Image

എത്ര നിസ്സാരം ( കഥ : രമണി അമ്മാൾ )

Published on 25 October, 2023
എത്ര നിസ്സാരം ( കഥ : രമണി അമ്മാൾ )

സന്ധ്യക്കുമുന്നേ വീടെത്താമെന്നു കണക്കുകൂട്ടിയതാണ്. ഉച്ചയ്ക്കുമുൻപ്
ഡിസ്ച്ചാർജ് ചെയ്യുമെന്നു പറഞ്ഞെങ്കിലും 
ബില്ലു ശരിയായപ്പോൾ
നാലുമണിയായി..

അഞ്ചുദിവസം
മുമ്പായിരുന്നു അനിയൻ സുധിക്ക് ഹെർണിയയുടെ സർജറി. 
അവർ ഭാര്യയും ഭർത്താവും
മോളുംകൂടി കാറിൽ തലേന്നാൾ നേരെ ഹോസ്പിറ്റലേക്കു
പോരുകയായിരുന്നു. തിരിച്ചുളള ഡ്രൈവിംഗ് സുധിക്കു പറ്റില്ല.
അവരെ അവിടെ കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചു ബസ്സിനു പോരണം.

ദിവസങ്ങളോളം അനക്കമറ്റു കിടന്ന കാർ, സ്റ്റാർട്ടാകാൻ ഒന്നു മടിച്ചു.
"ഇന്നു വീട്ടിൽക്കയറിക്കിടന്നിട്ട്  നാളെ രാവിലെയങ്ങു പോയാൽപ്പോരേ...?"
പകൽച്ചൂട് ആറിത്തണുക്കുന്നതേയുളളു...കാറിലെ എ.സി.ക്കാണെങ്കിൽ കൂളിംഗും കുറവ്..
ഞാൻ വെറുതേയൊന്നു ചോദിച്ചു..

"നേരെയങ്ങു
പോകാം..ആറേഴു
ദിവസമായില്ലേ.. ചെടികളൊക്കെ കരിയാൻ തുടങ്ങിയിട്ടുണ്ടാവും.
നിനക്കു തിരിച്ചുപോരാൻ 
ബസ്സ് എപ്പൊഴുമുണ്ട്.." 

മല്ലപ്പളളി മുതലുളള റോഡിനു വീതികൂട്ടുന്നതുകൊണ്ട് റോഡിന്റെ ഒരു വശത്തുകൂടിയേ ഗതാഗതമുളളൂ...
അങ്ങോട്ടുമിങ്ങോട്ടുമുളള വാഹനങ്ങൾ
ഒരേ സമയം കടത്തിവിടുന്നില്ല.  ഏറെ നേരമെടുക്കും.

"ഞങ്ങളു പോരുമ്പോൾ റോഡുപണിയില്ലായിരുന്നു. "

അരമണിക്കൂറെടുത്തു, റോഡിന്റെ വിളിപ്പാടകലം കടന്നുകിട്ടാൻ..
വാഹനത്തിരക്കൊട്ടുമില്ല റോഡിലൂടെ
പിന്നെയൊരു വിടീലായിരുന്നു..

വീട്ടിനുളളിലേക്കു കയറാൻ നിന്നില്ല..
അടുത്തവീട്ടിൽ
വന്നു തിരിച്ചുപോകുന്ന ഓട്ടോറിക്ഷയിൽ ബസ്റ്റോപ്പിലേക്ക്...
ചെന്നപാടേ ബസ്സും കിട്ടി.

മന്ദിരം ജംങ്ഷനിൽ  വണ്ടിയിറങ്ങുമ്പോൾ സമയം 8.40.
ഓട്ടോറിക്ഷയൊന്നും
കണ്ടില്ല.  
ബാങ്കിന്റെ മുന്നിൽ 
ട്യൂബിന്റെ വെട്ടമുണ്ട്.
വഴിയിൽ വെട്ടമുണ്ടാവുമോ..

ഇരുൾ വീണുകഴിഞ്ഞ് ഇതുവഴി നടന്നുപോയിട്ടില്ല. മുന്നോട്ടു നടന്നു..
റോഡുപോലും തിരിച്ചറിയാനാവാത്ത കുറ്റാക്കുറ്റിരുട്ട്...

രാവിലെ നടക്കാനിറങ്ങുമ്പോൾ ഒപ്പം കൂടാറുളള 
മാത്യൂസിന്റെ വീടിന്റെ മുൻ വാതിൽ തുറന്നുകിടക്കുന്നു.
വിളിച്ചാലോ...?

ഒറ്റ റിംഗിൽത്തന്നെ ഫോണെടുത്തു..
" മാത്യൂസ് ..ഞാൻ.. വീടിനു മുന്നിലുണ്ട്. "അനിയത്തീടെ
ഹസ്ബന്റ് ആശുപത്രിയിൽ
നിന്ന് ഇന്നു ഡിസ്ചാർജ്ജായി.
അവരുടെ കാറിൽ അവരെ കൊണ്ടുവിട്ടിട്ടു 
വരികയാണ്..
താമസിച്ചുപോയി..
റോഡിൽ വെളിച്ചമില്ല.  വീടിനടുത്തുവരെ ഒന്നു കൂടെ വരാമോ..?"
"വരാമല്ലോ....ഞാൻ കാറെടുത്തുവരാം..
കുറച്ചു മുന്നോട്ടു നീങ്ങി നിന്നോളൂ.."..

മാത്യൂസ് ബിൽഡിംഗ് കോൺട്രാക്റ്ററാണ്
കുട്ടികളുടെ സ്കൂൾ സൗകര്യത്തിനാണ്  ഇവിടെ വാടകയ്ക്കു താമസിക്കുന്നത്.  

"ഇത്തിരി ദുരമല്ലേയുളളു..
അങ്ങു നടന്നാൽ പോരേ..
എന്തിനാ കാറ്.."
"വേണം....പട്ടികളുടെ ശല്യമുണ്ട്.."
"കാറെടുക്കുന്നത് വീട്ടുകാരു കണ്ടില്ലേ...എങ്ങോട്ടാണെന്നു ചോദിച്ചില്ലേ..?"
"ഇല്ല...പറഞ്ഞിട്ട് പ്രശ്നമുണ്ടാക്കുന്നതെന്തിനാ..?"

"തെരുവു വിളക്കുകൾ  ഒറ്റയൊരെണ്ണം കത്തുന്നില്ലല്ലോ
മാത്യൂസ്..."
"അതൊക്കെ ശ്രദ്ധിക്കാൻ ആർക്കാ ഇവിടെ നേരം..മറ്റുളളവർ എന്തുചെയ്യുന്നു, ആരോടെല്ലാം മിണ്ടുന്നു, സഹകരിക്കുന്നു, സൗഹൃദം പുലർത്തുന്നു എന്നൊക്കെ അന്വേഷിക്കലല്ലേ പലരുടേയും ജോലി.." മാത്യൂസ് ആരോടെന്നില്ലാതെ ക്ഷുഭിതനാകുന്നു..

എന്തോ മാനസിക വ്യഥ മാത്യൂസിനെ അലട്ടുന്നുണ്ട്..
നാളെ  ചോദിക്കാം..

പിറ്റേന്ന്
ഉറക്കമുണരുമ്പോൾ 
ദേഹമുഴുവൻ വേദന.. തൊണ്ടകാറലും മൂക്കൊലിപ്പും..
നാട്ടിൽ പരക്കെയുളള വിഷപ്പനിയാവുമോ..
അടുപ്പിച്ചു കുറച്ചു ദിവസം  വീടിനു വെളിയിലേക്കിറങ്ങിയില്ല. ആന്റിബയോട്ടിക്സുമെടുത്തു കിടപ്പുതന്നെയായിരുന്നു.   

ഇത്രയും ദിവസം കാണാഞ്ഞിട്ടും മാത്യൂസ് ഒന്ന് ആന്വേഷിച്ചില്ലല്ലോ..

ഒരാഴ്ച..
പനിയുടെ ശേഷിപ്പുകൾ
ഉണ്ടായിരുന്നിട്ടും
നടക്കാനിറങ്ങി... 

മാത്യൂസിനെ കണ്ടില്ല..
ഇല്യാസുചേട്ടൻ നടന്നിട്ടു തിരികെ വരുന്നു.. മാത്യൂസിന്റെ പണിക്കാരനാണ്..
"എവിടെ നിങ്ങടെ മൊതലാളി..?"
 "മാത്യുസാറ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റുന്ന കാര്യം മാഡത്തോടു പറഞ്ഞില്ലായിരുന്നോ..?"
"കഴിഞ്ഞയൊരാഴ്ച
ഞങ്ങളു തമ്മിൽ കണ്ടില്ല."
"എന്നാൽ അതാവും..."
"മാത്യൂസ് വർക് സ്പോട്ടിൽ വരുന്നുണ്ടല്ലോ
അല്ലേ...ഞാൻ അന്വേഷിച്ചെന്നു പറഞ്ഞേക്കൂ...."

എന്നാലും ഒരുവാക്കുപോലും പറയാതെ..
വീടൊഴിയുന്ന കാര്യം ഒന്നു സൂചിപ്പിക്കുക
പോലും  ചെയ്യാതെ..!

സൗഹൃദങ്ങളൊക്കെയും അങ്ങനെ തന്നെയാണ്.
ഓരോരുത്തർക്ക് ഓരോ രീതി..
അങ്ങനെ വേണം ഇങ്ങനെ വേണ്ടേ എന്നൊക്കെ പ്രതീക്ഷിക്കുന്നതാണ് തെറ്റ്..

ഇനി എപ്പോഴെങ്കിലും അയാൾ പെട്ടെന്ന് പ്രത്യക്ഷനായെന്നു വരാം.

പരസ്പരം സ്നേഹത്തിന്റെ ഒരു ഈടുവയ്പുമില്ലാതെ എവിടെയൊക്കെയോ മറഞ്ഞ ആരുടെയൊക്കെയോ മുഖങ്ങൾ മിന്നിമാഞ്ഞു കൊണ്ടിരുന്നു.
അതിനിടയിൽ ഈ മാത്യൂസും.

നിസ്സാരം..

സാധിച്ചെടുക്കാൻ എന്തെങ്കിലുമില്ലാതെയാവുമ്പോൾ കെട്ടുകൾ അയഞ്ഞയഞ്ഞ് ദൂരേയ്ക്ക് മാറാനേയുള്ളു ഏതൊരു സൗഹൃദവും ബന്ധങ്ങളും..

അവശേഷിക്കുന്ന ഇത്തിരി പ്രതീക്ഷ പോലെ ദൂരെ സ്വന്തം വീട് ...
അവിടേക്കു തന്നെ തിരികെ നടന്നു..

Join WhatsApp News
Alice Jomy 2023-10-25 10:15:53
ഇന്നത്തെ സൗഹൃനങ്ങളുടെ നേർക്കാഴ്ച .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക