Image

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പതിനാലുകാരന്റെ മോര്‍ഫിങ് കെണി; മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാട്ടണം :(ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 30 September, 2023
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പതിനാലുകാരന്റെ മോര്‍ഫിങ് കെണി; മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാട്ടണം :(ദുര്‍ഗ മനോജ്)

പതിനാലു വയസ്സ്, പഠിക്കേണ്ട, ഭാവിയെക്കുറിച്ചു സ്വപ്നം കാണേണ്ട പ്രായം, പക്ഷേ കല്‍പ്പറ്റ സ്വദേശിയായ ആണ്‍കുട്ടി ചെയ്തത് മുതിര്‍ന്നവരെപ്പോലും അമ്പരപ്പിക്കുന്ന കുറ്റകൃത്യം. സമൂഹ മാധ്യമങ്ങളില്‍ നിന്നും, സ്‌ക്കൂള്‍ ഗ്രൂപ്പുകളില്‍ നിന്നും ശേഖരിച്ച പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അത് വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വയനാട് സൈബര്‍ സെല്ലിന്റെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ത്ഥി പിടിയിലായത്.നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റ ഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ വിപിഎന്‍ സാങ്കേതിക വിദ്യയും ചാറ്റ് ബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. നിരവധി ഐ പി വിലാസങ്ങള്‍ ഉപയോഗിച്ചും ഗൂഗിള്‍, ഇന്‍സ്റ്റ ഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്നും ശേഖരിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് ഒടുവില്‍ അന്വേഷണം വിദ്യാര്‍ത്ഥിയില്‍ എത്തിയത്. വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

ഹൈസ്‌ക്കൂള്‍ കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം പലപ്പോഴും മാതാപിതാക്കളുടെ നിയന്ത്രണത്തിലാവില്ല നടക്കുന്നത്.കോവിഡ് കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പാഠ്യ രീതി വന്നതോടെ അത്രകാലവും അധ്യാപകരും വീട്ടുകാരും കുട്ടികള്‍ക്കു മൊബൈല്‍ ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ക്ക് വിലയില്ലാതായി. ഫോണ്‍ മാറ്റിവെക്ക് എന്നു പറയേണ്ടതിനു പകരം ഫോണില്‍ നോക്കി പഠിക്ക് എന്നു പറയേണ്ട ഗതികേടിലായി മാതാപിതാക്കള്‍. ഇന്റര്‍നെറ്റിന്റെ മായാലോകത്ത് ഭ്രമിച്ചു പോകുന്ന കൗമാരക്കാര്‍ കൗതുകം കൊണ്ടും, കൂട്ടുകാരുടെ മുന്നില്‍ ഹീറോ ആകാനും, പണം ഉണ്ടാക്കാനുമുള്ള കുറുക്കുവഴികളില്‍ ഒന്നായിട്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉള്‍പ്പെടെയുള്ളവയെ വരുതിയിലാക്കാന്‍ നോക്കുന്നത്. എന്തിനും ഉത്തരം ഗൂഗിള്‍ നല്‍കുമ്പോള്‍ പുറത്താരും അറിയാതെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ലോകത്തേക്ക് കുട്ടികള്‍ പ്രവേശിക്കുന്നു. ഫോണില്‍ കുട്ടികള്‍ എന്തു തിരയുന്നു എന്ന് മാതാപിതാക്കള്‍ അറിയണം. അത് അത്യാവശ്യമാണ്. കുട്ടികളേക്കാള്‍ ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ബോധവത്ക്കരണം ആവശ്യമാണ് എന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക