Image

അറിയേണ്ടത് ചാണ്ടിയുടെ ഭൂരിപക്ഷം മാത്രം ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 07 September, 2023
 അറിയേണ്ടത് ചാണ്ടിയുടെ ഭൂരിപക്ഷം മാത്രം ! : (കെ.എ ഫ്രാന്‍സിസ്)

ഇങ്ങനെ ഒരു ഇലക്ഷന്‍ അടുത്തൊന്നുമുണ്ടായിട്ടില്ല. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടന്നത് ചാണ്ടിയുടെ ഭൂരിപക്ഷം എത്ര എന്നറിയാന്‍ വേണ്ടി മാത്രം. അതേ, നാളെ അറിയാനുള്ളു.  

നാളെയാണ്, നാളെയാണ് പുതുപ്പള്ളി ഇലക്ഷന്‍ റിസള്‍ട്ട്. ഫലം എങ്ങനെയുണ്ടാകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി സഖാവിന്റെ മറുപടി ചിരി മാത്രം. ആസ്സാക്കുന്ന ചിരി എന്ന് കേട്ടിട്ടില്ലേ ? അമ്മാതിരി ഒരു ചിരി. ബി.ജെ.പിയുടെ വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസിന് മറിച്ചതായി സഖാക്കള്‍ ഇന്ന് രാവിലെ മുതല്‍ പുതുപ്പള്ളിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് വിമുക്ത ഇന്ത്യക്കായി ഓടിനടക്കുന്ന ബി.ജെ.പി, കോണ്‍ഗ്രസ് വിമുക്ത കേരളത്തിനായി നിലകൊള്ളുന്ന സി.പി.എമ്മിന് വോട്ട് കുറയ്ക്കാന്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു എന്നാണ് സി.പി.എം ഭാഷ്യം. സി.പി.ഐ കുറേക്കൂടി തുറന്നു പറഞ്ഞു. പുതുപ്പള്ളിയില്‍ തോല്‍ക്കും എന്ന് ഉറപ്പിച്ചു ഉള്ള പ്രചരണമായിരുന്നു. മാത്രമല്ല സാധാരണ ഒരു ഇലക്ഷനുള്ള ആവേശമൊന്നും ഇടതുപാര്‍ട്ടികള്‍ കാണിച്ചില്ല. നന്നായി പൊരുതി നോക്കാന്‍ പോലും നേതാക്കള്‍ ശ്രമിച്ചതേയില്ല.  മനസ്സിലായല്ലോ നാളത്തെ ഫലത്തിന്റെ കാര്യം. ഭൂരിപക്ഷം എത്ര എന്ന് മാത്രമേ അറിയേണ്ടൂ. 

തലവേദനയുണ്ടാക്കുന്നവര്‍ : 

എ.സി മൊയ്തീന് പിന്നാലെ പി.വി അന്‍വറും സി.പി.എമ്മിനു തലവേദനയുണ്ടാക്കുന്നു. മൊയ്തീനെതിരേ ഇ.ഡി  അന്വേഷണം മുറുകുന്നു. ബിനാമികള്‍ എന്ന് കരുതുന്നവരെയെല്ലാം ചോദ്യം ചെയ്ത ശേഷം കിട്ടിയ വിവരങ്ങള്‍ വെച്ചാകും ഇ.ഡിയുടെ ചോദ്യംചെയ്യല്‍. അത് പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞു മതി എന്ന മൊയ്തീന്റെയും പാര്‍ട്ടിയുടെയും അഭിലാഷം  ഇ.ഡി അനുവദിച്ചു. അന്‍വറാകട്ടെ മിച്ചഭൂമിയില്‍ 15 ഏക്കര്‍ തിരിച്ചു നല്‍കേണ്ടിവരും എന്ന നിലയിലാണ്. ആ സ്ഥലം മിച്ചഭൂമി പരിധിയില്‍നിന്ന് മാറ്റിയെടുക്കാന്‍ അന്‍വര്‍ ചെയ്ത കാര്യങ്ങളും പുറത്തുവരും. 

വീണ്ടും ആലുവയില്‍ : 

ആലുവയില്‍നിന്ന് ഒരു ദുരന്ത വാര്‍ത്ത കൂടി. ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന ആലുവയില്‍  അതിഥി തൊഴിലാളിയുടെ എട്ടു വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി  ഒരാള്‍ ഇന്നലെ അര്‍ദ്ധരാത്രി പീഡിപ്പിച്ചു. കുഞ്ഞു മരിച്ചില്ല, ഗുരുതരമായി  പരുക്കേറ്റ കുഞ്ഞിനെ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. പ്രതി അതിഥി തൊഴിലാളിയല്ല നമ്മുടെ നാട്ടുകാരന്‍ തന്നെ, തിരുവനന്തപുരത്തുകാരന്‍. സി.സി.ടി.വിയില്‍  ചിത്രമുള്ളതു കൊണ്ട് പ്രതി രക്ഷപ്പെടില്ല. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പാടത്ത് വെച്ചായിരുന്നു അതിക്രമം. നല്ല മഴയത്ത് കുഞ്ഞിനെയുമെടുത്ത് കൊണ്ടുപോകുന്നത് ജനല്‍വഴി കണ്ട ആളാണ് മറ്റുള്ളവരെ കൂട്ടി അന്വേഷണം തുടങ്ങിയത്. അപ്പോഴതാ ഉടുവസ്ത്രങ്ങളില്ലാതെ ചോരയൊലിക്കുന്ന കുഞ്ഞിനെയാണവര്‍ നടന്നുവരുന്നത് കാണുന്നത്. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇര.  

കത്രികയില്‍ കുടുങ്ങി : 

ഹര്‍ഷീനയുടെ വയറിലെ കത്രിക കേസില്‍ ഡോ. സി.കെ രമേശിനെയും രണ്ടു നഴ്‌സുമാരെയും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചതോടെ  ആ പാവം സ്ത്രീയുടെ സമരത്തിന്റെ ആദ്യഘട്ടം വിജയിച്ചു. ഇനി മാന്യമായ ഒരു നഷ്ടപരിഹാരം കൂടി കിട്ടണം. 

ഗ്രോ വാസു എന്ന 94 കാരന്റെ വിചാരണയും കോടതി വരാന്തയിലെ മുദ്രാവാക്യം വിളിയും അത് തടയാന്‍ കോടതി നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ കൈകൊണ്ടും പോലീസ് തൊപ്പി കൊണ്ടും വാ മൂടുന്നതും വിചിത്രമായ കാഴ്ചയായിക്കൊണ്ടിരിക്കെ, ആ കേസില്‍ നിന്ന് വാസുവിനെ  വിമുക്തനാക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. 

അടിക്കുറിപ്പ് : മുക്കത്ത് ഇന്നലെ സന്ധ്യയ്ക്ക് വിചിത്രമായ ഒരു സംഭവം നടന്നു. ഉറങ്ങിക്കിടക്കുന്ന രണ്ടുവയസ്സുകാരന്‍ ജെഫിന്റെ ദേഹത്ത് ചുമരില്‍ ചാരി വെച്ച കിടക്ക വീണ് ശ്വാസം മുട്ടി മരിച്ചു. ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയ സമയത്താണത്രെ  ഇതുണ്ടായത്. കുളികഴിഞ്ഞു വന്നയുടനെ ഇത് കണ്ട  അമ്മ കുഞ്ഞിനെ എടുത്തു കരഞ്ഞു ആളെക്കൂട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. 

കെ.എ ഫ്രാന്‍സിസ് 

Engish Summary : Only Chandy's majority needs to be known

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക