്ഞ ആഴ്ച കേരളം അന്ധാളിച്ചു നിന്ന ഒരു സംഭവം നടന്നു. ചെറുവാക്കു തര്‍ക്കത്തിനു മേല്‍ കത്തിയെടുത്തു കുത്തുന്നതും, പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതും ഇന്ന് മലയാളിക്കും സാധാരണവാര്‍ത്ത മാത്രം. സുഹൃത്തിനെ കണ്ടിട്ടു മിണ്ടാതിരുന്നാല്‍ കൊന്നു തള്ളിക്കൊണ്ട് എന്താണ് മിണ്ടാത്തത് എന്നു ചോദിക്കുന്നതു പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഒറ്റ ഉത്തരമേ അതൊക്കെ ന്യായീകരിക്കാന്‍ നമുക്കുള്ളൂ. അയാള്‍ ലഹരിയില്‍ ആയിരുന്നു. ലഹരി ഉപയോഗിക്കുന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി മാറുന്ന നാട്ടില്‍, കൊലപാതകം വാര്‍ത്തയേ അല്ലാതാകുന്ന നാട്ടില്‍ നമ്മള്‍ ഈ വാര്‍ത്ത കേട്ട് ഒന്നു സ്തംഭിച്ചു നിന്നു, മറ്റൊന്നുമല്ല വടക്കന്‍ പറവൂരില്‍ ലീല എന്ന സ്ത്രീ രാവിലെ ജോലിക്കായി വീട്ടില്‍ നിന്നും പോയി. മടങ്ങി വന്നപ്പോള്‍ വീടിന്റെ സ്ഥാനത്ത് കല്ലും കട്ടകളും മാത്രം ബാക്കി. ഉടുതുണിക്കു മറുതുണിയില്ലാതെ ഒരു സ്ത്രീയെ നിരാലംബയാക്കിയത് സ്വന്തം സഹോദരന്റെ പുത്രന്‍ തന്നെ. അവര്‍ ആ മേല്‍ക്കൂരയില്ലാത്ത, അസ്ഥിപഞ്ജരം മാത്രം ബാക്കിയായ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസങ്ങള്‍ താണ്ടിത്തുടങ്ങിയപ്പോള്‍ ആ ഉള്ളുരുക്കം മറ്റു ബന്ധുക്കള്‍ക്കു കാണാതിരിക്കാനായില്ല. അവര്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നു.

കുടുംബ വഴക്കിനെത്തുടര്‍ന്നാണ് അമ്പത്താറുകാരിയായ ലീല താമസിച്ചിരുന്ന വീട് അവരുടെ സഹോദരന്റെ പുത്രന്‍ ജെസിബി കൊണ്ട് ഇടിച്ചിട്ടത്. അവിവാഹിതയായ ലീല, സഹോദരന്റെ മകന്‍ രമേഷിനും അയാളുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പമാണ് കുടുംബവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഒമ്പതു വര്‍ഷമായി രമേഷും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നു ലീല പറയുന്നു. ലീലയ്ക്കും കൂടി അവകാശമുള്ള വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടായിരുന്നു പീഡനം. എന്നാല്‍ ലീല ആ ഭീഷണി വകവെച്ചില്ല. തുടര്‍ന്നാണ് ലീല ജോലിക്കു പോയ നേരം നോക്കി വീട് രമേഷ് ഇടിച്ചുപൊളിച്ചത്. അവകാശത്തര്‍ക്കം നില്‍ക്കുന്ന ഭൂമി ആയതിനാല്‍ പരിശോധന കൂടാതെ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നുമില്ല. ലീല ആ ഇടിച്ചിട്ട കെട്ടിടത്തില്‍ നിന്നും മറ്റെവിടേക്കും മാറിത്താമസിക്കാന്‍ ഒരുക്കമായിരുന്നില്ല. 

ഏതായാലും ഈ സംഭവത്തില്‍ ഒരു നല്ല കാര്യം സംഭവിച്ചിരിക്കുന്നു ഇപ്പോള്‍. ഇന്നലെ, ബന്ധുക്കള്‍ക്കു തുല്യാവകാശമുള്ള ഭൂമിയിലെ രമേഷ് ഒഴികെയുള്ളവര്‍ തങ്ങളുടെ അവകാശം ലീലയ്ക്കു പൊതു സമ്മതപ്രകാരം വിട്ടുനല്‍കി. ആയത് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിടുകയും ചെയ്തു. ഇതിന്മേല്‍ നാളെ ഭൂമി ലീലയുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്ക് തുല്യാവകാശമായിക്കിടന്ന ഏഴു സെന്റു ഭൂമിയില്‍ ആറ് സെന്റ് ഭൂമിയാണ് ലീലയുടെ പേരില്‍ പതിച്ചുനല്‍കുക. ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിനെതിരെ അപ്പീല്‍ സാധ്യമല്ലാത്തതിനാല്‍ ഇനി ലീലയ്ക്ക് മനസമാധാനത്തോടെ ജീവിക്കാനാകുമെന്നു കരുതാം.

ലീലയെ ഒരു വ്യക്തിയായിക്കരുതേണ്ടതില്ല. ഇത്തരത്തില്‍ കൂട്ടുടമസ്ഥാവകാശവും അതിന്റെ നൂലാമാലകളില്‍പ്പെട്ടും ജീവിക്കുന്ന അനേകം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. ചോര്‍ന്നൊലിക്കുന്ന പുരയൊന്നു പുതുക്കിപ്പണിയാന്‍ കഴിയാതെ, വിറ്റൊഴിവാക്കി കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കാത്ത, ജീവിതം ഗതിമുട്ടി നില്‍ക്കുന്ന ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അര സെന്റ് സ്ഥലം, ഒരു സെന്റ് എന്നൊക്കെ പറഞ്ഞാണ് യുദ്ധം മുഴുവന്‍. ഇവിടെ രമേശന്‍ അക്രമാസക്തനായപ്പോള്‍ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു തര്‍ക്കം രമ്യതയില്‍ അവസാനിച്ചു എന്നും കാണാം. തീര്‍ത്തും ഹൃദയശൂന്യനായി ഒരാള്‍ പ്രവൃത്തിച്ചപ്പോള്‍ മറുപുറത്ത് സ്‌നേഹവും വിട്ടുവീഴ്ചയും സംഭവിച്ചു.

ഏതായാലും ലീലയ്ക്ക് ഇനിയൊരു കൊച്ചുകൂര കൂടി ഉണ്ടാകട്ടെ എന്നു നമുക്ക് ആശിക്കാം. ഒപ്പം ലീലയുടെ ജീവിതകഥ മുന്‍നിര്‍ത്തി അനാവശ്യ പിടിവാശികള്‍ ഉപേക്ഷിക്കാന്‍ ഇത്തരം തര്‍ക്കങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നവര്‍ക്കും സാധിക്കട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക