Image

കവിതയിലെ വാക്കുകൾ മന്ത്രങ്ങളാക്കിയ മഹാകവി : രമണി അമ്മാൾ

Published on 20 July, 2023
കവിതയിലെ വാക്കുകൾ മന്ത്രങ്ങളാക്കിയ മഹാകവി : രമണി അമ്മാൾ

കവിത്രയത്തിനു ശേഷമുള്ള മലയാളകവിതയില്‍ മൗലികമായ വ്യതിയാനം രേഖപ്പെടുത്തിയ കവിയാണ്
ജി. ശങ്കരക്കുറുപ്പ്
അദ്ദേഹത്തിന്റെ
ഓടക്കുഴൽ കാവ്യ സമാഹാരത്തിലൂടെ ആദ്യത്തെ
ജ്ഞാനപീഠപുരസ്ക്കാരം
മലയാളത്തിന് ലഭിച്ചു.

പ്രയോഗിച്ച് പ്രയോഗിച്ച് അര്‍ത്ഥരാഹിത്യം സംഭവിച്ച ശൈലികള്‍ക്ക്, രീതികള്‍ക്ക്, പുനര്‍ജ്ജന്മം നല്‍കുന്നതിന്റെ ആദ്യപടിയായി വാക്കുകള്‍ മന്ത്രങ്ങളെപ്പോലെ അര്‍ത്ഥവത്താക്കി പ്രയോഗിച്ച്, കവിതയില്‍ നക്ഷത്രശോഭ
കൈവരിയ്ക്കാമെന്ന്  തെളിയിച്ചു വിജയിച്ച കവി.

മനോഹരങ്ങളായ പദങ്ങളില്‍ക്കൂടി മഹത്തായ ആശയങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള അന്യാദൃശമായ കഴിവ് അദ്ദേഹത്തെ മറ്റുകവികളില്‍ നിന്ന് വ്യത്യസ്ഥനാക്കി.

മേഘത്തിനേയും, മഴവില്ലിനേയും മറ്റും ആവാസ്യമാക്കി സൃഷ്ടി നടത്തിയ മഹാകവി അന്നുവരെ അന്യമായിരുന്ന 
പല മിസ്റ്റിക് അനുഭൂതികള്‍ക്കും ആവിഷ്‌ക്കാരം നല്‍കി.  
ഇത് പുതിയൊരു കാവ്യസംസ്‌ക്കരത്തിന്റെ ആവിര്‍ഭാവം കൂടിയായിരുന്നു. ഒറ്റ വായനയ്ക്ക് എന്നതിലുപരി യാഥാര്‍ത്ഥ കവിതയ്ക്ക് അനവധി ആസ്വാദന തലങ്ങളും അര്‍ത്ഥതല
ങ്ങളുമുണ്ടെന്ന് ജി.ശങ്കരക്കുറുപ്പിന്റെ ആശയപ്രപഞ്ചം തെളിവുകൾ നല്‍കി.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഏകാന്തതയനുഭവിക്കുന്ന ഒരു കീറ് മേഘശകലത്തെ കണ്ടപ്പോള്‍ കവിയ്ക്ക് തോന്നിയത്  കാമുകി മറന്നിട്ടു പോയ കൈലേസ് ആയിട്ടാണ്.

ജീവിതത്തിലെ ഭൗതിക താത്പര്യങ്ങളിൽനിന്ന് ആത്മീയ ദർശനത്തിലേക്ക് ഒരു പൂജാമുറിയിലേക്കെന്നവണ്ണം പിന്മാറുന്ന കവിതയാണ് ജിയുടേത്. യോഗാത്മക അനുഭൂതികൾക്കുള്ള പ്രാധാന്യം, മരണബോധം, ആധ്യാത്മികത, ആസ്തിക്യം, മാനുഷികദർശനം, പ്രതീകാത്മകമായ കാവ്യഭാഷ തുടങ്ങിയവയാണ് അതിന്റെ സവിശേഷതകൾ.

സൂര്യകാന്തി എന്ന പൂവിന്റെ ചിന്തകളിൽ മാനുഷികത സമന്വയിപ്പിച്ചുകൊണ്ട് അവളിലെ പ്രണയചാപല്യങ്ങൾ വരച്ചുകാട്ടുന്ന സൂര്യകാന്തി എന്ന കവിത ജി യുടെ കാല്പനിക കവിതകളിൽ ഏറെ പ്രശസ്തമാണ്.

“നിദ്രയില്ലാഞ്ഞാ
രക്തനേത്രനായ് പുലര്‍ച്ചയ്ക്കു
ഹൃദ്രമനെത്തും, നാളെ, നോക്കുമീ മുറ്റത്തെന്നെ
വിളറും മുഖം വേഗം, തെക്കന്‍കാറ്റടിച്ചട-
ര്‍ന്നിളമേല്‍ക്കിടക്കുമെന്‍ മ്ലാനമാമംഗം
കാൺകെ
ക്ഷണമാനില്പില്‍ത്തന്നെ നിന്നുപോയേക്കാം, പിന്നെ
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:
‘ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെക്കണ്ടില്ലെങ്കില്‍
ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍.”
എന്ന വരികള്‍ ജനിപ്പിക്കുന്ന അനുഭൂതി അലങ്കാരപ്രയോഗംകൊണ്ടു സിദ്ധിച്ചതല്ല, മലയാളഭാഷയുടെ ജീനിയസ്സ് സ്വായക്തമാക്കിയ കവിക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ.  

ജി.ശങ്കരക്കുറുപ്പിനെ സംബന്ധിച്ചിടത്തോളം കവിതാരചന ജീവശ്വാസവും, ജീവിതലക്ഷ്യവുമായിരുന്നു.

"ജന്മസിദ്ധമാം പദം പുണ്യലബ്ധ
മെന്നോര്‍ത്തു
വന്മദം ഭാവിയ്ക്കുന്നോരുന്നതനക്ഷത്രമേ!
വെമ്പുക,വിളറുക, വിറകൊള്ളൂ, നോക്കൂ
നിന്‍പുരോ
ഭാഗത്തതാ ധീരതേജസ്സാം നാളെ" എന്ന് ധീരതേജസ്സായ നാളെയെ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്ക
യായിരുന്നു ശങ്കരക്കുറുപ്പിലെ കവി.

"നോവുതിന്നും കരളിനേ
പാടുവാനാവൂ നിത്യമധുരമായാര്‍ദ്രമായ്’.

പിറവിയുടെ സുഖദു:ഖങ്ങള്‍ പേറുന്ന നോവ് എത്രമാത്രം ആത്മാര്‍ത്ഥതയോടെയും, 
അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് കവി പ്രയോഗിച്ചിരിക്കുന്നത്. ?
ആത്മാവിന്റെ അന്തരാളത്തോളം
വരുന്നതാണ് അദ്ദേഹത്തിന്റെ കവിതകളോരോന്നും.

നിത്യമധുരവും ആര്‍ദ്രവുമായ കവിതകള്‍ക്കുള്ള അംഗീകാരമായിരുന്നു, ആദരവായിരുന്നു
1965ൽ ഓടക്കുഴൽ എന്ന കൃതിക്ക്  
ജ്ഞാനപീഠ പുരസ്ക്കാരം..

നീരന്ധ്രനീല
ജലദപ്പലകപ്പുറത്ത്
വാരഞ്ചിടുന്ന വളർവില്ലു വരച്ചുമായ്ച്ചും,
നേരറ്റ കൈവളകളാൽ ചില മിന്നൽ ചേർത്തും,
പാരം ലസിക്കും
അമല പ്രകൃതിക്കു കൂപ്പാം.." 
എന്ന ഗണപതിക്കു കുറിക്കലോടുകൂടി തന്റെ 17-മത്തെ വയസ്സിൽ കാവ്യരംഗത്തു
പ്രവേശിച്ച
ജി. ശങ്കര
ക്കുറുപ്പിന്റെ, 
പ്രസിദ്ധങ്ങളായ
ചില കവിതാ സമാഹാരങ്ങളാണ്

4 ഭാഗങ്ങളുളള
സാഹിത്യകൗതുകം, 
സൂര്യകാന്തി,
വനഗായകന്‍, പൂജാപുഷ്പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട് ,
ഓടക്കുഴൽ
അന്തര്‍ദാഹം, വെളളില്‍പ്പറവകള്‍, വിശ്വദര്‍ശനം, ജീവനസംഗീതം, മധുരം സൗമ്യം ദീപ്തം, 
എന്റെ വേളി, പാഥേയം,
ചന്ദനക്കട്ടിൽ, മൂന്നരുവിയും ഒരു പുഴയും, പെരുന്തച്ചന്‍. തുടങ്ങിയവയ.

അർഹിക്കുന്ന അംഗീകാരങ്ങൾ
പലതും അദ്ദേഹത്തെ തേടിയെത്തി.
വിശ്വദർശനം എന്ന കുതിക്ക്  1961ൽ
കേരളസാഹിത്യ അക്കാദമി അവാർഡും, 1963ൽ കേന്ദ്ര അക്കാദമി അവാർഡും ലഭിച്ചു.
1965ൽ ജ്ഞാനപീഠം, 
1968ൽ പദ്മഭൂഷൺ പുരസ്ക്കാരവും.

കവിയായും നാടക കൃത്തായും
അധ്യാപകനായും
ജീവിതത്തിൽ പകർന്നാട്ടങ്ങൾ
നടത്തിയ ജി. 1973 ൽ തന്റെ വേഷങ്ങളെല്ലാം അഴിച്ചുവച്ച് ഈ ലോകത്തോടു വിടചൊല്ലി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക