Image

വനിതാസംവരണ ബില്ല്; ലോക് സഭയില്‍ ആദ്യ ചര്‍ച്ച ഇന്ന്

ദുര്‍ഗ മനോജ് Published on 20 September, 2023
വനിതാസംവരണ ബില്ല്; ലോക് സഭയില്‍ ആദ്യ ചര്‍ച്ച ഇന്ന്

വനിത സംവരണ ബില്ലിന്മേല്‍ ഇന്നു ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും മന്ത്രി സ്മൃതി ഇറാനിയും സോണിയാ ഗാന്ധിയും പങ്കെടുക്കും. രാവിലെ പതിനൊന്നു മണിക്കാവും ചര്‍ച്ച ആരംഭിക്കുക. രാജ്യസഭയില്‍ നാളെ ബില്ല് അവതരിപ്പിക്കും.

സ്ത്രീകള്‍ക്ക് ലോക് സഭയിലും രാജ്യസഭയിലും 33% സംവരണമാണ് ഈ ബില്ലുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. പട്ടിക വിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്യും. ഇന്നലെയാണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ വനിതാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നാരീശക്തിവന്ദന്‍ അധിനിയം എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്.

ബില്ല് അടുത്ത വര്‍ഷം തന്നെ നടപ്പാക്കണമെന്ന് പ്രതിപക്ഷം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യപ്പെടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ബില്ല് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ലോക്‌സഭയില്‍ ഇന്നുള്ളതിന്റെ ഇരട്ടി വനിതകള്‍ ഉണ്ടാകും എന്ന് നിയമമന്ത്രി അറിയിച്ചു.നിലവില്‍ 82 വനിതാ അംഗങ്ങളാണ് ഉള്ളത്. ഇത് 181 ആയി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ നടക്കുന്ന മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായ ശേഷമ പുതിയ നിയമം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷം സംവരണം തുടരാനാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിനു സമയമെടുക്കും എന്നതിനാല്‍ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകാനിടയില്ല.

1974ല്‍ സ്ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ നിയോഗിച്ച സമിതി, തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചു.അത് അവഗണിക്കപ്പെട്ടു. 1996 സെപ്തംബര്‍ 12ന് ദേവഗൗഡ സര്‍ക്കാരാണ് ആദ്യം 33% വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതും പിന്നീടൊന്നും സംഭവിക്കാതെ മറവിയിലായി. ഇനി നമുക്ക് കാത്തിരിക്കാം പുത്തന്‍ ബില്ലിന് എന്തു സംഭവിക്കുമെന്ന്.

English Summary : Women's Reservation Bill; First debate in Lok Sabha today

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക