Image

ഒരു പ്രവാസ സ്വപ്നം     (കഥ:  ഡോ. ജോർജ് മരങ്ങോലി)

Published on 19 July, 2023
ഒരു പ്രവാസ സ്വപ്നം     (കഥ:  ഡോ. ജോർജ് മരങ്ങോലി)

എമിറേറ്റ്സ് ഐർലൈൻസിന്റെ ഫ്ലൈറ്റ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ  രാത്രി എട്ടു  മണിയായി. ലെവൽ ഫ്ലൈറ്റ് ആയിക്കഴിഞ്ഞപ്പോൾ സീറ്റ്ബെൽറ്റ്  സൈൻ ഓഫായി. എയർഹോസ്റ്റസ്സുമാർ അത്താഴം വിളമ്പാൻ തുടങ്ങുന്നതിനു മുമ്പേതന്നെ ആവശ്യമുള്ളവർക്ക് വിസ്കിയും, ബ്രാണ്ടിയു, വൈനും ബിയറുമെല്ലാം കൊടുക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
             ഒരു ഗ്ലാസ് റെഡ് വൈൻ  വാങ്ങി സിപ്പ് ചെയ്തുകൊണ്ട് ഞാൻ ഫ്ലൈറ്റ് മാഗസിന്റെ പേജുകൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. എന്റെ ഇടതുവശത്തുള്ള രണ്ടു സീറ്റുകളിൽ തൊട്ടടുത്ത സീറ്റിൽ മധ്യവയസ്കനായ ഒരു യാത്രക്കാരനും അതിന്റെ അടുത്ത സീറ്റിൽ അയാളുടെ ഭാര്യയുമാണ് ഇരുന്നത്. സാൾട് ആൻഡ് പെപ്പർ നരബാധിച്ച,  ബുൾഗാൻ താടിയും ഗോൾഡൻ ഫ്രയിമുള്ള കണ്ണടയും വച്ച ഒരു ജന്റിൽമാൻ മലയാളി ആണ് അയാളെന്നു അയാളുടെ മട്ടും ഭാവവും കണ്ടപ്പോൾ എനിക്ക് തോന്നി. അയാളുടെ ഭാര്യ ഒരു ഗ്ളാസ് റെഡ് വൈൻ ഓർഡർ ചെയ്തപ്പോൾ സ്കോച്ച് ആൻഡ് സോഡാ ആണ് അദ്ദേഹം വാങ്ങിയത്.
            പൊതുവെ അധികം സംസാരിക്കാത്ത സ്വഭാവമുള്ള ആളാണ് അയാളെന്നു ആദ്യമേ മനസ്സിലായിരുന്നു. വറുത്ത നിലക്കടലയും കൂട്ടി സ്കോച്ച് വിസ്കി ഒറ്റവലിക്ക് കുടിച്ചുകൊണ്ടയാൾ അടുത്ത ഡ്രിങ്ക്സിനുവേണ്ടി ബെൽ അമർത്തി. എയർ ഹോസ്റ്റസ്സുമാർ അവരുടെ സേവനം നിർബാധം തുടർന്നുകൊണ്ടേയിരുന്നു. ഡിന്നർ സെർവ് ചെയ്യാറായപ്പോഴേക്കും  ഒരു നാലഞ്ച്  സ്കോച്ച് വിസ്കിയെങ്കിലും അയാൾ അകത്താക്കിക്കഴിഞ്ഞിരുന്നു!    "തൽക്കാലം കുടിച്ചതു  മതി" എന്നോ വല്ലതും ആയിരിക്കാം അയാളുടെ ഭാര്യ ചെവിയിൽ മന്ത്രിച്ചു. അദ്ദേഹം വല്ലാത്ത മാനസിക പിരിമുറുക്കത്തിലാണ്  എന്ന്  അയാളുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.  
          "മാഡം, വൺ ഡബിൾ സ്കോച്ച് ആൻഡ് സോഡാ പ്ളീസ്." അടുത്ത് വന്ന എയർഹോ- സ്റ്റസിനോട് അയാൾ ആവശ്യപ്പെട്ടതനുസരിച്ചു അവർ വീണ്ടും ഒരു ഡ്രിങ്ക്സ്കൂടി കൊണ്ടുവന്നു അയാൾക്ക് കൊടുത്തു. ഡിന്നർ എല്ലാവർക്കും  വിളമ്പിയെങ്കിലും, നമ്മുടെ ജന്റിൽമാൻ കാര്യമായിട്ടൊന്നും തന്നെ കഴിച്ചെന്നു തോന്നിയില്ല. അത്താഴം  കഴിഞ്ഞു അധികം താമസിയാതെ എല്ലാവരും വിശ്രമത്തിലേക്കു മയങ്ങി വീഴുകയും ചെയ്തു.
           പെട്ടെന്നൊരു ബഹളം കേട്ടാണ് എല്ലാവരും ഞെട്ടി ഉണർന്നത്. എന്റെ അടുത്തിരുന്ന ജന്റിൽമാൻ സീറ്റിലിരുന്നുകൊണ്ടു വളരെ ഉച്ചത്തിൽ വിളിച്ചു അലറുകയാണ്!
       "ഒന്നിനേം വെറുതെ വിടില്ല! യൂ ചീറ്റ്സ്......നശിപ്പിക്കും ഞാൻ .... എല്ലാറ്റിനെയും നശിപ്പിക്കും   ഞാൻ.....!"
          ബഹളം കേട്ട് മറ്റു സീറ്റുകളിൽ ഇരുന്നവരെല്ലാം എഴുനേറ്റു നോക്കി; എന്ത് സംഭവിച്ചു എന്നറിയാനുളള  ജിജ്ഞാസയിൽ ! അദ്ദേഹത്തിന്റെ ഭാര്യ അയാളെ സ്വാന്തനപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടു മൂന്നു എയർഹോസ്റ്റസ്സുമാർ ഓടി അയാളുടെ അടുത്ത് വന്നിട്ട് ചോദിച്ചു.
       " സാർ, ആർ യൂ ആൾറൈറ് ?" എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.
       "ഐ ആം ആൾറൈറ്, സോറി."  ദയനീയമായി അയാൾ എയർഹോസ്റ്റസ്സ്മാരോട് സോറി പറയുമ്പോഴും എന്തൊക്കെയോ അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
          " ഹി ഈസ് ഓക്കേ,  ഐ തിങ്ക് ഹി ഹാഡ് വൺ ഓർ ടു ഡ്രിങ്ക്സ് എക്സ്ട്രാ." അയാളുടെ  ഭാര്യ എയർഹോസ്റ്റസ്സുമാരെ തിരിച്ചയച്ചു. തൊട്ടടുത്ത   സീറ്റിലിരുന്ന ഞാനും അയാളുടെ വൈരാഗ്യം മൂത്ത  ചേഷ്ടകളും, പിറുപിറുക്കുകളുമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും സംസാരിച്ചില്ല.
             ദുബായി എയർപോർട്ടിൽ വച്ച്, ന്യൂയോർക്കിലേക്കുള്ള ഫ്ലൈറ്റ് പുറപ്പെടുന്ന ഗേറ്റിനടുത്തുള്ള വെയ്റ്റിംഗ് ഏരിയായിൽ ഞാൻ അയാളെ വീണ്ടും കാണാനിടയായി. ക്യാരിയോൺ   ബാഗിൻ്റെ പുറത്തു രണ്ടുകാലുകളും കയറ്റിവച്ചു അയാൾ എന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ ഭാര്യ ബഞ്ചിൽ ചാരിയിരുന്നു ഉറങ്ങുന്നു. എന്നെക്കണ്ടയുടൻ അല്പം ജാള്യത ഒതുക്കാൻ ശ്രമിച്ചുകൊണ്ട്, ബഞ്ചിൽ ഇരിക്കാൻ എന്നോട് അയാൾ ആംഗ്യം കാണിച്ചു.
             "ഇന്നലെ    ഞാനല്പം ........" മുഖവുരയില്ലാതെ അയാൾ  പറയാൻ ആരംഭിച്ചു.
             "ഓ ഡോണ്ട്  വറി എബൌട്ട് ഇറ്റ്. ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. ഐ നോ യു വേർ വെരി അപ്സെറ്റ്. പ്ലെയിനിൽ കയറിയപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു."
             " ശരിയാണ്, ഐ ആം വെരി അപ്സെറ്റ്! ഓ, ഞാൻ പേര് ചോദിച്ചില്ല. എന്റെ പേര് വർഗീസ് ജേക്കബ് , കുഞ്ഞുമോൻ എന്ന് വിളിക്കും. ന്യൂയോർക്കിലാണ്, ന്യൂയോർക്കു മെട്രോ യിൽ എൻജിനീയർ ആണ്.
               ഞാനും എന്നെ പരിചയപ്പെടുത്തി. ഞാൻ ഡോക്ടർ അലക്സ് തോമസ്, സൈക്കോളജിസ്റ് ആണ്, ന്യൂജേഴ്സിയിൽ സബർബൻ ഹോപിറ്റലിലാണ് ജോലി."
               "ഏതായാലും ഡോക്ടർ അലക്സിനെ പരിചയപ്പെടാൻ സാധിച്ചത്  വളരെ നന്നായി. എനിക്കല്പം കൺസൾട്ടിങ് കൂടി ആകാമല്ലോ, ഈഫ് യു ഡോണ്ട്   മൈൻഡ്."  
                 " നോ പ്രോബ്ലം കുഞ്ഞുമോൻ, എന്നെക്കൊണ്ട് കഴിവുള്ള  സഹായമെല്ലാം തീർച്ചയായും ഉണ്ടാകും." ഞങ്ങൾ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി. കുഞ്ഞുമോൻ അദ്ദേഹത്തിന് സംഭവിച്ച വലിയൊരു ചതിയെക്കുറിച്ചു എന്നോട് വിവരിക്കാൻ തുടങ്ങി.
                 " എന്റെ അപ്പച്ചന് സ്വന്തമായി ഒരേക്കർ സ്ഥലം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു ആൺ മക്കളാണ്. എന്റെ അനുജൻ പൊന്നച്ചൻ. അവൻ കഷ്ടിച്ച് കോളേജ് വരെ എത്തി, ഭയങ്കര ഉഴപ്പനായിരുന്നു. ഞാൻ എഞ്ചിനീയറിംഗ് പാസായ ഉടൻ കല്ല്യാണം കഴിച്ചു, എൻ്റെ ഭാര്യ ന്യൂയോർക്കിൽ നേഴ്സ് ആണ്. താമസിയാതെ  ഞാനും ന്യൂയോർക്കിൽ എത്തിയെങ്കിലും നല്ല ജോലിയൊന്നും ആദ്യം കിട്ടിയില്ല. പിന്നീടാണ് സബ്വെയിൽ എൻജിനീയർ ആയി ജോലി കിട്ടിയത്.
                 അന്നുമുതൽ പൊന്നച്ചനെ പഠിപ്പിക്കാൻ ഞങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും പഠിക്കാൻ അവന് ഒട്ടും ഇഷ്ടമുണ്ടായില്ല. ലക്ഷങ്ങൾ കൊടുത്തു ദുബായിയിൽ അവനൊരു  ജോലി ശരിയാക്കിക്കൊടുത്തതാണ്. അവിടെ ചൂടാണ് എന്ന മുടന്തൻ ന്യായം  പറഞ്ഞു രണ്ടു മാസത്തിനകം അവൻ തിരിച്ചു നാട്ടിൽ പോയി. ഇതിനിടക്ക് എങ്ങിനെയോ ഒരു വിവാഹവും    കഴിച്ചു. പിന്നീടവൻ റിയൽ എസ്റ്റേറ്റ് സെയിൽസ് എനൊക്കെ പറഞ്ഞു വീട്ടിൽ  നിന്നിറങ്ങും. സ്കൂട്ടറിൽ പെട്രോൾ അടിക്കാൻ എന്തെങ്കിലും കിട്ടിയെങ്കിൽ ഭാഗ്യം  എന്ന് അപ്പച്ചൻ പറയും!
            ഞാനും എന്റെ ഭാര്യ കുഞ്ഞുമോളും  കൂടി അഞ്ഞൂറ് ഡോളർ വീതം എല്ലാമാസവും അപ്പച്ചന് അയച്ചുകൊടുക്കും; അപ്പച്ചനും അമ്മച്ചിക്കും മരുന്നുകൾക്കും മറ്റു ചില്ലറ ചിലവുകൾക്കുമായി. അനിയനാണ് അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് പിന്നെ അവർക്കെന്തിനാ പണം എന്ന ഭാവത്തിൽ ആ പൈസ കൂടി   കുറേശ്ശേയായി അവൻ അടിച്ചുമാറ്റും.
 അങ്ങിനെ അനിയനും ഭാര്യയും പണി ഒന്നും ചെയ്യാതെ സുഖമായി കഴിഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം!"
            "യുവർ ബ്രദർ ഈസ് എ സ്മാർട്ട് ഗൈ, മേലനങ്ങാതെ ജീവിക്കാമല്ലോ. അപ്പച്ചൻ്റെ ഒരേക്കർ ഭൂമിയിൽ നിന്ന് ആദായം എന്തെങ്കിലും  ......?"
              "ഒരു വീട്ടിലേക്കാവശ്യമുള്ള ചക്ക, മാങ്ങ, പച്ചക്കറികൾ  എല്ലാം അവിടെയുണ്ട്, കൂടാതെ പത്തുപതിനഞ്ചു തെങ്ങുള്ളതിൽ നിന്ന് ഓരോ പ്രാവശ്യവും പത്തിരുന്നൂറു  തേങ്ങയെങ്കിലും കിട്ടും. അതും അനിയൻ വിറ്റു കാശാക്കും. പോരാത്തതിന് ഇരുന്നൂറോളം റബ്ബർ മരങ്ങളുമുണ്ട്; കുറെ റബ്ബർ ഷീറ്റും ദിവസേന എന്നപോലെ കിട്ടും."
                "താങ്കളുടെ അനിയൻ ഭാഗ്യവാൻ തന്നെ!"
                "രണ്ടുകൊല്ലം മുമ്പ് നാട്ടിൽ അവധിക്കു ചെന്നപ്പോൾ അപ്പച്ചനാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. "
              "കുഞ്ഞുമോനെ, എനിക്കും നിന്റെ അമ്മച്ചിക്കും പ്രായമായി വരികയാണ്. ഞാൻ എൻ്റെ പുരയിടം രണ്ടായി ഭാഗിച്ചു നിങ്ങൾക്ക് തരാൻ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ പുരയിരിക്കുന്ന ഭാഗം 50  സെന്റ് പൊന്നച്ചന്. വടക്കേ വശം 50 സെന്റ് നിനക്ക്. വേണമെങ്കിൽ നിനക്ക് നിൻ്റെ സ്ഥലത്തു ഒരു വീടൊക്കെ വക്കാമല്ലോ. നിങ്ങൾ തിരിച്ചുവരുന്ന കാലത്തു സുഖമായി താമസിക്കുകയും ചെയ്യാം. "
             "എൻ്റെ രണ്ടു മക്കളും അടുത്തടുത്ത് കിടക്കണമെന്നാ എൻ്റെ ആഗ്രഹം." അമ്മച്ചിയുടെ ആഗ്രഹവും നല്ലതാണെന്നു തോന്നി. പൊതുവെ ഒന്നിനോടും  യോജിക്കാത്ത കുഞ്ഞുമോൾക്കും  ഈ അഭിപ്രായം ഇഷ്ടമായി. ജോലിയൊക്കെ നിർത്തിക്കഴിഞ്ഞു നാട്ടിൽ വന്നുസ്വസ്ഥമായി താമസിക്കാമല്ലോ എന്ന് അവളും കരുതി. അപ്പച്ചൻ പറഞ്ഞതുപോലെ ഒരു വിൽപ്പത്രമൊക്കെ ഉണ്ടാക്കി വടക്കേപ്പറമ്പ് എനിക്കും തെക്കേപ്പറമ്പും തറവാടും പൊന്നച്ചനും  എന്നെഴുതി രജിസ്റ്റർ ചെയ്തു ഒരു കോപ്പി കൊറിയർ വഴി എനിക്കും അയച്ചുതന്നു.
            കഴിഞ്ഞ വർഷം ഞങ്ങൾ   നാട്ടിൽപോയപ്പോൾ   ന്യൂയോർക്കിലുള്ള എൻ്റെ ക്ലാസ്സ്മേറ്റ് ആർക്കിറ്റെക്റ്റ്ൽ എൻജിനീയർ അനിയൻകുഞ്ഞിനെക്കൊണ്ട് ഒരു ഇറ്റാലിയൻ വില്ലയുടെ പ്ലാനും വരപ്പിച്ചുകൊണ്ടാണ് പോയത്. നാട്ടിൽ എനിക്ക് പരിചയമുള്ള കോൺട്രാക്ടർ മാത്തുക്കുട്ടിയെ വീട് പണി ഏൽപ്പിച്ചു, കല്ലിടീലും തറ കെട്ടലും കഴിഞ്ഞാണ് ഞങ്ങൾ തിരികെപ്പോന്നത്. ഞങ്ങളുടെ നിർദ്ദേശപ്രകാരം ഓരോ മുറികളൂം ഡിസൈൻ ചെയ്തു; ഇറ്റാലിയൻ കിച്ചൻ വിത്ത് ഹൈ കൗണ്ടർ, ഇറ്റാലിയൻ മാർബിൾ ഫ്ളോറിങ്, എന്ന്വേണ്ട എല്ലാം  ഞങ്ങളുടെ അഭിപ്രായമനുസരിച്ചു പണി പുരോഗമിച്ചുകൊണ്ടിരുന്നു. ഓരോഘട്ടം പണി കഴിയുമ്പോഴും വാട്സാപ്പ് വഴി ഫോട്ടോയും വിഡിയോയും   മാത്തുക്കുട്ടി ഞങ്ങൾക്ക് അയക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒടുവിൽ പണി ഏതാണ്ട് തീർന്നു, മുറ്റത്തും  ഡ്രൈവേയിലും ടൈൽ വിരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ കഴിഞ്ഞയാഴ്ച നാട്ടിലെത്തിയത്.
             എയർപ്പോർട്ടിൽ നിന്ന് ടാക്സി വിളിച്ചു ഞങ്ങൾ പോന്നു. ഞങ്ങളുടെ വീടിൻ്റെ  ഗെയ്റ്റിനുമുമ്പിൽ  എത്തിയപ്പോൾത്തന്നെ അതിയായ   സന്തോഷം തോന്നി.   ആ നാട്ടിൻപുറത്തു ഇതുപോലൊരു വീട് ആദ്യമായതിനാലായിരിക്കാം എല്ലാവര്ക്കും അത് ഒരത്ഭുത വീടായിരുന്നു.
             ഗേറ്റിന്റെ ഒരു തൂണിൽ "തറയിൽ" എന്ന ഞങ്ങളുടെ വീട്ടുപേര് മാർബിളിൽ കൊത്തി വച്ചിരിക്കുന്നു. മറ്റേ തൂണിലുള്ള ബോർഡ്  ഒരു പ്ലൈവുഡ് കഷ്ണം തറച്ചു വച്ച് മറച്ചിരിക്കുന്നു.         ഗേറ്റ്  അകത്തുനിന്നു താഴിട്ടു പൂട്ടിയിരുന്നതിനാൽ ഞങ്ങൾ  പഴയ വീടിൻ്റെ ഗേറ്റ് വഴിയാണ് അകത്തു കടന്നത്. പെട്ടികളും ബാഗും പഴയവീടിൻ്റെ വരാന്തയിൽ വക്കുന്ന ശബ്ദം കേട്ടാണ് അപ്പച്ചനും അമ്മച്ചിയും അനുജനും അനുജത്തിയുമെല്ലാം വെളിയിലേക്കു വന്നത്. പ്രതീക്ഷിക്കാത്ത ഞങ്ങളെ  കണ്ട അവരെല്ലാം അന്ധാളിച്ചുപോയി!
            "ഇതെന്താ, ഒന്നും പറയുകയോ വിളിക്കുകയോ ചെയ്യാതെ പെട്ടെന്നുള്ള വരവ്?" എന്നായിരുന്നു എല്ലാവരുടെയും ഭാവം. ഞങ്ങൾ ആകാക്ഷയോടെ വീടുപണികാണൻ പുതിയ വീട്ടിലേക്കു പോയി. മുറ്റത്തു കുറേപ്പേർ ടൈൽ വരക്കുന്ന തിരക്കിലാണ്. അകത്തെ പണികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു, ഇനി ഒരു ഫൈനൽ ക്ളീനിംഗ് മാത്രം. എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ. കിച്ചൻ ക്യാബിനറ്റുകളും അലമാരകളുമെല്ലാം തേക്ക് തടി ഉപയോഗിച്ചാണ് പണിതിരിക്കുന്നത്.
           കുഞ്ഞുമോൾ അടുക്കളവാതിലിലൂടെ പുറത്തേക്കു ഇറങ്ങി. അടുക്കളക്കും വർക്ക് ഏരിയക്കും  സൈഡിലായി ഒരു വിറകടുപ്പ് കത്തിക്കാനുള്ള അടുക്കള!
             "ഇതെന്തിനാ ഇങ്ങനെ ഒരടുക്കള? ഇത് പ്ലാനിൽ ഇല്ലായിരുന്നല്ലോ? " എനിക്കും കുഞ്ഞുമോള്ക്കും അത് തീരെ ഇഷ്ടപ്പെട്ടില്ല! ഒരു ഓപ്പൺ വരാന്തയായിരുന്നു അവിടെ ഉദ്ദേശിച്ചിരുന്നത്. ഞാൻ ഉടനെ തന്നെ അവിടെയുണ്ടായിരുന്ന സൂപ്പർവൈസറെ വിളിച്ചു.
            "ഇതെന്താ ഇവിടെയൊരു നാടൻ അടുക്കള? ഇതാര് പറഞ്ഞു?"
            "അതെ, കുഞ്ഞുമോൻ സാറെ, ഞങ്ങൾ പലതവണ പറഞ്ഞതാ, അപ്പച്ചൻ്റെ ഒരേ ഒരു നിർബന്ധം. ഗ്യാസ് കിട്ടാതെവന്നാൽ ഒന്ന് പിടിച്ചുനിൽക്കണ്ടേ എന്നൊക്കെയുള്ള കുറെ മുടന്തൻ ന്യായങ്ങളും!"
             "അതിനല്ലേ ഇലക്ട്രിക് സ്റ്റോവ്  ഉള്ളത്? " എനിക്കരിശം വന്നു.  
             " ഏതായാലും സാർ അപ്പച്ചനോട് ഒന്ന് സംസാരിക്കു, ഇതെടുത്തുകളയാൻ ഞങ്ങൾക്കു അധിക നേരം വേണ്ട."  ഞങ്ങൾ നേരെ അപ്പച്ചൻ്റെ അടുത്ത് ചെന്നു. പഴയ വീടിൻ്റെ വരാന്തയിൽ എല്ലാവരും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പെട്ടെന്നുള്ള വരവ് ആർക്കും അത്ര പിടിച്ചില്ലായെന്നു തോന്നി. നേരത്തെ അറിയിച്ചിട്ടു വരുമ്പോൾ ഒരു വലിയ ലിസ്റ്റ് പ്രകാരം സാധനങ്ങൾ കൂടി കൊണ്ടു  വരാറുള്ളതാണ് , ഇത്തവണ അത് നടക്കാത്തതിലായിരിക്കും പരിഭവം എന്ന് സമാധാനിച്ചു.  
            "അതെന്താ അപ്പച്ചാ ഒരു വിറകു കത്തിക്കുന്ന അടുപ്പ്? അത് ഞങ്ങൾ പറഞ്ഞിരുന്നില്ലല്ലോ."
            "ഒരെണ്ണം ഇരിക്കട്ടെ, അത്യാവശ്യം വന്നാൽ  ഉപയോഗിച്ചാൽ മതി."
            "വേണ്ട, വേണ്ട, അത്  പൊളിച്ചു കളഞ്ഞേക്ക്, വീടിൻ്റെ സർവ ഭംഗിയും പോയി." ഞാൻ സൂപ്പർവൈസറോഡായിപ്പറഞ്ഞു. പിന്നെ അപ്പച്ചൻ അഭിപ്രായം ഒന്നും പറഞ്ഞില്ല.
              വൈകിട്ട് അത്താഴത്തിനിരുന്നപ്പോൾ ആരുടേയും മുഖത്ത് പഴയതുപോലെ ഒരു പ്രകാശമില്ല. സാധാരണയായി ഞാനും കുഞ്ഞുമോളും വരുമ്പോൾ എന്തൊരു ആഹ്ളാദമായിരുന്നു! ഒരുത്സവം പോലെയാണ്! ഇത്തവണ ഒരു വ്യത്യസ്ത സ്വഭാവം! ഒരു പക്ഷെ ഞങ്ങൾ നേരത്തെ  അറിയിക്കാതിരുന്നതു കൊണ്ടാ യിരിയ്ക്കാം, അമേരിക്ക  മുഴുവൻ  വാങ്ങിക്കൊണ്ടുവരാറുള്ളതാണ്, ഇത്തവണ അതുണ്ടായില്ല!  
               രാവിലെ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ കോൺട്രാക്ടർ മാത്തുക്കുട്ടി  എത്തി. അയാളുമൊത്തു ഞങ്ങൾ പുതിയ വീടൊക്കെ ഒന്ന് ചുറ്റിനടന്നു കണ്ടു. അനിയൻ പൊന്നച്ചൻ ഒരു വാലുപോലെ കൂടെയുണ്ടായിരുന്നു. പൊന്നച്ചനെ ഒഴിവാക്കാൻ മാത്തുക്കുട്ടി ശ്രമിക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നാതിരുന്നില്ല. ഏതായലും ആ സമയത്തു വെള്ളം കോരുന്ന തൊട്ടി കിണറ്റിൽ വീണു എന്ന് പറഞ്ഞു പൊന്നച്ചൻ്റെ ഭാര്യ വിളിച്ചതുകൊണ്ടു പൊന്നച്ചൻ തൊട്ടിയെടുക്കാൻ പോയി. മാത്തുക്കുട്ടി പല കാര്യങ്ങളും സംശയത്തോടെ പറയാൻ തുടങ്ങി.
               "അതെ,  ഇത് കുഞ്ഞുമോൻ്റെ വീട് തന്നെയല്ലേ ?"
                " അതെന്താ മാത്തുക്കുട്ടി അങ്ങനെയൊരു ചോദ്യം? ഞങ്ങളല്ലേ മാസാമാസം വീടുപണിയാൻ പണം അയച്ചുതരുന്നത്?"
                 "അതൊക്കെ ശരി തന്നെ. പക്ഷെ എന്തൊക്കെയോ പ്രശ്നങ്ങൾ ഇവിടെയുണ്ട്. ആ വിറകു കത്തിക്കുന്ന ഓൾഡ് കിച്ചൻ വേണ്ടെന്നു ഒരു നൂറു തവണ ഞാൻ പറഞ്ഞതാ, അപ്പച്ചൻ സമ്മതിച്ചില്ല. നിങ്ങൾ വല്ലപ്പോഴുമൊക്കെയെ വരൂ, പൊന്നച്ഛനല്ലേ ഇവിടെക്കാണൂ എന്നൊക്കെ ഒരു സംസാരം."
               " ഓഹോ, അപ്പോൾ അതും  പ്ലാൻ ചെയ്തു കഴിഞ്ഞു അല്ലെ?"
                വൈകിട്ട് അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അപ്പച്ചൻ  സംസാരം തുടങ്ങി.
                "കുഞ്ഞുമോനെ, ഏതായാലും നിങ്ങളൊക്കെ ഇപ്പോൾ ഇവിടെയുണ്ടല്ലോ. നമുക്ക് പുരാവസ്ഥവലി നിങ്ങൾ പോകുന്നതിനു മുമ്പ് നടത്തണം."
                 "അതെന്താ അപ്പച്ചൻ അങ്ങനെ പറഞ്ഞത്? ഞാനും കുഞ്ഞുമോളും വന്നത് തന്നെ ഞങളുടെ വീടിൻ്റെ കൂദാശ നടത്താനാ. പണിയെല്ലാം കഴിഞ്ഞു എന്ന് മാത്തുക്കുട്ടി പറഞ്ഞതുകൊണ്ടല്ലേ പെട്ടെന്ന്തന്നെ ഞങ്ങൾ പോന്നത്. പിന്നെ എന്താ അത്തരത്തിൽ ഒരു സംസാരം?"
               "അല്ല, പെട്ടെന്ന് നടത്തണമെന്ന് ഞാൻ പറയുകയയായിരുന്നു." അപ്പച്ചൻ്റെ സംസാരത്തിൽ  എന്തോ പൊരുത്തക്കേടുപോലെ  എനിക്കും കുഞ്ഞുമോൾക്കും തോന്നി.
                പിറ്റേന്ന് രാവിലെ മാത്തുക്കുട്ടി പറഞ്ഞതുനുസരിച്ചു ഞങ്ങൾ അയാളുടെ കാറിൽ രജിസ്ട്രാർ ഓഫീസിൽ  പോയി. അപ്പച്ചൻ്റെ സ്ഥിരം ആധാരം എഴുത്തുകാരനായ ഗോവിന്ദപ്പിള്ള യുടെ ഓഫീസിലാണ് ആദ്യം പോയത്. ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതുകൊണ്ടാകാം പിള്ളക്ക് വല്ലാത്തൊരു പരിഭ്രമം!
                " കുഞ്ഞുമോൻ എപ്പോൾ വന്നു? സുഖമാണല്ലോ അല്ലെ? നിങ്ങൾ ഇരിക്ക്, ഞാൻ രെജിസ്ട്രാപ്പീസിൽ പോയി ഒരു സർവ്വേ നമ്പർ എടുത്തിട്ടു ഇപ്പോൾ തിരിച്ചു വരാം." ഗോവിന്ദപ്പിള്ള ധൃതിയിൽ സ്കൂട്ടർ ഓടിച്ചുപോയി.
             ഈ സമയം മാത്തുക്കുട്ടി അവിടെയിരുന്ന ക്ലാർക്കിൻ്റെ അടുത്തുകൂടി കുശലങ്ങളെല്ലാം ചോദിച്ച കൂട്ടത്തിൽ ഒരു രണ്ടായിരം രൂപയെടുത്തു അവർക്കു കൊടുത്തു. മണി മണിപോലെ ആ കുട്ടി വിവരങ്ങളെല്ലാം വിസ്തരിച്ചു. മാത്തുക്കുട്ടി ഓടിവന്നു മുറ്റത്തുനിന്ന ഞങ്ങളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു . ഒന്നും മനസ്സിലാകാതെ മനസ്സ് തകർന്ന ഞാനും കുഞ്ഞുമോളും വരാന്തയിൽ കിടന്ന തടി ബെഞ്ചിൽ കുത്തിയിരുന്നു. മാത്തുക്കുട്ടി പിന്നെയും ആ ക്ലാർക്ക് സ്ത്രീയുമായി എന്തൊക്കെയോ  പറഞ്ഞിട്ട് തിരികെ വന്നു.      എൻ്റെ
              "വാ, നമുക്ക് പോകാം. ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കാം."
               പുതിയ വീടിൻ്റെ  വാതിൽക്കൽ മാത്തുക്കുട്ടി കാർ  നിർത്തി. ഗേറ്റിൻ്റെ തൂണിൽ അടിച്ചു വച്ചിരുന്ന പ്ലൈവുഡ്  മാത്തുക്കുട്ടിതന്നെ  വലിച്ചുപറിച്ചു ഞങ്ങളെക്കാണിച്ചു.
              "മാത്യു ജേക്കബ്" , ബ്രാക്കറ്റിൽ "പൊന്നച്ചൻ" എന്ന്  മാർബിളിൽ കൊത്തിവച്ചിരിക്കുന്നു! പുറത്തെ ബഹളം കേട്ട് അപ്പച്ചനും മറ്റു പണിക്കാരെല്ലാം ഓടിവന്നു.
              "എന്താ, എന്ത് പറ്റി?" ഒന്നും അറിയാത്തപോലെ അപ്പച്ചൻ ചോദിച്ചു. ഗേറ്റിലെ പേര് ചൂണ്ടിക്കാണിച്ചുകൊണ്ട് എൻ്റെ മറു ചോദ്യം ആരും പ്രതീക്ഷിച്ചില്ല..
              " ഇത് ആരുടെ പേരാ?'
              "പൊന്നച്ചൻ്റെ."
              "അതെങ്ങനാ എൻ്റെ വീടിൻ്റെ  ഗേറ്റിൽ അവൻ്റെ പേര് വന്നത്?"
              "അതിപ്പോ കുഞ്ഞുമോനെ, നീ സ്ഥലത്തില്ലല്ലോ..... നിങ്ങൾ തിരിച്ചുവരുമ്പോൾ അതങ്ങ് എടുത്തു മാറ്റിയാൽപ്പോരേ.....?"
               "ഓഹോ, അതാണ് ഉദ്ദേശം അല്ലെ, തിരിച്ചുവരുമ്പോൾ എടുത്തുമാറ്റാൻ!  ഇനി ഒന്നുകൂടി ചോദിച്ചോട്ടെ, ഈ വീടിരിക്കുന്ന സ്ഥലം ആരുടെ പേരിലാ? അതുംകൂടി അറിഞ്ഞാൽ നന്നായിരുന്നു !"
               "അത് ഞാൻ വിൽപ്പത്രം എഴുതി നിനക്ക് തന്നതല്ലേ? പിന്നെ ഇപ്പൊ എന്താ ഒരു സംശയം?"
അരിശം  കൊണ്ട് എൻ്റെ കണ്ണിൽ ഇരുട്ടുകയറി. അവിടെക്കിടന്ന ഒരു കൂന്താലി എടുത്തു ഗേറ്റിൻ്റെ  തൂണിൽ പിടിപ്പിച്ചിരുന്ന അനിയൻ്റെ  നെയിം പ്ലേറ്റ്  കൊത്തപ്പൊട്ടിച്ചു ഞാൻ ദൂരെയെറിഞ്ഞു!
              "അതിപ്പോ കുഞ്ഞുമോനെ....." എന്തൊക്കെയോ കള്ളത്തരങ്ങൾ കൂടി പറയാൻ ആ തന്തപ്പടി ഒരുമ്പെട്ടു തുടങ്ങിയാണ്.  കയ്യിൽ കൂന്താലിയുമായി നിന്ന് കലിതുള്ളുന്ന എന്നെക്കണ്ടപ്പോൾ  ശബ്ദിക്കാൻ ധൈര്യം വന്നില്ല!
               "മിണ്ടിപ്പോകരുത്......തന്തയാണെന്നു ഞാൻ നോക്കില്ല.....കൊത്തി അരിഞ്ഞുകളയും ഞാൻ....!" കൂന്താലി വലിച്ചെറിഞ്ഞിട്ടു കുഞ്ഞുമോളെയും കൂട്ടി ഞാൻ പഴയവീട്ടിലേക്കു പോയി,
               " വാ കുഞ്ഞുമോളെ , നമുക്ക് ഇപ്പോൾത്തന്നെ ഇവിടെനിന്നിറങ്ങാം . ഇനി ഇവിടെ നിന്നിട്ടു ഒരു കാര്യവുമില്ല!"
               തുണികളെല്ലാം വാരി വലിച്ചു സ്യൂട്ട്കേസിലാക്കി മാത്തുക്കുട്ടിയുടെ കാറിൽത്തന്നെ ഞങ്ങൾ വീടുവിട്ടിറങ്ങി. വരാന്തയിൽ കസേരയിൽ ഇരുന്ന അമ്മച്ചി 'ഞാൻ ഒന്നുമറിഞ്ഞില്ലേ' എന്ന മട്ടിൽ ഒരക്ഷരംപോലും  മിണ്ടിയില്ല!   അനിയന്റെയും അനിയത്തിയുടെയും സന്തോഷം  തുളുമ്പുന്ന  നാലു കണ്ണുകൾ ജനലിനുള്ളിൽ നിന്ന് ഞങ്ങളെ  നോക്കുന്നുണ്ടായിരുന്നു!. ഞങ്ങൾ  കോട്ടയത്തുള്ള  ഒരു ഹോട്ടലിലേക്ക് താമസം മാറി. ഇന്നലെയാണ് ടിക്കറ്റു  ഓക്കേ ആയിക്കിട്ടിയതു.
            പ്ലെയിനിൽ ഇരുന്നു അല്പം മദ്യപിച്ചു കഴിഞ്ഞപ്പോൾ എൻ്റെ സമചിത്തത നഷ്ടമായിപ്പോയി! മാസം തോറും ചിലവിനു ഡോളറും വാങ്ങി അടിച്ചുപൊളിച്ചു ജീവിച്ചുകൊണ്ടിരുന്ന സ്വന്തം മാതാപിതാക്കളും സഹോദരനും കൂടിയാണ് ഇത്തരത്തിൽ ഒരു വഞ്ചന ഞങ്ങളോട് ചെയ്തത്! വർഷങ്ങളോളം മഴയത്തും മഞ്ഞത്തും ജോലിചെയ്തു കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് കെട്ടിപ്പൊക്കിയ ഞങ്ങളുടെ സ്വപ്ന വീടായിരുന്നു അത് !  ഞങ്ങളുടെ സ്വപ്നമാണ് അവർ അടിച്ചുടച്ചത്! ഒരു വിൽപ്പത്രം ഉണ്ടാക്കി എനിക്ക്  അയച്ചിട്ട്,  അതിൽ എനിക്ക് പറഞ്ഞിരുന്ന സ്ഥലം  ഞാനറിയാതെ എൻ്റെ സ്വന്തം തന്ത അനിയന് എഴുതിക്കൊടുത്തു!  സ്വന്തം മാതാപിതാക്കളെ കണ്ണടച്ച് വിശ്വസിച്ചു പോയതുകൊണ്ട് മറ്റൊരാളുടെ പുരയിടത്തിൽ വീട് പണിത മരമണ്ടനാണ് ഞാൻ ! ചതി....ഭയങ്കര ചതി! ഇപ്പോൾ ആ സ്ഥലവും അതിൽ ഞങ്ങൾ  പണിയിച്ച ഞങ്ങളുടെ സ്വപ്ന ഭവനവും അനിയൻറെതായി!  എന്തൊരു അതിബുദ്ധി, കൊടും വഞ്ചന! "
              "ഐ അണ്ടർസ്റ്റാൻഡ് യുവർ ഫീലിങ്ങ്സ് കുഞ്ഞുമോൻ. എന്ത് ചെയ്യാൻ കഴിയും? ഇത് താങ്കളുടെ മാത്രം ഒറ്റപ്പെട്ട ജീവിതാനുഭവമല്ല. ഒട്ടേറെ പ്രവാസികൾ ഇതുപോലെ സ്വന്തം മാതാപിതാക്കളാലും ബന്ധുജനങ്ങളാലും  അനുദിനം കബളിപ്പിക്കപ്പെടുന്നുണ്ട്! വിശ്വാസം ആണ് മുതലെടുപ്പിലേക്കുള്ള ആദ്യ പടി. ആരെയും ഒരു പരിധിയിൽ കവിഞ്ഞു വിശ്വസിക്കരുത് എന്ന ഒരു പാഠം നമ്മൾ പ്രവാസികൾ ഇപ്പോഴും ഓർക്കുന്നത് നല്ലതാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക