Image

ദു:ഖങ്ങളൊക്കെയും പങ്കു വെയ്ക്കാം..(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 23 July, 2023
ദു:ഖങ്ങളൊക്കെയും പങ്കു വെയ്ക്കാം..(നർമ്മകഥ: നൈന മണ്ണഞ്ചേരി)

പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം.വാർത്തകൾക്കിടയിൽ വരെ പല ഇടവേളകളാണിപ്പോൾ.ആദ്യമൊരു ഇടവേള,പിന്നെയൊരു ഇടവേള,മദ്ധ്യേയൊരു ഇടവേള,തീരുമ്പോൾ മറ്റൊരിടവേള..എന്ന മട്ടിലാണ് ഇടവേളകളുടെ പോക്ക്.

    
പറയാൻ വന്നത് പരസ്യം മൂലം സംഭവിച്ച ഒരു അമളിയെപ്പറ്റിയാണ്.’’ദു:ഖങ്ങളൊക്കെയും പങ്കു വെയ്ക്കാം’’ എന്ന തലക്കെട്ടിൽ ഒരു പരസ്യം കണ്ടാൽ ആരും ശ്രദ്ധിച്ചു പോകില്ലേ? അങ്ങനെയാണ് ഞാനും ശ്രദ്ധിച്ചു പോയത്.’’നിങ്ങളുടെ ദു:ഖം എത്ര ചെറുതാകട്ടെ,വലുതാകട്ടെ..ഞങ്ങൾ മാറ്റിക്കൊടുക്കുന്നു.ദുഖ പരിഹാരത്തിന് ഒരു ഒറ്റമൂലി,തപാൽ ഫോർമുല..ഉടൻ വിളിക്കൂ..’’

 ഇതു വല്ല തട്ടിപ്പുമായിരിക്കുമോ,ആദ്യമൊന്ന് സംശയിച്ചു,നീന്തലും ഡ്രൈവിംഗും വരെ തപാലായി പഠിക്കാൻ കഴിയുന്ന കാലമല്ലേ ഇത്.ചിലപ്പോൾ തപാൽ വഴിയും ദുഖം മാറ്റാൻ കഴിയുമായിരിക്കും.ഏതായാലും ഈ കേന്ദ്രത്തിന് നല്ല കൊയ്ത്തായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല,കുറെ പേരെങ്കിലും  ഈ കോഴ്സിന് ചേരാതിരിക്കില്ല. കാരണം ദുഖമില്ലാത്തവർ ആരുണ്ട് ഈ ലോകത്ത്?

നരനായിങ്ങനെ ഈ ലോകത്ത് ജനിച്ചതിനെപ്പറ്റി ദു:ഖം,തട്ടിപ്പും വഞ്ചനയും നിറഞ്ഞ ലോകത്ത് ഇങ്ങനെ ജീവിക്കേണ്ടി വന്നതിനെപ്പറ്റി ദു;ഖം,ബിരുദങ്ങൾ പലതു നേടി തൊഴിലില്ലായ്മ വേതനം വാങ്ങാൻ ക്യൂ നിൽക്കേണ്ടി വന്നതിനെപ്പറ്റിയുള്ള ദുഖം..ദുഖത്തെപ്പറ്റി പറയാനാണെങ്കിൽ എല്ലാം പറയാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഖം മാത്രം മിച്ചം!

       ഏതായാലും തപാൽ വഴി ദു:ഖനിവാരണത്തിന് ഒന്ന് ശ്രമിച്ചു നോക്കാം എന്നു വിചാരിച്ചു.,ദു;ഖ നിവാരണ കേന്ദ്രത്തിലേക്കുള്ള കത്ത് പോസ്റ്റ് ചെയ്യാൻ പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ കേന്ദ്രഗവർമെന്റ് അവധി കാരണം പോസ്റ്റ് ഓഫീസ് അവധി.പിറ്റേന്നേ കത്തയക്കാൻ കഴിയൂ എന്നോർത്ത് പിന്നെയും ദു;ഖം..

 ‘’സുഹൃത്തെ,ദു:ഖ  പരിഹാര തപാൽ കോഴ്സിനെപ്പറ്റി അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് താങ്കൾ അയച്ച കത്ത് കിട്ടി.നന്ദി.മനുഷ്യരുടെ ദു:ഖം ചെറിയ അളവിലെങ്കിലും പരിഹരിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.വിശദവിവരങ്ങൾ അടങ്ങിയ ലഘുലേഖയ്ക്കും പ്രാരംഭ ചെലവുകൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി നൂറ് രൂപ മടക്ക തപാലിൽ തന്നെ അയച്ചു തരിക, മാനേജർ,ദു:ഖനിവാരണ കേന്ദ്രം’’

  കാശ് അയക്കണോ എന്ന്  പലവട്ടം ആലോചിച്ചു,പോകുന്നെങ്കിൽ നൂറല്ലേ എന്നോർത്ത് ഒടുവിൽ അയച്ചു.അയച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അതാ വരുന്നു ഒരു ഒരു വി.പി.പി. പോസ്റ്റ്മാനിൽ നിന്നും വി.പി.പി ചാർജ്ജ് കൊടുത്ത് വാങ്ങി ആകാംക്ഷയോടെ പൊട്ടിച്ചു.അകത്ത് ഒരു പുസ്തകം,’’ദു:ഖ നിവാരണം’’ കൂടെ ഒരു കത്തുമുണ്ട് ‘’സുഹൃത്തെ,ഈ പുസ്തകം മനസ്സിരുത്തി മൂന്നു വട്ടം വായിക്കുക,നിങ്ങളുടെ ഏതു ദു:ഖവും പമ്പ കടക്കും.ഇടയ്ക്ക് ദു:ഖം വരുമ്പോൾ ഈ പുസ്തകം എടുത്ത് വായിച്ചാൽ മാത്രം മതി.

വില കുറഞ്ഞ പേപ്പറിൽ കുനെകുനെ അച്ചടിച്ചിരിക്കുന്ന ആ പുസ്തകത്തിലെ  അക്ഷരത്തെറ്റുകൾ കണ്ടിരുന്നെങ്കിൽ ലോകറെക്കോഡിൽ ചേർക്കാൻ ഗിന്നസ് ബുക്കുകാർ പൊന്നുപോലെ പൊക്കിയെടുത്തു കൊണ്ട് പോകുമായിരുന്നു. ഇതും വായിക്കേണ്ടി വന്നല്ലോ എന്നോർത്തും നൂറ്റമ്പത് പോയതോർത്തും എന്റെ ദു;ഖം വീണ്ടും കൂടി.എന്നെപ്പോലെയുള്ളവർ ഉണ്ടെങ്കിൽ ഇങ്ങനെയുള്ളവർക്ക് ജീവിച്ചു പോകാൻ ഒരു ബുദ്ധിമുട്ടും വരില്ല.

ഏതായാലും പുസ്തകം പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന സാഹിത്യകാരൻമാർക്ക് ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കാവുന്നതാണ്.പരസ്യത്തിലൂടെ നൂറു രൂപാ വീതം കളക്ട് ചെയ്ത് പുസ്തകം അടിക്കുക,വി.പി.പി.അയച്ചു കൊടുത്ത് അൻപത് രൂപാ വീതം കൈപ്പറ്റുക.പിന്നെ പുസ്തകം വായിച്ചവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ ഒന്ന്  ശ്രദ്ധിക്കണമെന്ന് മാത്രം.അല്ലെങ്കിൽ അതും ഒരു ദു:ഖത്തിന് കാരണമാകും,മഹാനായ ഒരു സാഹിത്യകാരനെ അകാലത്തിൽ നഷ്ടപ്പെട്ടല്ലോ എന്നോർത്ത്.

          നൂറ്റമ്പതു പോയതു കൊണ്ട് ഒരു ഗുണമുണ്ടായി.ഏതു പരസ്യം കണ്ടാലും ഒൻപത് വട്ടം ആലോചിച്ചേ പ്രതികരിക്കൂ എന്ന തീരുമാനിച്ചു.അതിനടുത്ത ദിവസം കണ്ട പരസ്യം ഇങ്ങനെയാണ്.’’അടുത്ത മാസം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ ഫോട്ടോ സഹിതം അപേക്ഷിക്കുക.’’ ഏതായാലും ഒരപേക്ഷ അയച്ചു,കാശിന്റെ പരിപാടി ഇവർക്കുമുണ്ടോ എന്നറിയണമല്ലോ?

 മറുപടി വരാൻ വലിയ താമസമുണ്ടായില്ല.’’സുഹൃത്തേ,ഞങ്ങളുടേ ചിത്രത്തിലേക്ക് താങ്കളെ സെലക്റ്റ് ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.മറ്റൊരു കാര്യം മടക്ക തപാലിൽ ഇരുന്നൂറ്റമ്പത് രൂപ അയക്കുക,തിർക്കഥയുടെ സംക്ഷിപ്ത രൂപം അയച്ചു തരാൻ വേണ്ടിയാണ്.അതു വായിച്ച് നിങ്ങൾക്ക് അനുയോജ്യമായ വേഷം തിരഞ്ഞെടുക്കാം…’’

   ആനന്ദലബ്ധിക്കിനിയെന്തു വേണം? ആദ്യമായി അഭിനയിക്കാൻ പോകുന്ന എനിക്ക് തിരക്കഥ വായിച്ച് ആവശ്യമുള്ള വേഷം തിരഞ്ഞെടുക്കാം പോലും..സൂപ്പർസ്റ്റാറുകൾക്കു പോലും ഇങ്ങനെയൊരു അവസരം കിട്ടിയിട്ടുണ്ടോ ആവോ?ഏതായാലും അങ്ങനെ ഇരുന്നൂറ്റമ്പത് മുടക്കി വെള്ളിത്തിതയിൽ വെട്ടിത്തിളങ്ങണ്ട എന്ന് ഞാൻ തീരുമാനിച്ചു.
      
ഒരു തട്ടിപ്പിൽ വീണുകഴിഞ്ഞപ്പോഴും  കലാപരമായി നടക്കുന്ന പല പല തട്ടിപ്പുകളെക്കുറിച്ച് ആലോചിച്ചപ്പോഴും എന്റെ    ദു:ഖത്തിന്  ചെറിയ ഒരാശ്വാസം. ഇനി .ഏതു പരസ്യം കണ്ടാലും  പത്ത് വട്ടം ആലോചിച്ചേ പ്രതികരിക്കൂ എന്ന് ഉറപ്പിച്ചു.ഹോട്ട്‍വാട്ടറിൽ വീണ പൂച്ച, ഗ്രീൻ വാട്ടർ കണ്ടാലും പേടിക്കുമല്ലോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക