Image

സ്കെച്ച്  (കഥാമത്സരം-സുരേന്ദ്രൻ മങ്ങാട്ട് )

വര: പി ആര്‍ രാജന്‍ Published on 09 October, 2023
സ്കെച്ച്  (കഥാമത്സരം-സുരേന്ദ്രൻ മങ്ങാട്ട് )

ഹോട്ടലിലെ ഒന്നാം നിലയിൽ നിന്ന് പുറം കാഴ്ചകൾ കാണാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ടേബിളിനടുത്തുള്ള കസേരകളിൽ ഒന്നിൽ തന്നെയങ്ങോട്ട് ക്ഷണിച്ച ആളെയും കാത്തിരിക്കുകയായിരുന്നു അയാൾ. താഴെ ഹോട്ടലിന്റെ വിശാലമായ കാർ പാർക്കിംഗ് ഏരിയായും ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ടവും പ്രവേശന കവാടം വരെ നീളുന്ന കൃത്യമായ അകലത്തിൽ വളർന്നുനിൽക്കുന്ന അലങ്കാര പനകളും അവിടെ നിന്നും ദൃശ്യമാണ്. സന്ധ്യാസമയം ആയിരിക്കുന്നു.തന്റെ മൊബൈൽ ഫോണിലേക്ക് വന്ന അപരിചിതന്റെ വിളി ഒരു ലാൻഡ് ഫോണിൽനിന്ന് ആയതുകൊണ്ട് പിന്നീട് ബന്ധപ്പെടാൻ തോന്നിയില്ല. കാത്തിരിപ്പ്‌ അധികം നീണ്ടില്ല.തന്നെ വീക്ഷിച്ചുകൊണ്ട് ഒരു യുവാവ് കയ്യിൽ കറുത്ത സ്യുട്ട്കേസുമായി നടന്നുവരുന്നത് കണ്ട് അയാൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

"ബാല..."

ഗുഹാന്തർഭാഗത്തുനിന്നുത്ഭവിക്കുന്ന താളാത്മകമായ ശബ്ദം.
 "അതെ" 
അയാൾ പതിയെ മറുപടി നൽകി. യുവാവിന്റെ വേഷവിധാനങ്ങൾ ആകർഷകമായിരുന്നു. കറുത്ത പാന്റ്സും ഇൻഷർട്ട് ചെയ്ത ഫുൾ സ്ലീവ് ഇളം നീല ഷർട്ടും മുഖത്തുറപ്പിച്ച കണ്ണടയും യുവാവിനെ മാന്യതയുടെ ഉയർന്ന പരിവേഷം നൽകുന്നുണ്ടായിരുന്നു. യുവാവ് തൊട്ടടുത്ത കസേരയിൽ ഇരിക്കവേ തന്നെ അയാളോട് ഇരിക്കാൻ കൈകൊണ്ട് ആംഗ്യം നൽകി. തങ്ങളുടെ ടേബിളിന് അടുത്ത് വന്ന സപ്ലയറോട് രണ്ട് ചായ ഓർഡർ ചെയ്യുമ്പോൾ അയാൾക്ക് എന്തുവേണമെന്ന് യുവാവ് തിരക്കുകയുണ്ടായില്ല. കുറച്ചുനേരം പരസ്പരം നോക്കിയിരുന്നതല്ലാതെ സംഭാഷണത്തിന് തുടക്കമുണ്ടായില്ല. തൊട്ടടുത്തുള്ള ടേബിളിൽ ആരും ഉണ്ടായിരുന്നില്ല. അയാൾ ചുറ്റുപാടും വെറുതെ നോക്കിയിരിക്കെ, ഒറ്റവാക്കിൽ യുവാവാണ് മൗനം മുറിച്ചത്.

" ഒരു ആവശ്യമുണ്ടായിരുന്നു "
എന്താണെന്ന ഭാവത്തിൽ അയാൾ യുവാവിനെ നോക്കി.

 "ഒരാളെ തീർക്കണം"

 യാതൊരു ഭാവഭേദവുമില്ലാതെ യുവാവിൽ നിന്നും തെറിച്ചു വീണ വാക്കുകളിൽ,
പൊടുന്നനെ അയാൾ. ഒന്നു പകച്ചു.
ഉള്ളിൽ ഇടിമിന്നലിന്റെ വെള്ളിവെളിച്ചം നാഗരൂപങ്ങളാകുന്നു.
 എല്ലാം അവസാനിപ്പിച്ചിട്ട് ആറേഴു വർഷമായി.

 "ഞാൻ ആ പണിയൊക്കെ വിട്ടു."

 അയാളുടെ ശബ്ദം തികച്ചും നിർവികാരമായിരുന്നു. ചെറുപ്പക്കാരൻ മുഖത്തുനിന്നും കണ്ണടയെടുത്ത് അയാളെ നോക്കി.

 "എനിക്കറിയാം, അഞ്ചുവർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് നിങ്ങൾ പുറത്തിറങ്ങി, വിവാഹിതനായി, പിന്നെ ഒറ്റ തിരിഞ്ഞ് നല്ല നടപ്പിൽ ജീവിച്ചു വരുന്നു "

 യുവാവ് പുഞ്ചിരിക്കുന്നുണ്ടോയെന്ന് അയാൾ സംശയിച്ചു. കണ്ണടച്ചില്ലുകൾ തൂവാല കൊണ്ട് തുടച്ച് വീണ്ടും മുഖത്തുറപ്പിക്കുമ്പോൾ യുവാവ് തുടർന്നു.

 "ഇതു ചെയ്യാൻ അനുയോജ്യനായ ആളെ അന്വേഷിക്കുകയായിരുന്നു. പറ്റിയ വ്യക്തി നിങ്ങൾ തന്നെയാണ് നല്ല പ്രതിഫലം ചോദിക്കാം".
 സംഭാഷണത്തിനിടയ്ക്ക് ആവി പറക്കുന്ന ചായക്കപ്പുകൾ മേശമേൽ വെച്ച് സപ്ലയർ അകന്നു പോയി.
അയാൾ അസ്വസ്ഥനായി. വർഷങ്ങൾക്കു മുമ്പുള്ള മഴയൊരുക്കമുള്ള സന്ധ്യാനേരം. വേട്ടക്കാർ അയാളടക്കം നാലു പേരായിരുന്നു. കാവിൽമുക്കിലെ കാടു പിടിച്ച പറമ്പിനെ നടവഴിയിൽ നിന്ന് വേർതിരിക്കുന്ന പഴക്കമുള്ള അര മതിലിൽ ഇരുന്നിരുന്ന രണ്ടു മനുഷ്യരൂപങ്ങളെ ഇപ്പോഴും അയാൾ ഓർക്കുന്നുണ്ട്. ഇരുളിന്റെ നേർത്ത പാളികളിൽ കുറ്റിക്കാടുകൾക്കപ്പുറത്തുനിന്ന് ഇരച്ചെത്തിയവരെ മതിൽക്കെട്ടുകളിലെ വെട്ടുകല്ലുകളിലിരുന്നു നേരംപോക്കുന്ന രണ്ടുപേരും ശ്രദ്ധിച്ചില്ല. പുറംതിരിഞ്ഞിരുന്ന ചെറുപ്പക്കാരൻ തലതിരിച്ച് ഭയം നിറച്ച കണ്ണുകളോടെ നോക്കിയതും ആദ്യത്തെ വെട്ട്,തന്റെ കൈവശമുള്ള വടിവാൾ കൊണ്ട് നിറന്തലയിൽ ലക്ഷ്യം കണ്ടതും അയാൾക്ക് മുന്നിൽ മായാത്ത മിന്നൽകാഴ്ച്ചയാണ്. മതിലിന് ഉൾഭാഗത്ത് പറമ്പിലെ കൂട്ടിയിട്ട മണൽക്കൂനയിലേക്ക് പിടച്ചിലോടെ വീഴുന്ന ഇരയുടെ ഉമ്മായെന്ന നീട്ടിയുള്ള ദൈന്യതയാർന്ന നിലവിളി കാതിൽ തങ്ങി നിൽക്കുന്നുണ്ട്. വീണ്ടും ആർത്തുകരയാൻ അവസരമില്ലാതെ, തന്നോടൊപ്പം ഉണ്ടായിരുന്ന കാലന്റെ വാളു കൊണ്ടുള്ള വെട്ട് കണ്ഠനാളത്തെ മുറിച്ചിരുന്നു. ചീറ്റിയൊഴുകുന്ന രക്തം ഇരയുടെ നീണ്ട താടി രോമങ്ങളെയും കഴുത്തിനെ പൊതിഞ്ഞ കൈകളെയും നനച്ചു.
തന്നോടൊപ്പമുണ്ടായിരുന്നവൻ നിലത്തുവീണു പിടയുന്നത് നോക്കിയലറികൊണ്ട് മധ്യവയസ്കൻ ഇടവഴിയിലേക്ക് കമിഴ്ന്നടിച്ചു വീണു. പിന്നെ ദേഹം കുടഞ്ഞ് ഉരുണ്ടെഴുന്നേറ്റു കുറ്റിക്കാടുകൾ കടന്ന് ദൂരേക്ക് ഓടിമാറി.
 സമീപമൊന്നും ആളനക്കങ്ങൾ ഇല്ലെങ്കിലും ധൃതി പിടിച്ചാണ് നാൽവർസംഘം മടങ്ങിയത്. പ്രത്യാക്രമണങ്ങൾ മറുഭാഗത്ത് നിന്നുണ്ടായാൽ തടയാനുള്ള രണ്ട് ചെറുപ്പക്കാരായ കൂട്ടാളികൾക്ക് ആയുധമെടുക്കേണ്ടി വന്നില്ല.
"സ്കെച്ച് തെറ്റിയെന്ന് തോന്നുന്നു" മുന്നിലായി വേഗതയിൽ നടക്കുന്ന കാലൻ നിരാശാബോധത്തിലായി. അയാൾക്കും അത് തോന്നിയിരുന്നു ഇരയുടെ വായിൽ നിന്നും തെറിച്ചു വീഴേണ്ടത് ഉമ്മയെന്ന പദമല്ല. കാവിൽമുക്കിലെ ആളൊഴിഞ്ഞ പറമ്പും കുളവും തോടുകളും കുറ്റിക്കാടുകളും ഇരുൾമൂടിയ ഇടവഴികളും അരമണിക്കൂറോളം ഓടിയും ചാടിയും നടന്നും പിന്നിട്ടു.ടാർ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കയറുമ്പോൾ, കരിമേഘങ്ങളിൽ നിന്ന് ഇടിമിന്നൽ നിലം തൊട്ടു. ഒപ്പം മേഘഗർജ്ജനം .ഇപ്പോഴും ആ പ്രകമ്പനങ്ങൾ ഇടയ്ക്കിടെ തലച്ചോറിലൂടെ മൂളിപ്പാഞ്ഞ് അയാളെ അലോസരപ്പെടുത്താറുണ്ട്.
 "ഇത് നിങ്ങൾ ഒറ്റയ്ക്ക് ചെയ്യേണ്ട കൃത്യമാണ്. ആരും കൂടെ ഉണ്ടാകരുത് "
 യുവാവ് വിവരിക്കുകയാണ്.

 തന്റെ തുടക്കക്കാലം ഒറ്റയ്ക്കായിരുന്നു. ചെറിയ കൂലിത്തല്ലുകൾ,വണ്ടി പിടുത്തം എന്നിവ തുടങ്ങി,രാഷ്ട്രീയ ക്വട്ടേഷനുകളുടെ നിർവ്വഹണം ഏറ്റെടുക്കേണ്ടി വന്നപ്പോളാണ് കാലന്റെ വിശ്വസ്ത സഹചാരിയായത്.
 കാവിൽമുക്കിലെ കൃത്യം ആളു മാറിയതിൽ ആസൂത്രകർക്ക് നിരാശയുണ്ടായിരുന്നു. തെറ്റിപ്പോയ സ്കെച്ചിന് പിന്നിൽ നിയമം കുരുക്കുമായി കാത്തുനിന്നു. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷം ഉയർന്ന നീതിപീഠമാണ് അന്വേഷണത്തിലെ സാങ്കേതിക പിഴവുകൾക്ക്, സംശയത്തിന്റെ മറയിട്ടത്, തങ്ങളെ ചൂണ്ടിയ മൊഴികളുടെ രേഖപ്പെടുത്തലുകളിൽ അവിശ്വാസം തിരഞ്ഞുകണ്ടെത്തിയത്. ഒടുവിൽ വെറുതെ വിട്ടപ്പോൾ ആസൂത്രകനായ പ്രാദേശിക രാഷ്ട്രീയക്കാരൻ ലക്ഷ്യം തെറ്റിയ പകവീട്ടിലിനു കാരണക്കാരൻ എന്ന കുറ്റബോധത്താൽ ജയിലിലെ വെറും തറയിൽ മരണത്തോടൊപ്പം സഹശയനം നടത്തി.

 "ആരാണ് ശത്രു"

 അയാൾ പറഞ്ഞു തീരുംമുമ്പ് മേശപ്പുറത്ത് കൈകൾ നീട്ടി വെച്ച് കണ്ണട ധരിച്ച യുവാവിന്റെ മുഖം കൂടുതൽ അടുത്തേക്ക് നീണ്ടു.

 "ഒരു സ്ത്രീ, എന്റെ ഭാര്യയാണ്. മൻസാ.."

 ചെറുപ്പക്കാരൻ മേശപ്പുറത്തേക്ക് സ്യൂട്ട്കേസ് എടുത്തുവച്ച് പതിയെ തുറന്നു. ഇളം നീല കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു യുവതിയുടെ ഹാഫ് സൈസ് ഫോട്ടോ അയാൾക്ക് കാണാവുന്ന രീതിയിൽ നീട്ടിപ്പിടിച്ച് യുവാവ് മന്ദഹസിച്ചു.
 "ഫോട്ടോ എന്റെ മൊബൈലിലേക്ക് അയച്ചുതന്നാലും മതി"
അയാളുടെ വാക്കുകൾക്ക് നിഷേധാർത്ഥത്തിലാണ് മറുപടി കിട്ടിയത്.
 "നിങ്ങൾ വളരെ എക്സ്പീരിയൻസ്ഡ് ആണ്.ഈ രൂപം മനസ്സിലേക്ക് പതിപ്പിച്ചാൽ മതി. ഫോണിലൂടെയുള്ള ഒരു ഇടപാടുമില്ല എല്ലാ കാര്യങ്ങളും നമ്മൾ നേരിട്ട് ആയിരിക്കും പറയുക "
ചെറുപ്പക്കാരൻ തന്റെ വീടിന്റെ അടയാള വിവരവും ഇരിക്കുന്ന സ്ഥലവും കൃത്യമായി പറഞ്ഞു കൊടുത്തു.
 "ഒരാഴ്ച സമയം, കൃത്യമായി പറഞ്ഞാൽ അടുത്ത തിങ്കളാഴ്ച. വൈകിട്ട് ഇതേ സമയത്ത് തന്നെ നിങ്ങൾ വീട്ടിലെത്തി കൃത്യം നടത്തിയിരിക്കണം "
 അയാൾ നിശബ്ദനായി യുവാവിന്റെ മുഖത്തേക്ക് നോക്കിയിരുന്നു അയാൾ അത് ചെയ്യാമെന്നോ അത് ഏറ്റു എന്നോ പറഞ്ഞു ഉറപ്പിക്കുകയുണ്ടായിട്ടില്ല, എന്നാൽ യുവാവ് ഉറപ്പിച്ചതുപോലെയാണ് വിവരണം നടത്തുന്നത്.
" മയീ ,ക്ഷമിക്കണം അവളുടെ വിളിപ്പേരാണ്. വീടിനു പുറത്തവൾ തീരെ പോകാറില്ല, ചിത്രകാരിയാണ്, അസാമാന്യ കഴിവുള്ളവൾ.വീട്ടിൽ സഹായത്തിന് വേലക്കാരി പെണ്ണുണ്ട് അവർ ഉച്ചതിരിഞ്ഞ് അവരുടെ വീട്ടിലേക്ക് പോകും.പിന്നെ ഞാനെത്തുന്ന എട്ടൊൻപത് മണി വരെ മയീ ഒറ്റയ്ക്കാണ്. നിങ്ങൾ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവർത്തിയാണ്.ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ, തനിയെ തീർക്കേണ്ട ഒന്ന്. കൂടെ ആരുംഉണ്ടാകരുത് "
       യുവാവിന്റെ ആ വാക്കുകൾക്ക് മീതെ തെന്നി പാറി അയാൾ താൻ ഒറ്റയ്ക്കായതിന്റെ പൊരുൾ തേടി. ജയിൽ മോചിതനായ ശേഷം, ഒരു നാൾ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറിൽ വീണ് കാലൻ മരണപ്പെട്ടു. ഈയടുത്ത കാലത്താണ് അയാളോടൊപ്പം ജയിലിൽ കഴിഞ്ഞ, പണിയിൽ തെളിഞ്ഞുവന്നിരുന്ന രണ്ട് ചെറുപ്പക്കാർ റോഡ് അപകടത്തിൽ ബലിയായത്. മോട്ടോർസൈക്കിളിൽ മരണം വരെയും ഒന്നിച്ചു സഞ്ചരിച്ചവർ.
 മരണവാർത്തകൾ എല്ലാം പത്രങ്ങളിലൂടെ അറിയുകയല്ലാതെ അവസാനമായുള്ള ദർശനം അയാൾ ആഗ്രഹിച്ചില്ല
 ജഡാവസ്ഥയിലുള്ള മനുഷ്യശരീരങ്ങൾ കാണുന്നതിനോട് മനസ്സ് എന്തോ താല്പര്യപ്പെടുന്നില്ല.

 "ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്റെ വീട്ടിൽ എല്ലായിടങ്ങളിലും നിരീക്ഷിക്കാവുന്ന രീതിയിൽ ക്യാമറകൾ ഉണ്ട്,ബെഡ്റൂമിൽ അടക്കം. ആ ദിവസം ഹാളിലെയും നിങ്ങൾ കയറിവരുന്ന ഭാഗത്തെയും മാത്രം ക്യാമറകൾ ഓഫ് ചെയ്യാം. കൃത്യം നിർവഹിക്കേണ്ടത് എങ്ങനെയെന്നത് നിങ്ങളുടെ വിവേചന ബുദ്ധിക്ക് വിട്ടു തന്നിരിക്കുന്നു.പക്ഷേ മരണം വളരെ മൃദുവായിട്ടായിരിക്കണം."
അയാൾ,ഭാര്യയുടെ മരണം ആസൂത്രണം ചെയ്യുന്ന യുവാവിന്റെ മുഖത്തേക്ക് വിദൂരതയിൽ സ്വയം നഷ്ടപ്പെട്ടതുപോലെ, നിശ്ചേഷ്ടമായി നോക്കി. മൃദുവായ പ്രവർത്തി,ജീവൻ എടുക്കുന്നതാകുമ്പോ ൾ,എങ്ങനെ നിർവഹിക്കാനാകും.
 ചെറുപ്പക്കാരൻ വീണ്ടും സ്യുട്ട്കേസ് തുറക്കാൻ ഭാവിച്ചു.
" ഇനി പ്രതിഫലം പറയാം "
 അയാൾ ആലോചനകളിൽ കെട്ടുപിണഞ്ഞ മനസ്സിനെ കുടഞ്ഞു നിർത്താൻ പരിശ്രമിക്കവേ, യുവാവ് തുടർന്നു"
 " രണ്ട് ലക്ഷം ഇപ്പോൾ തന്നെ.
സംഭവം കഴിഞ്ഞ് അതായത് അടുത്തയാഴ്ച ഇതേ ദിവസം ഇതേസമയം ഞാനിവിടെ ഉണ്ടാകും. നിങ്ങൾ വരുന്നു, അപ്പോൾ ബാക്കി രണ്ട് ലക്ഷം "

 പ്രതിലോമകരമായ മാനസികാവസ്ഥയെ നിലനിർത്തിക്കൊണ്ട്, അയാൾ അടഞ്ഞ അധ്യായങ്ങളിലേക്ക്, കണ്ണുതുറന്നു, വായ് തുറന്നു,

"അത് കുറഞ്ഞുപോയി.ഇനി കാണുമ്പോൾ മൂന്ന് "

 തന്റെ ശബ്ദത്തിന് അപരിചിതത്വം വരുന്നതിനൊപ്പം അയാൾ കൃത്യങ്ങളിൽ വിലപേശൽ നടത്താറുള്ള കാലനെ ഓർത്തു.

 "സമ്മതിച്ചു, അപ്പോൾ മൊത്തം അഞ്ച് ലക്ഷം..."

 യുവാവിന്റെ കണ്ണുകൾ കണ്ണടച്ചില്ലുകൾക്ക് പിന്നിൽ കൂടുതൽ തെളിഞ്ഞു. ആ ശബ്ദം കൂടുതൽ ദൃഢമായി,

"ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു, വളരെ ശാന്തമായി കൈകാര്യം ചെയ്യണം, രക്തം പൊടിയാതെ"

 "ആയുധം ഉപയോഗിക്കേണ്ടതില്ലഅല്ലേ.. "

അയാൾ കൈവിരലുകൾ കൂട്ടി തിരുമി . ചെറുപ്പക്കാരൻ ചിരിക്കാൻ ശ്രമിച്ചു. അപ്പോൾ സ്വാഭാവികമെന്നവണ്ണം അയാൾ സംശയം പ്രകടിപ്പിച്ചു.
 "നിർഭാഗ്യവശാൽ ഞാൻ പിടിക്കപ്പെട്ടാൽ.."

 യുവാവ് കസേരയിൽ നിവർന്നിരുന്നു പിന്നെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു,

 "പിടിക്കപ്പെടരുത്, നിരീക്ഷണ ക്യാമറകൾ നിങ്ങളുടെ വരവ് ഒപ്പിയെടുക്കില്ല. പിന്നെ ഹാളിലെ ചിത്ര ചുമരുണ്ട്.അവിടെ ക്യാമറ കവറേജ് ഇല്ല. ഹാളിലെ മറ്റു ക്യാമറകളെല്ലാം അന്ന് കണ്ണടയ്ക്കും. ഏതെങ്കിലും രീതിയിൽ പിടിക്കപ്പെടുകയാണെങ്കിൽ നിങ്ങളിൽ തന്നെ അന്വേഷണം അവസാനിക്കണം. നിയമസഹായങ്ങൾ എന്റെ ഭാഗത്തുനിന്നും ഉണ്ടാകും. "

 ഭദ്രമായി പൊതിഞ്ഞ രണ്ട് കെട്ട് കറൻസി നോട്ടുകൾ സ്യൂട്ട്കേസിൽ നിന്ന് എടുത്ത് അയാൾക്ക് മുന്നിൽ വച്ച് യുവാവ് തുടർന്നു.

" ഇത് രണ്ട് ഉണ്ട്. ഇനി കൃത്യത്തിന്റെ സ്കെച്ച് ഒരുക്കേണ്ടത് നിങ്ങളാണ്. നാം തമ്മിൽ ഇടയ്ക്കൊരു കൂടിക്കാഴ്ച ഉണ്ടാകില്ല.അതിന് ശ്രമിക്കാനും പാടില്ല.
മയീയുടെ ഫോട്ടോ ഇനിയും കാണണമെന്നുണ്ടോ".

 "വേണ്ട "

സുന്ദരമായ ആ മുഖം അയാളുടെ മനസ്സിൽ നിലാവ് പോലെ നിറഞ്ഞിരുന്നു. തന്നെ നോക്കി മുഖത്തെ കണ്ണട കയ്യിലെടുത്ത് തുടച്ച് വീണ്ടും മുഖത്ത് ചേർത്തുവയ്ക്കുന്ന യുവാവിൽ സംഭ്രമങ്ങൾ ഒട്ടുമില്ലെന്നത് അയാളെ നേരിയതോതിൽ അത്ഭുതപ്പെടുത്തിയിരുന്നു. യുവാവ് ഹോട്ടൽ വിട്ടുപോയിട്ടും അയാൾ അവിടെ തന്നെ ഇരുന്നു. മുന്നിൽ ചായക്കപ്പുകളിലെ ചൂടൊഴിഞ്ഞിരുന്നു.

   യുവാവിന്റെ വീടും സ്ഥലവും ഒരുതവണ പോയി കണ്ട് ഉറപ്പുവരുത്തി എന്നല്ലാതെ വലിയ തയ്യാറെടുപ്പുകൾ ആവശ്യമില്ലെന്ന് അയാൾക്കും തോന്നി. രാത്രികളിൽ ഉറക്കം കുറഞ്ഞുവരുന്നത് മാത്രമാണ് അയാളെ വിഷമിപ്പിച്ചത്.ഒരു വർഷത്തോളമായി അകന്നു നിൽക്കുന്ന ഭാര്യയെ കാണാൻ ഒരിക്കലും ആഗ്രഹമുണ്ടായിട്ടില്ല. ആ ബന്ധം തന്നെ തെറ്റായ തീരുമാനമായിരുന്നു എന്നും ഉപേക്ഷിക്കേണ്ടതാണെന്നും ഇടയ്ക്കൊക്കെ അയാൾക്ക് വെളിപാട് ചിന്തകൾ ഉണ്ടാകാറുണ്ട്. ഈ കൃത്യം ഏറ്റെടുത്തത് എന്തിനായിരുന്നുവെന്ന് ഉറക്കം അനുഗ്രഹിക്കാത്ത രാത്രികളിൽ, അജ്ഞാതമായ വിചിത്ര അശരീരികൾ ചോദ്യങ്ങളുയർത്താറുണ്ട്. ഇത്രയും തുക സമ്പാദിക്കേണ്ട ആവശ്യങ്ങളൊന്നും അയാൾക്കില്ല. പഴയകാല ചുരുളുകളിൽ കൃത്യങ്ങളിലേക്ക് നടന്നടുക്കുമ്പോൾ ഉണ്ടാകുന്ന ഹിംസയുടെ മദം രക്ത വർണ്ണങ്ങളാൽ രേഖീയമാണ്. രക്തത്തിന്റെ മണം തന്നിലേക്ക്, കാലായാപനത്തിന് അനുവദിക്കാതെ ആവർത്തനമായി മടങ്ങിയെത്തുന്നു.
          ഒരാഴ്ച കഴിഞ്ഞുള്ള പകൽ.... അന്തിമാനച്ചുവപ്പിനെ മേഘപരപ്പുകൾ വിഴുങ്ങിയത് പോലെ ആകാശമിരുൾ കെട്ടി, മൃതശാന്തതയിൽ നിലകൊണ്ടു. റബ്ബർ മരങ്ങളുടെ നിരകളൊത്ത, തട്ടുകളായി തിരിച്ച ഭൂമിയിൽ നിന്നും പത്തിരുന്നൂറ്
മീറ്ററോളം തോട്ടത്തിനുള്ളിലേക്ക് നീങ്ങി തലയുയർത്തി നിൽക്കുന്ന കെട്ടിടം. സിറ്റൗട്ടിലേക്ക് കയറുമ്പോൾ ചുറ്റുപാടും നോക്കിയ ശേഷം അയാൾ മുൻ വാതിലിനടുത്തുള്ള കോളിങ് ബെല്ലിൽ വിരൽ അമർത്തി ക്ഷമയോടെ കാത്തു നിന്നു.
അല്പം കഴിഞ്ഞ് ആ വലിയ വീടിന്റെ വാതിൽ തുറക്കപ്പെട്ടു മുന്നിൽ നീളൻ കോട്ടൺ കുർത്തയിൽ, നിറവയറുമായി സുന്ദരിയായ യുവതി. യുവാവ് ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിരുന്നില്ല.
 "മൻസാ "
അയാൾ ആകർഷകമായ മുഖത്തുനിന്നും കണ്ടെടുക്കാതെ ആ പേര് ഉച്ചരിച്ചു. 
"അതെ, ചിത്രങ്ങൾ കാണാൻ വന്നതാണോ, വരൂ... "
 യാന്ത്രികമായി അയാളുടെ പാദങ്ങൾ അവൾ അനുഗമിച്ചു. അവളുടെ ഭാഷണത്തിൽ കൊഞ്ചലെന്ന പോലുള്ള മൃദുത്വവും താളവും ഉള്ളതായി അയാൾക്ക് തോന്നി.
 സ്വീകരണമുറിയിലെ വലതുഭാഗം ചുമരിൽ നടരാജ രൂപം പഞ്ചലോഹത്തിൽ സ്ഥാപിച്ചിരിക്കുന്നു. അതിനടുത്തായി തടാകത്തിലെ ജലപ്പരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന അഞ്ചു തലയുള്ള നാഗത്തിന്റെ രൗദ്രത തുളുമ്പുന്ന അക്രിലിക് പെയിന്റിംഗ്. ഹാളിലേക്ക് കടന്നപ്പോൾ മനോഹരമായ ആദ്യ കാഴ്ച നടുതളത്തിലെ വലിയ ഓട്ടുരുളിയിൽ നിറഞ്ഞ ജലത്തിൽ വിടർന്നു നിൽക്കുന്ന താമരപ്പൂക്കളാണ്. കിഴക്കും തെക്കുംവശങ്ങൾ ചേർത്ത് അതിഥികൾക്ക് ഇരിക്കാനുള്ള സോഫ സജ്ജീകരിച്ചിരിക്കുന്നു. സോഫാസെറ്റിനു പിൻവശത്തായി ഉയർന്ന പീഠത്തിൽ ജടാവൽക്കലങ്ങള ണിഞ്ഞ, അരയാൾപൊക്കമുള്ള വെങ്കല നിർമ്മിതമായ ശിവരൂപം. ഹാളിൽ പടിഞ്ഞാറുവശം ഭിത്തി ഏതാണ്ട് പൂർണമായി ക്ഷേത്രചുമർച്ചിത്രങ്ങളിൽ കാണുന്ന തരം പച്ച,മഞ്ഞ, കറുപ്പ് ചുവപ്പ്, മജന്ത നിറങ്ങളാൽ തിളങ്ങുന്ന അംഗികാ ചിത്രത്താൽ മനോഹരമാക്കിയിരിക്കുന്നു.അതിനു സമീപം വടക്കുഭാഗത്തായി മരനിർമ്മിതമായ പെയിന്റിംഗ് ഈസലിൽ ഭിത്തിയിൽ കാണുന്ന ഏകദേശം അതേ മാതൃകയിലുള്ള ചിത്രം ക്യാൻവാസിൽ പകർത്തിയതായി കാണാം.

"അങ്ങേയ്ക്ക് ഇത് ഇഷ്ടപ്പെട്ടുവോ"

               അംഗികാ ചിത്രത്തിൽ കണ്ണുനട്ടു പോയ അയാളെ ഉണർച്ചയിൽ എത്തിച്ചത് അവളുടെ ശബ്ദമാണ്. പെയിന്റിംഗ് ഈസലിനടുത്ത് ചെറിയ ആർട്ടിസ്റ്റ് ടേബിളിൽ പലതരത്തിലുള്ള ആകൃതിയിലുള്ള ബ്രഷുകൾ, ചായക്കൂട്ടുകൾ,പല വർണ്ണങ്ങളിലുള്ള ചെറു പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ നിരത്തിയിട്ടുണ്ട് . ചിത്രമെഴുത്ത് ആസ്വദിക്കാൻ പാകത്തിൽ മരനിർമ്മിതമായ തലഭാഗം വരെ സ്വസ്ഥമായ ചാരിയിരിക്കാവുന്ന, ശില്പഭംഗിയുള്ള അഴികളോടുകൂടിയ ചാരുപ്രതലമുള്ള കസേര. ക്യാൻവാസ് ചിത്രത്തിനു അഭിമുഖമായി ഇട്ടിരിക്കുന്ന ആ കസേര ആരെയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നി അയാൾക്ക്‌. താനൊരു പുതുലോകത്ത് ധ്യാനപാഠങ്ങൾ അഭ്യസിക്കാൻ എത്തിയവനെ പോലെ, സംവേദന ഭാഷ നഷ്ടപ്പെട്ടപോലെയായെന്ന് അയാൾക്ക് തോന്നി. അതുകൊണ്ടുതന്നെ യുവതിയുടെ ചോദ്യത്തിന് മറുപടി നൽകേണ്ടത് എങ്ങനെയെന്നറിയാതെ അയാൾ കുഴങ്ങി. യുവാവിന്റെ വിശദീകരണത്തിൽ നിരീക്ഷണ ക്യാമറയുടെ കണ്ണുകൾ എത്താത്തയിടം ഈ ഭാഗമായിരിക്കണം. ഹാളിലെ ക്യാമറ ഓഫ് ചെയ്തിട്ടുണ്ടെങ്കിലും യുവാവ് അറിയാതെ മൻസാ, ക്യാമറ ഓണാക്കിയാൽ പോലും ചിത്രചുമർ ഭാഗം കൃത്യത്തിന് പറ്റിയ ഇടമാണ്.
അതാണ്‌ യുവാവ് പറയാതെ പറഞ്ഞതും.
 ഗർഭിണിയായ ഭാര്യയെ ഇല്ലാതാക്കാൻ യുവാവ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ആദ്യമായി അയാളിൽ രൂപംകൊണ്ടു. സുസ്മേരവദനയായി തന്നെ അകത്തേക്ക് ക്ഷണിച്ച,സ്വന്തം ലോകത്തെ പരിചിതമാക്കിതന്ന ഈ യുവതിയെ ശാന്തമായി വധിക്കുവാൻ എങ്ങനെയാണ് കഴിയുക..ഒരു കൃത്യത്തിന്റെയും തുടക്കത്തിൽ അനുഭവപ്പെടാത്ത പതർച്ച തനിക്ക് സംഭവിക്കുന്നുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു.
 "ചിത്രങ്ങൾ ഇഷ്ടപ്പെട്ടുവോ ഒന്നും പറഞ്ഞില്ല "

മൻസാ ആവർത്തിച്ചു.

 "നന്നായി",അയാൾ ശബ്ദം താഴ്ത്തി.

 "അദ്ദേഹം വരാൻ വൈകും, കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ.."

തന്റെ ഭർത്താവിന്റെ വരവിനെ ഉദ്ദേശിച്ചുകൊണ്ട്, അവൾ അയാൾക്ക് തൊട്ടുമുന്നിൽ നിന്നു.

" വേണമെന്നില്ല, ഞാൻ ഈ ചിത്രങ്ങൾ രണ്ടും കണ്ടു മനസ്സിലാക്കുന്നതിൽ വിരോധമില്ലല്ലോ "

 അയാളുടെ വാക്കുകൾ കേട്ട് യുവതിയിൽ ചെറു മന്ദഹാസം വിടർന്നു.

 "ചിത്രങ്ങൾ സംസ്കാരത്തിന്റെ ചിഹ്നങ്ങൾ ആണെന്ന് പറയും,എന്നാലതിനേക്കാളേറെ സ്മരണകളുടെ അടയാളങ്ങൾ ആണ്."

 ഒരു നാഗദേവതയെ പോലെ അവൾ ചുമർചിത്രത്തിനും അയാൾക്കും മധ്യേ നിലയുറപ്പിച്ചു.

" ചുമരിൽ ഉള്ളത് അംഗികാ ചിത്രമാണ്,"

അയാളെ പാളി നോക്കിയിട്ട്, അവൾ ക്യാൻവാസ് ചിത്രത്തിന് അടുത്തേക്ക് ചുവടുവെച്ച് ആർട്ടിസ്റ്റിക് ടേബിളിന് മുകളിൽ നിന്ന് ബലമുള്ളതും എന്നാൽ കനം കുറഞ്ഞ,പിടിയുടെ അഗ്രഭാഗം കൂർത്ത, നീല തൂവൽ തലയുള്ള ബ്രഷ് വലംകയ്യിലെടുത്തു.

" ആ കസേരയിൽ ഇരുന്നോളൂ. "

 അനുസരണയുള്ള കുട്ടിയെപോലെ അയാൾ കസേരയിൽ വന്നിരുന്നു.
അംഗികാചിത്രങ്ങൾ ഭാഗൽപൂരിലെ നാടോടി കഥകളുടെ ആവിഷ്കാരങ്ങളാണ്. ഗംഗാനദിയിലെ ഓളങ്ങളിൽ,വരകളിൽ തെളിയുന്ന ക്ഷേത്രരൂപ അലങ്കാരങ്ങളോടുകൂടിയ വഞ്ചിയായ മഞ്ജുഷയാണ് ചിത്രത്തിലെ കേന്ദ്രസ്ഥാനം. ബിഹുല- ബിഷ്ഹാരി സംഘർഷങ്ങളുടെ ചരിതങ്ങളാണ് ചിത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. മൻസാ തൂവൽ ബ്രഷ് തലതിരിച്ച് കൂർത്ത പിടിഭാഗം ചുമർ ചിത്രത്തിന് നേരെ ചൂണ്ടി. അയാൾ ചുമർ ചിത്രത്തിലേക്ക് ശ്രദ്ധയൂന്നി. മഹാദേവൻ,ദേവതമാർ,സൂര്യൻ, ചന്ദ്രൻ പക്ഷികൾ,ആന കുതിര, ഒഴുകുന്ന നദീജലത്തിൽ മത്സ്യങ്ങൾ,ഇലകൾ, പൂക്കൾ, അലങ്കാരങ്ങൾക്കെല്ലാം നടുവിൽ ബിഹുല-ബാല വിലാപചിത്രം..

"ചുമരിലുള്ള അംഗികാ ചിത്രവും ക്യാൻവാസിൽ കാണുന്ന ചിത്രവും കാഴ്ചയിലൊരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്"."

മൻസായുടെ ശബ്ദം ഇപ്പോൾ വളരെ സ്പഷ്ടമാണ്.അവൾ തുടർന്നു,

    "എന്റെ കുട്ടിക്കാലം ചമ്പാ നഗറിൽ ആയിരുന്നു. നാഗചിത്രങ്ങൾ കണ്ടു വളർന്നവരാണ് ഞാനും എന്റെ സഹോദരിമാരും. മറ്റൊരു മതത്തിൽപ്പെട്ട അന്യദേശക്കാരനായതിനാൽ അപ്പയ്ക്ക് ഗ്രാമത്തിൽ വിലക്കുണ്ടായിരുന്നു. ഭാഗൽപൂരിലായിരുന്നു അപ്പയുടെ ജോലി. ഞങ്ങൾ വലുതായപ്പോൾ അപ്പ ഞങ്ങളെ നാട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ, അപ്പാ..."
 അവൾ അർദ്ധോക്തിയിൽ നിർത്തി.
 താനിവിടെ വന്നത് എന്തിനാണെന്നുള്ളത് പൂർണ്ണമായി വിസ്മരിച്ചുകൊണ്ട് അയാൾ ജിജ്ഞാസയോടെ വെളുത്ത മുഖത്തേക്ക് നോക്കി.
അയാൾക്കടുത്തേക്ക് പതിയെ നടന്ന്, അവൾ വലതു കൈയിലുള്ള ബ്രഷിന്റെ കൂർത്ത ഭാഗം ക്യാൻവാസിലേക്ക് ചൂണ്ടി,

" ഈ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കൂ"

 അയാൾ ഇരിക്കുന്നതിനടുത്ത് അല്പം പിന്നിലായി നിൽക്കുമ്പോൾ വീർത്തു നിൽക്കുന്ന തന്റെ ഉദരഭാഗം അയാൾക്ക് തടസ്സമാകാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ക്യാൻവാസിലെ വരകളിൽ ത്രികോണങ്ങളും ചതുരങ്ങളും ബിംബങ്ങളും കാഴ്ചയുടെ വർണ്ണ ലയങ്ങളായി, സർഗ്ഗചൈതന്യത്തിന്റെ വെളിപ്പെടലായി അയാൾക്ക് തോന്നി. നോക്കിയിരിക്കെ ചിത്രത്തിന്റെ മധ്യത്തിൽ ശിരസ്സിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്നു കണ്ണുകൾ അടച്ച് ധ്യാനരൂപത്തിൽ ഒരാൾ രൂപം. മുഖത്തും നീണ്ട താടിയിലും ചക്രവാള ചുവപ്പ്. മധ്യത്തിലുള്ള അലങ്കാരങ്ങൾക്ക് ഇരുവശവും ചതുരക്കളങ്ങളിൽ മനുഷ്യരൂപങ്ങളുടെ നിഗൂഢമായ നിശ്ചലാവസ്ഥകൾ.
ഒരു ചതുരത്തിൽ വെള്ളത്തിൽ മുങ്ങി ജീവനറ്റ മനുഷ്യ ശരീരം, മറ്റൊന്നിൽ തിരിയുന്ന ചക്രത്തിനുള്ളിൽ മുഖം ചിതറിയ രണ്ട് മനുഷ്യർ. ചതുരക്കളങ്ങൾക്ക് നേർമുകളിൽ ദീർഘചതുരത്തിനുള്ളിൽ ഒരു മനുഷ്യന്റെ ഭീതിദമായ കണ്ണുകൾ തുറന്ന ചിത്രം. കഴുത്തിൽ ചുവന്ന ദ്വാരത്തിലൂടെ ഒഴുകുന്ന കടും രക്ത വരകൾ. ക്യാൻവാസിലെ വഞ്ചി ചിത്രത്തിന്റെ വശങ്ങളിൽ അംഗിക ചിത്രത്തിലുള്ളതു പോലെയുള്ള അരികലങ്കാരങ്ങൾ ഉണ്ടെങ്കിലും ചെടികൾക്കും മൃഗങ്ങൾക്കും പകരം കുറ്റിക്കാടുകളും കുളവും തോടുകളും നാട്ടുവഴികളും വരകളിൽ തെളിയുന്നു, വിദൂര സ്മരണകളുടെ സമതലങ്ങളിൽ 
കാവിൽമുക്കിലെ ഭൂപ്രകൃതി അയാളിൽ ഉയർന്നു വന്നു.

" ചിത്രമധ്യത്തിൽ കാണുന്നത് എന്റെ അപ്പയാണ്. യുവാവായിരിക്കുമ്പോൾ കൊല്ലപ്പെട്ട ഞങ്ങളുടെ ഉപ്പ. അതിനെ സമീപമുള്ള ചിത്രങ്ങൾ നോക്കൂ, ബാല.. "

 മൻസായുടെ ശബ്ദത്തിന് നാഗസീൽക്കാരത്തിന്റെ പരുപരുപ്പ്. യുവതി തന്റെ പേരെടുത്ത് വിളിച്ചതിനകമ്പടിയായി എന്തോ ഇരമ്പലോടെ അകം തുളയ്ക്കുന്നതും ഉള്ളിലെ ആകാശം നിറയെ കരിമേഘങ്ങൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നതും അയാൾക്കനുഭവപ്പെട്ടു. ജീവചലനമുള്ള ചിത്രത്തിൽ നിന്നു ഉമ്മായെന്ന നീണ്ട നിലവിളി കാതുകളിൽ അഗാധതയിൽ നിന്നുയർന്ന നിശ്വാസം പോലെ വന്നലച്ചപ്പോൾ അയാൾ ഇരിപ്പിടത്തിലെ കൈപ്പിടികളിൽ അമർത്തിപ്പിടിച്ചു. തൊട്ടടുത്ത ചതുരക്കളത്തിലെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മനുഷ്യരൂപത്തെ അയാൾ സൂക്ഷിച്ച് നോക്കി.കാലന്റെ ചത്തുമലച്ച മീൻ കണ്ണുകൾ. ഹൃദയമിടിപ്പിന്റെ ദ്രുത താളത്തിൽ മറുവശത്തെ ചതുരക്കളിയിൽ പുരുഷ തലകളിലൂടെ മൂളലോടെ പാഞ്ഞു കയറുന്ന ചക്രങ്ങൾക്ക്‌ ചലനാവസ്ഥ കൈവരുന്നതും പരിചിതരായ ചെറുപ്പക്കാരുടെ നിലവിളികളും തീഷ്ണതയോടെ അയാളുടെ തലയിൽ പെരുത്തു.

" ഇത് മരണങ്ങളുടെ നാഗചിത്രമാണ് ബാല,അപ്പയുടെ ചിത്രത്തിന്റെ മുകളിലെ കളത്തിൽ വരച്ചത് നോക്കൂ,"

 രചനയുടെ ഭ്രമകൽപ്പിതമായ ലഹരിയിലെന്നവണ്ണം യുവതിയുടെ വാക്കുകൾ ചടുലമായി. അയാൾ കണ്ണുകൾ ഉയർത്തി. മഞ്ഞനിറം പശ്ചാത്തലമായ ദീർഘചതുരക്കളത്തിൽ, ചുവന്ന അടയാളത്തിൽ അയാളുടെ നോട്ടം സംക്രമിക്കവേ ചാരിയിരിക്കുന്ന കസേരയുടെ അഴികളുടെ ഇടയിലൂടെ പിൻകഴുത്തിലേക്ക് സൂചിമുന പോലെയെന്തോ തന്നിലേക്ക് തുളഞ്ഞു കയറുന്നതുപോലെ അയാൾക്കനുഭവപ്പെട്ടു. ശരീരം വിയർത്തു വരുന്നതിനിടെ ഞരമ്പുകൾ ത്രസ്സിക്കുന്നതായും കഴുത്തിൽ നിന്ന് തലയിലേക്കും കൈകാലുകളിലേക്കും വേദന പടർന്നു കയറുന്നതും നിശബ്ദമായി അയാൾ അറിഞ്ഞു. ചിത്രത്തിലെ തന്റെ സ്വത്വസാമ്യത പൂണ്ട മനുഷ്യരൂപത്തിന്റെ കണ്ഠനാളത്തിൽ നിന്ന് ചുവന്ന അടയാളം രക്തമായി ചാലിട്ടൊഴുകുന്നു.

 "ബാല,ആ ചിത്രം നീ തന്നെയാണ്. ഒരു സർപ്പദംശനമേറ്റതായി കരുതുക. അത്ര തന്നെ."

ഉന്മാദം കൊണ്ട പെൺസ്വരത്തിന്റെ, അകംപൊരുളിൽ വിളറി, ശൂന്യതയുടെ ആഴങ്ങളിൽ നിസ്സഹായനായി അയാൾ പിടഞ്ഞു.
 യുവതിയുടെ മെലിഞ്ഞു വെളുത്ത ഇടംകൈത്തലം അയാളുടെ ശിരസ്സ് കസേരയോട് ചേർത്തും വിധം, നെറ്റിയിൽ അമർന്നു. മുന്നിലെ ദൃശ്യങ്ങൾ അവ്യക്തമാകുമ്പോൾ അനേകായിരം മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് ഇടിമിന്നലിന്റെ നാഗരൂപങ്ങൾ തന്നിലേക്ക് പുളഞ്ഞിറങ്ങുന്ന
ജ്ഞാനബോധത്തിൽ, പിടഞ്ഞെഴുന്നേൽക്കാൻ കഴിയാത്ത വിധം തൂവൽ ബ്രഷിന്റെ കൂർത്തമുന കഴുത്ത് തുളച്ച് മുന്നോട്ടു നീണ്ടുവന്നു.
     

Join WhatsApp News
Abdul Punnayurkulam 2023-10-10 01:04:35
Skillfully written story
ELDHOSE PAUL 2023-10-10 01:57:25
Very touching story
Jojo kurian 2023-10-10 01:59:15
Kavayathmakam
സോളമൻ ജോസഫ് 2023-10-10 02:13:19
നല്ല കഥ നല്ലെഴുത്ത്.... ✍️
സോളമൻ ജോസഫ് 2023-10-10 02:15:54
നല്ല കഥ,നല്ലെഴുത്ത്..... ✍️
ജോജോ കുരിയൻ 2023-10-10 02:16:47
ഒരു കവിത പോലെ മനോഹരം... ഹൃദയത്തിൽ എവിടെ യോ ഒരു നൊമ്പരവും
Joseph Sartho 2023-10-10 02:48:56
നന്നായിട്ടുണ്ട്
Zephaniya Joyan 2023-10-10 03:36:43
You are such a natural storyteller. I just love your writing
Sajeev Kumar 2023-10-10 03:46:41
ലളിതവും സുന്ദരവുമായ കഥ. വരകളുടെ വിവരണങ്ങൾ നന്നായിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ തന്നെ അടുത്ത വരികൾ വായിക്കാനുള്ള ജിജ്ഞാസ ഉണ്ടാക്കുന്ന നല്ല കഥ..
Muhammed Rasheed 2023-10-10 03:59:37
കൊള്ളാം സൂപ്പർ 👍👍👍
Namshid ck 2023-10-10 04:01:26
നന്നായിടുണ്ട് സാർ 💪💥
Devarajan 2023-10-10 04:06:43
മനോഹരം ...വായനക്കാരനെ പിടിച്ചിരുത്തുന്ന രചന..മനസ്സിൽ ചെറിയൊരു നൊമ്പരമുളവാക്കുന്ന കഥാപാത്രങ്ങൾ മൻസായും ബാലയും ..നന്ദി, ഈ മനോഹര കഥയ്ക്ക് ....
Abhijith 2023-10-10 04:16:01
നല്ല കഥ
Suresh Kumar P 2023-10-10 04:28:49
ഹൃദയം കൊണ്ടെഴുതിയ കഥ ഹൃദ്യവും കാവ്യാത്മകവും ആയി അനുഭവപ്പെടുന്നു. അഭിനന്ദനങ്ങൾ.
അൻവർ ഫുല്ല 2023-10-10 04:30:41
ചിന്തകളെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന എഴുത്ത്‌ .
Suresh Kumar P 2023-10-10 04:32:57
ഹൃദ്യവും കാവ്യാത്മകവുമായി അനുഭവപ്പെടുന്നു. അഭിനന്ദനങ്ങൾ.
ശറഫുദ്ധീൻ 2023-10-10 04:40:37
ജീവിതത്തിന്റെ പരക്കം പാച്ചിലിൽ എവിടെക്കയോ അനുഭവിച്ചതോ അല്ലെങ്കിൽ കേട്ടറിഞ്ഞതായ പോലെ തോന്നുന്ന പോലെ , ചിലവരികൾ എവിടെയോ സ്പർശിക്കുന്ന വിധം
Shyja k m 2023-10-10 04:49:41
കഥയുടെ അവതരണം വളരെ നന്നായിട്ടുണ്ട്... എവിടെയോ എന്തൊക്കെയോ മറഞ്ഞു നിൽക്കുന്നു... നമ്മളുടെ ഉള്ളിൽ കുറെ ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.
Sajeevan 2023-10-10 04:51:10
'രചനയുടെ ഭ്രമകൽപ്പിതമായ ലഹരി... നന്നായിട്ടുണ്ട്
Smitha Anil 2023-10-10 05:16:27
Super story ,heart touching ,
Ranjith A.P 2023-10-10 05:21:37
Best Story Sir
Eldhose paul 2023-10-10 05:35:23
മനോഹരമായ ഭാഷ
Vasudev Menon 2023-10-10 05:40:31
Naala orru artistic touch ulla orru story aanu ith.
V T Shajan 2023-10-10 05:44:52
മനോഹരം.
Shihab Koyilandy 2023-10-10 06:13:55
വായന കഴിഞ്ഞും വായനക്കാരനെ കഥാപരിസരത്ത് തളച്ചിടുന്ന ആഖ്യാനശൈലി ഇരുത്തംവന്ന എഴുത്തുകാരൻ്റെ മിടുക്കാണെന്നതിൽ സംശയമില്ല. പുതുമയുള്ളതും ത്രസിപ്പിക്കുന്നതുമായ കഥ.
V M SANILBABU 2023-10-10 07:26:00
മൻസാ വരച്ച ചിത്രം വായനക്കാരന്റെ മനസ്സിൽ പതിയുംവിധത്തിലുള്ള വർണ്ണന അതിമനോഹരം.നല്ലെ ഴുത്ത്. കഥാകാരന് ആശംസകൾ.
ANIL KUMAR 2023-10-10 08:26:13
സർ നല്ല കഥയാണ്,,, ഒരേ ഒഴുക്കിൽ വായിച്ചു തീർക്കാൻ സാധിക്കുന്ന കഥ
Haris 2023-10-10 09:47:12
Super story 👍👍👍👌👌👌👌🔥
ഇർഷാദ് കെ. ചേറ്റുവ . 2023-10-10 10:22:00
പശ്ചാതല ദൃശ്യങ്ങൾ കൺമുന്നിൽ നടക്കുന്നതുപോലെ വായനക്കാരന് തോന്നും വിധം മനോഹരമായ സാന്ദർഭിക വിവരണങ്ങൾ. ഭാഷയുടെ ലാളിത്യവും, ലളിതമായ അടയാളപ്പെടുത്തലുകളും , ചുരുങ്ങിയ വിവരണങ്ങളിലൂടെ ഒരു വലിയ കഥ അടയാളപ്പെടുത്തുന്നു. ഭാവുകങ്ങൾ.
Sony T 2023-10-10 13:21:30
Very interested and modern story..valuable to read.
Kallarakkal Michael 2023-10-10 13:47:18
Superb Good narration . Worth and satisfied
Joseph Abraham 2023-10-10 13:58:01
Good story. All the best
Pramod.M 2023-10-10 14:59:53
വളരെ നല്ല കഥ.. രചയിതാവിന് അഭിനന്ദനങ്ങൾ...
K.G. Rajasekharan 2023-10-10 15:13:12
ബാല മൻസയെ കൊല്ലാൻ വരുന്നവരെയുള്ള കഥയുടെ ഭാഗം എഴുത്തുകാരന്റെ കൈപിടിക്കുള്ളിൽ ആയിരുന്നു. പിന്നെ പിടിവിട്ടുപോയി. എന്തൊക്കെയോ എഴുതിപിടിപ്പിച്ച്. അതിനെ ആധുനികയെന്നു പേരിട്ടു വിഷണ്ണനായി വായനക്കാരൻ സമാധാനിച്ചോട്ടെ. ഭാഷ നല്ലത് തന്നെ മുക്കാൽ ഭാഗം വരെയുള്ള വിവരണവും. എഴുത്തുകാരൻ ശ്രമങ്ങൾ തുടരട്ടെ.
ബാലകൃഷ്ണൻ നന്മണ്ട 2023-10-10 15:17:27
വളരെ നല്ല കഥ . ത്രില്ലിംഗ് സബ്ജക്ട് .
Sindu Sujith 2023-10-10 15:22:15
Very interesting story. Description at beginning about the hotel premises and the narration about the artwork is very appealing. The twist is unexpected. Great going.. All the very best..
KAVITHA 2023-10-10 15:23:34
ചിന്തകളെ ത്രസിപ്പിക്കുന്ന രചന.
Shajahan 2023-10-10 15:29:06
കഥാവസാനം വരെ വായനക്കാരെ ആകാംക്ഷ വിലയത്തിൽ നിർത്തുന്നതോടൊപ്പം എന്തൊക്കയോ മനസ്സിൽ അവശേഷിക്കുന്ന ഒരു തോന്നൽ.. അത് തന്നെയാണ് കഥാകാരന്റെ വിജയം.. ആശംസകൾ 🌹🌹🥰🥰👌
Prajith 2023-10-10 15:37:43
Wonderfully engaging narration. The characters will stick into the mind even after sometime. Excellent
Lakshmi anil 2023-10-10 15:39:29
ശരിക്കും ഒരു നല്ല sketch തന്നെ യാണ് 👌🏻
Aleena Mathew 2023-10-10 15:49:33
A wonderful expression of a revenge. The twist was unexpected. The way the story was told through the painting (angikachithram) originated in North India at the last part was the highlight of the entire story . Wonderful 💯💯💯
finos 2023-10-10 15:55:26
മൻസാ ചിത്രങ്ങൾ നേർകാഴ്ചയിൽ എന്നപോലെ കാണാൻ കഴിഞ്ഞു . നല്ലെഴുത്ത്.
Mayadevi Sunilkumar 2023-10-10 16:09:09
Nice story and good narration 👌🙏
Listin 2023-10-10 16:33:40
നല്ല കഥവിവരണം വളരെ ഇഷ്ടമായി
Manoj M K 2023-10-10 16:38:55
വളരെ ശ്രദ്ധേയമായ കഥയാണ് സ്കെച്ച്. വായിച്ച് പോകവേ അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംക്ഷ നില നിർത്തുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു. അപ്രതീക്ഷിതമായ ടിസ്റ്റ് കഥയെ ഏറെ ആസ്വാദ്യമാക്കിയിട്ടുണ്ട്. കഥാകാരനിൽ നിന്നു ഇനിയും ഇത്തരം നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
കവിത മേനോൻ 2023-10-10 16:42:56
മലയാളം ഭാഷയുടെ , ഭാവനയുടെ ഇനിയും പറന്നു തീരാത്ത ആകാശങ്ങൾ കഥാകാരന് ഉണ്ട് എന്ന് തെളിയിക്കുന്ന കഥ. അഭിനന്ദനങ്ങൾ.
Prashibha 2023-10-10 17:19:49
നല്ല കഥ ,ആകാംക്ഷ നിലനിർത്തുന്ന ആഖ്യാനരീതി ..👍👍
ഫെമി ഗഫൂർ 2023-10-10 17:40:55
ബാല എന്ന വിളി സൂചിമുന പോലെ കുത്തിയിറങ്ങി അതി മനോഹരമായി കഥ പറഞ്ഞുവെച്ചിരിക്കുന്നു.
സാബു മാത്യു 2023-10-10 22:31:42
ഒരു ശരാശരി കഥ. തള്ളു തൊഴിലാളികൾ എന്നു തോന്നിക്കുന്ന അഭിപ്രായങ്ങൾ . ദുർഗ്രാഹ്യമായ ചില വിവരങ്ങൾ വന്നാൽ ചെറുകഥയാകുമെന്ന് ധരിക്കരുത്.
Sudhir Panikkaveetil 2023-10-11 00:28:22
ഒത്തിരി കമന്റുകൾ കണ്ടപ്പോൾ കഥ വായിക്കാതെ വിടരുതല്ലോ എന്ന് കരുതി വായിച്ചു. എന്തായിരിക്കും വായനക്കാരെ ആകർഷിച്ചത്? ഭാര്യയെ കൊല്ലാൻ ഭർത്താവ് വാടകക്കൊലയാളിയെ ഏർപ്പാടാക്കുന്നു. ചില നിർദേശങ്ങൾ കൊടുക്കുന്നതിനൊപ്പം അവളെ മൃദുവായി കൊല്ലണമെന്നും പറയുന്നു. കൊലയാളി ഭാര്യയെക്കൊല്ലാൻ ചെല്ലുന്നു.വീടിന്റെ വാതിൽ തുറന്ന.യുവതി ഗർഭിണിയായിരുന്നു. അയാൾ അവളുടെ പേര് വിളിക്കുമ്പോൾ അവൾ ചോദിക്കുന്നു അവളുടെ പെയിന്റിംഗ് കാണാൻ വന്നതോ എന്നു . വായനക്കാരന് കൗതുകം ജനിച്ചത് ഇവിടെയായിരിക്കും ഇവിടെ അവൾ അംഗിക ചിത്രങ്ങളെപ്പറ്റി പറയുന്നു. അംഗിക ചിത്രങ്ങളുടെ കഥ - പാമ്പ് കടിയേറ്റ ഭർത്താവിനെ രക്ഷിക്കാൻ പോകുന്ന ഭാര്യ അവളുടെ ജീവിതത്തിലെസങ്കടങ്ങളെ, ഒപ്പം ചുറ്റിലുമുള്ള സസ്യജാലങ്ങളെയും മൃഗങ്ങളെയും വരയ്ക്കാൻ ഒരു കലാകാരനെ അന്വേഷിക്കുന്നു.അതിൽ പറയുന്ന നാഗദേവതയുടെ പേര് മൻസ എന്നാണ്. ഈ കഥയിലെ നായികയുടെ പേരും മൻസ എന്നാണു. മനസ വരച്ചുവച്ചിരുന്നത് അയാൾ അവളുടെ ഉപ്പയെ കൊല്ലാൻ പോയപ്പോൾ ഇരുന്ന സ്ഥലവും കൂട്ടാളിയെയുമാണ്. അയാളുടെ ചിത്രത്തിൽ കഴുത്തിലൂടെ ഒഴുകുന്ന ചുവന്ന ചായം. അവൾക്ക് അവളുടെ ഉപ്പയെ കൊന്നവനെ കൊല്ലണമായിരുന്നു. അതിനാണ് അവളുടെ ഭർത്താവ് അയാളെ വീട്ടിൽ എത്തിച്ചത്. ഒരു സാധാരണ പ്രതികാരത്തിന്റെ കഥ. അതിൽ ഏഴാംനൂറ്റാണ്ടിൽ നില നിന്നിരുന്ന ഒരു പെയിന്റിങ്ങും കൊണ്ടുവരുന്നു. കഥ ചുരുക്കത്തിൽ ഉപ്പാനെ കൊന്നവനെ മകൾ ഉപായത്തിൽ കൊല്ലുന്നു.
വിനീത മണാട്ട് 2023-10-11 01:23:34
വായന തീർന്നിട്ടും വായനക്കാരനെ കഥയിൽ തളച്ചിടുന്ന മനോഹരമായ കഥ.
sabu mathew 2023-10-11 13:26:07
Dear C.I.D Moosa, When the DySP writes a story, all police have to salute the story
കോട്ടയം പുഷ്പനാഥ് 2023-10-11 14:59:15
CID മൂസ പറഞ്ഞതുപോലെ കമന്റുകൾക്ക്‌ ഒരു പാറ്റേൺ ഉള്ളതുകൊണ്ട് അത്‍ ഒരാൾ എഴുതിയതാണ് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല. സീരിയൽ കില്ലേഴ്സ് അങ്ങനെയാണ്. അവരുടെ കൊലപാതകങ്ങള്ക്ക് ഒരു പാറ്റേൺ ഉണ്ടായിരിക്കും. അതാണ് കേസ് തെളിയിക്കാനുള്ള ആദ്യത്തെ തുമ്പ്. സൂക്ഷിക്കുക.
സന്ധ്യ വി കെ 2023-10-11 15:02:27
മനോഹരം. വായനക്കാരനെ ഉദ്വേഗത്തിൽ നിർത്തുന്ന രചന. രംഗങ്ങൾ എല്ലാം കണ്മുന്നിൽ കണ്ടത് പോലെ.. ഒരു ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിച്ചു..
Sujith Nellikkal 2023-10-11 17:24:25
ഒരു നല്ല Thriller story. അതിലെ ഓരോ സാഹചര്യങ്ങൾ വിവരിക്കുമ്പോൾ വളരെ detailed ആയി പറയുന്നുണ്ട് അതുകൊണ്ട് തന്നെ കഥ വായിക്കുമ്പോൾ ആ രംഗങ്ങൾ clear ആയി കാണാൻ കഴിയുന്നുണ്ട്. Twist നന്നായിട്ടുണ്ട്. ചുരുങ്ങിയ എഴുത്തിലൂടെ വായനക്കാർക്ക് ഒരു നല്ല കഥ സമ്മാനിച്ച എഴുത്തുകാരന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലെയുള്ള കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ വിടരട്ടെ എന്ന് ആഗ്രഹിക്കുന്നു.
Saju Paul 2023-10-11 17:38:02
Sir. .The story was presented very nicely.while reading each line I was curious to know the next line. The story unfolds beautifully in front of the eyes, just like listening to the drama on the radio in my school time. Sir ...God may bless you abundantly. Congratulations Sir 👏🎉
CID Moosa 2023-10-11 01:53:47
His agents are probably pouring out all this comments. But it looks like the same person is doing it . All the comments are short. To get a clear picture we should send it to the forensic lab.
രാജേഷ് രാജൻ 2023-10-11 05:00:17
മനസ്സില്ലാമനസ്സോടെ ധൃതിയിൽ വായിച്ചുകളയാമെന്നു കരുതി തുടങ്ങിയിട്ടും മൻസാ വരച്ച ചിത്രങ്ങളിലും ആ ചിത്രങ്ങളെ ചേർത്തുവച്ചു സുരേന്ദ്രൻ സാർ വരച്ച മൻസായുടെ ചിത്രത്തിലും മനസ്സിരുന്നു പോയി..... ശ്വാസം അടക്കിപ്പിടിച്ചു വായിച്ചു തീർത്ത ഈ വരികളിലൂടെ മൻസാ കടന്നുപോയ ആത്‍മസംഘർഷങ്ങളിലൂടെയും അനുവാചക ഹൃദയങ്ങളെ നൊമ്പരപ്പെടുത്താത്ത കഥാന്ത്യത്തിലെ മൻസായുടെ ആ വരയിലൂടെയും ആഖ്യാനം ചെയ്യപ്പെടുന്നത് എഴുത്തുകാരന്റെയും വായനക്കാരുടെയും നീതിബോധവും അതു നടപ്പിലാക്കുന്നവരോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അടയാളപ്പെടുത്തലുമാണ്.. 🙏💞🌹♥️🫶♥️🌹💞🙏 അഭിനന്ദനങ്ങൾ
Anju Amal w/o Amal T K Hill palace police station 2023-10-11 09:49:14
ആദ്യം തന്നെ സാറിനൊരു സല്യൂട്ട്. ആകാംഷ നിലനിർത്തുന്ന, ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാനുള്ള ത്വര ഉണർത്തുന്ന രീതിയിൽ എഴുതിയിരിക്കുന്നു. ഭാര്യ യെ വേദനിപ്പിക്കാതെ കൊല്ലാൻ ആളെ ഏർപ്പാടാക്കുന്ന ഭർത്താവ് എന്ന് തെറ്റി ധരിപ്പിച്ചു. പിന്നീട് അവളുടെ കൂടെ അവളുടെ പ്രതികാരത്തിനു കൂട്ട് നിൽക്കുന്ന അയാൾ... മൻസാ ......തന്റെ പെയിന്റിംഗിൽ ഉപ്പയെ കൊന്നവരെ എങ്ങനെയാണു വകവരുത്തിയതെന്നും balaയുടെ ജീവൻ എങ്ങനെ എടുക്കുമെന്നും വരച്ചു വച്ചിരിക്കുന്നു..... അതിലുപരി എല്ലാവരേം കണ്ടുപിടിച്ചു ഒരാളെപ്പോലും വിട്ടുപോകാതെ സ്കെച്ച് ചെയ്ത തന്റേടം..... മനസ്സ് 👍👍👍 അഭിനന്ദനങ്ങൾ sir മൻസാ യെ സൃഷ്ടിച്ചതിന്
AKASH KRISHNA 2023-10-11 11:00:17
The way of narration was awesome.The twist was unexpected✨.You have a way with words.It's a wonderful piece of art💯👏
naufal 2023-10-11 12:07:35
തെളിച്ചമുള്ള എഴുത്ത് പുരാണ കഥകളിൽ നിന്നും മാറി ജീവിതഗന്ധിയായ കഥ
കഥാകാലക്ഷേപം, നമ്പ്യാർ 2023-10-11 18:14:32
സ്ഥലം ഉണ്ടോ എഡിറ്ററെ ഒരു കഥ എഴുതാൻ ?
Razak 2023-10-11 19:27:21
Very good story, keep it up dear Suru
razak 2023-10-11 19:34:22
വളരെ നന്നായിട്ടുണ്ട്.ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. കഴിവ്‌ അപാരം. അഭിനന്ദനങ്ങൾ
Babu Parackel 2023-10-11 21:31:41
ഈമലയാളിയിൽ ഒരു കഥയ്ക്ക് ഇത്രയധികം കമന്റുകൾ ആദ്യമാണെന്നു തോന്നുന്നു. ആദ്യം ഒന്ന് വായിച്ചതാണ്. അപ്പോൾ അബ്ദുസാറിന്റെ ഒരു കമന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഒന്നുകൂടി വായിച്ചു. കാരണം ഇത്രയധികം കമന്റുകൾ വന്നപ്പോൾ ഞാൻ എവിടെയോ എന്തോ വിട്ടുപോയിട്ടുണ്ടോ എന്നു സംശയിച്ചു. ഇല്ല. ഞാൻ ഉദ്ദേശിച്ചത് ശരിയായിരുന്നു. അതെ, കഥയുടെ തീമിനെക്കാൾ അതിന്റെ ആഖ്യായന ശൈലിയാണ് വായനക്കാരെ പിടിച്ചിരുത്തിയത്. വായനക്കാരനെ ഈ കഥയുടെ മുൻപിൽ ഇരുത്താൻ എങ്ങനെ സ്കെച്ച് ചെയ്യണം എന്നറിയാവുന്ന ഇരുത്തം വന്ന എഴുത്ത്! അഭിനന്ദനങൾ.
kazakku 2023-10-11 22:00:39
ഒറ്റ ഇരുപ്പിന് ഞാനും വായിച്ചു . ഇപ്പോൾ എഴുന്നേൽക്കാൻ ഒരു നിവൃത്തിയുമില്ല
Sujith Nellikkal 2023-10-11 22:03:45
ഒരു നല്ല Thriller story. അതിലെ ഓരോ സാഹചര്യങ്ങൾ വിവരിക്കുമ്പോൾ വളരെ detailed ആയി പറയുന്നുണ്ട് അതുകൊണ്ട് തന്നെ കഥ വായിക്കുമ്പോൾ ആരംഗങ്ങൾ clear ആയി കാണാൻ കഴിയുന്നുണ്ട്. Twist നന്നായിട്ടുണ്ട്. ചുരുങ്ങിയ എഴുത്തിലൂടെ വായനക്കാർക്ക് ഒരു നല്ല കഥ സമ്മാനിച്ച എഴുത്തുകാരന് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലെയുള്ള കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ വിടരട്ടെ എന്ന് ആഗ്രഹിക്കുന്നു.
കാല ഭൈരവന്‍ 2023-10-12 00:50:27
ഇനി മറ്റൊരു കഥയ്ക്ക്‌ വേണ്ടി കാത്തിരിക്കേണ്ടതില്ല ഈ കഥയ്ക്ക്‌ തന്നെ ഒന്നാം സമ്മാനം നല്‍കി കഥാ മത്സരം അവസാനിച്ചതായി പ്രഖ്യാപിക്കാം. ഇതിലും നല്ലൊരു കഥ ആരും എഴുതാന്‍ ഒരു സാധ്യതയുമില്ല
Suresh kottakkal 2023-10-12 08:49:21
Enik eshtapettu, thanks for writing such a wonderful story....... .
Jeeth Surendran 2023-10-12 10:55:57
Very interesting and amazing story especially the way of narration....
Jeeth Surendran 2023-10-12 11:10:31
It's quite interesting to know that a story like this is getting negative comments but it's totally understandable because i too realizes there exist a "toxic competition " in the field of literature too and to those people who is telling that they didn't understand the story i want to recommend that you should read it twice because u need a good amount of knowledge in the linguistic and artistic choice behind this. And trust me i am not a bot I've seen comments which says all of the people here are bots and all so don't believe it because those comments are made by some illiterate fools who aren't even willing to show up their real name😂 (again because of competition i think 😅)
Jeeth Surendran 2023-10-12 11:17:45
Very interesting and amazing story especially way of narration....
ഉണ്ണികൃഷ്ണൻ കൊല്ലാറ 2023-10-12 15:03:48
ആദ്യം തെളിമയാർന്ന പാതയിലൂെടെ സഞ്ചരിച്ച് പിന്നീടത് അസ്വസ്ഥതകൾ അനുഭവിക്കുന്ന പാതകളിലേയ്ക്ക് എത്തിചേരുന്ന ഒരു യാത്രികന്റെ അനുഭവം പോലെ... തോന്നലുളവാക്കുന്ന സൃഷ്ടി...!
Op-Ed 2023-10-12 15:39:09
When this will end? We are tired of this.
ബിനു രാജീവ് 2023-10-13 02:20:21
നല്ലൊരു കഥ. ഇഷ്ടപ്പെട്ടു.
JAIN SEBASTIAN 2023-10-13 09:09:09
എന്നെ വളരെയധികം ചിന്തിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയത ഒരു മനോഹരമായ കാവ്യാ സൃഷ്ട്ടി . ഇനിയും തങ്ങളുടെ രചനകൾക്കായി കാത്തിരിക്കുകയാണ് . എന്ന് സ്വന്ധം ........
Thomas 2023-10-14 09:23:14
Good
SANOJ 2023-10-14 13:14:08
നന്നായിട്ടുണ്ട് സാർ
JYOTHI JAGANNADH (wife of Suresh kottakkal ) 2023-10-15 05:59:23
ഓരോ വരിയിലും ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിൽ പിടിച്ചിരുത്തുന്ന വളരെ മനോഹരമായ കഥ. സാഹിത്യത്തോടൊപ്പം ചിത്രകലയുടെ മാസ്മരികതയും ഒരുമിച്ചു ചലിച്ചുകൂട്ടി, വായനയുടെ ഊഷ്മളത കൈവിട്ടുപോകാതെ പിടിച്ചിരുത്തിയ ഒരു നല്ല കഥ. A BIG SALUTE SIR.
Shihab Karuvarakundu 2023-10-15 12:14:27
ജീവിതത്തിന്റെ ഒരു സ്കെച്ച്👍 നല്ല കഥ സുഹൃത്തേ..💗 അഭിനന്ദനങ്ങൾ..💐💐
Rajesh 2023-11-09 10:54:04
Very proud of you sir. New way of narration. Go ahead Sir 🙏🙏
നസീഹ കളത്തിൽതൊടി 2023-12-05 04:24:25
മനോഹരമായ രചന.. ഒഴുക്കുള്ള എഴുത്ത്... അടിപൊളി. ആശംസകൾ... 🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക