Image

അച്ഛന്‍ നല്‍കിയ ജന്മദിനസമ്മാനം ഒരു കുപ്പി ചെളിവെള്ളം! ഏറ്റവും വിലയേറിയതെന്ന് മകള്‍; (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 05 October, 2023
അച്ഛന്‍ നല്‍കിയ ജന്മദിനസമ്മാനം ഒരു കുപ്പി ചെളിവെള്ളം! ഏറ്റവും വിലയേറിയതെന്ന് മകള്‍; (ദുര്‍ഗ മനോജ്)

വാര്‍ത്തയുടെ തലക്കെട്ടില്‍ നിന്നും ഊഹിക്കാവുന്നതു പോലെതന്നെ ഇതു സംഭവിച്ചത് ഏതായാലും നമ്മുടെ നാട്ടിലല്ല. ട്വിറ്ററില്‍ പാട്രിക്ക എന്ന യുവതി പോസ്റ്റു ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പാട്രിക്കയുടെ ജന്മദിനത്തില്‍ ഇത്തവണ അവളുടെ അച്ഛന്‍ സമ്മാനമായി നല്‍കിയത് ഒരു കുപ്പി നിറയെ ചെളിവെള്ളമാണ്. ഒരു കുപ്പി ചെളിവെള്ളം എന്ത് സന്ദേശമാണ് നല്‍കുക എന്നു ചിന്തിക്കുകയല്ലേ? പാട്രിക്ക അതു വിശദീകരിക്കുമ്പോള്‍ നമ്മള്‍ ശരിക്കും ഞെട്ടും.

അതായത് ആ സമ്മാനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്, എത്ര കാശുണ്ടായാലും ശുദ്ധജലം അമൂല്യമാണ് എന്ന വസ്തുതയാണ്. കടലില്‍പെട്ടാല്‍ ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ പറ്റാത്തതുപോലെ, ശുദ്ധജലം മലിനപ്പെടുത്തിയാല്‍ ചിലപ്പോള്‍ കൈയില്‍ കാശും വെച്ച് ദാഹിച്ച് വലഞ്ഞു ചാകേണ്ടി വരും എന്ന ഓര്‍മപ്പെടുത്തല്‍. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ വളരെ അര്‍ത്ഥവത്തായ കാര്യം. എന്നാല്‍ അതുമാത്രമല്ല ചെളിവെള്ളം തരുന്ന സന്ദേശം, എത്ര കലങ്ങിയ വെള്ളവും കുറച്ചു സമയം അനക്കാതെ വെച്ചാല്‍ അഴുക്ക് താഴെ അടിഞ്ഞ് വെള്ളം തെളിയും. നമ്മുടെ മനസ്സിലെ പ്രക്ഷുബ്ദ്ധതകളും അങ്ങനെ തന്നെ. അല്പസമയം മിണ്ടാതിരുന്നാല്‍ കലങ്ങിയ ചിന്തകള്‍ ഒന്നടങ്ങും. മനസ്സ് തെളിയും, ഒപ്പം പരിഹാരങ്ങളും. അതുപോലെ കലങ്ങിയവെള്ളം നമ്മുടെ ജീവിതത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും നാം സ്വയം വിലയിരുത്തുക ആ കലക്കവെള്ളം പോലെ വൃത്തിയില്ലാത്തതാണ് നമ്മുടെ ജീവിതമെന്നാണ്. എന്നാല്‍ മനസ്സ് ശാന്തമാക്കി ചിന്തിച്ചാല്‍ ആ തെളിഞ്ഞ വെള്ളം പോലെ നമ്മുടെ ജീവിതവും സുന്ദരമാണെന്നു കാണാം. കാഴ്ചപ്പാടുകളാണു പ്രധാനം. അപ്പോള്‍ ആ അച്ഛന്റെ സ്വന്തം മകള്‍ക്കുള്ള പിറന്നാള്‍ സമ്മാനം ഒട്ടും മോശമായില്ല എന്നു നമുക്കു മനസ്സിലാക്കാം.

ഇതിനു മുന്‍പ് ആ അച്ഛന്‍ നല്‍കിയ സമ്മാനങ്ങളെക്കുറിച്ചും മകള്‍ പറയുന്നുണ്ട്. ഫസ്റ്റ് എയിഡ് കിറ്റ്, കുരുമുളകു സ്‌പ്രേ, കീ ചെയിന്‍, എന്‍സൈക്ലോപീഡിയ, പിന്നെ അദ്ദേഹം എഴുതിയ പുസ്തകം സമര്‍പ്പിച്ചതു തന്റെ മകള്‍ക്കാണ്. അങ്ങനെ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ മൂല്യവത്തായ സമ്മാനങ്ങളാണ് അദ്ദേഹം നല്‍കിയത്.

ശരിയാണ്, പിറന്നാളുകള്‍ കടന്നു പോകുമ്പോള്‍ കൂടുതല്‍ ബൗദ്ധികമായി നമ്മള്‍ വളരണ്ടേതുണ്ട്. കേക്ക് മുറിച്ച്, മെഴുകുതിരി ഊതി അണച്ച്, പാട്ടു പാടി, ഭക്ഷണം കഴിച്ചു പിരിയുക മാത്രമല്ല, ജീവിത മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാനും അതു തുറന്ന മനസ്സോടെ സ്വീകരിക്കാനുമുള്ള ദിനം കൂടിയാകണം പിറന്നാളുകള്‍ എന്ന് ഈ അച്ഛനും മകളും പറയാതെ പറയുന്നു.

(ദുര്‍ഗ മനോജ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക